ജി.എസ്.ടി ഭരണഘടനാ ബില്‍ ഇന്ന് ലോക്സഭയില്‍

ന്യൂഡല്‍ഹി:  ഏകീകൃത ചരക്കു സേവന നികുതിയുടെ  (ജി.എസ്.ടി) ഭാഗമായുള്ള ഭരണഘടനാ ഭേദഗതി ബില്‍ തിങ്കളാഴ്ച ലോക്സഭയുടെ പരിഗണനക്ക്.  ആഗസ്റ്റ് മൂന്നിന് രാജ്യസഭ ഏക സ്വരത്തില്‍ പാസാക്കിയ ബില്ലാണ് ലോക്സഭയിലത്തെുന്നത്.  ബില്‍ നേരത്തേ ലോക്സഭ പാസാക്കിയതാണെങ്കിലും രാജ്യസഭ ഒട്ടേറെ ഭേദഗതികള്‍ വരുത്തിയ സാഹചര്യത്തില്‍ വീണ്ടും ലോക്സഭയുടെ അംഗീകാരം വേണം. കോണ്‍ഗ്രസ് ഉള്‍പ്പെടെയുള്ള പ്രതിപക്ഷ കക്ഷികളെല്ലാം ബില്ലിന് അനുകൂലമാണ്. എ.ഐ.എ.ഡി.എം.കെ മാത്രമാണ് ബില്ലിനെ എതിര്‍ക്കുന്നത്. രാജ്യസഭയില്‍ വോട്ടെടുപ്പില്‍നിന്ന് ഇറങ്ങിപ്പോക്ക് നടത്തിയ അവര്‍ ലോക്സഭയില്‍ ഇറങ്ങിപ്പോയാലും ഭരണഘടനാ ഭേദഗതി പാസാക്കാനുള്ള മൂന്നില്‍ രണ്ട് ഭൂരിപക്ഷം  സര്‍ക്കാറിനുണ്ട്. അതിനാല്‍, ബില്‍ തിങ്കളാഴ്ചതന്നെ പാസായി പാര്‍ലമെന്‍റ് കടമ്പ കടക്കും. സംസ്ഥാനങ്ങളുടെ അധികാര പരിധിയില്‍ വരുന്ന നികുതി പിരിവുമായി ബന്ധപ്പെട്ട ഭരണഘടനാ ഭേദഗതി ആയതിനാല്‍, ബില്ലിന് സംസ്ഥാന നിയമസഭകളുടെ അംഗീകാരം കൂടി നേടേണ്ടതുണ്ട്.

30 നിയമസഭകളില്‍ ചുരുങ്ങിയത് 16 ഇടങ്ങളിലെങ്കിലും ബില്‍ അവതരിപ്പിച്ച് പാസാക്കണം. തമിഴ്നാട് ഒഴികെയുള്ള സംസ്ഥാനങ്ങള്‍  ജി.എസ്.ടിക്ക് അനുകൂലമാണ്. ഒരുമാസത്തിനകം 16 നിയമസഭകളില്‍ പാസാക്കിയെടുക്കാനാണ് കേന്ദ്ര സര്‍ക്കാറിന്‍െറ ശ്രമം.  ജി.എസ്.ടി ഭരണഘടനാ ഭേദഗതി ബില്‍ ചര്‍ച്ചക്ക് വരുന്ന തിങ്കളാഴ്ച നിര്‍ബന്ധമായും ലോക്സഭയില്‍ ഹാജരാകാന്‍ നിര്‍ദേശിച്ച്  ബി.ജെ.പിയും കോണ്‍ഗ്രസും ഉള്‍പ്പെടെയുള്ള പാര്‍ട്ടികള്‍ തങ്ങളുടെ എം.പിമാര്‍ക്ക് വിപ്പ് നല്‍കിയിട്ടുണ്ട്. ലോക്സഭയിലെ ജി.എസ്.ടി ചര്‍ച്ചയില്‍ പ്രധാനമന്ത്രി നരേന്ദ്ര മോദിയും കോണ്‍ഗ്രസില്‍നിന്ന് രാഹുലും പങ്കെടുക്കുമെന്നാണ് സൂചന.    ഭരണഘടനാ ഭേദഗതി ബില്ലിന് പാര്‍ലമെന്‍റിന്‍െറയും സംസ്ഥാന നിയമസഭകളുടെയും അംഗീകാരമാകുന്നതോടെ ജി.എസ്.ടി ഗവേണിങ് കൗണ്‍സില്‍  രൂപവത്കരിക്കും.  

സംസ്ഥാനങ്ങളിലെ നികുതികള്‍ ഒഴിവാക്കി പകരം ഏകീകൃത നികുതി സംവിധാനത്തിന്‍െറ ഘടനയും തോതും നിശ്ചയിക്കാനുള്ള അധികാരം ജി.എസ്.ടി ഗവേണിങ് കൗണ്‍സിലിനാണ്.  സംസ്ഥാനങ്ങള്‍ക്കും കേന്ദ്രത്തിനും തുല്യ അധികാരവും വീറ്റോ പവറുമുള്ളതായിരിക്കും കൗണ്‍സില്‍.  ജി.എസ്.ടി നികുതിനിരക്ക് ഉള്‍പ്പെടെയുള്ള കാര്യത്തില്‍ ഗവേണിങ് കൗണ്‍സില്‍ ധാരണ ആയ ശേഷമാണ് യഥാര്‍ഥ ജി.എസ്.ടി ബില്‍ പാര്‍ലമെന്‍റില്‍ അവതരിപ്പിച്ച് പാസാക്കുക. നികുതിനിരക്ക് സംബന്ധിച്ച് പ്രതിപക്ഷവും കേന്ദ്ര സര്‍ക്കാറും തമ്മിലും സംസ്ഥാനങ്ങളും കേന്ദ്ര സര്‍ക്കാറും തമ്മിലും സമവായം ഉണ്ടായിട്ടില്ല.  പരമാവധി നികുതി 18 ശതമാനം എന്ന വാദത്തില്‍ ഉറച്ചുനില്‍ക്കുകയാണ് മുഖ്യപ്രതിപക്ഷമായ കോണ്‍ഗ്രസ്. ഇക്കാര്യത്തില്‍ സമവായം ഉണ്ടാകുന്നതോടെയേ ജി.എസ്.ടി പ്രാബല്യത്തില്‍ വരുത്താനാകൂ.  എന്തായാലും 2017 ഏപ്രില്‍ ഒന്നിന് നികുതി പിരിവില്‍ പുതിയ യുഗപ്പിറവിയായി ജി.എസ്.ടി നിലവില്‍വരുമെന്നാണ് കേന്ദ്ര സര്‍ക്കാറിന്‍െറ അവകാശവാദം.  

 

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.