സിനിമ@60

അടൂര്‍ ഗോപാലകൃഷ്ണന്‍
മലയാള സിനിമയെ ലോകത്തിന് പരിചയപ്പെടുത്തിക്കൊടുത്ത സംവിധായകനാണ് അടൂര്‍ ഗോപാലകൃഷ്ണന്‍. 1941 ജൂലൈ മൂന്നിന് പത്തനംതിട്ട ജില്ലയിലെ അടൂരില്‍ മാധവന്‍ ഉണ്ണിത്താന്‍െറയും ഗൗരിക്കുഞ്ഞമ്മയുടെയും മകനായി ജനിച്ചു. ‘സ്വയംവര’മാണ് അടൂര്‍ സംവിധാനം ചെയ്ത ആദ്യ സിനിമ. ഇത് നിരവധി വിദേശരാജ്യങ്ങളില്‍ പ്രദര്‍ശിപ്പിക്കപ്പെടുകയും അവാര്‍ഡുകള്‍ വാരിക്കൂട്ടുകയും ചെയ്തു.

സത്യന്‍
അഭിനയലോകത്ത് മലയാള സിനിമയിലെ അതുല്യ പ്രതിഭയായിരുന്നു സത്യന്‍. മാനുവല്‍ സത്യനേശന്‍ നാടാര്‍ എന്നാണ് യഥാര്‍ഥ പേര്. രണ്ടുതവണ സംസ്ഥാന ചലച്ചിത്ര അവാര്‍ഡ് കരസ്ഥമാക്കി. തനതായ അഭിനയശൈലിയും സ്വാഭാവിക നടനവുമാണ് സത്യന്‍ എന്ന നടനെ പ്രശസ്തനാക്കിയത്.
പ്രേം നസീര്‍
മലയാള സിനിമയിലെ നിത്യഹരിത നായകന്‍ എന്ന വിശേഷണം എന്തുകൊണ്ടും യോജിക്കുന്ന നടനാണ് പ്രേം നസീര്‍. യഥാര്‍ഥ പേര് അബ്ദുല്‍ഖാദര്‍. തിക്കുറുശ്ശി സുകുമാരന്‍ നായരാണ് പ്രേം നസീര്‍ എന്ന പേര് ചാര്‍ത്തിനല്‍കിയത്. 1929 ഡിസംബര്‍ 16ന് തിരുവനന്തപുരം ജില്ലയിലെ ചിറയിന്‍കീഴില്‍ ജനിച്ചു. സ്കൂള്‍ വിദ്യാഭ്യാസ കാലത്തുതന്നെ നാടകങ്ങളില്‍ അഭിനയിച്ചിരുന്നു. 1952ല്‍ പുറത്തിറങ്ങിയ ‘മരുമകള്‍’ ആണ് ആദ്യ ചിത്രം.
 

ഭരതന്‍
തൃശൂര്‍ ജില്ലയിലെ വടക്കാഞ്ചേരിയില്‍ 1946 നവംബര്‍ 14നാണ് ഭരതന്‍ ജനിച്ചത്. അവാര്‍ഡ് സിനിമകള്‍ക്കും വാണിജ്യ സിനിമകള്‍ക്കും വ്യത്യസ്തമായി സമാന്തര സിനിമകള്‍ കൊണ്ടുവന്ന ചലച്ചിത്രകാരനാണ് ഭരതന്‍. പ്രശസ്ത നടി കെ.പി.എ.സി. ലളിതയാണ് ഭാര്യ. പ്രയാണം, തകര, ചാമരം, ഇത്തിരിപ്പൂവേ ചുവന്ന പൂവേ, ഓര്‍മക്കായി, മര്‍മരം, വെങ്കലം എന്നിവയാണ് ശ്രദ്ധേയ ചിത്രങ്ങള്‍.
പത്മരാജന്‍
സംവിധായകന്‍, തിരക്കഥാകൃത്ത്, സാഹിത്യകാരന്‍ എന്നീ നിലകളില്‍ ശ്രദ്ധേയനാണ് പത്മരാജന്‍. 1945 മേയ് 23ന് ജനിച്ചു. 1981ല്‍ പുറത്തിറങ്ങിയ ‘ഒരിടത്തൊരു ഫയല്‍വാ’നാണ് ആദ്യ ചിത്രം. തൂവാനത്തുമ്പികള്‍ (1987), അരപ്പട്ട കെട്ടിയ ഗ്രാമത്തില്‍ (1986), നമുക്കു പാര്‍ക്കാന്‍ മുന്തിരിത്തോപ്പുകള്‍ (1986), മൂന്നാംപക്കം (1988), ഗന്ധര്‍വ്വന്‍ (1991) എന്നിവയാണ് ശ്രദ്ധേയ സിനിമകള്‍.
