സമൂഹത്തിലെയും കുടുംബ ബന്ധങ്ങളിലെയും ഇഴയടുപ്പങ്ങളും അകല്‍ച്ചകളും വശ്യമായ സംഭാഷണങ്ങളിലൂടെ തിരക്കഥാരൂപമാക്കി മലയാളസിനിമക്ക് നല്‍കിയ ഷെരീഫ് ഒരു കാലഘട്ടത്തെ ഉദ്ദീപിപ്പിച്ച എഴുത്തുകാരനായിരുന്നു. ’70കളില്‍ പ്രേം നസീര്‍ ഇല്ലാതെ സിനിമ വിജയിക്കില്ളെന്ന മലയാളിയുടെ സാധാരണ മാനസികാവസ്ഥക്ക് മാറ്റമുണ്ടാക്കിയ തിരക്കഥാകൃത്ത്. പുതിയ സംവിധായകനെ പില്‍ക്കാലത്ത് ലബ്ധപ്രതിഷ്ഠനാക്കിയ എഴുത്തുകാരന്‍. തീര്‍ച്ചയായും മലയാളി ആലപ്പി ഷെരീഫ് എന്ന തിരക്കഥാകൃത്തിന്‍െറ സംഭാവനകള്‍ മറക്കില്ല. അത്രമാത്രം ഹൃദയബന്ധമുള്ള സിനിമകളാണ് അദ്ദേഹത്തിന്‍െറ തൂലികയിലൂടെ പിറവിയെടുത്തത്. പലപ്പോഴും ഐ.വി. ശശി എന്ന വലിയ സംവിധായകന്‍െറ പിന്നിലെ അക്ഷര ചേതന ഈ എഴുത്തുകാരനാണെന്ന് അറിയാത്തവരുമുണ്ട്. തന്‍െറ നോവലുകളിലെ കഥാപാത്രങ്ങള്‍ക്ക് ജീവന്‍ നല്‍കിയ ഐ.വി. ശശിയുമായി ഷെരീഫിനുള്ള ബന്ധം ‘ഉത്സവം’ എന്ന ചിത്രത്തിലൂടെ തുടങ്ങിയതല്ല. അതിനുമുമ്പ് നടി വിജയനിര്‍മലയുടെ പേര് സംവിധായികയായി വന്ന ‘കവിത’ എന്ന സിനിമക്ക് പിന്നിലും ഈ കൂട്ടുകെട്ട് ഉണ്ടായി. എ.ബി. രാജിന്‍െറ സംവിധാനത്തില്‍ ‘കളിപ്പാവ’ എന്ന തിരക്കഥയും ഷെരീഫിന്‍െറ തുടക്കത്തിലെ എഴുത്തായിരുന്നു.
സ്കൂള്‍ പഠനകാലത്തുതന്നെ കഥാരചനയോട് ആഭിമുഖ്യം കാട്ടിയ ഷെരീഫ് തന്‍െറ ലാവണം സിനിമയാണെന്ന് വൈകാതെ തിരിച്ചറിഞ്ഞു. ആലപ്പുഴയിലെ ഉദയ സ്റ്റുഡിയോയുമായി ചെറുപ്പത്തില്‍ ബന്ധപ്പെടാനിടയായത് സിനിമയിലേക്കുള്ള യാത്ര വേഗത്തിലാക്കി. എന്നാല്‍, ഉദയ ഷെരീഫിനെ ഉള്‍ക്കൊണ്ടില്ല. അക്കാലത്ത് ആനുകാലികങ്ങളിലെ സാഹിത്യരചനകള്‍ ഷെരീഫിനെ ശ്രദ്ധേയനാക്കി. മനുഷ്യകഥാഗന്ധിയായ പ്രണയവും പ്രണയഭംഗവും ’70കളിലെ കഥകളുടെ മുഖമുദ്രയായിരുന്നു. അക്കാലത്ത് ചെന്നൈയില്‍ എത്തിയ ഷെരീഫ് ഐ.വി. ശശിയുമായി തന്‍െറ പഴയ ബന്ധം ദൃഢപ്പെടുത്തി. അവിടെ മുരളി മൂവീസ് രാമചന്ദ്രന്‍ എന്ന നിര്‍മാതാവുകൂടി എത്തിയതോടെ സമാനമനസ്കരുടെ കൂട്ടായ്മ രൂപപ്പെട്ടു. അത് ഒട്ടേറെ സിനിമകളുടെ പിറവിക്ക് നാന്ദിയായി.
