ബോക്സ് ഒാഫീസ് ഹിറ്റുകളുടെ വര്‍ഷം

മലയാള സിനിമക്ക് ബോക്സ് ഓഫീസ് ഹിറ്റുകള്‍ സമ്മാനിച്ച വര്‍ഷമാണ് 2015. 2014ല്‍ നിന്ന് വ്യത്യസ്തമായി 2015 അവസാനിക്കുമ്പോള്‍ മലയാള സിനിമാ വ്യവസായം തകര്‍ച്ചയില്‍ നിന്ന് കര കയറ്റിയിരിക്കുകയാണ്. നൂറ്റമ്പതിലേറെ ചിത്രങ്ങള്‍ പുറത്തിറങ്ങുകയും അതില്‍ കുറച്ച് ചിത്രങ്ങള്‍ മാത്രം വിജയിക്കുകയും ചെയ്ത വര്‍ഷമായിരുന്നു 2014. എന്നാല്‍, 2015ൽ 140 ചിത്രങ്ങള്‍ പുറത്തിറങ്ങിയപ്പോള്‍ ബോക്സ് ഓഫീസ് ഹിറ്റുകള്‍ കരസ്ഥമാക്കി മലയാള സിനിമ മുന്നേറിയതായി കാണാം. 

എന്ന് നിന്‍റെ മൊയ്തീന്‍,പ്രേമം,പത്തേമാരി, അമര്‍ അക്ബര്‍ അന്തോണി, കുഞ്ഞിരാമായണം, ഭാസ്കര്‍ ദ റാസ്കല്‍, ഒരുവടക്കന്‍ സെല്‍ഫി, അനാര്‍ക്കലി, ചന്ദ്രേട്ടന്‍ എവിടെയാ എന്നീ ചിത്രങ്ങള്‍ വന്‍ വിജയം നേടി. ഇതില്‍ തന്നെ പ്രേമം,എന്ന് നിന്‍റെ മൊയ്തീന്‍ എന്നീ ചിത്രങ്ങള്‍ ഗ്രോസ് കളക്ഷന്‍ നേടി നാല്‍പ്പത് കോടി പിന്നിട്ടു. 

ബോക്സ് ഓഫീസ് ഹിറ്റുകള്‍ 

പ്രേമം, എന്ന് നിന്‍റെ മൊയ്തീന്‍ എന്നീ ചിത്രങ്ങളാണ് ബോക്സ് ഓഫീസ് കളക്ഷനില്‍ മുന്നിട്ട് നില്‍ക്കുന്നത്. റീമേക്ക് അവകാശവും സാറ്റലൈറ്റ് അവകാശവും ഉള്‍പ്പടെ 60 കോടി രൂപയാണ് പ്രേമം സ്വന്തമാക്കിയത്. നിവിന്‍ പോളി നായകനും, അനുപമ പരമേശ്വരന്‍, സായ്പല്ലവി, മഡോണ എന്നിവര്‍ നായികമാരുമായി അല്‍ഫോന്‍സ് പുത്രന്‍ സംവിധാനം ചെയ്ത ചിത്രം നിര്‍മ്മിച്ചത് അന്‍വര്‍ റഷീദാണ്. സാമ്പത്തികമാായി മാത്രമല്ല സാമൂഹികപരമായും നിരവധി മാറ്റങ്ങളും ചര്‍ച്ചകളും 'പ്രേമ'ത്തിന് ശേഷമുണ്ടായി. ടീച്ചറെ പ്രണയിക്കാന്‍ പഠിപ്പിക്കുന്ന, ക്ലാസില്‍ മദ്യപിക്കുന്ന നായകന്‍ പുതിയ തലമുറക്ക് തെറ്റായ സന്ദേശങ്ങല്‍ നല്‍കുന്നുവെന്ന ആരോപണങ്ങളുണ്ടായി. എന്നാല്‍ കലയെ കലയായി മാത്രം കാണണമെന്നും യാഥാര്‍ഥ്യ ജീവിതത്തോട് താരതമ്യം നടത്തരുതെന്നും ചൂണ്ടിക്കാട്ടി അണിയറ പ്രവര്‍ത്തകരും മുന്നോട്ട് വന്നു. ഓണാഘോഷത്തിന്‍റെ ഭാഗമായും അല്ലാതെയും സ്കൂളിലെയും കൊളേജുകളിലെയും യുവാക്കള്‍ പ്രേമത്തിലെ നിവിന്‍ പോളിയെ അനുകരിച്ചതും ചര്‍ച്ചകളായി. ചിത്രത്തിലെ നായിക 'മലരാ'യി വേഷമിട്ട സായ് പല്ലവിയോടുള്ള യുവാക്കളുടെ പ്രണയം സോഷ്യല്‍ മീഡിയയില്‍ വൈറലായി. ചിത്രത്തിന്‍റെ വ്യാജ പതിപ്പിറങ്ങിയത് കളക്ഷനെ ബാധിച്ചു.  ചിത്രത്തിലെ പാട്ടുകള്‍കും അവതരണ രീതിക്കും കാണികളില്‍ നിന്ന് കൈയ്യടി നേടിക്കൊടുത്തു.