കെ.ജെ. യേശുദാസ്
മലയാളത്തിന്‍െറ ഗാനഗന്ധര്‍വന്‍ എന്ന വിളിപ്പേരുള്ള ചലച്ചിത്ര പിന്നണി ഗായകനാണ് യേശുദാസ്. മികച്ച പിന്നണി ഗായകനുള്ള ദേശീയ പുരസ്കാരം ഏറ്റവും കൂടുതല്‍ തവണ നേടിയ യേശുദാസ് മലയാളത്തിനുപുറമെ തമിഴ്, കന്നട, തെലുങ്ക്, ഹിന്ദി ഭാഷകളില്‍ ഗാനങ്ങള്‍ ആലപിച്ചു. 1940 ജനുവരി 10ന് ഫോര്‍ട്ട് കൊച്ചിയില്‍ ജനനം. റോമന്‍ കത്തോലിക്ക കുടുംബത്തിലെ സംഗീതജ്ഞനും നാടക നടനുമായിരുന്ന അഗസ്റ്റിന്‍ ജോസഫാണ് പിതാവ്. 1961 നവംബര്‍ 14നാണ് യേശുദാസിന്‍െറ ആദ്യ ഗാനം റെക്കോഡ് ചെയ്യുന്നത്. കെ.എസ്. ആന്‍റണിയുടെ ‘കാല്‍പ്പാടുകള്‍’ എന്ന സിനിമയിലാണ് ആദ്യമായി പാടുന്നത്.
 

മമ്മൂട്ടി
1951 സെപ്റ്റംബര്‍ ഏഴിന് കോട്ടയം ജില്ലയിലെ വൈക്കത്തിനടുത്ത് ചെമ്പ് എന്ന സ്ഥലത്ത് ജനിച്ചു. 80കളുടെ തുടക്കത്തില്‍ ചലച്ചിത്ര ലോകത്തേക്കത്തെി ഇന്നും സജീവമായി തുടരുന്ന അതുല്യ പ്രതിഭയാണ് മമ്മൂട്ടി. പി.ഐ. മുഹമ്മദ് എന്നാണ് യഥാര്‍ഥ നാമം. മികച്ച നടനുള്ള ദേശീയ അവാര്‍ഡ് മൂന്നുതവണയും സംസ്ഥാന സര്‍ക്കാര്‍ അവാര്‍ഡ് അഞ്ചുതവണയും ലഭിച്ചിട്ടുണ്ട്.
മോഹന്‍ലാല്‍
സ്വാഭാവിക നടനശൈലികൊണ്ട് ചലച്ചിത്രലോകത്ത് തന്‍േറതായ സാന്നിധ്യം തീര്‍ത്ത അതുല്യ പ്രതിഭയാണ് മോഹന്‍ലാല്‍. പൂര്‍ണനാമം മോഹന്‍ലാല്‍ വിശ്വനാഥന്‍ നായര്‍. ജനനം: മേയ് 21, 1960. മൂന്ന് പതിറ്റാണ്ടുകാലം സിനിമയില്‍ സജീവമായി നില്‍ക്കുന്ന അദ്ദേഹത്തിന് രണ്ടുതവണ മികച്ച നടനുള്ള ദേശീയ പുരസ്കാരം ലഭിച്ചിട്ടുണ്ട്. പത്മശ്രീ പുരസ്കാരം നല്‍കി ഭാരത സര്‍ക്കാര്‍ ആദരിച്ചു. 2009ല്‍ ഇന്ത്യന്‍ ടെറിട്ടോറിയല്‍ ആര്‍മിയില്‍ ലെഫ്റ്റനന്‍റ് കേണല്‍ പദവി നല്‍കി.
ജെ.സി. ഡാനിയേല്‍
മലയാള സിനിമയുടെ പിതാവ് എന്നാണ് ജെ.സി. ഡാനിയേലിനെ വിശേഷിപ്പിക്കുന്നത്. മലയാളത്തിലെ ആദ്യത്തെ സിനിമയായ ‘വിഗതകുമാര’ന്‍െറ സംവിധായകനും നിര്‍മാതാവും ഛായാഗ്രാഹകനും ഇദ്ദേഹമായിരുന്നു. 1893 ഏപ്രില്‍ 19ന് അഗസ്തീശ്വരത്ത് ജനിച്ച ഡാനിയേല്‍ നന്നേ ചെറുപ്പത്തിലെ തന്നെ സിനിമയോട് താല്‍പര്യം പുലര്‍ത്തിയിരുന്നു.
ഷാജി എന്‍. കരുണ്‍
മലയാള സിനിമയെ അന്തര്‍ദേശീയ തലത്തില്‍ എത്തിക്കുകയും നിരവധി അവാര്‍ഡുകള്‍ നേടിക്കൊടുക്കുകയും ചെയ്ത പ്രതിഭയാണ് ഷാജി എന്‍. കരുണ്‍. ആദ്യ സിനിമയായ ‘പിറവി’ക്ക് കാന്‍ ചലച്ചിത്ര മേളയില്‍ ഗോള്‍ഡെന്‍ കാമറ പ്രത്യേക പരാമര്‍ശം ലഭിച്ചു. രണ്ടാമത്തെ ചിത്രമായ ‘സ്വം’ കാന്‍ ചലച്ചിത്ര മേളയിലേക്ക് തെരഞ്ഞെടുക്കപ്പെട്ട ഏക മലയാള ചിത്രമാണ്. സംസ്ഥാന ചലച്ചിത്ര അക്കാദമി ചെയര്‍മാന്‍ സ്ഥാനം വഹിച്ചിട്ടുണ്ട്.
