നിയമസഭ തെരഞ്ഞെടുപ്പ് ഒരു സാഹചര്യത്തിലും റദ്ദാക്കരുതെന്നും ജനാധിപത്യത്തെ ശക്തിപ്പെടുത്താനും ജമ്മു-കശ്മീരിന്റെ സംസ്ഥാന പദവി പുനഃസ്ഥാപിക്കാനും തെരഞ്ഞെടുപ്പ് പ്രക്രിയയുമായി മുന്നോട്ട് പോകണമെന്ന് നിരവധി രാഷ്ട്രീയ വിശകലന വിദഗ്ധർ ഇന്ത്യ ഗവൺമെന്റിനെ ഉപദേശിച്ചിട്ടുണ്ട്
ജമ്മു-കശ്മീരിൽ, പ്രത്യേകിച്ച് ജമ്മു മേഖലയിൽ അടുത്തിടെ അടിക്കടി നടന്നുകൊണ്ടിരിക്കുന്ന ഭീകരവാദപ്രവർത്തനങ്ങൾ, സുപ്രീംകോടതി നിർദേശപ്രകാരം സെപ്റ്റംബർ 30ന് മുമ്പ് പൂർത്തിയാകേണ്ട നിയമസഭ തെരഞ്ഞെടുപ്പിൽ വോട്ടർമാരെ ധ്രുവീകരിക്കുമെന്ന് ജമ്മു-കശ്മീരിലെ രാഷ്ട്രീയ നിരീക്ഷകർ ചൂണ്ടിക്കാട്ടുന്നു. ചില പ്രദേശവാസികളെക്കൂടി ഉൾക്കൊള്ളിച്ച് അതിർത്തി കടന്നുള്ള ഭീകരപ്രവർത്തനങ്ങൾ നടത്തുന്നവർ നിയമസഭ തെരഞ്ഞെടുപ്പ് മാറ്റിവെപ്പിക്കാനോ റദ്ദാക്കാനോ ആണ് ലക്ഷ്യമിടുന്നതെന്ന് ഒരുപറ്റം വിദഗ്ധർ വിശ്വസിക്കുന്നുണ്ടെങ്കിലും, ഈ അതിർത്തി സംസ്ഥാനത്തെ രാഷ്ട്രീയ സാഹചര്യം കൃത്യമായി നിരീക്ഷിക്കുന്നവർ അതിനെ തള്ളിക്കളയുന്നു.
നിയമസഭ തെരഞ്ഞെടുപ്പ് ഒരു സാഹചര്യത്തിലും റദ്ദാക്കരുതെന്നും ജനാധിപത്യത്തെ ശക്തിപ്പെടുത്താനും ജമ്മു-കശ്മീരിന്റെ സംസ്ഥാന പദവി പുനഃസ്ഥാപിക്കാനും തെരഞ്ഞെടുപ്പ് പ്രക്രിയയുമായി മുന്നോട്ട് പോകണമെന്ന് നിരവധി രാഷ്ട്രീയ വിശകലന വിദഗ്ധർ ഇന്ത്യ ഗവൺമെന്റിനെ ഉപദേശിച്ചിട്ടുണ്ട്. ജമ്മു-കശ്മീരിന് പ്രത്യേക പദവി നൽകിയിരുന്ന ഭരണഘടനയുടെ 370ാം വകുപ്പ് റദ്ദാക്കിയ കേന്ദ്രസർക്കാർ ജമ്മു- കശ്മീരിനെ മൂന്നായിത്തിരിച്ച് ജമ്മു, കശ്മീർ, ലഡാക്ക് എന്നിങ്ങനെ കേന്ദ്രഭരണ പ്രദേശങ്ങളാക്കിയിരിക്കുകയാണ്.
സെപ്റ്റംബർ 30ന് മുമ്പ് തന്നെ തെരഞ്ഞെടുപ്പ് നടത്തി സംസ്ഥാന പദവി പുനഃസ്ഥാപിക്കുമെന്ന് അടുത്തിടെ ശ്രീനഗർ സന്ദർശിച്ച വേളയിൽ പ്രധാനമന്ത്രി നരേന്ദ്ര മോദി പ്രഖ്യാപിച്ചിരുന്നു. സുപ്രീംകോടതി നിഷ്കർഷിച്ച കാലപരിധിയിൽത്തന്നെ തെരഞ്ഞെടുപ്പ് നടക്കുമെന്നാണ് കേന്ദ്ര തെരഞ്ഞെടുപ്പ് കമീഷൻ വൃത്തങ്ങളും വ്യക്തമാക്കിയിട്ടുള്ളത്.