 
നവാഗത സംവിധായകന്‍ ആര്‍.എസ് വിമല്‍ സംവിധാനം ചെയ്ത പൃഥ്വിരാജ് ചിത്രം എന്ന് നിന്‍റെ മൊയ്തീനും വന്‍വിജയമായി. കാഞ്ചനമാല -മൊയ്തീന്‍ പ്രണയകഥ പറഞ്ഞ ചിത്രത്തില്‍ പാര്‍വതിയായിരുന്നു നായിക. ഒമ്പത് കോടി രൂപ ചിലവില്‍ നിര്‍മ്മിച്ച ചിത്രം അമ്പത് കോടി രൂപയോളം കളക്ഷന്‍ നേടി. ചരിത്രത്തെ വളച്ചൊടിക്കുന്നുവെന്ന് പരാതിപ്പെട്ട് കാഞ്ചനമാല തന്നെ രംഗത്തത്തെിയത് വന്‍വിവാദമായി. സിനിമ റിലീസ് ചെയ്തെങ്കിലും കാഞ്ചനമാല ചിത്രം കാണാന്‍ പോവാത്തതും ചിത്രത്തിന്‍റെ അണിയറ പ്രവര്‍ത്തകര്‍ കാഞ്ചനയെ കാണാന്‍ പോവാത്തതും വിമര്‍ശങ്ങള്‍ക്ക് വിധേയമായി. സംവിധായകന് തനിക്ക് ചിത്രത്തിന്‍റെ തിരക്കഥ വായിക്കാന്‍ നല്‍കിയില്ലെന്ന് വരെ അവര്‍ ഒരു വേദിയില്‍ പരാതിപ്പെട്ടു. 

മറ്റു ഹിറ്റുകള്‍
പൃഥ്വിരാജ്, ഇന്ദ്രജിത്ത്, ജയസൂര്യ എന്നിവരെ നായകരാക്കി നാദിര്‍ഷ സംവിധാനം ചെയ്ത ചിത്രം അമര്‍ അക്ബര്‍ അന്തോണിയും വിജയപ്പട്ടികയില്‍ ഇടം നേടി. 30 കോടിയിലധികം രൂപ കളക്ഷനായി ചിത്രം നേടി. അനന്യ ഫിലിംസും യുണൈറ്റഡ് ഗ്ലോബല്‍ മീഡിയയും ചേര്‍ന്നാണ് അമര്‍ അക്ബര്‍ അന്തോണി നിര്‍മ്മിച്ചത്. തമീന്‍സ് ആണ് ചിത്രം വിതരണത്തിനെത്തിച്ചത്. 