 

കെ.ജി. ജോര്‍ജ്
മലയാളചലച്ചിത്രവേദിയിലെ പ്രധാന സംവിധായകരിലൊരാള്‍. 1970കള്‍ മുതല്‍ ചലച്ചിത്ര സമീപനങ്ങളെ നവീകരിച്ച സംവിധായകരില്‍ ഒരാളായാണ് ജോര്‍ജ് കണക്കാക്കപ്പെടുന്നത്. സ്വപ്നാടനം, പി.ജെ. ആന്‍റണി എഴുതിയ ‘ഒരു ഗ്രാമത്തിന്‍െറ ആത്മാവ്’ എന്ന നോവലിനെ ആസ്പദമാക്കി നിര്‍മിച്ച കോലങ്ങള്‍, യവനിക, ലേഖയുടെ മരണം: ഒരു ഫ്ളാഷ്ബാക്ക്, ആദാമിന്‍െറ വാരിയെല്ല്, പഞ്ചവടിപ്പാലം, ഇരകള്‍ എന്നിവ ശ്രദ്ധേയ ചിത്രങ്ങള്‍. ജെ.സി. ഡാനിയേല്‍ പുരസ്കാര ജേതാവ്.
ഐ.വി. ശശി
വ്യത്യസ്തമായ ശൈലിയിലും പ്രമേയത്തിലും മലയാളത്തിന് ഒട്ടേറെ സിനിമകള്‍ സംഭാവന ചെയ്ത സംവിധായകനാണ് ഇരുപ്പം വീട് ശശിധരന്‍ എന്ന ഐ.വി. ശശി. 150ലധികം സിനിമകള്‍ അദ്ദേഹം സംവിധാനം ചെയ്തിട്ടുണ്ട്. ചലച്ചിത്രനടി സീമയാണ് ഭാര്യ. കോഴിക്കോട് വെസ്റ്റ്ഹില്‍ സ്വദേശി.
ശാരദ
മികച്ച അഭിനേത്രിക്കുള്ള ദേശീയ ചലച്ചിത്ര പുരസ്കാരം മൂന്നുതവണ കരസ്ഥമാക്കിയിട്ടുള്ള തെന്നിന്ത്യന്‍ നടിയാണ് ശാരദ. 1945 ജൂണ്‍ 12ന് ആന്ധ്രപ്രദേശിലാണ് ജനിച്ചത്. മലയാളത്തിലാണ് കൂടുതല്‍ സിനിമകളില്‍ അഭിനയിച്ചിട്ടുള്ളതെങ്കിലും തമിഴ്, തെലുങ്ക് സിനിമകളിലും ശ്രദ്ധേയമായ വേഷങ്ങള്‍ ചെയ്തിട്ടുണ്ട്.
ഷീല
1960കളുടെ ആരംഭത്തില്‍ സിനിമയിലത്തെിയ ഷീല രണ്ടു പതിറ്റാണ്ടു കാലത്തിനിപ്പുറവും സിനിമയില്‍ നിറസാന്നിധ്യമാണ്. ഏറ്റവും കൂടുതല്‍ സിനിമകളില്‍ അഭിനയിച്ച താരജോഡി എന്ന റെക്കോഡ് നടന്‍ പ്രേംനസീറിനൊപ്പം പങ്കിടുന്നു. 1980ല്‍ പുറത്തിറങ്ങിയ സ്ഫോടനം എന്ന സിനിമയോടെ അഭിനയം അവസാനിപ്പിച്ചെങ്കിലും 2003ല്‍ സത്യന്‍ അന്തിക്കാട് സംവിധാനം ചെയ്ത ‘മനസ്സിനക്കരെ’യിലൂടെ വീണ്ടും സിനിമയില്‍ തിരികെയത്തെി.
ജയന്‍
ഇന്ന്  മലയാള സിനിമാ പ്രേമികളുടെ ഇഷ്ട നടന്മാരില്‍ പ്രധാനിയാണ് ജയന്‍. കൃഷ്ണന്‍ നായര്‍ എന്നാണ് യഥാര്‍ഥ പേര്. 1939 ജൂലൈ 25ന് കൊല്ലം ജില്ലയിലെ തേവള്ളി എന്ന സ്ഥലത്ത് ജനിച്ചു. പിതാവ് മാധവന്‍പിള്ള, മാതാവ് ഭാരതിയമ്മ. അഭിനയശൈലിക്കുപുറമെ വേഷവിധാനവും സംഭാഷണ ശൈലിയുമെല്ലാം ജയനെന്ന നടനെ പ്രശസ്തനാക്കി. 1980 നവംബര്‍ 16ന് ‘കോളിളക്കം’ എന്ന സിനിമയില്‍ അഭിനയിക്കുന്നതിനിടെ ഹെലികോപ്ടര്‍ അപകടത്തില്‍ മരിച്ചു.