ഈയിടെ സമാപിച്ച പാർലമെന്റ് തെരഞ്ഞെടുപ്പ് ജമ്മു-കശ്മീരിന്റെ പ്രത്യേക പദവിയും സംസ്ഥാന പദവിയും നീക്കിയശേഷം നടന്ന ആദ്യ ജനഹിത പരിശോധനയായിരുന്നു. 58.6 ശതമാനമായിരുന്നു പോളിങ്. നാലു പതിറ്റാണ്ടിനിടെയുണ്ടായ ഏറ്റവും ഉയർന്ന പോളിങ്ങാണിത്. ഉയർന്ന പോളിങ് ശതമാനം ജനാധിപത്യ പ്രക്രിയയോടുള്ള പൊതുജന താൽപര്യത്തെയും രാഷ്ട്രീയ പാർട്ടികളോടും നേതാക്കളോടുമുള്ള അവരുടെ വികാരത്തെയും സൂചിപ്പിക്കുന്നു. ബാരാമുല്ല മണ്ഡലത്തിൽ മത്സരിച്ച മുൻ മുഖ്യമന്ത്രിയായ ജമ്മു-കശ്മീർ നാഷനൽ കോൺഫറൻസ് നേതാവ് ഉമർ അബ്ദുല്ലയെ തോൽപിച്ച ജനം ജയിലിൽ കിടന്ന് മത്സരിച്ച സ്വതന്ത്ര സ്ഥാനാർഥി എൻജിനീയർ അബ്ദുൽ റാഷിദ് ശൈഖിനെയാണ് തെരഞ്ഞെടുത്തത്. പാർലമെന്റ് തെരഞ്ഞെടുപ്പ് വേളയിൽ തീവ്രവാദികളുടെ വകയായി തടസ്സങ്ങളൊന്നും ഉണ്ടായില്ലെന്നിരിക്കെ അവർ എന്തിനാണ് നിയമസഭ തെരഞ്ഞെടുപ്പ് തടസ്സപ്പെടുത്താൻ അക്രമങ്ങൾ സൃഷ്ടിക്കുന്നത് എന്നതാണ് ആശ്ചര്യകരമായ കാര്യം. അതിർത്തിക്കപ്പുറമുള്ള ശക്തികളുടെ നിർദേശപ്രകാരം ചില പ്രത്യേക രാഷ്ട്രീയ അജണ്ടയുടെ അടിസ്ഥാനത്തിലാണോ അവർ പ്രവർത്തിക്കുന്നത്? വോട്ടർമാരെ ധ്രുവീകരിക്കുക എന്നതാണ് അവരുടെ ഉദ്ദേശ്യമെങ്കിൽ, നിയമസഭ തെരഞ്ഞെടുപ്പ് നടത്തുന്നതിന് മുമ്പ് തീവ്രവാദികളെ അക്രമത്തിന് പ്രേരിപ്പിക്കുന്ന ശക്തികൾക്ക് അത് ഏതുവിധത്തിലാണ് പ്രയോജനംചെയ്യുക?
പാർലമെന്റ് തെരഞ്ഞെടുപ്പിന് തൊട്ടുപിന്നാലെ ജമ്മു മേഖലയിൽ തീവ്രവാദ അക്രമങ്ങളിലുണ്ടായ വർധന രാഷ്ട്രീയ-ബൗദ്ധിക വൃത്തങ്ങളിൽ ആശങ്കജനകമായ ചർച്ചാ വിഷയമാണ്. നാല് പതിറ്റാണ്ടിലേറെയായി ജമ്മു-കശ്മീർ വിഷയങ്ങൾ റിപ്പോർട്ട് ചെയ്യുന്ന ജമ്മുവിലെയും പഞ്ചാബിലെയും പത്രക്കാർ ലോക്സഭ തെരഞ്ഞെടുപ്പിന് പിന്നാലെ നടമാടുന്ന അക്രമസംഭവങ്ങളിൽ സൂക്ഷ്മ വിലയിരുത്തൽ വേണമെന്ന പക്ഷക്കാരാണ്. ഈ രീതിയിലുള്ള സായുധ ഭീകരാക്രമണങ്ങൾ വോട്ടർമാരെ ധ്രുവീകരിക്കാനും സമൂഹത്തിന്റെ വർഗീയവത്കരണത്തിനും മതവും ജാതിയും അടിസ്ഥാനപ്പെടുത്തിയുള്ള വോട്ട് വിഭജനങ്ങളിലൂടെ നിലനിൽക്കുന്ന പാർട്ടികൾക്ക് പ്രയോജനപ്പെടാനും സാധ്യതയുണ്ടെന്ന് അവർ പറയുന്നു. പുൽവാമയിൽ സി.ആർ.പി.എഫ് വാഹനവ്യൂഹത്തിന് നേരെയുണ്ടായ ഭീകരാക്രമണത്തിൽ 40 ജവാന്മാർ രക്തസാക്ഷികളായത് 2019ലെ പൊതു തെരഞ്ഞെടുപ്പിലെ രാഷ്ട്രീയചിത്രം മാറ്റിമറിച്ചതും കേന്ദ്രത്തിൽ ഭരണത്തുടർച്ചക്ക് വഴിതെളിയിച്ചതും പല നിരീക്ഷകരും എടുത്തുപറയുന്നു. ബി.ജെ.പിക്കാരനായിരുന്ന ജമ്മു- കശ്മീർ മുൻ ഗവർണർ സത്യപാൽ മാലിക്കിനെപ്പോലുള്ളവർ പുൽവാമ സംഭവത്തെക്കുറിച്ച് വളരെ വിവാദപരമായ പരാമർശങ്ങളാണ് നടത്തിയത്.
