കശ്മീരില്‍ അക്രമത്തിന് മോശം പരിശീലനം നേടിയ പൊലീസും കാരണം –സുപ്രീംകോടതി

ന്യൂഡല്‍ഹി: കശ്മീരില്‍ അക്രമം വര്‍ധിക്കാന്‍ മോശം പരിശീലനം ലഭിച്ച പൊലീസ് സേനയും കാരണമാണെന്ന് സുപ്രീംകോടതി കുറ്റപ്പെടുത്തി. അതേസമയം, സംഘംചേരാനും സഞ്ചരിക്കാനുമുള്ള സ്വാതന്ത്ര്യം അക്രമത്തിനുള്ള അതിരില്ലാത്ത സ്വാതന്ത്ര്യമായി മനസ്സിലാക്കരുതെന്ന് പ്രക്ഷോഭകര്‍ക്കും സുപ്രീംകോടതി മുന്നറിയിപ്പ് നല്‍കി.
അമിതമായ രീതിയിലുള്ള സേനാ ഇടപെടല്‍ കിരാതമാണെന്നും സ്ഥിതിഗതികള്‍ നിയന്ത്രിക്കാന്‍ പര്യാപ്തമാവില്ളെന്നും 2007ലെ ജമ്മു കുടിയേറ്റക്കാരുടെ പ്രക്ഷോഭത്തില്‍ ജമ്മു-കശ്മീര്‍ പൊലീസ് നടത്തിയ അക്രമവുമായി  ബന്ധപ്പെട്ട് സമര്‍പ്പിച്ച ഹരജിയില്‍ പുറപ്പെടുവിച്ച വിധിയില്‍ ജസ്റ്റിസുമാരായ എ.കെ. സിക്രി, ആര്‍.കെ. അഗര്‍വാള്‍ എന്നിവര്‍ ചൂണ്ടിക്കാട്ടി. ഒരു ഭാഗത്ത് ക്രമസമാധാന നില വീണ്ടെടുക്കേണ്ടി വരും. അതോടൊപ്പം അനാവശ്യമായതോ ശരിക്കും ആവശ്യമായതിലപ്പുറമോ ഉള്ള സേനാബലം ഉപയോഗിക്കുന്നില്ളെന്ന് ഉറപ്പുവരുത്തുകയും വേണം. മനുഷ്യന്‍െറ ജീവനും അന്തസ്സിനും ഹാനി സംഭവിക്കാത്ത തരത്തില്‍ അങ്ങേയറ്റം ശ്രദ്ധയോടും സൂക്ഷ്മതയോടും ഒൗചിത്യത്തോടും പൊലീസ് സേന ശാന്തത കൈക്കൊള്ളണം.
 അതേസമയം, കശ്മീരില്‍ വിഘടനവാദി ഗ്രൂപ്പുകള്‍ അക്രമത്തിലൂടെ പ്രകോപനമുണ്ടാക്കിയ നിരവധി സന്ദര്‍ഭങ്ങളുണ്ടായിട്ടുണ്ട്. അതിനാല്‍, സംഘം ചേരാനും സഞ്ചരിക്കാനുമുള്ള സ്വാതന്ത്ര്യം അക്രമത്തിനുള്ള അതിരില്ലാത്ത സ്വാതന്ത്ര്യമായി പ്രക്ഷോഭകര്‍ മനസ്സിലാക്കരുതെന്നും സുപ്രീംകോടതി ഓര്‍മിപ്പിച്ചു.

കര്‍ഫ്യൂ കൂടുതല്‍ മേഖലകളിലേക്ക്
ശ്രീനഗര്‍: സംഘര്‍ഷം വ്യാപിക്കുന്ന കശ്മീരില്‍ കൂടുതല്‍ മേഖലകളില്‍ കര്‍ഫ്യൂ ഏര്‍പ്പെടുത്തി. ലാല്‍ ചൗക്കിലേക്ക് മാര്‍ച്ച് നടത്തുമെന്ന വിമതവിഭാഗത്തിന്‍െറ ആഹ്വാനത്തെ തുടന്നാണ് കര്‍ഫ്യൂ വ്യാപിപ്പിച്ചത്. ഗാന്‍ഡെര്‍ബാല്‍, അവന്തിപോര്‍, ട്രാല്‍, പാംപോര്‍, ബാരാമുള്ള, സോപോര്‍, ബന്ധിപൊര, കലൂസ, പാപ്ചാന്‍, അജാര്‍ എന്നിവക്കുപുറമെ വര്‍ഗാം, ബീര്‍വാ എന്നിവിടങ്ങളിലും കര്‍ഫ്യൂ ഏര്‍പ്പെടുത്തി. ഞായറാഴ്ചയും വിവിധ സ്ഥലങ്ങളില്‍ പൊലീസുമായി ഏറ്റുമുട്ടലുണ്ടായി. ഒമ്പത് സ്ഥലങ്ങളില്‍ കല്ളേറുണ്ടായതായി പൊലീസ് പറഞ്ഞു. കോകര്‍നാഗില്‍ 200ഓളം വരുന്ന സംഘം വഴിതടഞ്ഞു.

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.