ചെമ്മീന്‍
സാഹിത്യകാരന്‍ തകഴി ശിവശങ്കരപ്പിള്ളയുടെ ചെമ്മീന്‍ എന്ന നോവലിനെ അടിസ്ഥാനമാക്കി 1965ല്‍ രാമു കാര്യാട്ട് സംവിധാനം ചെയ്ത മലയാളചലച്ചിത്രമാണ് ചെമ്മീന്‍. എസ്.എല്‍. പുരം സദാനന്ദനാണ് ഈ സിനിമക്ക് തിരക്കഥയെഴുതിയത്. മധു, ഷീല, സത്യന്‍, കൊട്ടാരക്കര ശ്രീധരന്‍ നായര്‍, എസ്.പി. പിള്ള, അടൂര്‍ ഭവാനി, ഫിലോമിന എന്നിവര്‍ പ്രധാന വേഷങ്ങളില്‍ അഭിനയിച്ചു. 1965ലെ ഏറ്റവും മികച്ച സിനിമക്കുള്ള രാഷ്ട്രപതിയുടെ സുവര്‍ണ കമലം ഈ സിനിമക്ക് ലഭിച്ചു.
വിഗതകുമാരന്‍
മലയാളത്തിലെ ആദ്യ ചലച്ചിത്രമാണ് വിഗതകുമാരന്‍. 1928ല്‍ ചിത്രീകരണം തുടങ്ങി 1930ലാണ് ചിത്രം പുറത്തിറങ്ങിയത്. ജെ.സി. ഡാനിയേല്‍ ആണ് ഇതിന്‍െറ സംവിധായകന്‍. മലയാള സിനിമയുടെ പിതാവ് എന്ന പേരില്‍ പില്‍ക്കാലത്ത് ഇദ്ദേഹം അറിയപ്പെട്ടു.
ബാലന്‍
മലയാളത്തിലെ ആദ്യത്തെ ശബ്ദ സിനിമയാണ് ബാലന്‍. 1938ലാണ് ചിത്രം പുറത്തിറങ്ങിയത്. എസ്. നൊട്ടാണി സംവിധാനം ചെയ്ത ഈ ചിത്രത്തിന്‍െറ തിരക്കഥയും ഗാനങ്ങളും രചിച്ചത് മുതുകുളം രാഘവന്‍ പിള്ളയാണ്.
പി.ജെ. ആന്‍റണി
മലയാളത്തിലെ അഭിനയ പ്രതിഭകളില്‍ മഹാന്‍. 1974ല്‍ ‘നിര്‍മാല്യം’ എന്ന സിനിമയിലെ അഭിനയത്തിന് മികച്ച നടനുള്ള ദേശീയ അവാര്‍ഡ് ലഭിച്ചു. നാടകത്തിലൂടെ സിനിമയിലത്തെിയ ഇദ്ദേഹം സ്ഥാപിച്ച നാടക കമ്പനിയാണ് കൊച്ചിയിലെ പ്രതിഭാ തിയറ്റേഴ്സ്. കെ.പി.എ.സിയുടെ വളര്‍ച്ചക്കുവേണ്ടി അഹോരാത്രം പരിശ്രമിച്ച വ്യക്തികൂടിയാണ് പി.ജെ. ആന്‍റണി.
പി. ഭാസ്കരന്‍
കവി, ഗാനരചയിതാവ്, സംവിധായകന്‍ എന്ന നിലയില്‍ അറിയപ്പെട്ട മഹദ് വ്യക്തിത്വം. 1924 ഏപ്രില്‍ 21ന് ജനനം. 250ലധികം സിനിമകള്‍ക്കുവേണ്ടി 3000 ഗാനങ്ങള്‍ രചിച്ചു. മൂന്ന് ഡോക്യുമെന്‍ററികളും 44 സിനിമകളും സംവിധാനം ചെയ്തു. മലയാള സിനിമക്ക് നല്‍കിയ മികച്ച സംഭാവനകള്‍ക്ക് ജെ.സി. ഡാനിയേല്‍ പുരസ്കാരം ലഭിച്ചു.  
മീരാജാസ്മിന്‍
സൂത്രധാരന്‍ എന്ന സിനിമയിലൂടെ വന്ന് മലയാളത്തിന്‍െറ പ്രിയപ്പെട്ട നടിയായ അഭിനേത്രി. പാഠം ഒന്ന് ഒരു വിലാപം എന്ന സിനിമയിലെ അഭിനയത്തിന് 2004ല്‍ മികച്ച നടിക്കുള്ള ദേശീയ പുരസ്കാരം നേടി. സംസ്ഥാന ചലച്ചിത്ര പുരസ്കാരത്തിനു പുറമെ തമിഴ്നാട് സ്റ്റേറ്റ് ചലച്ചിത്ര അവാര്‍ഡും കരസ്ഥമാക്കി.