മമ്മൂട്ടി ചിത്രം പത്തേമാരിയും വലിയ വിജയം നേടി. സലീം അഹമ്മദ് സംവിധാനം ചെയ്ത ചിത്രം പ്രവാസികളുടെ ജീവിതത്തിന്‍റെ നേര്‍കാഴ്ചയാണ്. 15 കോടി രൂപയിലധികം കളക്ഷന്‍ ചിത്രം നേടി. മധു അമ്പാട്ടായിരുന്നു ചിത്രത്തിന് ഛായാഗ്രഹണം നിര്‍വഹിച്ചത്. കൂടാതെ മുന്‍ ചിത്രങ്ങളെ പോലെ റസൂല്‍ പൂക്കുട്ടിയും അണിയറയിലുണ്ടായിരുന്നു. സലീം അഹമ്മദ്, അഡ്വ. ഹാഷിക്, ടി.പി സുദീഷ് എന്നിവര്‍ ചേര്‍ന്ന് നിര്‍മിച്ച ചിത്രം ഇറോസ് ഇന്‍റര്‍നാഷനലാണ് വിതരണത്തിനത്തെിച്ചത്. 

സിദ്ദീഖ് സംവിധാനം ചെയ്ത മമ്മൂട്ടി ചിത്രം ഭാസ്കര്‍ ദ റാസ്കലും പ്രദര്‍ശനവിജയം നേടി. പതിനെട്ട് കോടിയോളമാണ് ചിത്രം പ്രദര്‍ശനം അവസാനിപ്പിച്ചപ്പോള്‍ നേടിയത്. ആന്‍റോ ജോസഫ് ഫിലിം കമ്പനിയാണ് ചിത്രം നിര്‍മ്മിച്ച് വിതരണത്തിനെത്തിച്ചത്. 

ലോ ബജറ്റിലൊരുക്കിയ കുഞ്ഞിരാമായണം വളരെ പെട്ടെന്ന് 14 കോടിയോളം രൂപ വാരി. നവാഗതനായ ബേസില്‍ ജോസഫ് സംവിധാനം ചെയ്ത ചിത്രത്തില്‍ വിനീത് ശ്രീനിവാസനും ധ്യാന്‍ ശ്രീനിവാസനുമായിരുന്നു കേന്ദ്രകഥാപാത്രങ്ങള്‍. ഇ ഫോര്‍ എൻറര്‍ടെയിന്‍മെന്‍റും ലിറ്റില്‍ ബിഗ് സിനിമാസും ചേര്‍ന്നാണ് കുഞ്ഞിരാമായണം നിര്‍മ്മിച്ചത്. 

നവാഗത സംവിധായകന്‍ ജി.പ്രജിത്ത്  സംവിധാനം ചെയ്ത ചിത്രം ഒരുവടക്കന്‍ സെല്‍ഫി 31 കോടിയിലധികം രൂപ കളക്ഷന്‍ നേടി. വിനീത് ശ്രീനിവാസന്‍ തിരക്കഥയൊരുക്കിയ ചിത്രം വിനോദ് ഷൊര്‍ണൂര്‍ ആണ് നിര്‍മ്മാണം. 

തിരക്കഥാകൃത് സച്ചി സംവിധാനം ചെയ്ത ചിത്രം അനാര്‍ക്കലിയും വിജയപ്പട്ടികയില്‍ ഇടം നേടി. ചിത്രം റിലീസ് ചെയ്ത് 14 ദിവസങ്ങള്‍ക്കുള്ളില്‍ തന്നെ 8 കോടിയോളം രൂപ ചത്രം നേടി. മിയയും പ്രിയല്‍ ഗോറും നായികമാരായ ചിത്രത്തില്‍ ബിജു മേനോനും പ്രധാന വേഷത്തിലുണ്ട്. ലക്ഷദ്വീപിന്‍്റെ പശ്ചാത്തലത്തിലൊരുക്കിയ ചിത്രം കാണികളുടെ കൈയ്യടി നേടി. രാജീവ് നായര്‍ നിര്‍മിച്ച ചിത്രം മാജിക് മൂണ്‍ പ്രൊഡക്ഷന്‍സ് ആണ് വിതരണത്തിനത്തെിച്ചത്. 

