ന്യൂഡല്‍ഹി: ഏകീകൃത ചരക്കു സേവന നികുതി (ജി.എസ്.ടി) സംബന്ധിച്ച തര്‍ക്കം തീര്‍ക്കാന്‍ കേന്ദ്ര സര്‍ക്കാറും മുഖ്യപ്രതിപക്ഷമായ കോണ്‍ഗ്രസും തമ്മില്‍ ചര്‍ച്ച നടത്തി. 45 മിനിറ്റ് നീണ്ട ചര്‍ച്ചയില്‍ പക്ഷേ, സമവായമുണ്ടായില്ല. വൈകാതെ വീണ്ടും ചര്‍ച്ച നടത്താമെന്ന ധാരണയില്‍ യോഗം പിരിഞ്ഞു.
ജൂലൈ 18ന് പാര്‍ലമെന്‍റ് വര്‍ഷകാല സമ്മേളനം ആരംഭിക്കാനിരിക്കെയാണ് കേന്ദ്രം കോണ്‍ഗ്രസുമായി ചര്‍ച്ചക്ക് തയാറായത്. വര്‍ഷകാല സമ്മേളനത്തില്‍ ജി.എസ്.ടി ബില്‍ പാസാക്കുന്ന കാര്യത്തില്‍ ഇരുപാര്‍ട്ടികളും ഒന്നും പറഞ്ഞില്ല. സര്‍ക്കാറിനുവേണ്ടി ധനമന്ത്രി അരുണ്‍ ജെയ്റ്റ്ലി, പാര്‍ലമെന്‍ററികാര്യ മന്ത്രി അനന്ത്കുമാര്‍, കോണ്‍ഗ്രസ് പക്ഷത്തുനിന്ന് രാജ്യസഭാ കക്ഷി നേതാവ് ഗുലാം നബി ആസാദ്, ഉപനേതാവ് ആനന്ദ് ശര്‍മ എന്നിവര്‍ ചര്‍ച്ചയില്‍ പങ്കെടുത്തു. ജി.എസ്.ടി സംബന്ധിച്ച് ഇരുപാര്‍ട്ടികള്‍ക്കുമിടയിലെ തര്‍ക്കവിഷയങ്ങളെല്ലാം ചര്‍ച്ചചെയ്തുവെന്ന് മന്ത്രി അരുണ്‍ ജെയ്റ്റ്ലി യോഗത്തിനുശേഷം പറഞ്ഞു.
കോണ്‍ഗ്രസ് മുന്നോട്ടുവെച്ച കാര്യങ്ങള്‍ തങ്ങളുടെ നേതൃത്വവുമായി സംസാരിച്ചശേഷം പാര്‍ലമെന്‍റ് സമ്മേളനത്തിനിടെ വീണ്ടും ചര്‍ച്ച നടത്തുമെന്നും ജെയ്റ്റ്ലി പറഞ്ഞു. പാര്‍ലമെന്‍റ് സമ്മേളനത്തിനിടെ, ഒരിക്കല്‍കൂടി ചര്‍ച്ച നടക്കുമെന്ന് ഗുലാം നബി ആസാദ്, ആനന്ദ് ശര്‍മ എന്നിവരും പറഞ്ഞു.
ഏപ്രില്‍ 18നാണ് പാര്‍ലമെന്‍റിന്‍െറ വര്‍ഷകാല സമ്മേളനം തുടങ്ങുന്നത്. 20 പ്രവൃത്തിദിനങ്ങളാണുള്ളത്. അതിനിടെ, സമവായം കണ്ടത്തെി ബില്‍ പാസാക്കാനാണ് സര്‍ക്കാറിന്‍െറ ശ്രമം. രാജ്യമാകെ ഏകീകൃത നികുതിഘടന എന്നതാണ് ജി.എസ്.ടിയിലൂടെ നടപ്പാക്കുന്നത്. നികുതിനിരക്ക് പരിധി 18 ശതമാനം എന്നത് നിയമത്തില്‍തന്നെ ഉള്‍പ്പെടുത്തുക, ജി.എസ്.ടിയുമായി ബന്ധപ്പെട്ട് സംസ്ഥാനങ്ങള്‍ തമ്മിലുള്ള തര്‍ക്കപരിഹാര സംവിധാനം, അന്തര്‍സംസ്ഥാന ചരക്കുനീക്കത്തിന് ഒരു ശതമാനം അധികനികുതി ഒഴിവാക്കുക എന്നിവയാണ് കോണ്‍ഗ്രസിന്‍െറ മൂന്ന് പ്രധാന ആവശ്യം. ഇതില്‍ രണ്ടെങ്കിലും അംഗീകരിച്ചാല്‍ ബില്‍ പാസാക്കാന്‍ അനുവദിക്കാമെന്നാണ് പാര്‍ട്ടി നിലപാട്.
ഇതുവരെ കോണ്‍ഗ്രസിന് വഴങ്ങില്ളെന്ന ശാഠ്യത്തിലായിരുന്നു സര്‍ക്കാര്‍. ഇനി എത്രത്തോളം പിന്നാക്കംപോകുമെന്ന കാര്യത്തില്‍ വ്യക്തതയില്ല. തമിഴ്നാട്ടിലെ എ.ഐ.എ.ഡി.എം.കെ ഒഴികെയുള്ളവരെല്ലാം ജി.എസ്.ടിക്ക് അനുകൂലമാണ്. മുന്‍ യു.പി.എ സര്‍ക്കാറിന്‍െറ ജി.എസ്.ടി ബില്‍ അന്ന് ബി.ജെ.പി തടസ്സപ്പെടുത്തുകയായിരുന്നു. ബി.ജെ.പി അധികാരത്തിലേറിയതോടെ യു.പി.എ ബില്‍ പരിഷ്കരിച്ച് പാസാക്കാനായി ശ്രമം. ഭരണപക്ഷത്തിന് ഭൂരിപക്ഷമുള്ള ലോക്സഭയില്‍ ഇതുസംബന്ധിച്ച ഭരണഘടനാ ഭേദഗതി പാസായെങ്കിലും കോണ്‍ഗ്രസിന് മേല്‍ക്കൈയുള്ള രാജ്യസഭ കടന്നില്ല.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.