വർധിച്ചുവരുന്ന അതിർത്തി കടന്നുള്ള ഭീകരവാദത്തെ പാർട്ടികൾ രാഷ്ട്രീയവത്കരിക്കാതിരുന്നെങ്കിലെന്ന് നാമേവരും ആഗ്രഹിക്കുന്നു, ഇത് രാജ്യസുരക്ഷയുമായി ബന്ധപ്പെട്ട വിഷയമാണ്. നിയമസഭ തെരഞ്ഞെടുപ്പ് അടുത്തു നിൽക്കെ ഈ സംഭവങ്ങളെ രാഷ്ട്രീയലാഭം നേടാനുള്ള കളികൾക്കായി ചില പാർട്ടികളോ അവരുടെ നേതാക്കളോ ഉപയോഗിച്ചേക്കാമെന്ന ഭീതി പല കോണുകളിൽനിന്നുമുയരുന്നുണ്ട്.
തെരഞ്ഞെടുപ്പ് നിശ്ചിത സമയത്ത് തന്നെ നടക്കുമെന്നു തന്നെയാണ് കണക്കുകൂട്ടപ്പെടുന്നത്. അതിനു മുന്നോടിയായി നടത്തിയ മണ്ഡല പുനർനിർണയത്തിന് സ്വീകരിച്ച മാനദണ്ഡങ്ങളിൽ കശ്മീർ താഴ്വരയിലെ രാഷ്ട്രീയ പാർട്ടികൾ തൃപ്തരല്ല. പുനർനിർണയത്തിന് മുമ്പ് കശ്മീർ മേഖലയിൽ 46ഉം ജമ്മുവിൽ 37ഉം നിയമസഭ സീറ്റുകളാണുണ്ടായിരുന്നത്. ഇപ്പോഴത് യഥാക്രമം 47,43 സീറ്റുകളായിരിക്കുന്നു. 55.4 ശതമാനം ജനസംഖ്യയുള്ള കശ്മീരിൽ 1.45 ലക്ഷം ജനങ്ങളെയാണ് ഒരു മണ്ഡലത്തിൽ ഉൾപ്പെടുത്തിയിരിക്കുന്നതെങ്കിൽ 44.6 ശതമാനം ജനസംഖ്യയുള്ള ജമ്മുവിൽ 1.25 ലക്ഷം ജനങ്ങളെച്ചേർത്താണ് ഓരോ മണ്ഡലവും നിർണയിച്ചിരിക്കുന്നത്. വിദൂരത, ഭൂപ്രകൃതി, പാകിസ്താനിൽനിന്നുള്ള ശത്രുത എന്നിവയെ അടിസ്ഥാനപ്പെടുത്തിയാണത്രേ ജമ്മുവിൽ ഇത്തരമൊരു മാനദണ്ഡം സ്വീകരിച്ചത്. അങ്ങനെയെങ്കിൽ ജമ്മുവിനെക്കാൾ മോശം സ്ഥിതിവിശേഷമുള്ള വടക്കൻ കശ്മീരിലെ അതിർത്തി ജില്ലകളായ ബാരാമുല്ല, കുപ് വാര, ബന്ദിപുര എന്നിവിടങ്ങളിലും ഇതേ മാനദണ്ഡം പ്രയോഗിക്കാമായിരുന്നുവെന്ന് രാഷ്ട്രീയ നിരീക്ഷകർ പറയുന്നു. എന്നാൽ, അതുണ്ടായില്ല. ഈ തീരുമാനത്തെ കശ്മീരിലെ രാഷ്ട്രീയ കക്ഷികൾ സുപ്രീംകോടതിയിൽ ചോദ്യംചെയ്യാൻ ശ്രമിച്ചെങ്കിലും അവരുടെ പരാതി തള്ളപ്പെട്ടു. ‘ഭൂരിപക്ഷത്തെ ന്യൂനപക്ഷമായും ന്യൂനപക്ഷത്തെ ഭൂരിപക്ഷമായും’ പരിവർത്തനം ചെയ്തുകൊണ്ട് തെരഞ്ഞെടുപ്പിന് മുമ്പേ നടത്തിയ തന്ത്രപരമായ കൃത്രിമം എന്നാണ് മണ്ഡല പുനർനിർണയ മാനദണ്ഡത്തെക്കുറിച്ച് പി.ഡി.പി അധ്യക്ഷ മെഹബൂബ മുഫ്തി അഭിപ്രായപ്പെട്ടത്.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.