അന്തരിച്ച തെന്നിന്ത്യൻ പിന്നണി ഗായിക കല്യാണി മേനോന്‍റെ അവസാന അഭിമുഖം പ്രസിദ്ധീകരിച്ചത് ജൂലൈ നാലിന് 'വാരാദ്യ മാധ്യമ'ത്തിൽ ആയിരുന്നു. അവരുടെ എൺപതാം പിറന്നാൾ സ്പെഷ്യൽ ആയി വിജയ് സി.എച്ച്. ആണ് അഭിമുഖം തയാറാക്കിയത്.
'ഋതുഭേദ കൽപന ചാരുത നൽകിയ പ്രിയ പാരിതോഷികംപോലെ...' ഇളയരാജ ചിട്ടപ്പെടുത്തിയ സംഗീതത്തിൽ, യേശുദാസുമൊത്ത് കല്യാണി മേനോൻ പാടിയ എം.ഡി. രാജേന്ദ്രെൻറ വരികൾ... പ്രണയം നഷ്ടപ്പെട്ട് പ്രിയപ്പെട്ടവൾ വാടിക്കൊഴിഞ്ഞു വിടപറയുന്ന നാളിനെ പ്രവചിച്ചപ്പോൾ, യഥാർഥത്തിൽ പ്രണയിക്കാത്തവരും 'ഋതുഭേദ കൽപന'യുമായി പ്രണയത്തിലാകുകയായിരുന്നു! പ്രണയവും വിരഹവും ഒരു നാണയത്തിെൻറ ഇരു വശങ്ങളാണെന്ന് അറിയുന്ന ശ്രോതാക്കളുടെ ഉള്ളിൽ ആഭേരി രാഗം തീക്ഷ്ണ ചിന്തകളുണർത്തി. പിന്നീട് വിയറ്റ്നാം കോളനിയും മീശമാധവനും പെരുമഴക്കാലവും പ്രണയകാലവും കഴിഞ്ഞ് ലാപ്ടോപ്പിൽ എത്തിയപ്പോഴേക്കും, അഞ്ചാം വയസ്സിൽ ആരംഭിച്ച കല്യാണിയുടെ സംഗീതജീവിതം ഏകദേശം പൂർണതയിലെത്തുകയായിരുന്നു. അതിനിടയിൽ ഒട്ടനവധി തമിഴ് ഹിറ്റുകളും അതിലേറെ മലയാളം ഭക്തിഗാനങ്ങളും പാടിത്തീർത്ത പ്രശസ്ത പിന്നണി ഗായിക കല്യാണി മേനോൻ ഇപ്പോൾ 80ന്‍റെ നിറവിൽ. 75 വർഷം സംഗീതം ഉപാസിച്ച അവരുടെ ഒാർമകളും അനുഭവങ്ങളും കുറിക്കുകയാണിവിടെ.
എറണാകുളത്താണ് ഞാൻ ജനിച്ചുവളർന്നത്. നവരാത്രി മഹോത്സവത്തോടനുബന്ധിച്ച് ടി.ഡി.എം ഹാളിൽ അരങ്ങേറാറുള്ള കൊച്ചുകുട്ടികളുടെ സംഗീതമത്സരത്തിൽ പങ്കെടുക്കാൻ അമ്മ ഭക്തിഗാനങ്ങൾ ട്യൂൺ ചെയ്ത് എന്നെ പഠിപ്പിക്കാറുണ്ടായിരുന്നു. എറണാകുളം സർക്കാർ ഗേൾസ് സ്കൂളിലെ അധ്യാപികയായിരുന്നു അമ്മ. പാട്ടിൽ വലിയ താൽപര്യമായിരുന്നു. പല രാഗങ്ങളിലും അമ്മ സംഗീതം ചിട്ടപ്പെടുത്താറുണ്ട്. സംഗീതമത്സരത്തിൽ ഒന്നാം സ്ഥാനം നേടിയ എന്നെ സംഗീതം പഠിപ്പിക്കണമെന്ന് വിധികർത്താക്കളിലൊരാൾ അമ്മയോട് ആവശ്യപ്പെട്ടു. അതിനുശേഷമാണ് മ്യൂസിക് ക്ലാസിൽ പോകാൻ തുടങ്ങിയതും ഔപചാരികമായി സംഗീതം പഠിക്കാൻ ആരംഭിച്ചതും.