സിദ്ധാര്‍ത്ഥ് ഭരതന്‍റെ രണ്ടാമത്തെ ചിത്രമായ ചന്ദ്രേട്ടന്‍ എവിടെയാ 9 കോടി നേടി. ദിലീപ് നായകനായ ചിത്രത്തില്‍ നമിതാ പ്രമോദും അനുശ്രിയുമായിരുന്നു നായികമാര്‍. സന്തോഷ് എച്ചിക്കാനം തിരക്കഥയൊരുക്കിയ ചിത്രം സമീര്‍ താഹിര്‍, ഷൈജു ഖാലിദ്, ആഷിഖ് ഉസ്മാന്‍ എന്നിവരാണ് നിര്‍മാണം. 

സു സു സുധി വാത്മീകം, റാണി പത്മിനി, കെ.എല്‍.ടെന്‍ പത്ത്, ചിറകൊടിഞ്ഞ കിനാവുകള്‍, പിക്കറ്റ് 43, മിലി എന്നീ ചിത്രങ്ങള്‍ വലിയ വിജയങ്ങളായില്ലെങ്കിലും  പരാജയങ്ങളായില്ല. ഡോ. ബിജുവിന്‍റെ പേരറിയാത്തവര്‍, സജിന്‍ ബാബുവിന്‍റെ അസ്തമയം വരെ, കെ. ആര്‍ മനോജിന്‍റെ കന്യകാ ടാക്കീസ്, സുദേവന്‍റെ സി.ആര്‍ നമ്പര്‍ 89, സനല്‍ കുമാര്‍ ശശിധരന്‍റെ ഒരാള്‍പൊക്കം, ജയരാജിന്‍റെ ഒറ്റാൽ, സിദ്ധാര്‍ത് ശിവയുടെ ഐന്‍, എന്‍.കെ മുഹമ്മദ് കോയയുടെ അലിഫ്, ബാഷ് മുഹമ്മദിന്‍റെ ലുക്കാചുപ്പി എന്നീ ചിത്രങ്ങള്‍ വിവിധ ചലച്ചിത്ര മേളകളില്‍ ഇടം നേടുകയും പുരസ്കാരങ്ങള്‍ ലഭിക്കുകയും ചെയ്തു. ബിഗ് ബജറ്റ് ചിത്രമായ ലിജോ ജോസ് പെല്ലിശേരിയുടെ ഡബ്ള്‍ ബാരല്‍ വലിയ പരാജയമായി. 


2015 ലെ താരം പൃഥ്വിരാജ്

മൂന്ന് ഹിറ്റുകള്‍ ഒരുമിച്ച് ലഭിച്ച പൃഥ്വിരാജാണ് ഈ വര്‍ഷത്തെ സൂപ്പര്‍ താരം. എന്ന് നിന്‍റെ മൊയ്തീന്‍, അമര്‍ അക്ബര്‍ ആന്തോണി, അനാര്‍ക്കലി എന്നീ മൂന്ന് ചിത്രങ്ങളാണ് അദ്ദേഹത്തിന് ലഭിച്ചത്. പിക്കറ്റ് 43, ഇവിടെ, ഡബ്ള്‍ബാരല്‍ എന്നീ ചിത്രങ്ങളാണ് പൃഥ്വിരാജിന്‍റേതായി ഈ വര്‍ഷം പുറത്തിറങ്ങിയ മറ്റു ചിത്രങ്ങള്‍. വളരെ സെലകടീവായി മാത്രമാണ് പൃഥ്വി ഓരോ ചിത്രവും തെരഞ്ഞെടുക്കുന്നതെന്ന് ഈ ചിത്രങ്ങളുടെ പട്ടിക പരിശോധിച്ചാല്‍ കാണാം.  പോയ വര്‍ഷത്തെ മറ്റൊരു താരം നിവിന്‍ പോളിയാണ്. പ്രേമം, ഒരു വടക്കന്‍ സെല്‍ഫി, എന്നീ രണ്ട് ഹിറ്റുകളാണ് നിവിന്‍ പോളിക്ക് ലഭിച്ചത്. മിലി, ഇവിടെ എന്നീ ചിത്രങ്ങളാണ് 2015ല്‍ പുറത്തിറങ്ങിയ മറ്റ് നിവിന്‍ പോളി ചിത്രങ്ങള്‍. 