ശോഭന
മലയാളത്തിലെ എക്കാലത്തേയും പ്രിയപ്പെട്ട നടി. തമിഴ്, ഹിന്ദി, തെലുങ്ക്, കന്നട, ഇംഗ്ളീഷ് എന്നീ ഭാഷകളില്‍ നിരവധി സിനിമകളില്‍ അഭിനയിച്ചു. നൃത്തത്തിലൂടെയാണ് അഭിനയരംഗത്തേക്ക് കടന്നുവന്നത്. മണിച്ചിത്രത്താഴ്, മിത്ര് എന്നീ സിനിമകളിലെ അഭിനയത്തിന് രണ്ടുതവണ മികച്ച നടിക്കുള്ള ദേശീയ അവാര്‍ഡ് ലഭിച്ചു. 2006ല്‍ ഭാരതസര്‍ക്കാര്‍ പത്മശ്രീ നല്‍കി ആദരിച്ചു. 2014ല്‍ കേരള സര്‍ക്കാറിന്‍െറ കലാരത്ന അവാര്‍ഡ് ലഭിച്ചു.
 

 

മതിലുകള്‍
വൈക്കം മുഹമ്മദ് ബഷീര്‍ രചിച്ച മതിലുകള്‍ എന്ന നോവലിനെ അടിസ്ഥാനമാക്കി ഇതേ പേരില്‍ പുറത്തിറങ്ങിയ സിനിമയാണിത്. 1989ല്‍ അടൂര്‍ ഗോപാലകൃഷ്ണനാണ് തിരക്കഥയെഴുതി ഈ സിനിമ സംവിധാനം ചെയ്തത്. മമ്മൂട്ടി, മുരളി, കെ.പി.എ.സി. ലളിത (ശബ്ദം) എന്നിവര്‍ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിച്ചു. 1990ല്‍ വെനീസ് അന്താരാഷ്ട്ര ചലച്ചിത്രമേളയില്‍ ഈ സിനിമ പ്രദര്‍ശിപ്പിച്ച് ജനശ്രദ്ധനേടി.
എലിപ്പത്തായം
1981ല്‍ പുറത്തിറങ്ങിയ ഈ ചിത്രം അടൂര്‍ ഗോപാലകൃഷ്ണനാണ് സംവിധാനം ചെയ്തത്. നിരവധി ദേശീയ അന്തര്‍ദേശീയ പുരസ്കാരങ്ങള്‍ ഈ സിനിമയെ തേടിയത്തെിയിട്ടുണ്ട്. അടൂരിന്‍െറ ഏറ്റവും മികച്ച സിനിമകളിലൊന്നായി ഇതിനെ വിശേഷിപ്പിക്കുന്നു. 1982ലെ കാന്‍ അന്താരാഷ്ട്ര ചലച്ചിത്രമേളയില്‍ ഈ സിനിമ പ്രദര്‍ശിപ്പിച്ചിട്ടുണ്ട്. കരമന ജനാര്‍ദനന്‍, ശാരദ, ജലജ എന്നിവരാണ് കേന്ദ്ര കഥാപാത്രങ്ങളെ അവതരിപ്പിച്ചത്.
ആദാമിന്‍െറ മകന്‍ അബു
നടന്‍ സലീം കുമാറിന് ദേശീയ അവാര്‍ഡ് നേടിക്കൊടുത്ത ഈ ചിത്രം സലിം അഹമ്മദാണ് സംവിധാനം ചെയ്തത്. സറീന വഹാബ്, മുകേഷ്, കലാഭവന്‍ മണി, സുരാജ് വെഞ്ഞാറമൂട്, നെടുമുടി വേണു എന്നിവര്‍ കേന്ദ്ര കഥാപാത്രങ്ങളെ അവതരിപ്പിച്ചു. ദേശീയ പുരസ്കാരം കൂടാതെ നിരവധി മറ്റു അവാര്‍ഡുകളും സംസ്ഥാന സര്‍ക്കാറിന്‍െറ അവാര്‍ഡും ഈ സിനിമ കരസ്ഥമാക്കി. രമേശ് നാരായണനാണ് ഇതിന്‍െറ സംഗീത സംവിധായകന്‍.  
പി. ജയചന്ദ്രന്‍
മലയാളികളുടെ ഭാവഗായകനാണ് പി. ജയചന്ദ്രന്‍. മികച്ച ഗായകനുള്ള ദേശീയ അന്തര്‍ദേശീയ അവാര്‍ഡുകള്‍ സ്വന്തമാക്കി. മലയാളത്തിനു പുറമെ തമിഴ്, കന്നഡ, തെലുങ്ക്, ഹിന്ദി ഭാഷകളിലും ഗാനങ്ങള്‍ ആലപിച്ചു. കുഞ്ഞാലിമരയ്ക്കാര്‍ എന്ന ചിത്രത്തിനു വേണ്ടിയാണ് ആദ്യമായി പാടിയതെങ്കിലും ആദ്യം പുറത്തിറങ്ങിയത് ‘കളിത്തോഴന്‍’ എന്ന ചിത്രത്തിലെ ഗാനമാണ്. ‘മഞ്ഞലയില്‍ മുങ്ങി തോര്‍ത്തി, ധനുമാസ ചന്ദ്രിക വന്നു’ എന്നു തുടങ്ങുന്ന ആ ഗാനം ഇന്നും പ്രേക്ഷകര്‍ ഓര്‍ത്തിരിക്കുന്നതാണ്.