കുട്ടനാട്ടിലെ രൂക്ഷമായ കുടിവെള്ളക്ഷാമം ഇതിവൃത്തമാക്കി ഷെരീഫ് രചിച്ച ചെറുകഥയുടെ സിനിമ രൂപാന്തരത്തിലൂടെയാണ് ഐ.വി. ശശി എന്ന സ്വതന്ത്ര സംവിധായകന്‍ ജനിക്കുന്നത്. 1975ലാണ് ‘ഉത്സവം’ എത്തുന്നത്. മുഖ്യധാര നായകന്മാരെ മാറ്റി കെ.പി. ഉമ്മറിനെ നായകനാക്കി, എം.ജി. സോമനെ പ്രതിനായകനാക്കി വലിയ താരപ്പൊലിമയില്ലാതെ സാമൂഹിക പ്രശ്നം മുന്നോട്ടുവെച്ച ‘ഉത്സവം’ അക്കാലത്തെ വ്യത്യസ്ത സിനിമ പ്രമേയങ്ങളിലൊന്നായിരുന്നു. സിനിമ വെറും കലാഭ്യാസങ്ങളല്ല, ജീവിതപ്രശ്നങ്ങള്‍ അനാവരണം ചെയ്യുന്ന കലാരൂപമാണെന്ന് തിരിച്ചറിഞ്ഞാണ് ഷെരീഫ് പിന്നീടും തന്‍െറ തിരക്കഥ ഒരുക്കിയത്.
1977ല്‍ പുറത്തിറങ്ങിയ ‘അവളുടെ രാവുകള്‍’ ശശിയുടെയും ഷെരീഫിന്‍െറയും സിനിമ ജീവിതത്തിലെ തിളക്കമാര്‍ന്ന ഏടായിരുന്നു. പിന്നീട് ഈ കൂട്ടുകെട്ടുകള്‍ ‘അ’യില്‍ തുടങ്ങുന്ന ചിത്രങ്ങളുടെ നിരതന്നെ ഉണ്ടാക്കി. 1976ല്‍ മികച്ച നടിക്കുള്ള സംസ്ഥാന അവാര്‍ഡ് ഷീലക്ക് ലഭിച്ചത് ഷെരീഫിന്‍െറ ‘അനുഭവം’ എന്ന സിനിമയിലൂടെയാണ്. അതില്‍ മിസിസ് തോമസ് എന്ന കഥാപാത്രമാണ് ഷീലക്ക് ബഹുമതി നേടിക്കൊടുത്തത്. ബോളിബുഡ് നടി ശ്രീദേവി മലയാളത്തില്‍ നായികയായതും ഷെരീഫിന്‍െറ തിരക്കഥയിലൂടെ 1977ല്‍ ഇറങ്ങിയ ‘ആലിംഗനം’ എന്ന ചിത്രത്തിലൂടെയാണ്. വിന്‍സെന്‍റ് നായകനായും സോമന്‍ നടനായും ശ്രദ്ധിക്കപ്പെട്ട നിരവധി ചിത്രങ്ങള്‍ ഇക്കാലത്ത് ഷെരീഫിന്‍െറ രചനയില്‍ വെളിച്ചം കണ്ടു. അവളുടെ രാവുകളിലൂടെ നായികപട്ടത്തില്‍ എത്തിയ സീമയും ഷെരീഫ് മെനഞ്ഞെടുത്ത കഥാപാത്രത്തിലൂടെയാണ് വളര്‍ന്നത്. ഇങ്ങനെ എണ്ണിയാല്‍ തീരാത്ത കഥാപ്രപഞ്ചങ്ങളെ അഭ്രപാളികളിലെ അനശ്വരതയിലേക്കും സമ്മോഹനമായ മുഹൂര്‍ത്തങ്ങളിലേക്കും ഷെരീഫ് തന്‍െറ തൂലികയിലൂടെ ജന്മം നല്‍കി. ഇടക്ക് ഒന്നുരണ്ട് സിനിമകള്‍ സംവിധാനവും ചെയ്തു. നടന്‍ ജനാര്‍ദനന്‍, ഗാനരചയിതാവ് പൂവച്ചല്‍ ഖാദര്‍ ഉള്‍പ്പെടെ പലര്‍ക്കും സിനിമരംഗത്ത് അവസരം നല്‍കുന്നതിനും ആ പ്രതിഭക്ക് മനസ്സുണ്ടായി.
