മലയാളിയുടെ മനസ്സിലും ചുണ്ടിലും എന്നും തങ്ങിനിൽക്കുന്ന ഗാനമാണ് ’82ലെ ഓളങ്ങൾ എന്ന ചലച്ചിത്രത്തിൽ ദാസേട്ടനും ജാനകിയമ്മയും പാടിയ ‘വേഴാമ്പൽ കേഴും വേനൽ കുടീരം നീ, ഏകാകിനി നിന്നോർമകൾ...’ എന്ന മനോഹരഗാനം. ഒ.എൻ.വിയു​ടെ വരികൾക്ക് ഇളയരാജയുടെ സംഗീതം. ഇനി വിഷയത്തിലേക്ക് വരാം. ഇവിടെ വേഴാമ്പൽ കേഴുകയല്ല, വാഴുകയാണ്; നമ്മുടെ കേരളത്തി​ന്റെ ഒൗദ്യോഗികപക്ഷി -സാക്ഷാൽ മലമുഴക്കി വേഴാമ്പൽ. ഗ്രേറ്റർ ഇന്ത്യൻ ഹോൺബിൽ ശബ്ദിച്ചാൽ മലകളിൽതട്ടി പ്രതിധ്വനിയുയർത്തുന്നതും പറന്നാൽ ഹെലികോപ്ടറിൽ നിന്നുയരുന്ന വായു ചുഴറ്റുന്ന ശബ്ദവുമാണുള്ളത്. അതാണ് മലമുഴക്കി എന്ന പേരിന് കാരണവും.

മലനിരകളിൽ പറന്നുല്ലസിക്കുന്നു

നിറങ്ങൾകൊണ്ടും വലുപ്പംകൊണ്ടും ശബ്ദഗാംഭീര്യംകൊണ്ടും കേരളത്തിന് ചേർന്ന പക്ഷിതന്നെയാണത്. ​അരുണാചൽപ്രദേശിന്റെയും സംസ്ഥാന പക്ഷിയാണ്. തേയിലത്തോട്ടവും കാപ്പിത്തോട്ടവും അതിരുകളായി കാക്കുന്ന, ആനയും കരടിയും കടുവയും പുലിയുമുള്ള നിത്യഹരിതവനമായ നെല്ലിയാമ്പതി മലനിരകളിൽ അവർ പറന്നുല്ലസിക്കുകയാണ്.

 

പൊത്തിനകത്തേക്ക് ഭക്ഷണം നൽകുന്നു

കാതോർത്താൽ നിശ്ശബ്ദതയെ ഭേദിച്ചെത്തുന്ന ചിറകടി ​ശബ്ദം കേൾക്കാൻ സാധിക്കും, വായുവിനെ ചുഴറ്റി വീശിയെറിയുന്ന ശബ്ദം. പെട്ടെന്നു കണ്ടാൽ ഇത്രയും വലിയ പക്ഷിയോ എന്നോർത്തു പോകും. ഏഷ്യയിലെതന്നെ ഏറ്റവും വലുപ്പമുള്ള വേഴാമ്പലുകളാണിവ. ആൺവേഴാമ്പലുകൾക്ക് നാലടിയോളം ഉയരവും അഞ്ചടിയോളം ചിറകളവും നാലുകിലോ ഭാരവും ഉണ്ടായിരിക്കും. ഇവയു​ടെ ഏറ്റവും വലിയ പ്ര​ത്യേകത തലയിൽ കറുപ്പും മഞ്ഞയും കലർന്ന ഒരുതൊപ്പിയുണ്ട് എന്നതാണ്.​ ​കൊക്കുകളാവട്ടെ, വലുതും വളഞ്ഞതും ബലിഷ്ഠവുമാണ്. ആൺവേഴാമ്പലുകളേക്കാൾ ചെറുതാണ് പെൺവേഴാമ്പലുകൾ. എന്നാൽ, ഇവയെ തിരിച്ചറിയാനും എളുപ്പമാണ്.

 

മഴ നനയുന്ന വേഴാമ്പൽ കുഞ്ഞ്

ആൺവേഴാമ്പലുകളു​ടെ കണ്ണ് ചുവന്നതും പെണ്ണിന്റേത് നീലകലർന്ന വെള്ളനിറവുമാണ്. മനോഹരമായ കൺപീലികളുമുണ്ടിവർക്ക്. ആൺപക്ഷികളാവട്ടെ, സ്വന്തം തൂവലുകൾക്ക് ഭംഗി വർധിപ്പിക്കാനായി ശരീരഗ്രന്ഥിയിൽ ഉൽപാദിപ്പിക്കുന്ന സ്രവമുപയോഗിച്ച് ചീകി സുന്ദരമാക്കി വെക്കുന്നു.