ജി. വേണുഗോപാല്‍
‘പറവൂര്‍ സഹോദരിമാര്‍’ എന്ന പേരിലറിയപ്പെടുന്ന ശാസ്ത്രീയ സംഗീതഞ്ജരായ രാധാമണി, ശാരദാമണി എന്നവരുടെ സഹോദരിയുടെ മകനാണ് ജി. വേണുഗോപാല്‍. 1987ല്‍ പുറത്തിറങ്ങിയ ‘ഒന്നു മുതല്‍ പൂജ്യംവരെ’ എന്ന ചിത്രത്തിലെ ‘പൊന്നിന്‍ തിങ്കള്‍ പോറ്റും മാനേ’ എന്നു തുടങ്ങുന്ന ഗാനമാലപിച്ചാണ് സിനിമാ പ്രവേശം. മലയാളത്തെ കൂടാതെ തമിഴ്, കന്നട, തെലുങ്ക് ഭാഷകളിലും ഗാനമാലപിച്ചു. മൂന്നുതവണ സംസ്ഥാന സര്‍ക്കാറിന്‍െറ മികച്ച പിന്നണി ഗായകനുള്ള അവാര്‍ഡ് സ്വന്തമാക്കി.
എസ്. ജാനകി
ഇന്ത്യയിലെ അറിയപ്പെടുന്ന പിന്നണി ഗായിക. 1938 ഏപ്രില്‍ 23ന് ആന്ധ്രപ്രദേശിലെ ഗുണ്ടൂര്‍ ജില്ലയില്‍ ജനിച്ചു. പത്താം വയസ്സുമുതല്‍ ശാസ്ത്രീയ സംഗീത പഠനം ആരംഭിച്ചു. ആകാശവാണി ദേശീയ തലത്തില്‍ സംഘടിപ്പിച്ച സംഗീതമത്സരത്തില്‍ രണ്ടാം സ്ഥാനം നേടിയതോടെ അറിയപ്പെടുന്ന ഗായികയായി. വിവിധ ഭാഷകളിലായി നിരവധി ഗാനങ്ങള്‍ ആലപിച്ചു. നാലുതവണ മികച്ച പിന്നണി ഗായികക്കുള്ള ദേശീയ അവാര്‍ഡ് ലഭിച്ചു.
പി. സുശീല
1935 നവംബര്‍ 13ന് ജനനം. അറിയപ്പെടുന്ന പിന്നണി ഗായിക. വിവിധ ഭാഷകളില്‍ 1000ത്തിലേറെ ഗാനങ്ങള്‍ ആലപിച്ചു. മലയാളത്തിനു പുറമെ ഹിന്ദി, തെലുങ്ക്, കന്നഡ, തമിഴ് തുടങ്ങിയ ഭാഷകളിലും ശ്രദ്ധേയമായ ഗാനങ്ങള്‍ പാടി. മികച്ച പിന്നണി ഗായികക്കുള്ള ദേശീയ അവാര്‍ഡ് അഞ്ചുതവണ കരസ്ഥമാക്കി.
നീലക്കുയില്‍
1954ല്‍ പുറത്തിറങ്ങിയ ഈ സിനിമ മലയാളത്തിലെ എക്കാലത്തേയും മികച്ച സിനിമകളിലൊന്നായി വിലയിരുത്തുന്നു. പി. ഭാസ്കരനും രാമുകാര്യാട്ടും ചേര്‍ന്നാണ് ഈ സിനിമ സംവിധാനം ചെയ്തത്. മലയാളത്തിലെ ആദ്യത്തെ സംവിധാന ജോടി കൂടിയായിരുന്നു അവര്‍. പ്രശസ്ത സാഹിത്യകാരന്‍ ഉറൂബാണ് ചിത്രത്തിന്‍െറ തിരക്കഥ രചിച്ചത്. മികച്ച രണ്ടാമത്തെ ചിത്രത്തിനുള്ള ദേശീയ അവാര്‍ഡ് ഈ ചിത്രം നേടി. സത്യനും മിസ് കുമാരിയുമാണ് കേന്ദ്ര കഥാപാത്രങ്ങളെ അവതരിപ്പിച്ചത്. പി. ഭാസ്കരന്‍ രചിച്ച ഗാനങ്ങള്‍ക്ക് രാഘവന്‍ മാസ്റ്റര്‍ സംഗീതം നല്‍കി.
ന്യൂസ് പേപ്പര്‍ ബോയ്
മലയാളത്തിലെ ആദ്യത്തെ നിയോ റിയലിസ്റ്റിക് ചിത്രമാണിത്. 1955ലാണ് ഈ ചിത്രം പുറത്തിറങ്ങിയത്. യഥാര്‍ഥ വസ്തുതയെ അതുപോലെ ആവിഷ്കരിക്കുക എന്നതാണ് ഈ സിനിമയുടെ പ്രത്യേകത. പി. രാംദാസാണ് ഈ സിനിമക്ക് തിരക്കഥയെഴുതിയതും സംവിധാനം ചെയ്തതും. ധാരാളം വിമര്‍ശങ്ങള്‍ ഉയര്‍ന്നെങ്കിലും അവയെ അതിജീവിക്കാന്‍ ഈ സിനിമക്ക് സാധിച്ചു.