ഗുരു ചേർത്തല ശിവരാമൻ നായർ നടത്തിയിരുന്ന സംഗീതക്ലാസിൽ ചേർന്നു. എന്നെക്കാൾ ഒരു വയസ്സു മാത്രമേ യേശുദാസിന് കൂടുതൽ ഉണ്ടായിരുന്നുള്ളൂ. ഞാൻ സംഗീതക്ലാസിൽ പ്രവേശനം നേടുമ്പോൾ ദാസ് അവിടെ ആൺകുട്ടികളുടെ വിഭാഗത്തിൽ വിദ്യാർഥിയായിരുന്നു. ഞങ്ങൾ അക്കാലങ്ങളിൽ സംസാരിച്ചിട്ടൊന്നുമില്ല. വർഷങ്ങൾക്കു ശേഷം ഒരുമിച്ചുപാടാൻ തുടങ്ങി, കൂടുതൽ പരിചയക്കാരായപ്പോൾ, 'പത്രാസിൽ' പാട്ടു പഠിക്കാനെത്തിയിരുന്ന എന്നെ ദാസ് ശ്രദ്ധിക്കാറുണ്ടായിരുന്നെന്ന് തമാശരൂപത്തിൽ എന്നോട് പറഞ്ഞിട്ടുണ്ട്.
സ്കൂൾപഠനത്തിനൊപ്പം സംഗീതപരിശീലനവും ലഭിക്കുന്ന നല്ല വേദികളിലൊക്കെ പാടിയുമാണ് കലാലയദിനങ്ങൾ കടന്നുപോയത്. സ്കൂൾതലത്തിൽ ആലാപനത്തിന് സിൽവർ കപ്പും കോളജ് തലത്തിൽ ശാസ്ത്രീയ സംഗീതത്തിന് ഗോൾഡ് മെഡലും നേടി. സംസ്ഥാന യുവജനോത്സവത്തിൽ മികച്ച ഗായികയായി തിരഞ്ഞെടുക്കപ്പെട്ടതിനാൽ, ഡൽഹിയിൽ നടന്ന സംഗീതപരിപാടിയിൽ പങ്കെടുക്കാൻ ക്ഷണം ലഭിച്ചു. അവിടെയും ഞാൻ സമ്മാനത്തിന് അർഹയായി. പരിപാടിയിൽ അതിഥികളായി എത്തിയിരുന്ന പ്രധാനമന്ത്രി ജവഹർലാൽ നെഹ്റുവും പ്രതിരോധമന്ത്രി വി.കെ. കൃഷ്ണമേനോനും എന്നെ ആശീർവദിച്ചത് ഇന്നും മനസ്സിലുണ്ട്. ഡൽഹിയിൽനിന്ന് തിരിച്ചെത്തി, മഹാരാജാസ് കോളജിൽ പോയ ദിവസം, ഊഷ്‌മളമായ വരവേൽപാണ് അധ്യാപകരിൽനിന്നും സഹപാഠികളിൽ നിന്നും ലഭിച്ചത്!
