ന്യൂഡല്‍ഹി: തുര്‍ക്കിയിലെ പട്ടാള അട്ടിമറിക്ക് പിന്നില്‍ പ്രവര്‍ത്തിച്ചുവെന്ന് പ്രസിഡന്‍റ് റജബ് ത്വയ്യിബ് ഉര്‍ദുഗാന്‍ ആരോപിച്ച ഫത്ഹുല്ല ഗുലന്‍ എന്ന തുര്‍ക്കി ആത്മീയ നേതാവിന്‍െറ ഇന്ത്യയിലെ പ്രവര്‍ത്തനങ്ങളും അനിശ്ചിതത്വത്തിലായി. ഒരു ദശകം മുമ്പ് രാജ്യത്ത് പ്രവര്‍ത്തനം തുടങ്ങിയ സംഘം കേരളത്തിലും പ്രവര്‍ത്തനങ്ങള്‍ വ്യാപിപ്പിക്കുന്നതിനുള്ള പരിശ്രമങ്ങള്‍ നടത്തുന്നതിനിടയിലാണ് തുര്‍ക്കിയില്‍ പട്ടാള അട്ടിമറിക്കുള്ള വിഫല ശ്രമം നടന്നത്. പട്ടാള അട്ടിമറിയുടെ പശ്ചാത്തലത്തില്‍ ഈ ആത്മീയ സംഘത്തിനെതിരെ ശക്തമായ നടപടിയെടുക്കുമെന്ന് ഉര്‍ദുഗാന്‍ പ്രഖ്യാപിച്ചതോടെ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ അടക്കം രാജ്യത്തുള്ള ഗുലന്‍ പ്രസ്ഥാനത്തിന്‍െറ നിരവധി സംരംഭങ്ങളുടെയും പദ്ധതികളുടെയും ഭാവി അനിശ്ചിതത്വത്തിലായി. ഹിസ്മത് മൂവ്മെന്‍റ് എന്നും അറിയപ്പെടുന്ന ഗുലന്‍ മൂവ്മെന്‍റ് പ്രധാനമായും ഇന്ത്യയില്‍ വിദ്യാഭ്യാസ മേഖലയിലാണ് പ്രവര്‍ത്തനങ്ങള്‍ നടത്തിവരുന്നത്.
ഇന്ത്യയിലെ പ്രധാന നഗരങ്ങളില്‍, വിശിഷ്യാ ന്യൂഡല്‍ഹിയിലും ഹൈദരാബാദിലും, ഡസന്‍കണക്കിന് വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ ‘ഗുലന്‍ മൂവ്മെന്‍റി’നുണ്ട്. അത്യാധുനിക ആഡംബര സൗകര്യങ്ങളോടുകൂടിയ സ്കൂളുകള്‍, പ്രഫഷനല്‍ കോഴ്സുകള്‍ക്കുള്ള കോച്ചിങ് സെന്‍ററുകള്‍, വിദ്യാര്‍ഥി ഹോസ്റ്റലുകള്‍, വിദ്യാര്‍ഥികള്‍ക്കായുള്ള വീടുകള്‍ തുടങ്ങിയവയാണ് പ്രധാന സംരംഭങ്ങള്‍. ഈ സ്ഥാപനങ്ങളില്‍ പഠിക്കുന്ന വിദ്യാര്‍ഥികള്‍ക്ക് വിദേശരാജ്യങ്ങളില്‍ ഉപരിപഠനത്തിന് ആകര്‍ഷകമായ സ്കോളര്‍ഷിപ്പുകളും നല്‍കുന്നുണ്ട്. രാജ്യത്തുനിന്ന് നിരവധി നേതാക്കളെയും പണ്ഡിതരെയും വിദ്യാര്‍ഥികളെയും തുര്‍ക്കിയിലെ തങ്ങളുടെ കേന്ദ്രങ്ങള്‍ സന്ദര്‍ശിക്കാനും പ്രസ്ഥാനം കൊണ്ടുപോകാറുണ്ട്. കച്ചവടവും വ്യവസായവും വഴി സാമ്പത്തിക അടിത്തറ ഭദ്രമാക്കിയാണ് വിദ്യാഭ്യാസ പ്രവര്‍ത്തനങ്ങള്‍ക്ക് തുടക്കമിട്ടിരുന്നത്. തങ്ങളുടെ വിദ്യാഭ്യാസ പ്രവര്‍ത്തനങ്ങള്‍ക്കുള്ള പ്രധാന മൂലധനസ്രോതസും ഇതുതന്നെ.