കെ.എസ്. ചിത്ര
മലയാളികളുടെ വാനമ്പാടിയാണ് ചിത്ര എന്ന കെ.എസ്. ചിത്ര. 1963 ജൂലൈ 27ന് ജനനം. അച്ഛന്‍ പ്രശസ്ത സംഗീതജ്ഞന്‍ കരമന കൃഷ്ണന്‍ നായര്‍. ചെറുപ്പം തൊട്ടേ സംഗീതം അഭ്യസിച്ചു. മലയാളത്തിനുപുറമെ തമിഴ്, തെലുങ്ക്, കന്നഡ, ഒറിയ, ഹിന്ദി, ബംഗാളി, അസമീസ്, തുളു ഭാഷകളിലായി നിരവധി ഗാനങ്ങള്‍ ആലപിച്ചു. മികച്ച പിന്നണി ഗായികക്കുള്ള ദേശീയ പുരസ്കാരത്തിനു പുറമെ വിവിധ സംസ്ഥാന സര്‍ക്കാറുകളുടെ പുരസ്കാരങ്ങളും നിരവധിതവണ നേടിയിട്ടുണ്ട്. 2005ല്‍ ഭാരത സര്‍ക്കാര്‍ പത്മശ്രീ പുരസ്കാരം നല്‍കി ആദരിച്ചു.
ശ്രീനിവാസന്‍
നടന്‍, തിരക്കഥാകൃത്ത്, സംവിധായകന്‍, നിര്‍മാതാവ് എന്നീ നിലയില്‍ പ്രശസ്തനാണ് ശ്രീനിവാസന്‍. 1984ല്‍ പുറത്തിറങ്ങിയ പ്രിയദര്‍ശന്‍ സംവിധാനം ചെയ്ത ‘ഓടരുതമ്മാവാ ആളറിയാം’ ആണ് തിരക്കഥയെഴുതിയ ആദ്യ ചിത്രം. സന്മനസ്സുള്ളവര്‍ക്ക് സമാധാനം, ഗാന്ധിനഗര്‍ സെക്കന്‍ഡ് സ്ട്രീറ്റ് , നാടോടിക്കാറ്റ്, പട്ടണപ്രവേശം, വരവേല്‍പ്പ് , തലയണമന്ത്രം, സന്ദേശം, മിഥുനം, മഴയത്തെുംമുമ്പേ, അഴകിയ രാവണന്‍, അയാള്‍ കഥയെഴുതുകയാണ് എന്നിവയാണ് ശ്രദ്ധേയ ചിത്രങ്ങള്‍. വടക്കുനോക്കി യന്ത്രം, ചിന്താവിഷ്ടയായ ശ്യാമള എന്നീ സിനിമകള്‍ സംവിധാനം ചെയ്തു. സത്യന്‍ അന്തിക്കാട്-ശ്രീനിവാസന്‍ കൂട്ടുകെട്ടിലും പ്രിയദര്‍ശന്‍-ശ്രീനി കൂട്ടുകെട്ടിലും ഇറങ്ങിയ മിക്ക സിനിമകളും വന്‍ വിജയമായിരുന്നു.
ജോണ്‍ എബ്രഹാം
ഇന്ത്യയിലെ അറിയപ്പെടുന്ന സംവിധായകരിലൊരാള്‍. 1937  ആഗസ്റ്റ് 11ന് ജനനം. ആളുകളെ ആഴത്തില്‍ ചിന്തിപ്പിക്കുന്ന സിനിമകളായിരുന്നു ജോണ്‍ സംവിധാനം ചെയ്ത മിക്ക ചിത്രങ്ങളും. യാഥാസ്ഥിതിക സിനിമാ ചിത്രീകരണത്തില്‍നിന്ന് മാറി പുതിയ തരത്തില്‍ സിനിമയെ ആവിഷ്കരിക്കാന്‍ അദ്ദേഹത്തിന് സാധിച്ചു. അമ്മ അറിയാന്‍, അഗ്രഹാരത്തില്‍ കഴുതൈ എന്നീ സിനിമകള്‍ ലോകപ്രശസ്തമാണ്.
ജി. അരവിന്ദന്‍
മുഴുവന്‍ പേര് ഗോവിന്ദന്‍ അരവിന്ദന്‍. 1935 ജനുവരി 21ന് ജനനം. സംവിധായകന്‍, തിരക്കഥാകൃത്ത്, സംഗീതജ്ഞന്‍, കാര്‍ട്ടൂണിസ്റ്റ്, ചിത്രകാരന്‍ എന്നീ നിലയില്‍ പ്രശസ്തന്‍. മലയാള ചലച്ചിത്ര ലോകത്ത് സമാന്തര സിനിമകളെ ആദ്യമായി കൊണ്ടുവന്ന സംവിധായകനാണ് അരവിന്ദന്‍. അവാര്‍ഡ് സിനിമകളില്‍നിന്നും വാണിജ്യ സിനിമകളില്‍നിന്നും വ്യത്യസ്തമായി ജനകീയ വിഷയങ്ങളെ ലളിതമായി അവതരിപ്പിക്കാന്‍ അദ്ദേഹത്തിന് സാധിച്ചു. 1990ല്‍ രാജ്യം പത്മശ്രീ പുരസ്കാരം നല്‍കി അദ്ദേഹത്തെ ആദരിച്ചു.
