2017 ഫെബ്രുവരി ഒന്നിന് അന്നത്തെ കേന്ദ്ര ധനമന്ത്രി അരുൺ ജെയ്റ്റ്ലി ബജറ്റ് പ്രസംഗത്തിൽ തെരഞ്ഞെടുപ്പ് ഫണ്ടിങ്ങിൽ സുതാര്യത കൊണ്ടുവരേണ്ടതിന്റെ ആവശ്യകതയെക്കുറിച്ചുള്ള ഭാഗം വായിക്കവെ സാകൂതം കേൾക്കുകയായിരുന്നു കാമഡോർ ലോകേഷ് ബത്ര (77). ഇലക്ടറൽ ബോണ്ടുകൾ പുറത്തിറക്കുമെന്നും ആളുകൾക്ക് അവരുടെ സ്വകാര്യത വെളിപ്പെടുത്താതെതന്നെ അത് വാങ്ങാനും ഇഷ്ടമുള്ള രാഷ്ട്രീയപാർട്ടികൾക്ക് സംഭാവന നൽകാനും കഴിയുമെന്നും മന്ത്രി തുടർന്നു പറഞ്ഞതോടെ സുതാര്യത കൊണ്ടുവരുമെന്ന പ്രഖ്യാപനത്തിന്റെ ആഹ്ലാദം നിരാശയായി മാറി. സ്വകാര്യത വെളിപ്പെടുത്താതിരിക്കാനുള്ള ഈ സൗകര്യം സുതാര്യതയുടെ തത്ത്വങ്ങൾക്ക് വിരുദ്ധമാണ് എന്നായിരുന്നു ബത്രയുടെ വിശ്വാസം.
ഹൈഡ്രോഗ്രാഫർ എന്ന നിലയിൽ ഇന്ത്യൻ നേവിയിൽ ഏറെ സേവനങ്ങളർപ്പിക്കുകയും 1971 ലെ യുദ്ധത്തിൽ പങ്കുചേരുകയും ചെയ്ത ഈ സേനാനിയുടെ പിന്നീടുള്ള പോരാട്ടം ഈ ബോണ്ടുകളിൽ സുതാര്യത കൊണ്ടുവരുന്നതിന് വേണ്ടിയായിരുന്നു. ഇതിനായി വിവരാവകാശ നിയമപ്രകാരം അദ്ദേഹം നൽകിയ അപേക്ഷകൾ ബോണ്ട് പദ്ധതിക്കെതിരെ തെരഞ്ഞെടുപ്പ് കമീഷൻ പ്രകടിച്ച കടുത്ത എതിർപ്പും റിസർവ് ബാങ്ക് നൽകിയ ഗുരുതര മുന്നറിയിപ്പുകളും ഉൾപ്പെടെ നിർണായക വസ്തുതകൾ പുറത്തറിയിച്ചു. ഇലക്ടറൽ ബോണ്ടുകൾ സംബന്ധിച്ച കേസുകൾക്കും വിമർശനാത്മക റിപ്പോർട്ടിങ്ങിനും ബത്രയുടെ ശ്രമങ്ങൾ അടിത്തറപാകി. സമർപ്പിക്കപ്പെട്ട പൊതുതാൽപര്യ ഹരജികൾ പരിഗണിച്ച സുപ്രീംകോടതി ബത്രയുടെ ആശങ്കകൾ സാധൂകരിക്കുകയും 2024 ഫെബ്രുവരി 15ന് ഈ ബോണ്ടുകൾ ഭരണഘടനാവിരുദ്ധവും അറിയാനുള്ള അവകാശത്തിന്റെയും ആർട്ടിക്കിൾ 19 (1) (എ) യുടെയും ലംഘനമാണെന്നും വ്യക്തമാക്കിക്കൊണ്ട് അവയുടെ വിൽപന അടിയന്തരമായി നിർത്തിവെക്കുകയും ചെയ്തു. സുപ്രീംകോടതി പരിഗണിച്ച കേസിലെ പ്രധാന ഹരജിക്കാരായ അസോസിയേഷൻ ഓഫ് ഡെമോക്രാറ്റിക് റിഫോംസുമായി (എ.ഡി.ആർ) ചേർന്ന് പ്രവർത്തിച്ചിരുന്ന അദ്ദേഹം വിവരാവകാശ ചോദ്യങ്ങളിലൂടെ കണ്ടെത്തിയ എല്ലാ രേഖകളും എ.ഡി.ആറുമായി പങ്കിട്ടു, അവ പിന്നീട് ഹരജിയുടെ ഭാഗമാവുകയായിരുന്നു. പി.എം കെയർ ഫണ്ട്, പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ വിദേശ സന്ദർശന ചെലവുകൾ എന്നിവ സംബന്ധിച്ചെല്ലാം വിവരാവകാശ അപേക്ഷ നൽകിയിട്ടുണ്ട് ബത്ര.
