തേങ്ങാപ്പാലില്‍ ചെറുപഴം അരിഞ്ഞിട്ടുണ്ടാക്കുന്ന ഒരു വിഭവം. നാവ് അലിഞ്ഞുപോകുന്ന രുചി. പാലിയപ്പഴം എന്നാണ് നാട്ടില്‍ പേര്. എല്ലാ നാട്ടിലും അതുണ്ടാവും. പേര് വേറെയാകും. വലിയുമ്മ അതുണ്ടാക്കുമ്പോള്‍ രുചി കൂടുതലാണ്. റമദാന് കാലമായാലുള്ള നിത്യ വിഭവം. രാത്രി അത്താഴത്തിനു ശേഷമാണ് വലിയുമ്മ അത് വിളമ്പുക. ഗ്ലാസില്‍ ഒഴിച്ചുതരും. എത്രത്തോളം പതിയെ കഴിക്കുന്നുവോ അത്രയും രുചി നുണയാം. സുബ്ഹി ബാങ്കു കേള്‍ക്കുന്നവരെയും നാവുചുഴറ്റി ഗ്ലാസ് നക്കിത്തുടച്ച് അവസാന സ്വാദും വലിച്ചെടുക്കും. വലിയുമ്മ ഉണ്ടാക്കുന്ന ഈ പാലയിപ്പഴം കഴിക്കാന്‍ വേണ്ടിയാണ് നോമ്പുനോറ്റു തുടങ്ങിയത്.
ബാപ്പ മരിച്ചതിനുശേഷം കുറെക്കാലം ഉമ്മയുടെ തറവാട്ടിലായിരുന്നു താമസം. ഉമ്മയുടെ ആങ്ങള മൊയ്തീന് കുട്ടി ഹാജിയാണ് തറവാട്ടില്‍ താമസം. ഉമ്മയുടെ ഉമ്മയാണ് വലിയുമ്മ. ഖദീജ എന്നാണ് പേര്. അത്താഴം കഴിച്ചാല്‍ നോമ്പ് നോല്ക്കണം. അത് വലിയുമ്മയുടെ കര്‍ശന ചിട്ടയാണ്. നിവൃത്തിയില്ല. പട്ടിണി ഇരുന്നേപറ്റൂ. വീടിന് പുറത്തിറങ്ങി പറമ്പുകളില്‍ കളിച്ചുനടക്കുന്നതിനിടെ വിശപ്പ് സഹിക്കാതാവുമ്പോള്‍ ആരും കാണാതെ കൈയില്‍ തടയുന്നത് അകത്താക്കാന്‍ ശ്രമിക്കും. അത് മാങ്ങയോ നെല്ലിക്കയോ അമ്പഴങ്ങയോ എന്തുമാകാം.
രാത്രി അത്താഴത്തിന് ആളുകളെ ഉണര്‍ത്താന്‍ പുലര്‍ച്ച രണ്ടുമണിക്ക് ബാങ്കുവിളിക്കുന്നതാണ് നാട്ടിലെ രീതി. ഇപ്പോഴും കരൂപ്പടന്ന മേഖലയില്‍ അതാണ് പതിവ്. നോമ്പുതുറയും തറാവീഹുമെല്ലാം കഴിഞ്ഞ് അത്താഴത്തിന് ഉണര്‍ത്തുന്ന ആ ബാങ്കുവിളിവരെ പള്ളിയില്‍ കഴിച്ചുകൂട്ടും. പിന്നെ വീട്ടിലേക്ക് പോകും. മദ്റസ പഠനം കഴിഞ്ഞപ്പോള്‍ വെള്ളാങ്കല്ലൂര്‍ ജുമുഅത്ത് പള്ളിയിലെ പാരമ്പര്യ ദര്സില് ചേര്‍ന്നു. അതേസമയത്തുതന്നെ കൊടുങ്ങല്ലൂര്‍ കുഞ്ഞിക്കുട്ടന്‍ തമ്പുരാന് കോളജില്‍ പ്രീഡിഗ്രി പഠനവും നടന്നു. പ്രീഡിഗ്രി കഴിഞ്ഞപ്പോള്‍ പൂര്‍ണ ശ്രദ്ധ മതപഠനത്തില്‍ കേന്ദ്രീകരിച്ചു. ഏഴ് വര്‍ഷമായിരുന്നു മതപഠനം.