1973ൽ തോപ്പിൽ ഭാസി സംവിധാനം ചെയ്ത 'അബല'യാണ് ഞാൻ പാടിയ പ്രഥമ പടം. എട്ടു രാഗങ്ങൾ ഒരുമിച്ചുവരുന്ന, 'എന്നിനി ദർശനം...' എന്നു തുടങ്ങുന്ന പ്രയാസമേറിയ ഗാനം. സിനിമയിൽ, കണ്ണുകാണാത്ത ഒരു കുട്ടി പാടുന്ന പാട്ടാണിത്. െറക്കോഡിങ് മദ്രാസിലെ എ.വി.എം സ്റ്റുഡിയോയിൽ. ദക്ഷിണാമൂർത്തിയായിരുന്നു സംഗീതസംവിധായകൻ. അദ്ദേഹത്തിെൻറ അസിസ്റ്റൻറ് ആർ.കെ. ശേഖർ (എ.ആർ. റഹ്മാെൻറ പിതാവ്) റിഹേഴ്സൽ സമയത്ത്, ഞാൻ പാടുന്നത് ശരിയാകുന്നില്ലെന്ന് പറഞ്ഞ് ഉച്ചത്തിൽ വഴക്കുപറഞ്ഞു. ഞാൻ വളരെ സങ്കടപ്പെട്ടു. തുടർന്ന്, എെൻറ ആലാപനത്തിൽ ആ വിഷാദവും വൈകാരികതയും പ്രതിഫലിച്ചു. അപ്പോൾ, ദക്ഷിണാമൂർത്തി ഇടപെട്ട് എന്നെ സാന്ത്വനപ്പെടുത്തുകയും റിഹേഴ്സൽ അവസാനിപ്പിച്ച്, ഫൈനൽ െറക്കോഡിങ് തുടങ്ങാൻ ആവശ്യപ്പെടുകയും ചെയ്തു. പേക്ഷ, എെൻറ മൂഡ് മോശമായിത്തന്നെ നിലകൊണ്ടു. അതിനാൽ ആ ഗാനം എെൻറ അപ്പോഴത്തെ മനോനിലവാരത്തിൽതന്നെ പാടേണ്ടിവന്നു.
തനിക്കെന്ന് കാഴ്ചശക്തി ലഭിക്കുമെന്ന് അർഥിച്ച് പാവം പെൺകുട്ടി പാടുന്ന ഒരു ഗാനത്തിന് അത്യാവശ്യമായിരുന്ന പ്രക്ഷുബ്‌ധ ഭാവം, ഓർക്കാപ്പുറത്ത് ഞാൻ നൽകുകയായിരുന്നു! യാദൃച്ഛികമായി ഉണ്ടായ കാരണംകൊണ്ട് ആലാപനം ഗംഭീരമായപ്പോൾ, സംഗീതസംവിധായകനും സഹസംവിധായകനും ഉള്ളുനിറഞ്ഞ സന്തോഷം.
ശിവാജി ഗണേശൻ അഭിനയിച്ച് 1979ൽ റിലീസ് ചെയ്ത 'നല്ലതൊരു കുടുംബ'ത്തിലാണ് ആദ്യത്തെ തമിഴ് ഗാനം പാടിയത്. ഇളയരാജയുടെ സംഗീതം. 'സെവ്വാനമേ പൊൻമേഘമേ...' എന്ന മധുരഗാനം തമിഴ് സിനിമാലോകത്തേക്കുള്ള എെൻറ ശക്തമായ കാൽവെപ്പായിരുന്നു. 'സുജാത', 'സവാൽ', 'വാഴ്വേ മായം', 'വിധി', 'ശുഭമുഹൂർത്തം', 'മൂക്കുത്തി മീൻകൾ' മുതലായ പ്രശസ്ത പടങ്ങൾ താമസിയാതെ എത്തി. ഇവയിൽ ഞാൻ പാടിയ എല്ലാ ഗാനങ്ങളും ജനപ്രിയമായി.
തൊണ്ണൂറുകളിൽ എ.ആർ. റഹ്‌മാൻ എനിക്ക് നിരവധി അവസരങ്ങൾ തന്നു. 'പുതിയ മന്നാർകളി'ലെയും 'മുത്തു'വിലെയും പാട്ടുകൾ തമിഴ്നാട്ടിൽ ഇന്നും എല്ലാവരുടെയും ചുണ്ടത്തുള്ളതാണ്. 1979ലെ 'നല്ലതൊരു കുടുംബം' മുതൽ, 2018ലെ '96' വരെയുള്ള പടങ്ങളിലെ ഗാനങ്ങൾ എന്നെ തമിഴ് പിന്നണി ആലാപന ലോകത്ത് സംഗീതപ്രേമികളും നിർമാതാക്കളും ഓർത്തുവെക്കുന്നൊരു കലാകാരിയാക്കി.