അദ്ദേഹവുമായി article-14.com നുവേണ്ടി ഗ്രന്ഥകാരനും സ്വതന്ത്ര മാധ്യമപ്രവർത്തകനുമായ കുനാൽ പുരോഹിത് സംസാരിച്ചു, പ്രസക്ത ഭാഗങ്ങൾ:
ഇലക്ടറൽ ബോണ്ട് വിഷയത്തിൽ ശ്രദ്ധ കേന്ദ്രീകരിക്കണമെന്നും കൂടുതൽ സുതാര്യത വരുത്തണമെന്നും താങ്കൾ തീരുമാനിച്ചത് എപ്പോഴാണ്?
ഭരണനിർവഹണത്തിലെ സുതാര്യത എന്ന ആശയത്തിലൂന്നിയാണ് വർഷങ്ങളായി എന്റെ പ്രവർത്തനം. സുതാര്യതയാണ് രാഷ്ട്രത്തെ ശക്തമാക്കുന്നത്. സർക്കാറിന് സ്വന്തമായി പണമില്ലെന്ന് ഞാൻ എപ്പോഴും വിശ്വസിക്കുന്നു, നികുതിദായകരുടെ പണം മാത്രമേയുള്ളൂ. നമ്മളുടെ പണം എങ്ങനെ വിനിയോഗിക്കുന്നുവെന്നറിയേണ്ടത് പൗരജനങ്ങളുടെ ഉത്തരവാദിത്തമാണ്.
2017ലെ ബജറ്റ് പ്രസംഗത്തിൽ രാഷ്ട്രീയ വ്യവസ്ഥിതിയിലെ അഴിമതിയെക്കുറിച്ച് ധനമന്ത്രി അരുൺ ജെയ്റ്റ്ലി സംസാരിച്ചു തുടങ്ങിയപ്പോൾ എനിക്ക് സന്തോഷം തോന്നി. എന്നാൽ, അതേ പ്രസംഗത്തിൽതന്നെ ദാതാവിന്റെ ഐഡന്റിറ്റി രഹസ്യമായി സൂക്ഷിക്കുന്ന പുതിയ ഇലക്ടറൽ ബോണ്ട് സംവിധാനം അദ്ദേഹം പ്രഖ്യാപിച്ചു. അത് സുതാര്യതക്ക് എതിരാണ്. ഞാൻ കൂടുതൽ ചികഞ്ഞ് നോക്കിയപ്പോൾ, ‘ഒരു പിന്തിരിപ്പൻ നടപടി’ എന്ന് വിശേഷിപ്പിച്ച് 2017 ൽ ഇന്ത്യൻ തെരഞ്ഞെടുപ്പ് കമീഷൻ നൽകിയ കത്ത് കണ്ടെത്താനായി.