പ്രീഡിഗ്രിയും മതപഠനവും കഴിഞ്ഞപ്പോള്‍ വീട് നോക്കാനുള്ള ചുമതല ചുമലിലേറ്റി. ഉപജീവനമാര്‍ഗം കെണ്ടത്താനുള്ള ശ്രമമായി. പഠിച്ച ഹുദാ മദ്റസയില്‍ ഒരു അധ്യാപകെൻറ താല്‍ക്കാലിക ഒഴിവുണ്ടെന്ന് അറിഞ്ഞ് ചെന്നതാണ്. നിയമിക്കപ്പെട്ടതും തല്‍ക്കാലത്തേക്കാണ്. എന്നാല്‍ അത് ഒരു വ്യാഴവട്ടക്കാലത്തേക്ക് നീണ്ടു. ആ 12 വര്‍ഷത്തിനിടെ നിരവധി ശിഷ്യഗണങ്ങളുണ്ടായി. നൂറുകണക്കിനാളുകള്‍. അവരില്‍ പലരും ഗള്‍ഫിലുണ്ട്. ‘മാണിക്യ മലരായ പൂവി’ ഇപ്പോള്‍ ലോക ഹിറ്റായപ്പോള്‍ അവരെല്ലാം അഭിമാനത്തോടെ ഉസ്താദിനെ വിളിച്ച് സ്നേഹം കൊണ്ട് പൊതിഞ്ഞു.
മദ്റസജോലി വിട്ടശേഷം ജോലി തേടി കടല്‍ കടക്കുകയായിരുന്നു. ആദ്യം ഖത്തറിലാണ് എത്തിയത്. 15 വര്‍ഷം അവിടെ. നിർത്തി നാട്ടില്‍പോയി കുറച്ചുകാലം നിന്നശേഷമാണ് നാട്ടുകാരനായ ഇബ്രാഹിം ഹാജി തന്ന വിസയില്‍ സൗദി അറേബ്യയിലേക്ക് പറന്നത്. എത്തിയത് റിയാദില്‍. പുത്തന്‍ചിറ ചിലങ്ക സ്വദേശി അബ്ദുല്‍ റഷീദിെൻറ പലചരക്കുകടയില്‍ ജോലിയും കിട്ടി. അന്നുതൊട്ട് ഇന്നു വരെയും ഇവിടെത്തന്നെ. 15 വര്‍ഷം കഴിഞ്ഞു. 20ാം വയസ്സിലാണ് ‘മാണിക്യ മലരായ പൂവി’ എന്ന പാട്ട് എഴുതുന്നത്.
16 വയസ്സില്‍ തുടങ്ങിയ സപര്യ ഇതുവരെ 500ലേറെ പാട്ടുകള്‍ മാപ്പിളപ്പാട്ട് ശാഖക്ക് സമ്മാനിച്ചു കഴിഞ്ഞു. എന്നാലും ‘മാണിക്യമലരോളം’ മെഗാഹിറ്റ് അക്കൂട്ടത്തില്‍ വേറെയില്ല. ഈ റമദാനും പെരുന്നാളിനും കൂടുതല്‍ മധുരമുണ്ട്. ജീവിതത്തിലെ വലിയ ആഹ്ലാദവും അംഗീകാരവും ലഭിച്ചതിനു ശേഷമുള്ള ആദ്യ റമദാനാണിത്.
തയാറാക്കിയത്: നജീം കൊച്ചുകലുങ്ക്
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.