2018െൻറ അന്ത്യത്തിൽ ഇറങ്ങിയ തമിഴ് സൂപ്പർഹിറ്റ് പടമായ '96ലെ 'കാതലേ, കാതലേ...' എന്ന ഗാനം (വേർഷൻ 2) സംഗീത പ്രേമികൾ എന്നെ വീണ്ടും നെഞ്ചിലേറ്റാൻ അവസരമൊരുക്കി. വിജയ് സേതുപതിയും തൃഷയും ലീഡിൽ അഭിനയിക്കുന്ന റൊമാൻറിക് ത്രില്ലർ കോടികൾ വാരി. കൂടെ, ഗോവിന്ദ് വസന്ത ചിട്ടപ്പെടുത്തിയ മനോഹരമായ ട്യൂണിൽ പാട്ടും സൂപ്പർഹിറ്റായി മാറി. 77ാം വയസ്സിൽ എന്നെ തേടിയെത്തിയ ഒരു ഭാഗ്യമാണ് ഈ ഗാനം!
മലയാളത്തിൽ ദക്ഷിണാമൂർത്തി കൂടാതെ, ദേവരാജൻ മാസ്റ്റർ, ബാബുരാജ്, എം.ബി. ശ്രീനിവാസൻ, കെ. രാഘവൻ, ശ്യാം, എ.ടി. ഉമ്മർ, എം.കെ. അർജുനൻ, ജോൺസൺ, രവീന്ദ്രൻ, വിദ്യാധരൻ, വിദ്യാസാഗർ, ഔസേപ്പച്ചൻ, എം. ജയചന്ദ്രൻ, ശ്രീവത്സൻ ജെ. മേനോൻ മുതലായ രണ്ടുമൂന്നു തലമുറയിൽപെട്ട സംഗീതസംവിധായകരുമൊത്ത് പ്രവർത്തിച്ചിട്ടുണ്ട്. എല്ലാവരും പ്രതിഭാധനരാണ്.
കുറെ നല്ല ഗാനങ്ങൾ പാടിയതായി ഓർക്കുന്നു. 'ഋതുഭേദ കൽപന...', 'പവനരച്ചെഴുതുന്നു കോലങ്ങളെന്നും...', 'ഇന്നോളം കാണാത്ത മുഖപ്രസാദം...', 'കണ്ണീരിൻ മഴയത്തും നെടുവീർപ്പിൻ കാറ്റത്തും...', 'ജലശയ്യയിൽ തളിരമ്പിളി...', 'പെണ്ണേ പെണ്ണേ നിൻ കല്യാണമായ്...', 'കാമിനീമണീ സഖീ...' മുതലായവയൊക്കെ മികച്ച ഗാനങ്ങളാണ്. ശ്രോതാക്കളുടെ നല്ല വാക്കുകൾ ഇപ്പോഴും ലഭിച്ചുകൊണ്ടിരിക്കുന്നു.
കല്യാണി രാഗം
വെറുതെയിരിക്കുമ്പോൾ പാടിത്തീർത്ത പാട്ടുകൾ വീണ്ടുമൊന്ന് മൂളാറുണ്ട്. ചിലപ്പോൾ വരികൾ തെറ്റിച്ചും ചിലപ്പോൾ രാഗം തെറ്റിച്ചും. ചിലതൊക്കെ 'കല്യാണി' രാഗത്തിൽ ഒന്നു എടുത്തുനോക്കാൻ വലിയ അഭിനിവേശമാണ്. കല്യാണി രാഗത്തിൽ ചിട്ടപ്പെടുത്തി പി. ലീല പാടിയ, 'സ്വർണചാമരം വീശിയെത്തുന്ന സ്വപ്നമായിരുന്നെങ്കിൽ...' എന്നതുപോലെ ഒരെണ്ണം പാടി നോക്കുക, അല്ലെങ്കിൽ കല്യാണിയിലുള്ള 'ഓമലാളെ കണ്ടൂ ഞാൻ പൂങ്കിനാവിൽ താരകങ്ങൾ പുഞ്ചിരിച്ച നീലരാവിൽ...' എന്നതിൽ എെൻറ മറ്റൊരു ഗാനം മാറ്റുരച്ചുനോക്കുക മറ്റുമൊക്കെ ചെയ്യുമ്പോൾ വലിയ സന്തോഷമാണ്.