ആദായനികുതി നിയമം, 1951ലെ ജനപ്രാതിനിധ്യ നിയമം, 2013ലെ കമ്പനി നിയമം, എന്നിങ്ങനെ സുപ്രധാന നിയമങ്ങൾ തെരഞ്ഞെടുപ്പ് ബോണ്ട് നടപ്പാക്കുന്നതിനായി ഭേദഗതി ചെയ്‌തുവെന്നറിഞ്ഞപ്പോൾ അത് വല്ലാത്ത അപായസൂചനയായി എനിക്ക് തോന്നി.
ഞാൻ തെരഞ്ഞെടുപ്പ് ബോണ്ടുകളെക്കുറിച്ച് കൂടുതൽ വിശദാംശങ്ങൾ ചോദിക്കാൻ തുടങ്ങി. സർക്കാർ വകുപ്പുകൾ തെരഞ്ഞെടുപ്പ് കമീഷന്റെ ആശങ്കകളോട് യോജിച്ചിരുന്നുവെന്ന് മനസ്സിലാക്കി. എന്നിരുന്നാലും, എന്നെ സംബന്ധിച്ചിടത്തോളം ഒരു കേന്ദ്രമന്ത്രി (ധനകാര്യ സഹമന്ത്രി പി. രാധാകൃഷ്ണൻ) തെരഞ്ഞെടുപ്പ് കമീഷൻ ഉന്നയിച്ച ആശങ്കകൾ സംബന്ധിച്ച് പാർലമെന്റിൽ നുണപറഞ്ഞതാണ് അന്വേഷണങ്ങളുടെ വഴിത്തിരിവായത്.
എന്താണ് താങ്കളുടെ കാഴ്ചപ്പാടിൽ തെരഞ്ഞെടുപ്പ് ബോണ്ടുകളുടെ ഏറ്റവും വലിയ പോരായ്മ?
ആദ്യനാൾമുതൽ, റിസർവ് ബാങ്ക് ഓഫ് ഇന്ത്യമുതൽ ഇലക്ഷൻ കമീഷൻ ഓഫ് ഇന്ത്യവരെ വിവിധ സ്ഥാപനങ്ങൾ ഇതു സംബന്ധിച്ച് വളരെ ഗുരുതരമായ ആശങ്കകൾ ഉന്നയിച്ചിരുന്നു. പദ്ധതി കള്ളപ്പണം വെളുപ്പിക്കുന്നതിനും കടലാസ് കമ്പനികൾ സൃഷ്ടിക്കപ്പെടുന്നതിനും ദാതാക്കൾക്കും കക്ഷികൾക്കുമിടയിൽ കൊടുക്കൽവാങ്ങൽ സാധ്യതകൾ തുറക്കുന്നതിനും ഇടയാക്കുമെന്ന മുന്നറിയിപ്പുകളുമുയർന്നിരുന്നു.
ഞാൻ ഒരു വിദഗ്‌ധനല്ല, എന്നാൽ ഭരണഘടനാ സ്ഥാപനങ്ങൾ തുടക്കം മുതലേ ഇത്തരം വിമർശനങ്ങൾ ഉന്നയിക്കുമ്പോൾ, അത്തരം ആശങ്കകളെക്കുറിച്ച് സർക്കാർ കള്ളം പറയുമ്പോൾ, ചില നിഗൂഢമായ കാര്യങ്ങൾ നടക്കുന്നുണ്ടെന്ന് നിങ്ങൾ മനസ്സിലാക്കണം. ഞാനുമൊരു വോട്ടറാണ്, അറിയാനുള്ള അവകാശം എനിക്കുമുണ്ട്. സ്ഥാനാർഥികൾക്ക് അവരുടെ സ്വത്തുക്കളുടെ സത്യവാങ്മൂലം സമർപ്പിക്കണമെങ്കിൽ, അവർക്ക് എവിടെനിന്നാണ് പണം ലഭിക്കുന്നതെന്ന് പാർട്ടികൾ എന്തുകൊണ്ട് ഞങ്ങളോട് പറഞ്ഞുകൂടാ?
