കശ്മീർ സംഘർഷഭൂമിയായി നിലനിർത്താൻ ഒഴുക്കിയത് 24കോടി രൂപ

ന്യൂഡൽഹി: കശ്മീരിൽ തുടരുന്ന സംഘർഷങ്ങൾ സജീവമാക്കി നിലനിർത്താൻ താഴ്വരയിലേക്ക് ഇതുവരെ ഒഴുകിയെത്തിയത് 24 കോടി രൂപയെന്ന് ഔദ്യോഗിക വൃത്തങ്ങൾ. 39 ദിവസങ്ങളായി സംഘർഷവും കർഫ്യൂവും തുടരുന്ന കശ്മീരിൽ ചൊവ്വാഴ്ച വീണ്ടും ഏറ്റുമുട്ടലുണ്ടാകുകയും സൈനികരും പ്രദേശവാസികളും കൊല്ലപ്പെടുകയും ചെയ്തിരുന്നു. താഴ്വരയിലെ സ്ഥിതിഗതികൾ നിയന്ത്രണാതീതമായി തുടരുന്നതിനിടെയാണ് കേന്ദ്രസർക്കാരിൽ കശ്മീർ വിഷയം കൈകാര്യം ചെയ്യുന്ന ഉദ്യോഗസ്ഥൻ ഇക്കാര്യം അറിയിച്ചത്.

പാകിസ്താനെ അനുകൂലിക്കുന്ന വിഘടനവാദി ഗ്രൂപുകളിലെ ഉന്നത നേതാക്കളാണ് അതിർത്തി കടന്നെത്തുന്ന സാമ്പത്തിക സഹായം കൈപ്പറ്റുന്നതെന്നാണ് ഉന്നത ഉദ്യോഗസ്ഥന്‍റെ ആരോപണം.

സൈനികരേയും സുരക്ഷാ ഉദ്യോഗസ്ഥരേയും ആക്രമിക്കുന്നതിനായി യുവാക്കൾക്ക് പണം ലഭിക്കുന്നുണ്ടെന്നും അദ്ദേഹം വെളിപ്പെടുത്തി. പുറമേ നിന്നും പമ്പ് ചെയ്യുന്ന പണമാണ് സംഘർഷങ്ങളുടെ അടിസ്ഥാന കാരണമെന്നും അദ്ദേഹം കുറ്റപ്പെടുത്തി.

ജൂലായ് 8ന് ബുർഹാൻ വാനി കൊല്ലപ്പെട്ടത് മുതലാണ് കശ്മീരിൽ സംഘർഷങ്ങൾ ആരംഭിച്ചത്. ഇന്നലെ കൊല്ലപ്പെട്ട ആറ് പേരടക്കം 65 പേരാണ് ഇതുവരെ ഏറ്റുമുട്ടലിൽ കൊല്ലപ്പെട്ടത്. ഏകദേശം 5,000ത്തോളം പേർക്ക് പരിക്കേറ്റിട്ടുണ്ട്.

 

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.