കല്യാണി രാഗത്തിലെ നിത്യഹരിതങ്ങളായ 'ആ നിമിഷത്തിെൻറ നിർവൃതിയിൽ ഞാനൊരാവണിത്തെന്നലായ് മാറി...', 'ഇന്നലെ മയങ്ങുമ്പോൾ ഒരു മണിക്കിനാവിെൻറ പൊന്നിൻ ചിലമ്പൊലി കേട്ടുണർന്നു...', 'അനുരാഗഗാനം പോലെ അഴകിെൻറ അലപോലെ...', 'ദേവാങ്കണങ്ങൾ കൈയൊഴിഞ്ഞ താരകം...' എന്നിവയും എന്നും എെൻറ ചിന്തയിൽ വന്നുപോകാറുണ്ട്. പേരുതന്നെ രാഗമായി വരുന്നത് ഒരു അനുഭൂതിയാണ്!
ഇഷ്ട മ്യുസിഷ്യൻ എ.ആർ. റഹ്മാൻ
ഓസ്കർ പുരസ്കാരം നേടിയ എ.ആർ. റഹ്മാെൻറ കേമ്പാസിഷൻ മികവിനെക്കുറിച്ച് നമ്മളൊന്നും പറയേണ്ടതില്ല. തെൻറ പിതാവിെൻറ കൂടെ വർക്ക് ചെയ്ത ആളാണെന്ന പരിഗണന മൂലമായിരിക്കാം റഹ്മാൻ എന്നോട് വലിയ ആദരവ് പ്രകടിപ്പിക്കാറുണ്ട്. ആലാപനരീതിയെക്കുറിച്ച് എന്തെങ്കിലും ചോദിച്ചാൽ, ''ആന്‍റി പാടുങ്കളേ...'' എന്നു മാത്രമേ മറുപടി പറയുകയുള്ളൂ. 'അലൈ പായുതേ...', 'ഇന്ദിരൈയോ ഇവൾ സുന്ദരിയോ...', 'കുലുവാലിലെ മൊട്ട് മലർന്തല്ലോ...', 'വാടീ സാത്തുക്കൊടീ...', 'അതിശയ തിരുമണം...' മുതലായ കുറെ തമിഴ് ഹിറ്റ് ഗാനങ്ങൾ ഞാൻ പാടിയത് റഹ്മാെൻറ സംഗീതസംവിധാനത്തിലായിരുന്നു. ഹിന്ദിയിലെ 'ഫൂലോം ജൈസി ലഡ് കി', തെലുഗുവിലെ 'കുന്ദനപു ബോമ്മ' എന്നിവയിലും ഞങ്ങൾ ഒരുമിച്ചിരുന്നു.
കോവിഡ് കാലത്തും പാടി
കഴിഞ്ഞ ഡിസംബറിൽ ഫാ. ബിനോജ് മുളവരിക്കൽ സംഗീതം നൽകിയ 'ഉണ്ണിക്ക് രാരീരം...' എന്നു തുടങ്ങുന്ന താരാട്ടുപാട്ടാണ് ഒടുവിൽ പാടിയത്. എെൻറ ശബ്ദത്തിന് അനുയോജ്യമായി എഴുതിയ വരികളും സംഗീതസംമിശ്രണവുമായിരുന്നു. കോവിഡ് കാലത്തെ ഈ ആലാപനം ഏറെ പ്രചോദനകരമാണ്.
