അലഹബാദ്: സ്വാതന്ത്ര്യദിനത്തില്‍ ദേശീയഗാനം ആലപിക്കുന്നതിന് വിലക്കേര്‍പ്പെടുത്തിയെന്ന പരാതിയില്‍ അലഹബാദിലെ സ്കൂളിനും മാനേജര്‍ക്കുമെതിരെ നടപടി. മാനേജറെ അറസ്റ്റു ചെയ്യുകയും സ്കൂള്‍ സീല്‍ വെക്കുകയും ചെയ്തു. ഭഖാര മേഖലയിലെ 300ഓളം വിദ്യാര്‍ഥികളുള്ള എം.എ കോണ്‍വെന്‍റ് സ്കൂളിലെ മാനേജര്‍ സിയാവുല്‍ ഹഖിനെ ദേശീയ ചിഹ്നങ്ങളെ അനാദരിക്കുന്നത് തടയല്‍ നിയമപ്രകാരം കേസെടുത്ത് അറസ്റ്റ് ചെയ്തതായി ഉദ്യോഗസ്ഥര്‍ പറഞ്ഞു. അധികൃതരില്‍നിന്നുമുള്ള അനുമതില്ലാതെ രണ്ടു ദശകത്തിലേറെയായി പ്രവര്‍ത്തിക്കുന്ന കോണ്‍വെന്‍റ് സ്കൂളിനെക്കുറിച്ച് മജിസ്ട്രേറ്റുതല അന്വേഷണത്തിന് ഉത്തരവിട്ടതായും അവര്‍ അറിയിച്ചു. കുട്ടികളുടെ പഠനം തടസ്സപ്പെടാതിരിക്കാന്‍ ഇതര സ്കൂളുകളില്‍ അവര്‍ക്ക് പ്രവേശം നല്‍കണമെന്ന് അലഹബാദ് മജിസ്ട്രേറ്റ് നിര്‍ദേശിച്ചു. സ്കൂളിനെതിരെ നടപടി വേണമെന്ന് ബി.ജെ.പിയും 72 മണിക്കൂറിനകം സ്കൂള്‍ അടച്ചുപൂട്ടിയില്ളെങ്കില്‍ സമരത്തിനിറങ്ങുമെന്ന് വിശ്വഹിന്ദു പരിഷത്തിന്‍െറയും ഹിന്ദു യുവവാഹിനിയുടെയും പ്രാദേശിക യൂനിറ്റുകളും കഴിഞ്ഞദിവസം ഭീഷണി മുഴക്കിയിരുന്നു.
ദേശീയഗാനത്തിലെ ‘ഭാരത ഭാഗ്യ വിധാതാ’ എന്ന വാക്കുകള്‍ ഇസ്ലാമിക വിരുദ്ധമാണെന്ന് ചൂണ്ടിക്കാട്ടി വിദ്യാര്‍ഥികളുടെ മാതാപിതാക്കള്‍ എതിര്‍ത്തതിനെ തുടര്‍ന്നാണ് ഇത് വിലക്കിയതെന്ന് സ്കൂള്‍ മാനേജര്‍ സിയാവുല്‍ ഹഖ് പ്രതികരിച്ചു. സ്വന്തം മതവിശ്വാസത്തിന് വിരുദ്ധമായത് അടിച്ചേല്‍പിക്കരുതെന്ന് സുപ്രീംകോടതി പോലും പറയുന്നു. ദേശീയഗാനം ആലപിക്കാതിരിക്കുന്നത് ഇതാദ്യമായല്ളെന്നും സ്കൂള്‍ തുടങ്ങിയതുമുതല്‍ ഇതുവരെ ആലപിച്ചിട്ടില്ളെന്നും അദ്ദേഹം പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.