മികവുറ്റ ഒരു ഛായാഗ്രാഹകന്‍ എന്നു വിശേഷിപ്പിക്കുംമുമ്പ് തികഞ്ഞ മനുഷ്യസ്നേഹിയായിരുന്നു സി. രാമചന്ദ്രമേനോന്‍ എന്നു പറയാനാണ് ഞാന്‍ ഇഷ്ടപ്പെടുന്നത്. പെരുമാറ്റത്തിലും പ്രവൃത്തിയിലും നിശ്ചയമായും വലിയ മനുഷ്യനായിരുന്നു അദ്ദേഹം. ആര്‍ക്കും ആദരവ് തോന്നുന്ന പ്രകൃതമായിരുന്നു അദ്ദേഹത്തിെൻറ സവിശേഷത. എഴുപതുകളിലും എണ്‍പതുകളിലും തെന്നിന്ത്യന്‍ സിനിമാലോകത്ത് തിളങ്ങിനിന്ന വ്യക്തിത്വമായിരുന്നു അദ്ദേഹം. ഞാൻ സംവിധാനം ചെയ്ത 29 സിനിമകളിൽ എട്ട് സിനിമകൾക്കും കാമറ ചലിപ്പിച്ചത് രാമചന്ദ്രമേനോൻ ആയിരുന്നു. അദ്ദേഹവുമായുള്ള അടുപ്പം വാക്കുകള്‍ക്ക് അതീതമാണ്. സിനിമക്കപ്പുറത്തും ഞങ്ങള്‍ തമ്മില്‍ വലിയ സൗഹൃദം കാത്തുസൂക്ഷിച്ചിരുന്നു. ഒരു വല്യേട്ടനായിട്ടായിരുന്നു ഞാന്‍ അദ്ദേഹത്തെ കണ്ടിരുന്നത്. സിനിമാലോകത്തുനിന്ന് വിട്ടുനിന്നപ്പോഴും അദ്ദേഹവുമായി നല്ല ബന്ധം പുലര്‍ത്തിയിരുന്നു. ഞാന്‍ കോഴിക്കോട് എത്തുമ്പോള്‍ പലതവണ കാണാനും സൗഹൃദം പുതുക്കാനും ശ്രമിച്ചിരുന്നു.
ഉറൂബിെൻറ പ്രസിദ്ധമായ ‘ഉമ്മാച്ചു’ ചലച്ചിത്രമാക്കുേമ്പാൾ പി. ഭാസ്കരൻ കാമറ പിടിക്കാൻ ഏൽപിച്ചത് സി. രാമചന്ദ്ര മേനോനെയായിരുന്നു. കോഴിക്കോട് സാമൂതിരി കുടുംബത്തിൽ ജനിച്ച് ഡോക്ടറാകാൻ പുറപ്പെട്ട് ഒടുവിൽ ഛായാഗ്രാഹകൻ ആകാനായിരുന്നു അദ്ദേഹത്തിെൻറ നിയോഗം. ഡോക്ടറാക്കാനായാണ് അദ്ദേഹത്തെ കുടുംബം മദിരാശിയിലേക്ക് അയക്കുന്നത്. അന്ന് അവിടെ ഡോക്ടറായിരുന്ന അദ്ദേഹത്തിെൻറ ഇളയച്ഛൻ മെഡിസിൻ സീറ്റിനായി പരിശ്രമിച്ചിരുന്നെങ്കിലും സീറ്റ് ലഭിച്ചില്ല. ഇൗ വിധിയാണ് രാമചന്ദ്ര മേനോനെ ഛായാഗ്രഹണത്തിെൻറ ലോകത്തേക്ക് എത്തിക്കുന്നത്. മദിരാശി പോളിടെക്നിക്കിൽ സിനിമാറ്റോഗ്രഫി എന്ന പുതിയ കോഴ്സ് തുടങ്ങിയ കാര്യം അമ്മാവെൻറ സുഹൃത്ത് വഴിയാണ് അറിയുന്നത്. ഫോേട്ടാഗ്രഫിയിൽ കഴിവും ഏറെ താൽപര്യമുണ്ടായിരുന്ന രാമചന്ദ്ര മേനോൻ ആ കോഴ്സ് എടുക്കാൻ തീരുമാനിക്കുകയായിരുന്നു. മൂന്നു വർഷത്തോളമായിരുന്നു കോഴ്സ്.
