മോദിക്കെതിരെ തുറന്നടിച്ച് സുപ്രീംകോടതി ചീഫ് ജസ്റ്റിസ്

ന്യൂഡല്‍ഹി: റോഡുകളും സ്കൂളുകളും ആശുപത്രികളുമെന്നതുപോലത്തെന്നെ ജനങ്ങള്‍ക്ക് നീതി ലഭ്യമാക്കുന്നതിനെക്കുറിച്ചും പ്രധാനമന്ത്രി നരേന്ദ്ര മോദി സംസാരിക്കണമെന്ന് സുപ്രീംകോടതി ചീഫ് ജസ്റ്റിസ് ടി.എസ്. ഠാകുര്‍ തുറന്നടിച്ചു. സ്വാതന്ത്ര്യദിനത്തില്‍ ചെങ്കോട്ടയില്‍ നടത്തിയ പ്രസംഗത്തില്‍ നീതിനിര്‍വഹണത്തെക്കുറിച്ചും ജഡ്ജിമാരുടെ നിയമനങ്ങളെക്കുറിച്ചും പ്രധാനമന്ത്രി മൗനം പാലിച്ചതിനെ അദ്ദേഹം ചോദ്യംചെയ്തു.
സുപ്രീംകോടതിയിലെ സ്വാതന്ത്ര്യദിന ചടങ്ങില്‍ കേന്ദ്ര നിയമമന്ത്രി, സുപ്രീംകോടതി ജഡ്ജിമാര്‍, മുതിര്‍ന്ന അഭിഭാഷകര്‍ എന്നിവരെ മുന്നിലിരുത്തിയായിരുന്നു ജസ്റ്റിസ് ഠാകുര്‍ പ്രധാനമന്ത്രിയുടെ നിലപാടിനെ രൂക്ഷമായി വിമര്‍ശിച്ചത്.  

ഹൈകോടതി ജഡ്ജിമാരുടെ നിയമനത്തിനും സ്ഥലംമാറ്റത്തിനുമുള്ള ശിപാര്‍ശകളിന്മേല്‍ അടയിരുന്ന് രാജ്യത്തെ കോടതികള്‍ അടച്ചിടാന്‍ മോദി സര്‍ക്കാറിന് ഉദ്ദേശ്യമുണ്ടോയെന്ന് വെള്ളിയാഴ്ച സുപ്രീംകോടതിയില്‍ ഹരജി പരിഗണിക്കവെ അദ്ദേഹം ചോദിച്ചിരുന്നു. അതിനുശേഷമാണ് അദ്ദേഹം  കോടതിക്കു പുറത്ത് പ്രധാനമന്ത്രിയെ നേരിട്ട് വിമര്‍ശിച്ചത്. സുപ്രീംകോടതിയില്‍ പതാക ഉയര്‍ത്തി നിയമമന്ത്രി  രവിശങ്കര്‍ പ്രസാദ് പ്രസംഗിച്ച ശേഷമാണ് ഠാകുര്‍ സംസാരിച്ചത്. ‘നിങ്ങള്‍ റോഡുകളുണ്ടാക്കുന്നു. സ്കൂളുകളും ആശുപത്രികളുമുണ്ടാക്കുന്നു. എന്നാല്‍, ജനങ്ങള്‍ക്ക് നീതി ലഭ്യമാക്കുന്നതിനെക്കുറിച്ചുകൂടി ദയവുചെയ്ത്  സംസാരിക്കണം.

ബഹുമാന്യനായ പ്രധാനമന്ത്രിയുടെ പ്രസംഗം ഒരു മണിക്കൂര്‍ നേരം കേട്ടു. ഇപ്പോള്‍ നിയമമന്ത്രിയുടെ പ്രസംഗവും കേട്ടു. രാജ്യത്തെ നീതിനിര്‍വഹണത്തെക്കുറിച്ചും ജഡ്ജിമാരുടെ നിയമനത്തെക്കുറിച്ചും ഇരുവരും വല്ലതും പറയുമെന്ന് ഞാന്‍ കരുതി. കേസുകള്‍ കുന്നുകൂടുകയാണ്. കോടതികളിലാണെങ്കില്‍ മതിയായ ജഡ്ജിമാരില്ല. പക്ഷേ, ദുഃഖകരമെന്നു പറയട്ടെ, ആര്‍ക്കും ഇതേക്കുറിച്ച് വേവലാതിയില്ല. എല്ലാ മേഖലകളെക്കുറിച്ചും നിങ്ങള്‍ക്ക് പറയാനുണ്ട്. എല്ലാ മേഖലകളിലും വാഗ്ദാനങ്ങളും നല്‍കിയിട്ടുണ്ട്. ഞങ്ങളുടെ കാര്യത്തിലും എന്തെങ്കിലുമൊന്ന് പറയണം’ -ചീഫ് ജസ്റ്റിസ് ആവശ്യപ്പെട്ടു.
 
ജുഡീഷ്യറിയുടെ സ്വാതന്ത്ര്യത്തിന് കേന്ദ്ര സര്‍ക്കാര്‍ പ്രതിജ്ഞാ ബദ്ധമാണെന്ന് നിയമമന്ത്രി തന്‍െറ പ്രസംഗത്തില്‍ ആവര്‍ത്തിച്ചു.
നീതിനിര്‍വഹണം സദ്ഭരണത്തിന്‍െറ അവിഭാജ്യഘടകമാണ്. ജുഡീഷ്യറിയുടെ സ്വാതന്ത്ര്യത്തിനുള്ള സര്‍ക്കാറിന്‍െറ പ്രതിബദ്ധത പൂര്‍ണമാണ്. ജഡ്ജി നിയമനത്തിനുള്ള നടപടി പത്രത്തിന്‍െറ കരട് അന്തിമഘട്ടത്തിലാണ്. സുപ്രീംകോടതി കൊളീജിയവുമായി ഇക്കാര്യത്തില്‍ സൗഹാര്‍ദപരമായ കൂടിയാലോചന നടത്തും. സര്‍ക്കാറും കൊളീജിയവും സൗഹാര്‍ദപരമായി പോകണം. പ്രശ്നങ്ങള്‍ തനിക്കറിയാമെന്നും നാം ഒരുമിച്ചു പ്രവര്‍ത്തിക്കുമെന്നും രവിശങ്കര്‍ പ്രസാദ് കൂട്ടിച്ചേര്‍ത്തു.

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.