യേശുദാസിെൻറ സംഗീതസംവിധാനത്തിൽ ഒരു സിനിമാഗാനം (താറാവ്) പാടിയെന്നതും അമിതാഭ് ബച്ചനിൽനിന്നൊരു സംഗീതപുരസ്കാരം സ്വീകരിച്ചതും കമൽഹാസനുമൊത്ത് ഒരു യുഗ്മഗാനം പാടിയതും അഭിഷേക്-ഐശ്വര്യ വിവാഹത്തിൽ പങ്കെടുത്ത് ഒട്ടനവധി പ്രശസ്തരുടെ മുമ്പാകെ ഗാനങ്ങൾ ആലപിച്ചതും സംഗീതജീവിതത്തിലെ ധന്യമുഹൂർത്തങ്ങളാണ്.
തമിഴർ എന്നെ സ്വീകരിച്ച അത്രയും ഉത്സാഹത്തോടെ എെൻറ നാട്ടുകാർ എന്നെ സ്വീകരിച്ചില്ലെന്ന ദുഃഖം ഇടക്ക് എന്നെ അലട്ടാറുണ്ട്. 'ശ്യാമസുന്ദര കേര കേദാര ഭൂമി, ജന ജീവിത പല ധാന്യ സമ്പന്ന ഭൂമി...' എന്ന ഗൃഹാതുരത തുളുമ്പുന്ന കേരള പ്രണയഗാനം എന്നും പാടിക്കൊണ്ടിരിക്കുന്ന എന്നോടെന്താണ് ഇത്രയും ഇഷ്ടക്കുറവ്? (ഒരു പ്രശസ്ത മലയാളം ടെലിവിഷൻ ചാനലിെൻറ ടൈറ്റിൽ സോങ്ങാണ് എ.ആർ. റഹ്മാെൻറ സംഗീതത്തിൽ കല്യാണി ആലപിച്ച പി. ഭാസ്കരെൻറ വരികൾ)
കുടുംബപശ്ചാത്തലം
എറണാകുളത്തെ കാരയ്ക്കാട്ട് കുടുംബാംഗമാണ് ഞാൻ. മഹാരാജാസിൽ ബി.എസ്സിക്ക് പഠിക്കുന്ന കാലത്ത് നവരാത്രി മഹോത്സത്തിൽ ഞാൻ ആലപിച്ച ഗാനങ്ങൾ കേട്ട് ആകൃഷ്ടനായാണ് സംഗീതപ്രിയനായ കെ.കെ. മേനോൻ വിവാഹാഭ്യർഥന നടത്തിയത്. വലിയ നേവി ഉദ്യോഗസ്ഥനായിരുന്നു അദ്ദേഹം. ഇത്തിരി കാലത്തെ ദാമ്പത്യത്തിനൊടുവിൽ, എന്നെയും രണ്ടു കുഞ്ഞുങ്ങളെയും തീരാദുഃഖത്തിലാക്കി അദ്ദേഹം യാത്ര പറഞ്ഞു. സംഗീതത്തിെൻറ പ്രചോദനത്തിൽ ഞാൻ തുടർന്നും ജീവിക്കുന്നു. ''മടിച്ചിരിക്കരുത്, പാടാൻ പോകണം'' മേനോൻ ഇടക്കിടക്ക് എന്നോടു പറയുമായിരുന്നു.
കുറെ കാലമായി ചെന്നൈയിലാണ് താമസം. ഛായാഗ്രാഹകനും ചലച്ചിത്രസംവിധായകനുമായ രാജീവ് മേനോൻ മൂത്ത മകൻ. രാജീവിെൻറ ഒരു പടത്തിൽ, ഐശ്വര്യ റായിയുടെ മ്യൂസിക് ടീച്ചറായി അഭിനയിച്ചിട്ടുണ്ട്. രണ്ടാമത്തെ മകൻ കരുൺ റെയിൽവേയിൽ ജോലി ചെയ്യുന്നു. രാജീവ് എറണാകുളത്തും കരുൺ എെൻറ കൂടെ ചെന്നൈയിലുമാണ്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.