അതാര്യമായ ഫണ്ടിങ് നമ്മുടെ ജനാധിപത്യത്തിൽ എന്ത് സ്വാധീനമാണുണ്ടാക്കുക?
ഏത് തെരഞ്ഞെടുപ്പും ശരിയാംവിധത്തിൽ സ്വതന്ത്രവും നീതിയുക്തവുമാകണമെങ്കിൽ പ്രതിപക്ഷവും ഭരണകക്ഷിയും തമ്മിൽ ഒരു സമനില വേണം. ആളുകൾക്ക് അവർക്കിഷ്ടമുള്ള പാർട്ടിക്ക് സംഭാവന നൽകാം, പക്ഷേ അത് വെളിപ്പെടുത്തി വേണം.
തെരഞ്ഞെടുപ്പ് ബോണ്ടുകളിൽ പണം എവിടെനിന്നാണ് വരുന്നതെന്ന് അറിയില്ല; വിദേശപണം പോലും വരാം. വലിയ അളവിൽ വരുന്ന ഏത് അതാര്യമായ പണവും രാജ്യത്തിന്റെ നയങ്ങളെ സ്വാധീനിക്കും. അത്തരം അതാര്യമായ പണം അധികാരത്തിലിരിക്കുന്നവരെ ദുഷിപ്പിക്കുന്നു. അധികാരം ദുഷിപ്പിക്കപ്പെടുമ്പോൾ കാര്യങ്ങൾ എവിടെച്ചെന്ന് അവസാനിക്കുമെന്ന് പറയാനാവില്ല. മിക്കവാറും സംഭാവനകളും കോടിയുടെ ഗുണിതങ്ങളായിരുന്നു. കോടികൾ സംഭാവന ചെയ്യുന്നവർ അതിസമ്പന്നരായ കോർപറേറ്റുകൾ ആയിരിക്കാം. എന്തെങ്കിലുംതരം വിനിമയങ്ങളില്ലാതെ എന്തിനാണ് അങ്ങനെയുള്ളവർ സംഭാവന നൽകുന്നുണ്ടാവുക? അധികാരത്തിലിരിക്കുന്ന ഒരു പ്രത്യേക പാർട്ടിക്കാണ് പണം ലഭിക്കുന്നതെങ്കിൽ, ഈ ദാതാവിന് പ്രയോജനങ്ങൾപോലും ചെയ്യാൻ അവർക്കാവും.
2019 ലെ തെരഞ്ഞെടുപ്പിലാണ് ഇക്കാലമത്രയും നടന്നതിൽവെച്ച് ഏറ്റവും പണച്ചെലവുണ്ടായത് -പാർട്ടികൾ 60,000 കോടി രൂപ പ്രചാരണത്തിനായി ചെലവഴിച്ചെന്നാണ് റിപ്പോർട്ട്. തെരഞ്ഞെടുപ്പിൽ വിജയിക്കാൻ അത്രയേറെ പണം ആവശ്യമായി വരികിൽ, സാധാരണക്കാർക്ക് എങ്ങനെ തെരഞ്ഞെടുപ്പിൽ ഭാഗഭാക്കാവാനാകും? എം.പിയോ എം.എൽ.എയോ ആവുന്നതിനെപ്പറ്റി സാധാരണക്കാർക്ക് സ്വപ്നം കാണാൻ പോലുമാവാതെ വരില്ലേ?
മാധ്യമങ്ങൾ തീരെ കുറവ് മാത്രം പരിഗണന നൽകിയ ഒരു മേഖലയെ എടുത്തുകാണിക്കാൻ താങ്കളുടെ വിവരാവകാശ അന്വേഷണങ്ങൾകൊണ്ട് സാധിച്ചു- തെരഞ്ഞെടുപ്പ് ബോണ്ട് പുറത്തിറക്കുന്നത് സംബന്ധിച്ച് ധനമന്ത്രാലയവും റിസർവ് ബാങ്കും തമ്മിലെ പ്രാരംഭ ഫയലിലെ കുറിപ്പുകളും അഭിപ്രായങ്ങളും കത്തിടപാടുകളും ഉൾപ്പെടെയുള്ള സർക്കാർ ഫയലുകൾ ഇതുവഴി ലഭിച്ചു. ഈ കത്തിടപാടുകൾ താങ്കൾക്ക് നൽകിയ സൂചനയെന്താണ്?