70ലേറെ തിരക്കഥകള്‍ രചിച്ച ഷെരീഫ് ഇടക്കാലത്ത് അയഞ്ഞുപോയ ശശിയുമായുള്ള ബന്ധം പുതുക്കാന്‍ 1986ല്‍ ‘അനുരാഗി’ എന്ന ചിത്രത്തിന് തിരക്കഥ രചിച്ച് ആ കൂട്ടുകെട്ട് പുനരുജ്ജീവിപ്പിച്ചു. ഏതാനും മാസങ്ങള്‍ക്കുമുമ്പ് തന്‍െറ ആത്മസുഹൃത്തിനെ കാണാന്‍ ഐ.വി. ശശി എത്തിയപ്പോള്‍ നിമിഷങ്ങള്‍ പഴയ സ്നേഹചരിത്രത്തിന്‍െറ വര്‍ത്തമാനങ്ങളായി മാറി. സിനിമയില്‍ പതിറ്റാണ്ടുകള്‍ നിന്നിട്ടും അവിടത്തെ ജാഡകളിലോ കപടതന്ത്രങ്ങളിലോ വീണുപോകാന്‍ പച്ചമനുഷ്യനായ ഷെരീഫിനായില്ല. ഇനിയും സിനിമക്കുവേണ്ടി തിരക്കഥ എഴുതണമെന്ന ആഗ്രഹം അവസാനംവരെ കൊണ്ടുനടന്നു. അതിനായി ശ്രമം നടത്തി. കാലഘട്ടം മാറിയതനുസരിച്ച് രചനയിലും വ്യത്യാസം വേണമെന്ന് പലപ്പോഴായി അദ്ദേഹം പറഞ്ഞിരുന്നു.
തനിക്ക് അര്‍ഹമായ അംഗീകാരം സിനിമയില്‍നിന്നോ ഭരണകൂടത്തില്‍നിന്നോ കിട്ടിയില്ളെന്ന പ്രയാസം സ്വകാര്യ സംഭാഷണത്തില്‍ അദ്ദേഹം പ്രകടിപ്പിച്ചിരുന്നു. ആ ഖിന്നത അസുഖം ബാധിച്ചിരുന്നപ്പോഴും മറ്റൊരു വേദനയായി. കഴിഞ്ഞനാളില്‍ ആലപ്പുഴക്കാരായ ചലച്ചിത്ര പ്രതിഭകളെ ആദരിക്കുന്ന കൂട്ടത്തില്‍ ഷെരീഫിനെയും ആദരിച്ചെങ്കിലും തിരക്കഥാകൃത്ത് എന്ന അര്‍ഥത്തില്‍ ഷെരീഫിന് വേണ്ടത്ര അംഗീകാരം ലഭിച്ചില്ല. എങ്കിലും മലയാളി നെഞ്ചേറ്റിയ ചിത്രങ്ങള്‍ തന്നെ അദ്ദേഹത്തിന് ലഭിച്ച പതക്കങ്ങളാണ്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.