പിന്നീടാണ് ‘വാഹിനി’ സ്റ്റുഡിയോയിൽ ചെറിയ ജോലി ലഭിക്കുന്നത്. അന്ന് ഹിന്ദി, തമിഴ്, തെലുങ്ക്, മലയാളം സിനിമകളെല്ലാം ചിത്രീകരിച്ചിരുന്ന സ്റ്റുഡിയോ ആയിരുന്നു അത്. വിഖ്യാത ഛായാഗ്രാഹകൻ സ് ബട്ലിയായിരുന്നു അവിടെ ചീഫ്. അദ്ദേഹത്തിെൻറ നിർദേശപ്രകാരം വാഹിനിയിൽനിന്ന് മേനോൻ സിംഗപ്പൂരിലെത്തി. അന്ന് സിംഗപ്പൂരിലെത്തിയ ഫാനി മജുംദാർ, കേദാർ വർമ എന്നിവർക്കൊപ്പമുള്ള നാളുകൾ അദ്ദേഹത്തെ ഛായാഗ്രഹണ ലോകത്തെ മികച്ച പ്രതിഭയാക്കി മാറ്റി. അന്നത്തെ സിംഗപ്പൂർ ടി.വിക്കുവേണ്ടി ആറു വർഷം കാമറാമാനായി. 1970ൽ മദ്രാസിൽ തിരിച്ചെത്തിയപ്പോഴാണ് മലയാളത്തിലെ മികച്ച ചിത്രങ്ങളോടൊപ്പം പ്രവർത്തിക്കാൻ ഭാഗ്യമുണ്ടായത്. പി. ഭാസ്കരെൻറ ക്ഷണപ്രകാരം മുത്തശ്ശി, ഉമ്മാച്ചു എന്നീ ചിത്രങ്ങൾ ചെയ്തു. എന്നോടൊപ്പവും എ.ബി. രാജ്, ശശികുമാർ, െഎ.വി. ശശി, ഹരിഹരൻ തുടങ്ങിയ സംവിധായകരുടെ നിരവധി ചിത്രങ്ങൾക്കും കാമറ ചലിപ്പിച്ചു. പ്രേംനസീർ, ജയൻ, ഷീല, ജയഭാരതി, കെ.പി. ഉമ്മർ, സുകുമാരൻ, സോമൻ, അടൂർ ഭാസി തുടങ്ങി അക്കാലത്തെ പ്രമുഖരുടെയെല്ലാം അടുത്തയാളായിരുന്നു മേനോൻ. മലയാളം, തമിഴ്, തെലുങ്ക്, ഇംഗ്ലീഷ് ഭാഷകളിലായി 250 ലധികം സിനിമകൾക്ക് ഛായാഗ്രഹണം നിർവഹിച്ച അദ്ദേഹം രണ്ടു പതിറ്റാണ്ട് നീണ്ട ചലച്ചിത്രജീവിതത്തിൽനിന്ന് സ്വയം വിരമിച്ച് കോഴിക്കോെട്ട വസതിയിൽ വിശ്രമജീവിതത്തിലായിരുന്നു.
ചെയ്യുന്ന ജോലിയോടുള്ള അദ്ദേഹത്തിെൻറ ആത്മാര്‍ഥത എന്നെ അദ്ഭുതപ്പെടുത്തിയ കാര്യമാണ്. സംവിധായകന് പറയുന്നത് വിനയത്തോടെ അനുസരിച്ച് കാമറ ചലിപ്പിക്കാന്‍ അദ്ദേഹം ഒരുക്കമായിരുന്നു. എെൻറ നായാട്ട്, എനിക്കും ഒരു ദിവസം, ആധിപത്യം, ഗാനം, യുവജനോത്സവം, ഇരട്ടി മധുരം, അരിക്കാരി അമ്മു, അമ്മേ ഭഗവതി എന്നീ സിനിമകളിലാണ് അദ്ദേഹം ഛായാഗ്രഹണം നിര്‍വഹിക്കുന്നത്. ആ ദിനങ്ങളും ഷൂട്ടിങ് ഓര്‍മകളും ഇന്നും മനസ്സില്‍നിന്ന് മായാതെ നില്‍ക്കുകയാണ്. ഹെംനാഗ് ഫിലിംസ് നിർമിച്ച ‘ഇതാ ഒരു മനുഷ്യന്’ തിരക്കഥയും സംഭാഷണവും എേൻറതായിരുന്നു. അതിെൻറ കാമറ നിർവഹിച്ചത് രാമചന്ദ്രമേനോൻ ആയിരുന്നു. അതിലെ അദ്ദേഹത്തിെൻറ വർക്ക് എനിക്ക് ഏറെ ഇഷ്ടപ്പെട്ടു. അതിനെ തുടർന്നാണ് ‘നായാട്ടി’ലേക്ക് ഛായാഗ്രാഹകൻ ആയി മേനോനെ നിശ്ചയിക്കുന്നത്.
