കാഴ്ചകളുടെ ഉത്സവത്തിന് ഇന്ന് ‘കട്ട്’

തിരുവനന്തപുരം: അടിച്ചേല്‍പ്പിക്കലിനും ഭരണകൂട വിരട്ടലിനുമെതിരെ കലഹങ്ങളും പ്രതിരോധങ്ങളും തിരശ്ശീലക്ക് അകത്തും പുറത്തും കത്തിനിന്ന സമരോത്സുകമായ രാപ്പകലുകളോട് വെള്ളിയാഴ്ച ചലച്ചിത്രപ്രേമികള്‍ വിടപറയും. ഒപ്പം ഒരു വര്‍ഷത്തിന്‍െറ ഇടവേളക്കു ശേഷം പുതുക്കിയ സൗഹൃദങ്ങളോടും. അടുത്ത വര്‍ഷം ഇവിടെ വീണ്ടും കണ്ടുമുട്ടാമെന്ന് പറഞ്ഞവരാണേറെയും.

അതേസമയം, വിവാദങ്ങളിലും പൊലീസ് നടപടിയിലും മടുത്ത് ഇനി ഇങ്ങോട്ടില്ളെന്ന് പറഞ്ഞവരും നിരവധി.  കേരളത്തിന്‍െറ രാഷ്ട്രീയവും സാംസ്കാരികവുമായ മുഖം ലോകത്തിന് ചര്‍ച്ചക്കും പഠനത്തിനുമായി തുറന്നുവെച്ചാണ് 21ാമത് മേളക്ക് തിരശ്ശീല വീഴുന്നത്. നിശാഗന്ധിയിലെ തുറന്ന വേദിയില്‍ വൈകീട്ട് ആറിന് സമാപനസമ്മേളനം മുഖ്യമന്ത്രി പിണറായി വിജയന്‍ ഉദ്ഘാടനം ചെയ്യും. അവസാന ദിവസമായ വെള്ളിയാഴ്ച 30 സിനിമകളുടെ പ്രദര്‍ശനമുണുള്ളത്.

മികച്ച രാജ്യാന്തര സിനിമക്കുള്ള സുവര്‍ണ ചകോരം, മികച്ച സംവിധായകനും നവാഗത സംവിധായകനും പ്രേക്ഷകര്‍ തെരഞ്ഞെടുത്ത സിനിമക്കും നല്‍കുന്ന രജതചകോരങ്ങള്‍, ഫിപ്രസി, നെറ്റ്പാക്, മികച്ച ഏഷ്യന്‍ ചിത്രത്തിനുള്ള പുരസ്കാരങ്ങള്‍ അടക്കം സമ്മാനിക്കും. ഓഡിയന്‍സ് പോളില്‍ ഓണ്‍ലൈന്‍ വഴിയും മൊബൈല്‍ ആപ് വഴിയും നിരവധി പേരാണ് വോട്ട് ചെയ്യുന്നത്. മത്സരവിഭാഗത്തില്‍ മലയാളത്തില്‍നിന്നുള്ള മാന്‍ഹോള്‍, കാട്പൂക്കുന്ന നേരം എന്നിവയടക്കം 15 ചിത്രങ്ങളാണ് പ്രദര്‍ശിപ്പിച്ചത്. മേളയിലെ ഏറ്റവും കൂടുതല്‍ ആസ്വാദകരെ സ്വന്തമാക്കിയ ചിത്രങ്ങളുടെ അവസാന പ്രദര്‍ശനമായിരുന്നു വ്യാഴാഴ്ച. 

കിം കി ഡുക്കിന്‍െറ ‘നെറ്റ്’ പ്രദര്‍ശിപ്പിച്ച ടാഗോര്‍ തിയറ്ററില്‍ സാംസ്കാരിക മന്ത്രി എ.കെ. ബാലനും സഹപ്രവര്‍ത്തകര്‍ക്കുമായി രണ്ടുവരി സീറ്റുകള്‍ വളന്‍റിയര്‍മാര്‍ മാറ്റിയിട്ടതിനെതിരെ ഡെലിഗേറ്റുകള്‍ എതിര്‍പ്പുമായി രംഗത്തത്തെി. മണിക്കൂറുകള്‍ ക്യൂ നിന്ന ഡെലിഗേറ്റുകളില്‍ ചിലര്‍ സീറ്റുകള്‍ കൈയടക്കിയതിനെ ചൊല്ലി വളന്‍റിയര്‍മാര്‍ കൈയേറ്റത്തിന് ശ്രമിച്ചെങ്കിലും ഡെലിഗേറ്റുകള്‍ സംഘടിച്ചതോടെ പിന്മാറി. വൈകീട്ട് ആറിന് നടക്കുന്ന സമാപന ചടങ്ങിന് ശേഷം സുവര്‍ണ ചകോരം ലഭിച്ച ചിത്രത്തിന്‍െറ പ്രദര്‍ശനം നിശാഗന്ധിയില്‍ നടക്കും.

Tags:    
News Summary - iffk 2016 closing

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.