2017 മേയ് 26 ന് തെരഞ്ഞെടുപ്പ് കമീഷൻ എഴുതിയ ആദ്യ കത്തിൽതന്നെ തെരഞ്ഞെടുപ്പ് ബോണ്ടുകൾ പുറത്തിറക്കുന്നതിനുമുമ്പ് പരിഹരിക്കപ്പെടേണ്ട പ്രശ്‌നങ്ങളുണ്ടെന്ന് വ്യക്തമായിരുന്നു. പ്രഖ്യാപിക്കുന്നതിന് ദിവസങ്ങൾക്ക് മുമ്പ് മാത്രമാണ് ഈ നീക്കത്തെക്കുറിച്ച് ആർ.ബി.ഐയുമായി കൂടിയാലോചിച്ചിട്ടില്ലെന്ന് സർക്കാർ ഓർമിക്കുന്നത്. തുടർന്ന് ധനമന്ത്രാലയം അയച്ച കത്തിന് നിർണായകമായ അഭിപ്രായത്തോടെ (തെരഞ്ഞെടുപ്പ് ബോണ്ട് പദ്ധതി സുഗമമാക്കുന്നതിന് ആർ.ബി.ഐ നിയമത്തിൽ ഭേദഗതി വരുത്തുന്നത് കേന്ദ്ര ബാങ്കിങ് നിയമനിർമാണത്തിന്റെ പ്രധാന തത്ത്വത്തെ ഗുരുതരമായി തുരങ്കം വെക്കുമെന്നും മോശം മാതൃക സൃഷ്ടിക്കുമെന്നും) ആർ.ബി.ഐ പ്രതികരിച്ചു. ഇത് ഗൗരവത്തിലെടുക്കുന്നതിനുപകരം, ആർ.ബി.ഐക്ക് നിർദേശം ‘മനസ്സിലായിട്ടില്ല’ എന്ന് പ്രതികരിച്ച് മന്ത്രാലയം ബോണ്ട് പദ്ധതിയുമായി മുന്നോട്ട് പോവുകയായിരുന്നു.
രാജ്യത്തിന്റെ കേന്ദ്ര ബാങ്ക് ഉന്നയിക്കുന്ന ആശങ്കകളെ ഒരു സെക്രട്ടറിതല ഉദ്യോഗസ്ഥൻ തള്ളിക്കളയുന്ന സാഹചര്യം എന്താണ് നിങ്ങളോട് പറയുന്നത്? അന്നത്തെ ആർ.ബി.ഐ ഗവർണർ ഉറിജിത് പട്ടേലിനെ പ്രധാനമന്ത്രി ‘പാമ്പ്’ എന്ന് വിളിച്ചതിനെപ്പറ്റി അടുത്തിടെ ഒരു മുൻ സെക്രട്ടറി വെളിപ്പെടുത്തിയിരുന്നു, നിങ്ങൾ എന്നോട് യോജിക്കുന്നില്ലെങ്കിൽ നിങ്ങളൊരു പാമ്പാണ് എന്ന് പറയുന്നത് പോലെയാണ് ഇത്.
നിലവിലുണ്ടായിരുന്ന സംഭാവനാ രീതി സുതാര്യതയില്ലാത്തതാണെന്നും ഇലക്‌ട്രൽ ബോണ്ടുകൾ ഗണ്യമായ സുതാര്യത കൊണ്ടുവരുമെന്നുമാണ് മുൻ ധനമന്ത്രി അരുൺ ജെയ്റ്റ്‌ലി വാദിച്ചത്. വിധിക്കുശേഷം, ബി.ജെ.പിയും കൂടുതൽ സുതാര്യതക്കായി നടപ്പാക്കിയതാണീ പദ്ധതിയെന്ന് ന്യായീകരിക്കുകയും ചെയ്തു -ഇതേക്കുറിച്ചെന്ത് പറയുന്നു?