കെട്ടുകഥകൾ

ഏകപത്നീവ്രത​നായതിനാലാണ് വേഴാമ്പൽ കേരളത്തിന്റെ പക്ഷിയായത് എന്നൊക്കെയുള്ളതെല്ലാം വെറും കെട്ടുകഥകൾ മാത്രം. ശാസ്ത്രീയമായ ഒരടിത്തറയുമില്ലാതെ ആരോ പടച്ചുവിട്ട കഥകൾ മാത്രം. സാധാരണയായി കൂട്ടമായാണ് ഇവർ സഞ്ചരിക്കുക. കാട്ടിൽ കായകൾ പഴുക്കുന്ന സമയത്ത് ഒരു മരത്തിൽതന്നെ നാൽപതോ അതിലധികമോ വേഴാമ്പലുകളെ കാണാൻ സാധിക്കും. ഇണയെ കണ്ടെത്തിയാൽ പിന്നെ ഇരുവരും മാത്രമായുള്ള സഞ്ചാരങ്ങളാണുണ്ടാവുക.

 

കൂട്ടിലെ കാത്തിരിപ്പ്

കൂടുണ്ടാക്കാൻ അനുയോജ്യമായ ഉയർന്ന മരങ്ങളി​ലെ പൊത്തുകൾ കണ്ടെത്തുകയും പെൺപക്ഷി തനിക്കനുയോജ്യമായ രീതിയി​ൽ വലിയ കൊക്കുകളുപയോഗിച്ച് കൊത്തി പരുവപ്പെടുത്തിയെടുക്കുകയും ചെയ്യുന്നു. പെൺപക്ഷി കൂട്ടിൽ കയറുന്നതിനു മുമ്പേ ആൺപക്ഷികൾ പഴങ്ങൾ കൊണ്ടുവന്ന് കൂട്ടിൽ നിക്ഷേപിക്കുന്നതും കാണാം. പെൺപക്ഷി കൂട്ടിൽ കയറി മുട്ടയിട്ടാൽ മരത്തൊലിയും വിസർജ്യവും ​ആൺപക്ഷികൊണ്ടുവരുന്ന ചളിയുമുപയോഗിച്ച് കൊക്കുകൾ മാത്രം പുറത്തുകാണുന്നവിധത്തിൽ കൂടിന്റെ മുൻഭാഗം അടക്കും. 40 ദിവസത്തിനുള്ളിൽ മുട്ടകൾ വിരിയും. കുഞ്ഞിനായി അമ്മപ്പക്ഷി തൂവൽപൊഴിച്ച് മൃദുപ്രതലമൊരുക്കുന്നു. ഇക്കാലയളവിലെല്ലാം ആൺപക്ഷിയാണ് ഭക്ഷണം എത്തിക്കുന്നത്. 15 മുതൽ 19 ആഴ്ചവരെ പെൺപക്ഷി കൂട്ടിൽതന്നെയായിരിക്കും. കൃത്യമായ ഇടവേളകളിൽ പഴങ്ങൾ എത്തിക്കുന്നു. കാട്ടിലെ പഴങ്ങളുടെ ലഭ്യതയനുസരിച്ച് ആദ്യ കുറച്ച് ദിവസങ്ങളിൽ എട്ടുമുതൽ പത്തുതവണയെങ്കിലും ഭക്ഷണവുമായെത്തുന്നു.

പഴങ്ങൾ ലഭിക്കാതാവുന്നതോടെ ഭക്ഷണമെത്തിക്കുന്ന ഇടവേളകൾ കുറഞ്ഞ് രണ്ടോ മൂന്നോ തവണകളാവുന്നു. അപ്പോൾ ആൺപക്ഷി ക്ഷീണിതനാവുകയും കണ്ണിലെ നിറം കറുപ്പ് കലർന്ന ചുവപ്പാവുന്നതും കാണാം. അപ്പോഴേക്കും പെൺപക്ഷി പുറത്തിറങ്ങാൻ തയാറാവുന്നു. പ്രകൃതിയുടെ ഓരോരോ രീതികൾ കാണുമ്പോൾ അത്ഭുതം തോന്നുന്നതിവിടെയൊക്കെയാണ്.