ബ്ലാക്ക് ആന്‍ഡ് വൈറ്റില്‍നിന്ന് കളറിലേക്ക് മലയാളവും മാറിയപ്പോള്‍ ആ മാറ്റത്തെ ഉൾക്കൊണ്ടുകൊണ്ട് ഒരു പ്രയാസവുമില്ലാതെ കാമറ ചലിപ്പിക്കാന്‍ അദ്ദേഹത്തിനായി. സ്റ്റുഡിയോയിൽ മാത്രം ഷൂട്ട് ചെയ്തിരുന്ന കാലത്തായിരുന്നു അദ്ദേഹത്തിെൻറ കൂടുതല്‍ സിനിമകളും. പിന്നീട് പുറംവാതില്‍ ചിത്രീകരണത്തിലേക്ക് മലയാള സിനിമ മാറിയപ്പോഴും തികഞ്ഞ ധാരണയോടെ അദ്ദേഹം കാമറ നിര്‍വഹിച്ചു. ഇന്‍ഡോറിലും ഒൗട്ട്ഡോറിലും ഒരുപോലെ കഴിവുതെളിയിച്ച മികച്ച കാമറാമാനാണ് അദ്ദേഹം.
ഛായാഗ്രഹണത്തിെൻറ വ്യത്യസ്ത വശങ്ങള് പഠിച്ചു മനസ്സിലാക്കാനും സ്വയം പുതുക്കാനും അദ്ദേഹം ശ്രമിച്ചിരുന്നു. പഠിച്ചെടുത്ത കാര്യങ്ങളില്‍നിന്ന് വ്യത്യസ്തമായി ചെയ്യാന്‍ അദ്ദേഹം ശ്രമിക്കാറില്ലായിരുന്നു. അന്നുണ്ടായിരുന്നതും സര്‍വസാധാരണവുമായ കാമറാ മൂവ്മെൻറുകളും രീതികളും അനുകരിച്ച് നിയമവശങ്ങള്‍ അനുസരിച്ച് മുന്നോട്ടുപോകുന്നതായിരുന്നു അദ്ദേഹത്തിെൻറ ഛായാഗ്രഹണ ശൈലി. സംവിധായകന് എന്ന നിലക്ക് ഞാന്‍ മനസ്സില്‍ കാണുന്ന കാര്യങ്ങളെ വ്യക്തമായി ചിത്രീകരിക്കാന്‍ കഴിയുന്ന ഛായാഗ്രാഹകനെയാണ് എനിക്കിഷ്ടം. ആ ഗണത്തില്പെട്ടയാളായിരുന്നു രാമചന്ദ്രമേനോന്‍. 1986 ൽ ‘അമ്മേ ഭഗവതി’ ചിത്രീകരണം കഴിഞ്ഞപ്പോൾ ഞാൻ സിനിമയിൽനിന്ന് വിരമിക്കാൻ തീരുമാനിക്കുകയാണെന്ന് അദ്ദേഹം എന്നോട് പറഞ്ഞു.
29 സിനിമകൾ സംവിധാനം ചെയ്യുകയും 25 സിനിമകൾ നിർമിക്കുകയും 85 സിനിമകൾക്ക് തിരക്കഥയും സംഭാഷണവും ഒരുക്കുകയും 270 സിനിമകൾക്ക് പാെട്ടഴുതുകയും ചെയ്ത എെൻറ ചലച്ചിത്ര അനുഭവങ്ങളിൽനിന്ന് എനിക്ക് തീർത്ത് പറയാൻ കഴിയുന്ന ഒരു കാര്യം സംവിധായകെൻറ തലയില്‍ കയറാത്ത ഛായാഗ്രാഹകൻ ആയിരുന്നു അദ്ദേഹം എന്നതാണ്. സംവിധായകെൻറ കീഴിലാണ് ഛായാഗ്രാഹകൻ എന്ന അറിവ് അദ്ദേഹത്തിന് എപ്പോഴും ഉണ്ടായിരുന്നു.
പാട്ടുകളും സീനുകളും ചോദിച്ച് മനസ്സിലാക്കി സംവിധായകെൻറ ഇഷ്ടങ്ങള്‍ക്കനുസരിച്ച് കാമറകള്‍ ചലിപ്പിക്കാന്‍ അദ്ദേഹം മനസ്സുകാണിച്ചു. ഒരായുസ്സ് മുഴുവന്‍ ദക്ഷിണേന്ത്യയിലെ വിവിധ ഭാഷകളിലുള്ള സിനിമകള്‍ക്കായി കാമറക്കണ്ണുകള്‍ ചലിപ്പിച്ച അദ്ദേഹത്തിന് പക്ഷേ, അര്‍ഹിച്ച അംഗീകാരം കിട്ടിയിട്ടുണ്ടോ എന്നു ചോദിച്ചാല്‍ സംശയമാണ്. എന്നാല്‍, ആ അംഗീകാരങ്ങള്ക്കപ്പുറമുള്ള ഒരാളാണ് സി. രാമചന്ദ്രമേനോന്‍ എന്ന് തീര്‍ച്ചയായും ഞാന്‍ പറയും. ഒരു തലമുറയിലെ പ്രമുഖനും പ്രശസ്തനുമായ ഒരാളാണ് മാഞ്ഞുപോയത്.
തയാറാക്കിയത്: ശമീല്‍ സി.എം.ആര്
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.