കോടതിയിൽ വാദം നടക്കവെ സോളിസിറ്റർ ജനറലും ഇതുതന്നെ പറഞ്ഞിരുന്നു. മുമ്പത്തെ സംവിധാനം കുറ്റമറ്റതായിരുന്നില്ലെന്നും അതിലെ കേടുപാടുകൾ തീർക്കേണ്ടതുണ്ടെന്നും ഞാൻ സമ്മതിക്കുന്നു. പക്ഷേ, മോശമായ മുൻ സമ്പ്രദായത്തിൽപോലും, 20,000 രൂപക്ക് മുകളിൽ സംഭാവന നൽകുന്നവർ അവരുടെ ഐഡന്റിറ്റി വെളിപ്പെടുത്തണം. ഇപ്പോൾ വലിയ വലിയ തുകകൾ ലഭിക്കുമ്പോഴും ആരാണ് നൽകുന്നതെന്ന കാര്യം വ്യക്തമാവുന്നില്ല.
ഈ സമ്പ്രദായം വഴി സ്വരൂപിക്കുന്ന പണം തെരഞ്ഞെടുപ്പ് ആവശ്യങ്ങൾക്ക് മാത്രമേ ഉപയോഗിക്കാവൂ എന്നും ഒരിടത്തും വ്യവസ്ഥ ചെയ്യുന്നില്ല. ഈ പണം ഏതു നിലക്കെല്ലാമാണ് ചെലവഴിക്കപ്പെടുകയെന്ന് നമുക്കറിഞ്ഞുകൂടാ. ആ പണം കൊണ്ട് പാർട്ടി കാര്യാലയം പണിയാനും മാധ്യമങ്ങളിൽ പരസ്യം നൽകാനുമൊക്കെ സാധിച്ചേക്കും. മുൻ സംവിധാനത്തിൽ കൃത്യമായ മാറ്റം ആവശ്യമായിരുന്നു, പക്ഷേ, മാറ്റം കൂടുതൽ സുതാര്യമായിരിക്കണം, വിവരാവകാശത്തെ തടസ്സപ്പെടുത്തുന്നതുമാവരുത്.
രാഷ്ട്രീയപാർട്ടികൾക്ക് പണം ലഭിക്കുന്നത് സംബന്ധിച്ച് അറിയാൻ പൗരജനങ്ങൾക്ക് പൊതുവായ അവകാശമില്ലെന്നാണ് മോദി സർക്കാർ സുപ്രീംകോടതിയിൽ വാദിച്ചത്-ഇതേക്കുറിച്ച് എന്തു പറയുന്നു?
അറ്റോണി ജനറൽ (ആർ. വെങ്കിട്ടരമണി) ആദ്യ ദിവസംതന്നെ ഇക്കാര്യം പറഞ്ഞിരുന്നു, ഒരു പൗരനെന്നനിലയിൽ ഇത് അറിയുന്നത് എന്റെ മൗലികാവകാശമാണ്. എന്റെ സ്ഥാനാർഥിക്കുള്ള പണം എവിടെനിന്ന് വരുന്നു എന്നതുൾപ്പെടെ എല്ലാ കാര്യങ്ങളും അറിയാനുള്ള മൗലികാവകാശം എനിക്കുണ്ട്. എനിക്കാ അവകാശമില്ലെന്ന് നിങ്ങൾക്ക് എങ്ങനെ പറയാൻ കഴിയും?
