‘മട്ടാഞ്ചേരി ഘരാന’ അന്നും ഇന്നും കൊച്ചിയുടെ പാട്ടിന് ഒരേ താളം

വ്യാപാരം സജീവമായിരുന്ന കാലത്ത് കൊച്ചി ഒരു രാജ്യാന്തര നഗരമായിരുന്നു. കന്യാകുമാരി മുതൽ കശ്മീർ വരെയുള്ള കച്ചവടക്കാരും തൊഴിലാളികളും ഈ നഗരത്തിലേക്ക് ഒഴുകിയെത്തി. ഏകദേശം അഞ്ച് കിലോമീറ്റർ ചുറ്റളവിലുള്ള ഈ പ്രദേശം ഫോർട്ട് കൊച്ചി മുതൽ മട്ടാഞ്ചേരിയിലെ തോപ്പുംപാടി വരെ വ്യാപിച്ചു കിടന്നു. കൊച്ചിൻ തുറമുഖം വഴിയുള്ള ചരക്കുകളുടെ ഇറക്കുമതിയും സുഗന്ധവ്യഞ്ജനങ്ങളും മറ്റ് പ്രാദേശിക ഉൽ‌പന്നങ്ങൾ കയറ്റുമതി ചെയ്യുന്നതിനുള്ള സൗകര്യങ്ങൾ ഈ നഗരത്തെ കേരളത്തിന്റെ വ്യാവസായിക കേന്ദ്രമാക്കി മാറ്റി. ഈ പ്രതാപവും സമ്പന്നതയും കാലക്രമേണ മങ്ങിപ്പോയെങ്കിലും കൊച്ചി ജനങ്ങളുടെ ഹൃദയത്തിൽ ഇപ്പോഴും തങ്ങി നിൽക്കുന്നു. ഇപ്പോൾ ഗുജറാത്തികൾ, മാർവാഡികൾ, കച്ചി മേമൻമാർ, കശ്മീരികൾ, തമിഴർ, കൊങ്കണികൾ, ഡെക്കാനികൾ, പഞ്ചാബികൾ, ആംഗ്ലോ-ഇന്ത്യൻസ് തുടങ്ങി രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിൽ നിന്നുള്ള ആളുകൾ ഈ നഗരത്തെ തങ്ങളുടെ ഭവനമായി സ്വീകരിച്ചു. അവർ അഞ്ച് ചതുരശ്ര കിലോമീറ്ററുള്ള ചെറിയ പ്രദേശത്ത് തങ്ങളുടെ സ്വന്തം ഭാഷകളിൽ സംസാരിക്കുകയും ആശയവിനിമയം നടത്തുകയും ചെയ്യുന്നു.

ഈ വംശീയവും സാംസ്കാരികവുമായ വൈവിധ്യമാണ് 'മട്ടാഞ്ചേരി സംസ്കാരം' എന്നറിയപ്പെടുന്ന അതുല്യ സംസ്കാരത്തിന്റെ ഉദയത്തിന് കാരണമായതെന്ന് മെഹബൂബ് മെമ്മോറിയൽ ഓർക്കസ്ട്രയുടെ സെക്രട്ടറി കെ.എ.ഹുസൈൻ പറയുന്നു. ഈ സവിശേഷമായ സംസ്കാരം മെഹബൂബ് (പ്രാദേശികമായി ഭായി എന്ന് വിളിക്കുന്നു), യേശുദാസ്, സംഗീതജ്ഞരായ സീറോ ബാബു, ഇബ്രാഹിം തുറുത്തി, കിഷോർ അബു, കൊച്ചിൻ ആസാദ്, അഫ്സൽ, ഗസൽ ഗായകൻ ഉമ്പായ് എന്നിവരെ ഉൾപ്പെടെ നിരവധി ഗായകരെയും സംഗീതജ്ഞരെയും ഈ പ്രദേശത്തിന് സമ്മാനിച്ചിട്ടുണ്ട്. ഈ പട്ടിക അവിടെ അവസാനിക്കുന്നില്ല, യുവ ഗായകരും സംഗീതജ്ഞരും സംഗീത മേഖലയിൽ പുഷ്പം പോലെ വിരിയുന്നു. മെഹ്ഫിൽ എന്നറിയപ്പെടുന്ന അനേകം സംഗീത സംഘങ്ങൾ ഇവിടെ ജന്മമെടുത്തു. ഹിന്ദി, ഉർദു ഗസലുകൾ, മലയാളം ഗാനങ്ങൾ എന്നിവയടക്കം തങ്ങളുടെ പ്രിയപ്പെട്ട ഗാനങ്ങൾ കേൾക്കാൻ ആളുകൾ ഒത്തുകൂടുന്ന ഇടമാണ് മെഹ്ഫിൽ. ചിലർ ഗായകർക്കൊപ്പം പാടുകയും മറ്റുള്ളവർ താളത്തിനൊപ്പം ചുവടുവെക്കുകയും ചെയ്യുന്നു. ഇത് ഊർജസ്വലവും ഉന്മേഷദായകവുമായ ഒരു അന്തരീക്ഷം സൃഷ്ടിക്കുന്നു.