മമ്മൂട്ടിയുടെ രണ്ട് ചിത്രങ്ങള്‍ വിജയമായപ്പോള്‍ മോഹന്‍ലാലിന്‍റെ ചിത്രങ്ങളൊന്നും വലിയ വിജയങ്ങളായില്ല.  7 കോടി മുടക്കുമുതലില്‍ നിര്‍മിച്ച ലോഹം 15 കോടി രൂപ കളക്ഷന്‍ നേടിയതൊഴിച്ചാല്‍ രസം, എന്നും എപ്പോഴും, ലൈല ഓ ലൈല, കനല്‍ എന്നീ ചിത്രങ്ങളെല്ലാം തിയേറ്ററുകളില്‍ പണം വാരിയില്ല. 

ഇവൻ മര്യാദരാമൻ, ചന്ദ്രേട്ടൻ എവിടെയാ, ലവ് 24X7, ലൈഫ് ഓഫ് ജോസൂട്ടി എന്നീ ചിത്രങ്ങളാണ് ദിലീപിന്‍റെതായി പുറത്തുവന്നത്. ഇതിൽ ചന്ദ്രേട്ടൻ എവിടെയാ മാത്രമാണ് കളക്ഷൻ നേടിയത്. മറിയംമുക്ക്, ഹരം, അയാൾ ഞാൻ അല്ല എന്നീ മൂന്ന് ചിത്രങ്ങൾ മാത്രമാണ് ഫഹദ് ഫാസിലിെൻ്റതായി പുറത്തുവന്നത്. ഇതിൽ അയാൾ ഞാൻ അല്ല മാത്രം അഭിപ്രായം നേടി. അമർ അക്ബർ അന്തോണിയും സു.സു.സുധി വാത്മീകവുമാണ് ജയസൂര്യയുടെ മികച്ച ചിത്രങ്ങൾ. ജയറാമിനും സുരേഷ് ഗോപിക്കും വലിയ ഹിറ്റുകളൊന്നും അവകാശപ്പെടാനില്ല. ആറ് ചിത്രങ്ങളാണ് കുഞ്ചാക്കോ ബോബേൻറതായി പുറത്തിറങ്ങിയത്. ഇതിൽ വലിയ ചിറകുള്ള പക്ഷികൾ ചലച്ചിത്ര മേളകളിൽ ഇടം നേടിയപ്പോൾ ചിറകൊടിഞ്ഞ കിനാക്കൾ നിരൂപക പ്രശംസ നേടി. നടൻ ആസിഫ് അലി നിർമാണ രംഗത്തേക്ക് കടന്നുവന്നതും 2015 ലാണ്. ആസിഫ് അലിയുടെ നിർമാണത്തിൽ പുറത്തിറങ്ങിയ കോഹിനൂർ തിയേറ്ററുകളിൽ സ്വീകരിച്ചില്ല. ഉണ്ണി മുകുന്ദന്‍റെതായി മൂന്ന് ചിത്രങ്ങൾ പുറത്തിറങ്ങി. ഇതിൽ കെ.എൽ.ടെൻ മാത്രം അഭിപ്രായം നേടി.   

തയ്യാറാക്കിയത്:  ഷെബിന്‍ മുഹമ്മദ്

 

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.