ജനങ്ങള്‍ ഓക്സിജന്‍ സിലിണ്ടറുമായി നടക്കുന്ന കാലം അകലെയല്ളെന്ന് ദേശീയ ഹരിത ട്രൈബ്യൂണല്‍

ന്യൂഡല്‍ഹി: ജനങ്ങള്‍ ഓക്സിജന്‍ സിലിണ്ടറുമായി നടക്കുന്ന കാലം വിദൂരമായിരിക്കില്ളെന്ന് ദേശീയ ഹരിത ട്രൈബ്യൂണല്‍. റോഡ് നിര്‍മാണത്തിനായി വനപ്രദേശം വെട്ടിവെളുപ്പിക്കുകയും പകരം ഒറ്റ മരംപോലും നടാതിരിക്കുകയും ചെയ്ത ഹിമാചല്‍പ്രദേശ് സര്‍ക്കാറിനെ ശാസിച്ചുകൊണ്ടാണ് ട്രൈബ്യൂണല്‍ ചെയര്‍പേഴ്സന്‍ ജസ്റ്റിസ് സ്വതന്തര്‍ കുമാര്‍ ഈ മുന്നറിയിപ്പ് നല്‍കിയത്. രാജ്യത്തിന്‍െറ പകുതി വെള്ളപ്പൊക്ക കെടുതികള്‍ അനുഭവിക്കുന്നു. ബാക്കി പകുതി വരണ്ടുണങ്ങിക്കിടക്കുന്നു.

 ഹിമാചല്‍ തലസ്ഥാനമായ ഷിംലയില്‍ ക്രമാതീതമായി ഊഷ്മാവ് ഉയരുകയാണ്. നിങ്ങള്‍ നട്ട ഒരു മരമെങ്കിലും കാണിച്ചുതരൂ. റോഡാണോ ഓക്സിജന്‍ തരുന്നത്? അതോ മരങ്ങളോ? പരിസ്ഥിതി നശീകരണത്തിന്‍െറ ആശങ്കയുയര്‍ത്തി ജസ്റ്റിസ് സ്വതന്തര്‍ കുമാര്‍ ചോദിച്ചു. പുതിയ റോഡ് ദേശീയ പ്രാധാന്യമുള്ളതാണെന്ന് ഹിമാചല്‍ സര്‍ക്കാറിന്‍െറ അഭിഭാഷകന്‍ ചൂണ്ടിക്കാട്ടിയപ്പോള്‍, ദേശീയപ്രാധാന്യം എന്താണെന്ന് ഞങ്ങള്‍ കാണുന്നുണ്ട്.

ലക്ഷം മരങ്ങള്‍ ആദ്യം നടൂ. എന്നിട്ട് വിശദീകരണവുമായി വരൂ എന്നായിരുന്നു ജസ്റ്റിസിന്‍െറ മറുപടി. ഹിമാചല്‍പ്രദേശിലെ പര്‍വാനൂവില്‍ തുടങ്ങി ഷോഗി വരെയുള്ള ഭാഗത്തെ വൃക്ഷങ്ങള്‍ ദേശീയപാത നിര്‍മാണത്തിന് വെട്ടിമാറ്റിയത് സംബന്ധിച്ച് ട്രൈബ്യൂണല്‍ സ്വമേധയാ എടുത്ത കേസിലാണ് ജസ്റ്റിസ് സ്വതന്തര്‍ കുമാര്‍ ഹിമാചല്‍ സര്‍ക്കാറിന് ശക്തമായ താക്കീതുനല്‍കിയത്.
വനം കണ്‍സര്‍വേറ്ററോട് മുറിച്ച മരങ്ങളുടെ എണ്ണത്തെപ്പറ്റി സത്യവാങ്മൂലം സമര്‍പ്പിക്കാന്‍ ആവശ്യപ്പെട്ട ട്രൈബ്യൂണല്‍ ദേശീയപാത അതോറിറ്റിയോടും സര്‍ക്കാറിനോടും വിഷയത്തില്‍ റിപ്പോര്‍ട്ടും ആവശ്യപ്പെട്ടു.

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.