കൊച്ചിൻ തുറമുഖം സാംസ്കാരിക പ്രതാപത്തിന്റെ ഉന്നതിയിലായിരുന്നപ്പോൾ, വടക്കേ ഇന്ത്യയിൽ നിന്നുള്ള സംഗീത ഇതിഹാസങ്ങൾ തങ്ങളുടെ മാസ്മരിക പ്രകടനങ്ങൾ നടത്തി ജനക്കൂട്ടത്തെ വിസ്മയിപ്പിച്ചിരുന്നു. സംഗീതത്തോടുള്ള അടങ്ങാത്ത ഭക്തി, അവരെ പ്രിയപ്പെട്ടതെന്തും ബലികഴിക്കാൻ അവരെ പ്രേരിപ്പിച്ചു. വ്യത്യസ്ത പശ്ചാത്തലത്തിൽ നിന്നുള്ള ആളുകൾക്കിടയിൽ സംഗീതത്തിനും ഗാനങ്ങൾക്കുമുള്ള ആഗ്രഹമാണ് 1965ൽ അഡ്വ. അബ്ദുൾ ഖാദറിന്റെ നേതൃത്വത്തിൽ മ്യൂസിക്കൽ മീറ്റ് എന്ന സംഗീത സംഘത്തിന്റെ രൂപീകരണത്തിന് വഴിവെച്ചത്. 'അബ്ദുൾ ഖാദർ വക്കീൽ' എന്ന പേരിൽ അദ്ദേഹം അറിയപ്പെട്ടു. അദ്ദേഹത്തിന്റെ കീഴിൽ മ്യൂസിക്കൽ മീറ്റ് ഗായകൻ മുഹമ്മദ് റാഫി, രവി ശങ്കർ, അല്ലാ രഖാ ഖാൻ, പർവീൻ സുൽത്താന, ബേഗം അക്തർ തുടങ്ങിയ ഇതിഹാസങ്ങളെ കൊച്ചിയിലേക്ക് കൊണ്ടുവന്നു. 1965ൽഉദ്ഘാടനത്തിന് തൊട്ടുപിന്നാലെ, മട്ടാഞ്ചേരി ടൗൺ ഹാളിൽ നിറഞ്ഞ ജനക്കൂട്ടത്തിന് ഈ ഇതിഹാസങ്ങൾ സംഗീതം പകർന്നു നൽകി.

ഉമ്പായി

1980കളുടെ തുടക്കത്തിൽ കേരളത്തിലെ ആദ്യത്തെ ഖവാലി ഗ്രൂപ്പായി 'രാഗ്' എന്ന മറ്റൊരു സംഗീത സംഘം രൂപീകൃതമായി. പ്രശസ്ത ഗസൽ ഗായകനായ ഉമ്പായി ഉൾപ്പെടെയുള്ള ഒരു കൂട്ടം ചെറുപ്പക്കാരായ തുറമുഖ തൊഴിലാളികൾ ചേർന്നാണ് ഇത് രൂപീകരിച്ചത്. 1985ൽ പിന്നണി ഗായകൻ മെഹബൂബ് ഭായിയുടെ ഓർമ്മക്കായി രാഗിനെ മെഹബൂബ് മെമ്മോറിയൽ ഓർക്കസ്ട്ര എന്ന പേരിൽ പുനർനാമകരണം ചെയ്തു. കൊച്ചിക്കാർക്കിടയിലെ ജനപ്രീതി കാരണം, മെഹബൂബിന്‍റെ പേര് പരാമർശിക്കാതെ കൊച്ചിയുടെ സംഗീത സംസ്കാരത്തിന്റെ ചരിത്രം അപൂർണമാകും. എം.എം. ഓർക്കസ്ട്രയെ കേരളത്തിലുടനീളം നിരവധി വേദികളിൽ അവതരിപ്പിക്കുന്നതിൽ മറ്റുള്ളവരോടൊപ്പം ഉമ്പായിയുമുണ്ടെന്ന് ഹുസൈൻ പറയുന്നു.