ഭരത് ഗോപി
നടന വൈഭവം കൊണ്ട് പ്രേക്ഷകരെ ചിരിപ്പിക്കുകയും ചിന്തിപ്പിക്കുകയും ചെയ്ത വലിയ നടനാണ് ഭരത് ഗോപിയെന്ന ഗോപിനാഥന്‍ വേലായുധന്‍ നായര്‍. അഭിനയം കൂടാതെ മികച്ച സംവിധായകനും നിര്‍മാതാവുംകൂടിയാണ് അദ്ദേഹം. 1970കളില്‍ മലയാള സിനിമയിലുണ്ടായ മാറ്റങ്ങളില്‍ മുന്നേറ്റനിരയിലുണ്ടായിരുന്ന നടനായിരുന്നു. 1977ല്‍ പുറത്തിറങ്ങിയ കൊടിയേറ്റം എന്ന സിനിമയിലെ ശങ്കരന്‍ കുട്ടി എന്ന കഥാപാത്രത്തിലൂടെ മികച്ച അഭിനയത്തിനുള്ള ദേശീയ അവാര്‍ഡ് കരസ്ഥമാക്കി. യവനിക, പാളങ്ങള്‍, കാറ്റത്തെ കിളിക്കൂട്, പഞ്ചവടി പാലം, ഓര്‍മക്കായ്, ആദാമിന്‍െറ വാരിയെല്ല്, ചിദംബരം എന്നിവയാണ് ശ്രദ്ധേയമായ മറ്റ് ചിത്രങ്ങള്‍.
ഗുരു
മലയാള സിനിമയില്‍നിന്ന് ആദ്യമായി ഓസ്കര്‍ നോമിനേഷന്‍ ലഭിച്ച ചിത്രമാണിത്. രാജീവ് അഞ്ചലാണ് ഈ ചിത്രം സംവിധാനം ചെയ്തത്. മോഹന്‍ലാല്‍, സുരേഷ്ഗോപി, സിത്താര, നെടുമുടി വേണു, ശ്രീനിവാസന്‍, കാവേരി, ശ്രീലക്ഷ്മി എന്നിവരാണ് കേന്ദ്ര കഥാപാത്രങ്ങളെ അവതരിപ്പിച്ചത്. സി.ജെ. രാജേന്ദ്രബാബുവാണ് തിരക്കഥ രചിച്ചത്. ഗാനങ്ങള്‍ ചിട്ടപ്പെടുത്തിയത് ഇളയരാജ.
ജഗതി ശ്രീകുമാര്‍
മലയാള സിനിമയില്‍ ഹാസ്യരംഗത്ത് തന്‍േറതായ സ്ഥാനം ഉറപ്പിച്ച അതുല്യ നടന്‍. പ്രമുഖ നാടകാചാര്യനായ ജഗതി എന്‍. ആചാരിയുടെയും പൊന്നമ്മാളിന്‍െറയും മകനായി 1951 ജനുവരി 5ന് ജനിച്ചു. മലയാളത്തില്‍ 1500ലധികം സിനിമകളില്‍ അഭിനയിച്ചു. 2011ല്‍ മികച്ച ഹാസ്യനടനുള്ള സംസ്ഥാന ചലച്ചിത്ര പുരസ്കാരം ജഗതിയെ തേടിയത്തെി.
തിക്കുറുശ്ശി സുകുമാരന്‍ നായര്‍
നടന്‍, നിര്‍മാതാവ്, സംവിധായകന്‍, കവി എന്നീ നിലയില്‍ പ്രശസ്തന്‍. 1916 ഓക്ടോബറില്‍ ഇന്നത്തെ കന്യാകുമാരി ജില്ലയില്‍ ജനനം. 47 വര്‍ഷത്തെ നീണ്ട സിനിമാ ജീവിതത്തില്‍ 700ലധികം സിനിമകളില്‍ അഭിനയിച്ചു. 1972ല്‍ മികച്ച നടനുള്ള സംസ്ഥാന സര്‍ക്കാര്‍ അവാര്‍ഡ്, 1993ല്‍ സമഗ്രസംഭാവനക്ക് ജെ.സി. ഡാനിയേല്‍ പുരസ്കാരം, 1986ല്‍ സമഗ്രസംഭാവനക്ക് ഫിലിം ഫെയര്‍ അവാര്‍ഡ് എന്നിവ ലഭിച്ചു. 1973ല്‍ രാജ്യം പത്മശ്രീ നല്‍കി ആദരിച്ചു. ശരിയോ തെറ്റോ, പൂജാപുഷ്പം, സരസ്വതി, പളുങ്ക് മാത്രം, അച്ഛന്‍െറ ഭാര്യ, നഴ്സ്, ഉര്‍വശി ഭാരതി എന്നിവയാണ് സംവിധാനം ചെയ്ത ചിത്രങ്ങള്‍.

 

തയാറാക്കിയത്: റഷാദ് കൂരാട്

 

Tags:    
News Summary - kerala piravi film

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.