ഈ വിധിയോട് സർക്കാർ എവ്വിധത്തിലാവും പ്രതികരിക്കുകയെന്നാണ് താങ്കൾ കരുതുന്നത്? ഇലക്ഷൻ കമീഷൻ അംഗങ്ങളെ നിയോഗിക്കുന്നതിന് ചീഫ് ജസ്റ്റിസ് ഉൾപ്പെട്ട പാനൽ രാഷ്ട്രപതിയെ ഉപദേശിക്കണമെന്ന സുപ്രീംകോടതി വിധി വന്നപ്പോൾ, ഈ വിധി അസാധുവാക്കാനും ചീഫ് ജസ്റ്റിസിനെ തെരഞ്ഞെടുപ്പ് പ്രക്രിയയിൽനിന്ന് ഒഴിവാക്കാനും കേന്ദ്രം ഒരു ബിൽ കൊണ്ടുവന്നു. ഈ കേസിലും സർക്കാർ സമാനമായ എന്തെങ്കിലും ചെയ്യാൻ സാധ്യതയുണ്ടോ?
അത് കാത്തിരുന്ന് കാണണം, എന്തും സംഭവിക്കാം, അവർക്ക് ഒരു ഓർഡിനൻസ് പുറത്തിറക്കാനാവും. പക്ഷേ, മുഴുവൻ ഭേദഗതികളും ഭരണഘടനാവിരുദ്ധമാണെന്ന് വ്യക്തമാക്കപ്പെട്ട സ്ഥിതിക്ക് അത്തരമൊരു നടപടി വല്ലാത്ത ദുഷ്പേരുണ്ടാക്കും.
സുതാര്യതക്കായുള്ള ഈ പരിശ്രമത്തിൽ താങ്കൾ നേരിട്ട വെല്ലുവിളികൾ എന്തെല്ലാമായിരുന്നു? ബോണ്ടുകളെക്കുറിച്ചുള്ള രേഖകൾ പുറത്തുകൊണ്ടുവരാൻ എത്ര വിവരാവകാശ അപേക്ഷകളാണ് നൽകിയത്?
നൂറോ അതിൽ കൂടുതലോ ഉണ്ടാവും. കൃത്യമായ എണ്ണംപോലും എനിക്ക് ഓർമയില്ല. ആദ്യം ലഭിക്കുന്ന രേഖകളിൽ എന്തെങ്കിലും കുറവുണ്ടെന്നും കൂടുതൽ വിവരങ്ങൾ ആവശ്യമാണെന്നും അറിയുമ്പോൾ അതേ വിഷയത്തിൽ പിന്നെയും പിന്നെയും അപേക്ഷകൾ നൽകേണ്ടിവരും.
ഞാൻ നേരിട്ട ഒരു പ്രധാന വെല്ലുവിളി സർക്കാർ വെബ്സൈറ്റുകളുടെ ജിയോഫെൻസിങ് ആണ്- അതായത് അമേരിക്കയിൽ ഇരിക്കുന്ന എനിക്ക് തെരഞ്ഞെടുപ്പ് കമീഷന്റേതുൾപ്പെടെ സർക്കാർ വെബ്‌സൈറ്റുകളോ എന്റെ സ്വന്തം പെൻഷൻ വെബ്‌സൈറ്റോപോലും തുറക്കാൻ കഴിയില്ല.
ഈ പ്രയാണങ്ങൾക്കിടയിൽ, ഒരു ദിവസം ഫോണിൽ ഒരു വാട്സ്ആപ് സന്ദേശം വന്ന ശബ്ദം കേട്ടാണ് ഞാൻ ഉണർന്നത്: മോദിക്കോ, ബി.ജെ.പിക്കോ ആർ.എസ്.എസിനോ എതിരെ എഴുതുന്ന ആർക്കും ഗൗരി ലങ്കേഷിന്റെ അതേ ഗതിയായിരിക്കും എന്നായിരുന്നു ആ സന്ദേശം; അത്തരം ഭീഷണികൾ കൊണ്ടൊന്നും എന്നെ പിന്തിരിപ്പിക്കാനാവില്ല.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.