ജി.എസ്.ടി: വിലക്കയറ്റം നേരിടാന്‍ നിയമം വേണം -ജമാഅത്തെ ഇസ്ലാമി

ന്യൂഡല്‍ഹി: ചരക്കുസേവന നികുതികൊണ്ടുണ്ടാകുന്ന വിലക്കയറ്റം നേരിടാന്‍ നിയമമുണ്ടാക്കണമെന്ന് ജമാഅത്തെ ഇസ്ലാമി ഹിന്ദ് നേതാക്കള്‍ വാര്‍ത്താസമ്മേളനത്തില്‍ ആവശ്യപ്പെട്ടു. ചരക്കുസേവന നികുതിബില്‍ നടപ്പാക്കിയ രാജ്യങ്ങളിലെല്ലാം വിലക്കയറ്റം രൂക്ഷമായ അനുഭവമുള്ളതുകൊണ്ടാണ് ഇത്തരമൊരാവശ്യം ഉന്നയിക്കുന്നതെന്ന് അഖിലേന്ത്യാ സെക്രട്ടറി ജനറല്‍ മുഹമ്മദ് സലീം പറഞ്ഞു. ചരക്കുസേവന നികുതികൊണ്ട് സാധാരണക്കാര്‍ക്ക് ഒരു ഗുണഫലവും ലഭിക്കാനില്ല. ജി.എസ്.ടി നേരത്തെ നടപ്പാക്കിയ മലേഷ്യ വിലക്കയറ്റംകൊണ്ട് പൊറുതിമുട്ടിയ ഘട്ടത്തില്‍ പുതിയ നിയമമുണ്ടാക്കുകയായിരുന്നു മലേഷ്യ. പരോക്ഷനികുതി പരമാവധി കുറച്ചുകൊണ്ടുവരുകയായിരുന്നു കേന്ദ്രസര്‍ക്കാര്‍ ചെയ്യേണ്ടിയിരുന്നത്. അതിന് നേര്‍വിപരീതമായ നടപടിയാണ് ചരക്കുസേവന നികുതിബില്‍ വഴിയുണ്ടായതെന്നും സലീം കൂട്ടിച്ചേര്‍ത്തു.  അതിക്രമങ്ങള്‍ക്കെതിരെ ദലിതുകള്‍ നടത്തുന്ന പോരാട്ടത്തെ പിന്തുണക്കുമെന്ന് അഖിലേന്ത്യാ അമീര്‍ സയ്യിദ് ജലാലുദ്ദീന്‍ ഉമരി പറഞ്ഞു. ഗുജറാത്തിലെ ഉനയില്‍ ദലിത് യുവാക്കള്‍ക്കെതിരെ നടന്ന ആക്രമണം ഒറ്റപ്പെട്ടതല്ളെന്നും ദലിതുകള്‍ക്കെതിരെ രാജ്യത്ത് തുടരുന്ന ആക്രമണ പരമ്പരയുടെ തുടര്‍ച്ചമാത്രമാണെന്നും അമീര്‍ പറഞ്ഞു.
ഇന്ത്യയും സൗദി അറേബ്യയും തമ്മില്‍ സര്‍ക്കാര്‍ തലത്തിലുണ്ടാക്കിയ ധാരണകള്‍ പ്രയോഗതലത്തില്‍ കൊണ്ടുവരുന്നുണ്ടോയെന്ന് ഉറപ്പാക്കണമെന്നും അമീര്‍ ആവശ്യപ്പെട്ടു.

 

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.