പെരുമഴക്കാലം എന്ന സിനിമതൊട്ടുള്ള ബന്ധമാണ് ടി.എ. റസാഖിനോട്. അവിടന്നിങ്ങോട്ട് കഴിഞ്ഞ ദിവസം അദ്ദേഹം എന്നന്നേക്കുമായി വിടപറയുംവരെ സന്തതസഹചാരിയായിരുന്നു ഞാന്‍. ആ വിയോഗം വല്ലാത്ത ശൂന്യതയാണ് സൃഷ്ടിക്കുന്നത്. വ്യക്തിപരമായി എനിക്കുണ്ടായ നഷ്ടമല്ല ഞാന്‍ പറയുന്നത്. മലയാളത്തില്‍ ഒരുപാട് നല്ലകഥകളുടെ പിറവിയെയാണ് അത് ഇല്ലാതാക്കിയത്. ആത്മകഥാംശമുള്ള രചനകളായിരുന്നു റസാഖിന്‍െറ കഥകള്‍ മിക്കതും. തന്‍െറ ജീവിതം ഏതെങ്കിലും തരത്തില്‍ നേരിട്ടറിഞ്ഞ പലതും സ്ക്രീനിലെത്തിക്കാന്‍ അദ്ദേഹം പരിശ്രമിച്ചിരുന്നു. വ്യത്യസ്തതകളെ തേടി പോകുന്നയാളായിരുന്നു അദ്ദേഹം. അതുകൊണ്ടുതന്നെ പലപ്പോഴും പരാജയപ്പെട്ടിട്ടുമുണ്ട്. നല്ല ഒരു കലാകാരന് പരാജയമുണ്ടാവുക സ്വാഭാവികം. അതുകൊണ്ടു തന്നെ അതൊന്നും റസാഖിന്‍െറ എഴുത്തിന്‍െറ ശൈലിയെയോ മറ്റൊന്നിനെയുമോ സ്വാധീനിച്ചില്ല.
ഞാനറിഞ്ഞ റസാഖ് ഒരു അടിയുറച്ച കമ്യൂണിസ്റ്റുകാരനായിരുന്നു. അതുകൊണ്ടു തന്നെയാണ് വര്‍ഗീയതയെ അദ്ദേഹം സിനിമകളിലൂടെ ചോദ്യംചെയ്തത്. കാണാക്കിനാവ് അത്തരത്തില്‍ ഒരു സിനിമയാണ്. അദ്ദേഹം സംവിധാനം നിര്‍വഹിച്ച ‘മൂന്നാം നാള്‍ ഞായറാഴ്ച’ ഒരു ദലിത് സിനിമയാണ്. പാര്‍ശ്വവത്കരിക്കപ്പെട്ടവന്‍െറ കൂടെ അവസാനം വരെ നിന്നുവെന്നതിന് ഒടുവിലത്തെ ഉദാഹരണമായി അതിനെ കാണാം. അത് ഒരു പരാജയമാകും എന്നുറപ്പുണ്ടായിട്ടും അതുമായി മുന്നോട്ടു പോകണമെന്ന് റസാഖിന് നിര്‍ബന്ധമുണ്ടായിരുന്നു.
ആ സിനിമയിലെ നായകനും നിര്‍മാതാവും ഞാന്‍ തന്നെയായിരുന്നു. നിര്‍മാതാവിന്‍െറ വേഷം യാദൃച്ഛികമായി വന്നുചേര്‍ന്നതാണ്. ആദ്യം ഉറപ്പിച്ച നിര്‍മാതാക്കള്‍ പല കാരണങ്ങള്‍ കൊണ്ടും പിന്മാറിയപ്പോള്‍ ഞാനാണ് റസാഖിന് പ്രതീക്ഷ നല്‍കി അത് ഏറ്റെടുത്തത്. അതിലൊരിക്കലും നഷ്ടബോധമില്ല. അങ്ങനെ കലാകാരന്‍ പരാജയപ്പെട്ടുകൂടാ. അസുഖം മൂര്‍ച്ഛിച്ചപ്പോള്‍ അദ്ദേഹത്തിന്‍െറ മനസ്സിലെ പല കഥകളും പുറത്തുവന്നില്ല. അവസാന കാലത്ത് എന്നെ വെച്ച് ഒരു സിനിമ ചെയ്യണം എന്ന് പറഞ്ഞിരുന്നു. പക്ഷേ, അത് സ്വപ്നമായി അവശേഷിച്ചു.
അസുഖ ബാധിതനായ റസാഖിനെ ആശുപത്രിയില്‍ പ്രവേശിപ്പിക്കുന്നത് ഞാനാണ്. കരള്‍ മാറ്റിവെക്കല്‍ ശസ്ത്രക്രിയ അനിവാര്യമായിരുന്നിട്ടും അദ്ദേഹം അതിന് മുതിര്‍ന്നിരുന്നില്ല. കുറെ നിര്‍ബന്ധിച്ചാണ് ആശുപത്രിയില്‍ വരാന്‍ തയാറായതു തന്നെ. കരള്‍ നല്‍കാന്‍ മറ്റൊരാള്‍ തയാറായിരുന്നു. അത് കഴിഞ്ഞും ഞാന്‍ വിളിച്ച് സുഖവിവരം അന്വേഷിക്കുമായിരുന്നു.
മരിക്കുന്നതിന് രണ്ടു ദിവസം മുമ്പ് ഡോക്ടറെ വിളിച്ചിരുന്നു. റസാഖ് തിരിച്ചു വരുന്നുണ്ട്, പ്രതീക്ഷയുണ്ടെന്നെല്ലാം ഡോക്ടര്‍ പറഞ്ഞു. ഷൂട്ടിങ്ങിലായതു കൊണ്ട് പോകാനായില്ല. പിന്നീടാണ് അറിയുന്നത്, അദ്ദേഹം മരിച്ചുവെന്ന്. നമ്മള്‍ കഴിയുന്നതും കൂടെ നിന്നിരുന്നു. പക്ഷേ, റസാഖിന്‍െറ സമയമെത്തിയപ്പോള്‍ അദ്ദേഹം പോയി. ഇപ്പോള്‍ മരണവിവരം അറിയിക്കാന്‍ വൈകിയെന്ന വിവാദം നടക്കുന്നു. തികച്ചും അനാവശ്യമാണിത്.
അവശകലാകാരന്മാര്‍ക്കു വേണ്ടിയായിരുന്നു ആ പരിപാടി. റസാഖ് അടക്കമുള്ളവരെ സഹായിക്കാന്‍ വേണ്ടിയായിരുന്നു അത്. റസാഖിനെ രക്ഷിക്കാന്‍ നമുക്കായില്ല. അവരുടെ കുടുംബത്തെ സഹായിക്കാനെങ്കിലും കഴിയണ്ടേ? വേര്‍പാട് ഒരു വേദന തന്നെയാണ്. റസാഖിന്‍േറത് പ്രത്യേകിച്ചും. കാരണം, റസാഖിലൂടെ നഷ്ടപ്പെട്ടത് ഒരു നല്ല മനുഷ്യന്‍കൂടിയാണ്.
തയാറാക്കിയത്: ഫഹീം ചമ്രവട്ടം
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.