ചരിത്രം ഓർമപ്പെടുത്തുന്ന സ്റ്റെതസ്കോപ്പ്

''പുരുഷ ഡോക്ടറുടെ സഹായം തേടുന്നതിലും ഭേദം മരണമാണെന്ന് വിശ്വസിക്കുന്ന സ്ത്രീകൾക്ക്‌ ആവശ്യമായ വൈദ്യസഹായം എത്തിക്കാൻ എന്നോടൊപ്പം ഉണ്ടാകണം. ഈ ലക്ഷ്യത്തിലേക്കുള്ള യാത്ര എന്നെപ്പോലൊരു പെൺകുട്ടിയെ സംബന്ധിച്ച് അപകടകൾ നിറഞ്ഞതാണ്. ലോകം നിറയെ ചതിയും അപകടവും നിറഞ്ഞിരിക്കുന്നു. എങ്കിലും മനുഷ്യത്വത്തി​െൻറ ശബ്ദം എന്നോടൊപ്പമുണ്ട്.ഞാൻ പരാജയപ്പെടില്ല''- ആനന്ദി ഗോപാൽ ജോഷി.

ഇന്ത്യയുടെ ആദ്യ വനിത ഡോക്ടർ ആനന്ദി ഗോപാൽ ജോഷിയുടെ ജീവിതകഥയെ ആസ്പദമാക്കി സമീർ വിധ്വാൻസ് സംവിധാനം ചെയ്ത ചിത്രമാണ് ആനന്ദി ഗോപാൽ. ബയോപിക്കുകളുടെ കുത്തൊഴുക്കുകള്‍ക്കിടയില്‍ അത്ര പ്രശസ്തയല്ലാത്ത, എങ്കില്‍ സമൂഹം ചര്‍ച്ച ചെയ്യേണ്ട ഒരു ബയോപിക്ക് എന്ന നിലയില്‍ ചിത്രം മികച്ച ഒരു സിനിമാനുഭവമാണ് പ്രേക്ഷകർക്ക് സമ്മാനിക്കുന്നത്. സ്ത്രീവിരുദ്ധതയും ആചാര സംരക്ഷണവും ചർച്ചചെയ്യപ്പെടുന്ന കാലത്ത് അവയൊക്കെ വെല്ലുവിളിച്ച് ഡോക്ടർ ബിരുദം നേടിയ 22 കാരിയുടെ ജീവിതമായിരുന്നു ആനന്ദിയുടേത്. വളരെയധികം യാഥാസ്ഥിതികർ നിറഞ്ഞ ബ്രാഹ്മണ കുടുംബത്തിലായിരുന്നു യമുനയുടെ ജീവിതം. പെൺകുട്ടികൾ അക്ഷരം കൂട്ടിവായിക്കുന്നത് പാപമായി കണ്ട സമൂഹം അവളെ ഒമ്പതാം വയസിൽ വിവാഹം കഴിപ്പിച്ചു. അതും 27 വയസുകാരനായ വിഭാര്യന്.

പക്ഷേ തപാല്‍ വകുപ്പില്‍ ഉദ്യോഗസ്ഥനായിരുന്ന ഗോപാല്‍ റാവു സ്ത്രീകൾ ഉന്നത വിദ്യാഭ്യാസം നേടണം എന്ന കാഴ്ചപാട് ഉള്ള വ്യക്തിയായിരുന്നു. അദ്ദേഹം അവളുടെ പേര് ആനന്ദി എന്ന് പുനർ നാമകരണം ചെയ്തു. ഭാര്യയുടെ പഠനകാര്യത്തിൽ അതീവ ശ്രദ്ധാലുവായിരുന്നു ഗോപാൽ റാവു ഒരിക്കൽ ആനന്ദി ഗുണന പട്ടിക പടിക്കാതെ വീട്ട് ജോലിയിൽ ഏർപ്പെട്ടതിനെ തുടർന്ന് വീട് വിട്ടിറങ്ങി. പതിനാലാം വയസ്സിൽ ആനന്ദി ഒരു കുഞ്ഞിന്‌ ജന്മം നൽകി. പക്ഷേ വെറും പത്ത്‌ ദിവസം മാത്രമേ അതിന്‌ ആയുസ്സ് ഉണ്ടായിരുന്നുള്ളൂ. ഭർത്താവല്ലാതെ മറ്റൊരു പുരുഷന് മുന്നിൽ അത് ഡോക്ടറായാലും ത ​െൻറ ബുദ്ധിമുട്ടുകൾ വെളിപ്പെടുത്താനുള്ള അവളുടെ മടിയും ത ​െൻറ അറിവില്ലായ്മയുമാണ് കുഞ്ഞി​െൻറ മരണത്തിന് പിന്നില്ലെന്ന് അവൾ കരുതി.

ഇതോടെ പഠിച്ച് ഡോക്ടർ ആകണമെന്നായി അവളുടെ ചിന്ത. ആനന്ദിയുടെ സ്വപ്നങ്ങൾക്ക് ഗോപാൽ റാവു കരുത്ത് പകർന്നു. പക്ഷേ ബ്രാഹ്മണ സ്ത്രീകൾ വിദ്യ അഭ്യസിക്കുന്നത് നിഷിദ്ധവും പാപവുമായാണ് കരുതിയിരുന്ന സമൂഹം അവരെ വേട്ടയാടി. ആ വേട്ടയാടലുകളെയെല്ലാം അതിജീവിച്ച് 18ാം വയസിൽ ആനന്ദിയെ ഗോപാൽ റാവും അമേരിക്കയിൽ പഠിക്കാൻ വിട്ടു. 21ാം വയസിൽ ഡോക്ടറേറ്റ് നേടി. പക്ഷേ പഠനക്കാലത്ത് അവരെ ബാധിച്ച ക്ഷയരോഗം 22ാം വയസിൽ ആനന്ദിയുടെ ജീവിതം തട്ടിയെടുക്കുകയായിരുന്നു.

ആനന്ദിയും ഭർത്താവ് ഗോപാൽ റാവു ജോഷിയും നയിച്ച ആ നിശ്ശബ്ദ വിപ്ലവത്തി​െൻറ നിഴലിലാണ് ഇന്നും ഒരായിരം സ്ത്രീകൾ രാജ്യത്തിന് അഭിമാനമായി വളർന്നുവരുന്നത്.
വാണിജ്യതാൽപര്യങ്ങൾ മുന്നിൽകണ്ട് ഡോക്ടർ ആയ ശേഷം അവർ അനുഭവിച്ച പീഡനങ്ങളും തുടർന്നുള്ള മരണവും പറയാൻ സംവിധായകൻ ശ്രമിച്ചിട്ടില്ല. എങ്കിലും ചരിത്രത്തോട് നീതി പൂലർത്തി ശക്തമായ സ്ത്രീകഥാപാത്രത്തെ 134 മിനിട്ടും തിരശ്ശീലയിൽ നിലനിറുത്താൻ സമീർ വിധ്വാൻസിന് കഴിഞ്ഞിട്ടുണ്ട്.

Tags:    
News Summary - stethosscope movie review-Movies

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.