 

മാംസഭുക്കാണോ?

മുട്ട വിരിഞ്ഞ് 15 ദിവസത്തിനുള്ളിൽ പെൺപക്ഷി കൂടിന്റെ മുൻഭാഗം പൊളിച്ച് പുറത്തുവരുന്നു. ഒരു പുതുജന്മംപോലെ അമ്മപ്പക്ഷി ഊർജസ്വലയായാണ് കൂട്ടിൽനിന്നിറങ്ങുക.

 

പിന്നെ ഇരുവരുമൊരുമിച്ചാണ് കുഞ്ഞിനായി ഇരതേടൽ. കുഞ്ഞിന്റെ വളർച്ചക്കാവശ്യമായ പോഷകങ്ങൾക്കായി പഴങ്ങൾ, പ്രാണികൾ, പുഴുക്കൾ, വവ്വാൽകുഞ്ഞുങ്ങൾ, പാമ്പിൻകുഞ്ഞുങ്ങൾ മറ്റു ചെറുപക്ഷികളുടെ കുഞ്ഞുങ്ങളെയുമടക്കം ഭക്ഷണമായി നൽകാറുണ്ട്. അതുകൊണ്ടു​ തന്നെ വേഴാമ്പൽ മാംസഭുക്കാണ് എന്നുപറയുന്നവരുമുണ്ട്. പിന്നീട് കൂടിന്റെ ബാക്കിഭാഗം പൊളിച്ച് വളർച്ചയെത്തിയ കുഞ്ഞും പുറത്തുവരും. സ്വന്തമായി പറക്കാൻ തുടങ്ങിയാൽ കുഞ്ഞും സ്വതന്ത്രനാവുന്നു. വളർച്ചയുടെ ആദ്യ ഘട്ടങ്ങളിൽ മാത്രമേ വേഴാമ്പലുകൾ മാംസം ഭക്ഷിക്കുന്നുള്ളൂ. വളർച്ചയെത്തിയാൽ പൂ​ർണമായും പഴവർഗങ്ങൾ മാത്രമാണ് ഭക്ഷണം.

 

ആദ്യകാലങ്ങളിൽ ഇവർക്ക് ഭീഷണിയായി വേട്ടക്കാരും ഉണ്ടായിരുന്നു. കൃത്യമായ സഞ്ചാരപാതകളുള്ളതിനാൽ ഇവയെ വേട്ടയാടാൻ അവർക്ക് എളുപ്പമായിരുന്നു. കേരളത്തിൽ ​ഇവയെ വേട്ടയാടൽ കുറവാണ്. ആദിവാസി ഊരുകളിൽ വനം വകുപ്പിന്റെയും മറ്റ് ക​ൺസർവേഷൻ സൊസൈറ്റികളുടെയും ബോധവത്കരണത്തിലൂടെ ഏതാണ്ട് പൂർണമായും വേട്ട ഇല്ലാതായിട്ടുണ്ട്. എന്നാൽ, നാഗാലാൻഡ് പോലുള്ള സംസ്ഥാനങ്ങളിൽ ഇവയെ വ്യാപകമായി വേട്ടയാടിയിരുന്നു. ഇറച്ചി ഭക്ഷണമാക്കുകയും തൂവലുകൾകൊണ്ട് ആഭരണങ്ങളും അലങ്കാരവസ്തുക്കളും ഉണ്ടാക്കുകയും ചെയ്തിരുന്നു. വേഴാമ്പലിന്റെ കൊക്കും തലയിലെ പാത്തിയും തലപ്പാവായും ഉപയോഗിച്ചിരുന്നു. അവിടെ വർഷാവർഷം ഹോൺബിൽ ഫെസ്റ്റിവലും നടക്കുന്നുണ്ട്. നിരന്തര​ ബോധവത്കരണത്തിന്റെ ഫലമായി വേഴാമ്പൽ വേട്ടക്ക് ശമനമായെങ്കിലും ഉൾക്കാടുകളിലെ നാഗന്മാർ അവയെ ഭക്ഷണമാക്കാറുണ്ട്.