കെ.എ.ഹുസൈൻ

1987ൽ കേരളത്തിൽ പൊതുജനങ്ങൾക്കായി 'റാഫി നൈറ്റ്' എന്നൊരു സംഗീത പരിപാടി എം.എം ഓർക്കസ്ട്ര ആരംഭിച്ചു. മറ്റേത് സംഗീത പരിപാടിയെയും പോലെ, റാഫി നൈറ്റിന്റെ വേദിയും മട്ടാഞ്ചേരി ടൗൺ ഹാളായിരുന്നു. രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിൽ നിന്നുള്ള ഗായകരെ, റാഫിയുടെ ആത്മാവ് നിറഞ്ഞ ഗാനങ്ങൾ ആലപിക്കാൻ താൽപര്യമുള്ളവരെ ഒന്നിപ്പിച്ചു. ഇന്ന്, വേദി എറണാകുളം ഫൈൻ ആർട്സ് ഹാളിലേക്ക് മാറ്റിയിരിക്കുന്നു. കോവിഡിന്‍റെ രണ്ട് വർഷം ഒഴികെ ഒഴികെ, 1987 മുതൽ എം.എം ഓർക്കസ്ട്രയുടെ ബാനറിൽ നടക്കുന്ന കൊച്ചിയിൽ റാഫി നൈറ്റ് നടക്കുന്നുണ്ട് -ഹുസൈൻ പറഞ്ഞു.

'മതം, നിറം, ജാതി, പാർട്ടി എന്നീ വേർതിരിവുകൾക്ക് അതീതമായി ആളുകളെ ഒന്നിപ്പിക്കുന്ന സംഗീതം എന്ന സംസ്കാരത്തിന് കീഴിൽ, ഓർക്കസ്ട്രയുടെ പ്രവർത്തനങ്ങൾ തടസമില്ലാതെ തുടരണം. നവാഗത പ്രതിഭകളെ പ്രോത്സാഹിപ്പിക്കുകയും സംഗീതത്തിനും അതിന്റെ സംസ്കാരത്തിനും പ്രേരണ നൽകുകയുമാണ് ഞങ്ങളുടെ ലക്ഷ്യം' -ഹുസൈൻ പറയുന്നു. പുതുതലമുറക്ക് പ്രവർത്തനങ്ങൾ കൈമാറാനും അവരെ ഭാവിയിലേക്ക് കൊണ്ടുപോകാനും ഇപ്പോഴാണ് മികച്ച സമയം. പുതിയ തലമുറ ഗായകർക്കും സംഗീതജ്ഞർക്കും കൂടുതൽ ഇടംനൽകാൻ എം.എം ഓർക്കസ്ട്ര പ്രതിജ്ഞാബദ്ധമാണെന്ന് 1999 മുതൽ എം.എം ഓർക്കസ്ട്രയുടെ നേതൃത്വത്തിലുള്ള 70കാരനായ ഹുസൈൻ ചൂണ്ടിക്കാട്ടുന്നു.

റാഫി നൈറ്റ്

സംഗീതത്തിന് എക്കാലത്തും വളക്കൂറുള്ള മണ്ണാണ് കൊച്ചി. ഇഖ്ബാൽ മ്യൂസിക് അക്കാദമി, മെഹ്ഫിൽ-ഇ-ഖയാൽ, കൊച്ചി മ്യൂസിക് സോൺ, മെഹ്ഫിൽ ഓർക്കസ്ട്ര തുടങ്ങിയ ചെറിയ മെഹ്ഫിലുകളുടെ ഉയർച്ചയും ഇവിടെ കാണാം. സലാം കൊച്ചി, താജുദ്ദീൻ, യാഹിയ അസീസ്, ഗസൽ ഗായകൻ റഫീഖ് യൂസഫ് തുടങ്ങിയ പുതിയ തലമുറ പ്രതിഭകളെ ഈ ഇടങ്ങൾ വളർത്തിയെടുത്തു.

സംഗീതത്തിന്റെ മാന്ത്രികതയിൽ ആകർഷിക്കപ്പെടാത്ത ഒരാളെ കണ്ടെത്താൻ ഏതാണ്ട് അസാധ്യമായ ഈ നഗരത്തിൽ, ആ പാരമ്പര്യം തുടരുന്നു. മട്ടാഞ്ചേരിയുടെ സമ്പന്നമായ സംഗീത സംസ്കാരത്തെ പുതുതലമുറ ഗായകരും സംഗീതജ്ഞരും ചേർന്ന് മുന്നോട്ട് നയിക്കുന്നു. വേദിയിൽ കയറുമ്പോൾ, അവർ പ്രദേശത്തിന്റെ സംഗീത പൈതൃകത്തെ സമ്പുഷ്ടമാക്കുക മാത്രമല്ല, മട്ടാഞ്ചേരിയുടെ മെലഡി കഥ പുതിയ ഉയരങ്ങളിലെത്തിക്കുകയും ചെയ്യുന്നു. വൈവിധ്യമായ സംഗീതത്തിലൂടെ ഐക്യപ്പെടുന്ന ഒരു നഗരത്തിൽ, കൊച്ചിയുടെ സംഗീത സംസ്കാരത്തിന്റെ കഥ എക്കാലത്തും ഒരു സിംഫണിയായി തുടരുന്നു.

Tags:    
News Summary - Mattanchery Gharana: Kochi sings in its own style no matter what genre is

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.