ന്യൂഡല്‍ഹി: മണിപ്പൂരില്‍ നടന്ന ഏറ്റുമുട്ടല്‍ കൊലക്ക് പിന്നിലെ സത്യാവസ്ഥ പുറത്തുകൊണ്ടുവരണമെന്ന് സുപ്രീംകോടതി. മണിപ്പൂരില്‍ സൈന്യമോ സമാന്തര സൈനിക വിഭാഗങ്ങളോ പ്രതികാര നടപടികളോ അമിതാധികാരമോ ചെലുത്തരുതെന്ന് കോടതി വ്യക്തമാക്കി. സംസ്ഥാനത്ത് നടന്ന വ്യാജ ഏറ്റുമുട്ടല്‍ കേസുകളില്‍ സി.ബി.ഐ അന്വേഷണം ആവശ്യപ്പെട്ടുള്ള പൊതുതാല്‍പര്യ ഹരജി പരിഗണിക്കവെയാണ് പരാമര്‍ശം.
2000-12 കാലയളവില്‍ മാത്രം മണിപ്പൂരില്‍ 1,528 കൊലകളാണ് നടന്നത്. സൈന്യവും പൊലീസുമാണ് ഇതിനുപിന്നിലെന്ന് ആരോപണമുണ്ട്. എന്നാല്‍, ഇതുസംബന്ധിച്ച് സേന നേരിട്ട് അന്വേഷിക്കുകയാണ് ചെയ്തത്. മണിപ്പൂരില്‍ വ്യാജ ഏറ്റുമുട്ടലുകളില്‍ പ്രതികളായ സൈനികരെ വിചാരണചെയ്യാന്‍ ആംഡ് ഫോഴ്സസ് സ്പെഷല്‍ പവര്‍ ആക്റ്റ് (അഫ്സ്പ) തടസ്സം സൃഷ്ടിക്കുകയാണെന്ന് ഹരജിയില്‍ ചൂണ്ടിക്കാട്ടിയിരുന്നു. സൈനികര്‍ ചെയ്യുന്ന കുറ്റകൃത്യങ്ങള്‍ തെളിയിക്കപ്പെട്ടാലും അവര്‍ക്കെതിരെ നിയമ നടപടിയെടുക്കുന്നതിന് ‘അഫ്സ്പ’ നിയമ പ്രകാരം പൊലീസിന് കേന്ദ്രത്തിന്‍െറ അനുമതി തേടണം.
മണിപ്പൂരില്‍ യുദ്ധസമാനമായ സാഹചര്യമില്ല. വിദേശാക്രമണമോ സായുധകലാപമോ നിലവിലില്ലാത്ത സാഹചര്യത്തില്‍ സൈന്യത്തിന് നല്‍കിയ അമിതാധികാരങ്ങളെ ഹരജിയില്‍ ചോദ്യം ചെയ്തിരുന്നു. ഇതു പരിഗണിച്ച ജസ്റ്റിസ് എം.കെ. ലോകൂര്‍, യു.യു. ലളിത് എന്നിവരടങ്ങുന്ന ബെഞ്ച് ആഭ്യന്തര പ്രശ്നങ്ങള്‍ നേരിടാന്‍ സിവില്‍ അധികാരങ്ങളോടെ അവിടെ സൈന്യത്തെ വിന്യസിക്കാവുന്നതേയുള്ളൂവെന്ന് നിരീക്ഷിച്ചു.സൈന്യത്തിന് പ്രത്യേക അധികാരമുള്ളതിനാല്‍ മണിപ്പൂരില്‍ നടന്ന സായുധ കലാപങ്ങളുടെയും വ്യാജ ഏറ്റുമുട്ടലുകളുടെയും എഫ്.ഐ.ആര്‍പോലും പൊലീസ് തയാറാക്കിയിരുന്നില്ല. അഫ്സ്പ പിന്‍വലിക്കണമെന്ന് വടക്കുകിഴക്കന്‍ സംസ്ഥാനങ്ങളില്‍നിന്നുള്ള ലോക്സഭാംഗങ്ങള്‍ നേരത്തേ ആവശ്യപ്പെട്ടിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.