ചിറകുവീശി, ഉയരേ പറന്ന്

മലമുഴക്കിയെ ഇന്ത്യയിലെ മഴക്കാടുകളിലും മലായ് പെനിൻസുലയിലും സുമാത്ര, ഇന്തോനേഷ്യ എന്നിവിടങ്ങളിലുമാണ് കാണാറുള്ളത്. കേരളത്തിൽ അതിരപ്പിള്ളി, വാഴച്ചാൽ, ശെന്തരുണി, നെല്ലിയാമ്പതി കാടുകളിലും കാണാം. ഇടമലയാറിലും ഭൂതത്താൻകെട്ട്, ശബരിമല, അരിപ്പ തുടങ്ങിയ വനമേഖലകളിലും ഇവയെ കണ്ടതായി റിപ്പോർട്ടുകളുണ്ട്. കാട്ടാലുകൾ നിറഞ്ഞ വനമാണ് നെല്ലിയാമ്പതിയിലേത്. മലകൾക്കിടയിലൂടെ ഉയർന്ന മരങ്ങളിൽനിന്ന് ഇരുഭാഗത്തേക്കുമായി പറക്കുന്ന കാഴ്ച കാണേണ്ടതു തന്നെയാണ്. ആദ്യകാലങ്ങളിൽ നെല്ലിയാമ്പതിയിലെ ഉൾക്കാടുകളിൽ മാത്രമായിരുന്നു വേഴാമ്പലുക​​ളെ കൂട്ടത്തോടെ കണ്ടിരുന്നത്. ഭക്ഷണത്തിന്റെ ദൗർലഭ്യമോ അതോ വംശവർധനവോ, എന്തായാലും ഇപ്പോൾ മലമുകളിലേക്കെത്തും മുമ്പേ തേയി​ലത്തോട്ടങ്ങൾക്കിടയിലും കാപ്പിത്തോട്ടങ്ങൾക്കിടയിലും ഇവരെ കാണാം. വളവും തിരിവുമുള്ള റോഡുകളിലെ വലിയ ഹോൺമുഴക്കി നീങ്ങുന്ന വാഹനങ്ങളും ചീറിപ്പായുന്ന ന്യൂജെൻ ബൈക്കുകളുടെ ശബ്ദവുമൊഴിച്ചുനിർത്തിയാൽ ഒന്ന് കാതോർത്താൽ കേൾക്കാം... കിളിക്കൊഞ്ചലല്ല, മരവിത്തലച്ചിയെന്ന മലമുഴക്കി വേഴാമ്പലിന്റെ ‘വനദേവത’കളെ ഉണർത്തുന്ന വനരാഗ ഗീതങ്ങൾ...

ഇപ്പോൾ നെല്ലിയാമ്പതിയിൽ കൂട്ടിൽ നിന്നിറങ്ങിയ കുഞ്ഞുവേഴാമ്പലുകളുടെ കാലമാണ്. കൂട്ടിൽനിന്ന് പുതിയ തൂവലുകളുമായിറങ്ങിയ അമ്മപ്പക്ഷിയും തലയിൽ പാത്തി വളരാത്ത കുഞ്ഞും ഭക്ഷണത്തിനായി അലഞ്ഞ് ക്ഷീണിച്ച വേഴാമ്പലച്ഛനും എങ്ങും ബഹളമയം. കുഞ്ഞിനടുത്തെത്തുന്ന മറ്റു പക്ഷിക​​െള ഗർജനംകൊണ്ട് തുരത്തുന്നതും കേൾക്കാം. അങ്ങകലെ ഇണക​ൾക്കായുള്ള ആൺപക്ഷിയുടെ വിളികളും അതുകേട്ട് ദൂരദിക്കിൽനിന്നുള്ള പെൺപക്ഷിയുടെ മറുവിളിയും പിന്നെ ഇരുവരും ചേർന്നുള്ള വിളികളും നെല്ലിയാമ്പതി മലകളിൽ മലമുഴക്കികളുടെ മുഴക്കത്തിലുയരുന്ന സംഗീതമാണ്. മലകളും ഉയർന്ന മരങ്ങളും നിറഞ്ഞ പ്രകൃതി അവക്ക് സുരക്ഷയൊരുക്കുന്നതാവാം നെല്ലിയാമ്പതി ​മലമുഴക്കികളുടെ പറുദീസയാവാൻ കാരണം. 

Tags:    
News Summary - article ad photo treat on hornet and their lives

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.