അത്ര ​കേമമാണോ സാറേ ഇൗ ബാഹുബലി 2...?

എന്ത് കൊണ്ടാണ് രണ്ടാം ബാഹുബലി ഇത്രയേറെ ചർച്ച ചെയ്യപ്പെട്ടത്? ഒരു മദ്രാസി പടമെന്ന് ആക്ഷേപിച്ച് മാറി നിൽക്കാതെ ഹിന്ദി പ്രേക്ഷകർ തള്ളിക്കയറി സിനിമയെ ഹിറ്റാക്കിയത്? ബാഹുബലിയെ കട്ടപ്പ കൊന്നത് എന്തിനെന്നറിയാനുള്ള  ഒന്നര വർഷം വലിച്ച് നീട്ടിയ ആകാംക്ഷ അവസാനിപ്പിക്കാനോ? വെറുമൊരു അമർ ചിത്രകഥയല്ല ബാഹുബലി 2, പോക്കേ മോൻ ഗോ കാലത്ത് ഇന്ത്യൻ ഇതിഹാസങ്ങളായ രാമായണവും മഹാഭാരതവും സൂത്രത്തിൽ ഒളിച്ചു കടത്തുകയാണ്  ഈ സിനിമ ചെയ്യുന്നത്. സൂക്ഷ്മമായി നോക്കിയാൽ ദുര്യോധനൻ, ശകുനി, രാമൻ, കൗസല്യ, കൈകേയി, മഹാഭാരത യുദ്ധം, വനവാസം തുടങ്ങിയ രാമായണത്തിലേയും മഹാഭാരതത്തിലേയും കഥാപാത്രങ്ങളേയും സാഹചര്യങ്ങളേയും തിരിച്ചറിയാനാകും. 

രാമായണത്തെയും മഹാഭാരതെത്തയും പ്രത്യേകം സിനിമയാക്കിയാൽ നേരിടേണ്ടി വരുമായിരുന്ന താക്കറെമാരെയും യോഗിമാരെയും സൂത്രത്തിൽ ഒഴിവാക്കി. എന്നിട്ട് രണ്ട് കുടത്തിലും കൈയിട്ട് ആവശ്യത്തിന് എരിവും പുളിയും മധുരവും എടുത്ത് അസ്സലൊരു കോക്ക്ടെയ്​ലുണ്ടാക്കി. രാമനും യുധിഷ്ഠിരനും ഭീമനും കൃഷ്ണനും സമാസമം ചേർന്ന ബാഹുബലി ദൈവം റെഡി. കണ്ടവർ കണ്ടവർ കുമ്പിട്ട് വാഴ്ത്തി. ഈ 56 ഇഞ്ച് നെഞ്ചളവുള്ള സി.ജി.ഐ ദൈവം ഇക്കാലത്ത് ഏത് കൊച്ചു കുട്ടിക്കും വഴങ്ങുന്ന മൊബൈൽ /വീഡിയോ ഗെയിമിലെ നായകനെ പോലെ കരിമ്പന വില്ല​ുപോലെ കുലച്ച് കോട്ട മതിൽ ചാടിക്കടക്കുകയും സ്പൈഡർമാനെ പോലെ കോട്ട മതിലിറങ്ങി വരികയും ചെയ്യും. ഇതൊക്കെ മഹത്തരമാണോ എന്ന് ചോദിച്ചാൽ 15ഉം 16ഉം വയസ്സുള്ള വീഡിയോ ഗെയിം ഡെവലപർമാർ സമ്മതിച്ചു എന്ന് വരില്ല.


രണ്ടാം ബാഹുബലിയിലെ കഥാപാത്രങൾ പലരും കോമാളികളാണ്. സത്യരാജും നാസറും പ്രഭാസുമൊക്കെ ഗൗരവമേറിയ അഭിനയത്തിലൂടെ ചിരിപ്പിക്കുന്നു. രമ്യ കൃഷ്ണ​​​​​​​​െൻറ രാജമാത ശിവകാമിയും റാണാ ദഗുബതിയുടെ ഭല്ലാൽ ദേവനും മാത്രമാണ് അൽപം ആശ്വാസം. ഒന്നാം ഭാഗത്തിൽ രസിപ്പിച്ച് രണ്ടാം ഭാഗത്തിന് സംഗീതം നൽകിയപ്പോൾ കീരവാണിയുടെ മരുന്ന് തീർന്നു. പാട്ടൊക്കെ തട്ടിക്കൂട്ട് അമ്പലപ്പറമ്പ് ഓർക്കസ്ട്രയായി.

കുട്ടികൾക്കായുള്ള  സ്നോവൈറ്റ്​, ടാർസൻ, ബ്രേവ് തുടങ്ങിയ അനിമേഷൻ ചിത്രങ്ങളോ, സമീപകാലത്ത് ഹിന്ദി ചാനലുകൾ സംപ്രേഷണം ചെയ്യുന്ന സിക്സ് പാക്ക് രാമ/കൃഷ്ണ സീരിയലുകളിലെ സാഹസിക രംഗങ്ങളോ ഒന്നു മനസ്സിരുത്തി കണ്ട് വേണമായിരുന്നു രാജമൗലി ഈ കടുംകൈക്ക്​ മുതിരാൻ. ഒച്ചയുണ്ടാക്കി ആളെക്കൂട്ടുന്ന ഉൽസവപ്പറമ്പ് പ്രമോഷൻ രീതിയാണ് സിനിമ വിജയിപ്പിക്കാൻ മൗലിയും കരൺ ജോഹറും കൈക്കൊണ്ടത്. അമാനുഷനായ നായകനെ ഹിന്ദി സിനിമ പോലും ഗതികെട്ട് ദയാവധം നടത്തിക്കഴിഞ്ഞ കാലത്താണ് ഗ്രാഫിക്സുകളാൽ മിനുങ്ങി വീണ്ടും വീണ്ടും വീണ്ടും ബാഹുബലി എത്തുന്നത്.

നിലം തൊട്ട് നടക്കുന്ന നായകനെ പ്രേക്ഷകന് വേണ്ടാതായിട്ടില്ല. രാഷ്ട്രീയ സാഹചര്യം കണ്ടറിഞ്ഞ് രാജമൗലി കമ്പോളത്തിന് വേണ്ട ഉൽപ്പന്നം ഉണ്ടാക്കിയതാണ്. നരേന്ദ്ര മോദിക്കും അമരേന്ദ്ര ബാഹുബലിക്കും ഇപ്പോ സെൻസെക്സ് കുത്തനെ മുകളിലോട്ടാണല്ലോ! ലോർഡ് ഓഫ് ദ റിങ്സ്, ദ ലാസ്​റ്റ്​ ലിജിയൻ, ട്രോയ്, ഗ്ലേഡിയേറ്റർ തുടങ്ങിയ അസ്സൽ ദൃശ്യവിരുന്നുകൾ സ്വന്തം പെട്ടിയിൽ പൂട്ടിവെച്ചിട്ട്  അടുത്ത വീട്ടിലെ നാടൻ ചുവർചിത്രം നോക്കി ‘ഹായ്  ബാഹുബലീ..’ എന്ന് അമ്പരക്കുന്ന ബി.ബി.സി അടക്കമുള്ള പാശ്ചാത്യ മാധ്യമങ്ങളോട് സഹതാപം തോന്നുന്നു!

Tags:    
News Summary - review bahubali 2 the conclusion

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.