തമിഴകത്തിന്‍റെ സ്വന്തം കലാകാരൻ 

തമിഴരുടെ കലൈജ്ഞർ തന്നെയായിരുന്നു കരുണാനിധി. സ്കൂൾ കാലത്ത് നാടകം, കവിത, സാഹിത്യം എന്നിവയിലൊക്കെ തിളങ്ങിയ അദ്ദേഹം ജസ്റ്റിസ് പാർട്ടി പ്രവർത്തനങ്ങളിലും അതിന്‍റെ മുന്നണി പ്രവർത്തകനായ അഴകിരി സാമിയുടെ പ്രഭാഷണങ്ങളിലും ആകൃഷ്ടനായി പതിമൂന്നാം വയസ്സിലാണ് സാമൂഹ്യ പ്രവർത്തനങ്ങളിൽ ഇടപെട്ടു തുടങ്ങിയത്. വിദ്യാർഥികളെ സംഘടിപ്പിക്കാനും അവരുടെ സാഹിത്യ വാസനകളെ പ്രോത്സാഹിപ്പിക്കാനും ഇളൈഞ്ചർ മറു മലർച്ചി എന്ന സംഘടന രൂപീകരിച്ചു പ്രവർത്തിച്ചു. ഇത് പിന്നീട് സംസ്ഥാനം മുഴുവൻ വ്യാപിച്ച വിദ്യാർഥി കഴകമായി മാറി.

പെരിയോരുമായി ബന്ധപ്പെട്ട് പ്രവർത്തിച്ചു തുടങ്ങിയ അദ്ദേഹം ഈറോഡ് നിന്നും പ്രസിദ്ധീകരിച്ചിരുന്ന 'കുടിയരശ്' എന്ന പത്രത്തിൽ പ്രവർത്തിച്ചു. പിന്നീട് 'മുരശൊലി' എന്ന പത്രം ദ്രാവിഡ ആശയങ്ങളുടെ പ്രചാരത്തിനായി സ്ഥാപിച്ചു. ഇക്കാലത്താണ് രാജകുമാരി എന്ന സിനിമയിലെ സംഭാഷണങ്ങളെഴുതാനായി കോയമ്പത്തൂരിലെ ജൂപ്പിറ്റർ പിക്ചേഴ്സ് അദ്ദേഹത്തെ സമീപിക്കുന്നത്. പെരിയാരോട് അനുമതി ചോദിച്ചെങ്കിലും അദ്ദേഹം നിരുത്സാഹപ്പെടുത്തുകയാണുണ്ടായത്. ഈ സിനിമയിൽ മുഖ്യ വേഷം ചെയ്ത എം.ജി.ആറുമായി അദ്ദേഹം പിന്നീട് സൗഹൃദത്തിലായി. ഗാന്ധിജിയുടെ ആരാധകനായിരുന്ന എം.ജി.ആറിനെ ദ്രാവിഡ ആശയങ്ങളിലേക്കാകർഷിച്ചത് കരുണാനിധിയായിരുന്നു.

അഭിമന്യു എന്ന പുരാണ ചിത്രത്തിനായി സംഭാഷണമെഴുതിയത് കരുണാനിധിയായിരുന്നുവെങ്കിലും ചിത്രത്തിന്‍റെ ടൈറ്റിൽ കാർഡിൽ പേരുണ്ടായിരുന്നില്ല. നിരാശനായ അദ്ദേഹം ചെന്നൈയിൽ നിന്ന് സ്വദേശമായ തിരുവാരൂരേക്ക് മടങ്ങി രാഷ്ട്രീയ പ്രവർത്തനങ്ങളിൽ സജീവമായി. എങ്കിലും സിനിമാമോഹം വിട്ടില്ല. സേലം മോഡേൺ തിയേറ്റേഴ്സിനു വേണ്ടി സിനിമാഗാനങ്ങളെഴുതിയിരുന്ന കവി കെ.എം. ഷരീഫിന്‍റെ പരിചയത്തിൽ 1949 ൽ മോഡേൺ തിയറ്റേഴ്സിൽ മാസം 500 രൂപ ശമ്പളത്തിൽ ജോലിക്ക് ചേർന്നു. കണ്ണദാസനെ പോലെയുള്ള പ്രതിഭകളുമായുള്ള സൗഹൃദം ലഭിച്ചത്  ഇക്കാലത്താണ്. മോഡേൺ തിയറ്റേഴ്സ് ഉടമയായിരുന്ന ടി.ആർ. സുന്ദരത്തിന്‍റെ മന്ത്രികുമാരി എന്ന നാടകം സിനിമയാക്കിയപ്പോൾ അതിന് തിരക്കഥയും സംഭാഷണവും രചിച്ചു. ഇതിലൂടെയാണ് എം.ജി.ആർ നായകനായത്. എല്ലിസ് ആർ. ഡങ്കണായിരുന്നു സംവിധായകൻ. ജാതി മത ശക്തികളുടെ ശക്തമായ എതിർപ്പിനിടയിലും ചിത്രം പ്രദർശന വിജയം നേടി.

കണ്ണമ്മ, മണ്ണിൻ മൈന്തൻ, പരാശക്തി, പുതിയ പരാശക്തി, മന്ത്രികുമാരി, പാലൈവന റോജാക്കൾ, നീതിക്കു ദണ്ടനൈ, പാസ പറൈവകൾ, പാടാത തേനികൾ, പാലൈവന പൂക്കൾ, മനോഹര, ഉളിയിൻ ഓസൈ, പൂംപുഹാർ, ഇളൈഞ്ചൻ എന്നിങ്ങനെ 73 സിനിമകൾക്ക് തിരക്കഥ രചിച്ചിട്ടുണ്ട്. ചിലപ്പതികാരം, മണിമകുടം, ഒരേ രക്തം, പഴനിയപ്പൻ, തൂക്കുമേടൈ, കാകിതപ്പൂ, നാനേ അറിവളി, വെള്ളികിഴമൈ, ഉദയസൂരിയൻ എന്നീ നാടകങ്ങളും രചിച്ചിട്ടുണ്ട്. കുറളോവിയം, നെഞ്ചുക്ക് നീതി, തെൽപാപ്പിയ ഉരൈ, സംഗ തമിഴ്, റോമാപുരി പാണ്ഡ്യൻ, തെൻപാണ്ടി സിങ്കം, വെള്ളിക്കിഴമൈ, ഇനിയവൈ ഇരുപത്, സംഗ തമിഴ്, പൊന്നർ സംഘർ, തിരുക്കുറൾ ഉരൈ എന്നിവയാണ് അദ്ദേഹത്തിന്‍റെ പ്രധാന കൃതികൾ. 

Tags:    
News Summary - Tamil's Kalainjar-Movie News

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.