തങ്ങളുടെ സ്ഥാപനങ്ങളില്‍ പഠിക്കുകയും സ്കോളര്‍ഷിപ്പുകള്‍ നേടുകയും ചെയ്യുന്നവരെ ഫത്ഹുല്ല ആത്മീയ പാതയില്‍ കൊണ്ടുപോകുന്നതിനുള്ള പ്രത്യേക പാഠ്യപദ്ധതിയും സംഘത്തിനുണ്ട്. ‘ദര്‍സ് ഹാനെ’ എന്നാണ് ഇത്തരം സ്ഥാപനങ്ങളില്‍ നടത്തുന്ന ആത്മീയ പഠനക്ളാസുകള്‍ അറിയപ്പെടുന്നത്. പഠനം പൂര്‍ത്തിയാക്കിയ മലയാളികള്‍ അടക്കമുള്ള നിരവധി ഇന്ത്യക്കാര്‍ ഗുലന്‍ പ്രസ്ഥാനത്തിന്‍െറ നിരവധി സംരംഭങ്ങളുടെ ഭാഗമാണിന്ന്. ഫത്ഹുല്ല ഗുലന്‍ എഴുതിയ ‘അനശ്വരനായ പ്രവാചകന്‍’ എന്ന കൃതിയെ ആസ്പദമാക്കി ഹിസ്മത് പ്രസ്ഥാനം നടത്തിയ മത്സരത്തിന്‍െറ സമ്മാനദാന ചടങ്ങ് 2013 ഫെബ്രുവരി 15ന് ന്യൂഡല്‍ഹി ഇന്ത്യന്‍ ഹാബിറ്റാറ്റ് സെന്‍ററില്‍ ആഘോഷപൂര്‍വമാണ് സംഘടിപ്പിച്ചത്. ചടങ്ങിനയച്ച പ്രത്യേക സന്ദേശത്തില്‍ ഇന്ത്യയില്‍ ഇത്തരം പ്രവര്‍ത്തനങ്ങള്‍ നടത്തുന്നവരെ നക്ഷത്രങ്ങളോടാണ് ഗുലന്‍ ഉപമിച്ചത്.
കേരളത്തിലേക്ക് തങ്ങളുടെ പ്രവര്‍ത്തനം വ്യാപിപ്പിക്കുന്നതിനായി മതസംഘടനകളുമായും മത, രാഷ്ട്രീയ നേതാക്കളുമായും ഗുലന്‍ മൂവ്മെന്‍റുമായി ബന്ധപ്പെട്ടവര്‍ ചര്‍ച്ചകള്‍ നടത്തിയിരുന്നു. ആ ദിശയിലുള്ള പ്രവര്‍ത്തനങ്ങള്‍ മുന്നോട്ടുപോകുന്നതിനിടയിലാണ് തുര്‍ക്കിയിലെ സംഭവവികാസങ്ങള്‍.
ബദീഉസ്സമാന്‍ സഈദ് നൂര്‍സിയുടെ പാത പിന്തുടരുന്നവരെന്ന നിലയില്‍ തുടങ്ങിയ ഗുലന്‍ മൂവ്മെന്‍റ് ഉര്‍ദുഗാനുമായി ചങ്ങാത്തത്തിലായിരുന്ന കാലത്താണ് ഇന്ത്യയിലുള്ള പ്രവര്‍ത്തനങ്ങള്‍ക്ക് തുടക്കംകുറിച്ചത്. എന്നാല്‍, സര്‍ക്കാറിനെ അട്ടിമറിക്കാന്‍ ഗുലന്‍ മൂവ്മെന്‍റ് ശ്രമിക്കുകയാണെന്ന നിലപാടിലേക്ക് ഉര്‍ദുഗാന്‍ മാറിയതോടെ ഈ ചങ്ങാത്തം അവസാനിച്ചത് ഇന്ത്യയിലെ പ്രവര്‍ത്തനങ്ങളെയും ബാധിച്ചു.
സംഘടന നടത്തിയിരുന്ന തുര്‍ക്കിയിലെ ഏറ്റവും പ്രചാരമുള്ള പത്രമായ ‘സമാനും’ വാര്‍ത്താ ഏജന്‍സിയായ ‘സിഹാനും’ ഉര്‍ദുഗാന്‍ ഏറ്റെടുത്തതോടെ ഡല്‍ഹിയിലെ രണ്ടിന്‍െറയും ഓഫിസുകളും അടച്ചുപൂട്ടിയിരുന്നു. സ്കൂളുകളുടെയും ഹോസ്റ്റലുകളുടെയും മറ്റ് സ്കോളര്‍ഷിപ് പദ്ധതികളുടെയും പ്രവര്‍ത്തനങ്ങളും ഇതോടെ മന്ദഗതിയിലായി. ഇതിനിടയിലാണ് തുര്‍ക്കിയിലെ വിഫലമായ അട്ടിമറിയും ഗൂലന്‍ പ്രസ്ഥാനത്തിനെതിരായ ഉര്‍ദുഗാന്‍െറ പ്രഖ്യാപനവും. പ്രസ്ഥാനത്തിന്‍െറ വിവിധ സംരംഭങ്ങളുടെ ഗുണഭോക്താക്കളായ മലയാളികളടക്കമുള്ള നൂറുകണക്കിനാളുകളെ അട്ടിമറി ദോഷകരമായി ബാധിക്കും.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.