ബിഹാറില്‍ മാവോവാദി ആക്രമണം: മരണം 13

പട്ന: ബിഹാറില്‍ മാവോവാദികളുടെ ആക്രമണത്തില്‍ കൊല്ലപ്പെട്ട സി.ആര്‍.പി.എഫ് കമാന്‍ഡോകളുടെ എണ്ണം പത്തായി. അഞ്ച് കമാന്‍ഡോകള്‍ക്ക് സാരമായി പരിക്കേറ്റു. മൂന്ന് മാവോവാദികളും സംഭവത്തില്‍ കൊല്ലപ്പെട്ടിട്ടുണ്ട്. മാവോവാദി ആക്രമണം ചെറുക്കാന്‍ ബിഹാറിന് എല്ലാവിധ സഹായവും നല്‍കുമെന്ന് കേന്ദ്ര ആഭ്യന്തരമന്ത്രി രാജ്നാഥ് സിങ് അറിയിച്ചു.

ഒൗറംഗാബാദ് ജില്ലയിലെ ഗയയുമായി അതിര്‍ത്തി പങ്കിടുന്ന ചക്കര്‍ബന്ദ മേഖലയിലെ ദുമാരിനള വനത്തിനകത്ത് തിങ്കളാഴ്ച വൈകീട്ടാണ് കമാന്‍ഡോകള്‍ക്കുനേരെ ആക്രമണം നടന്നത്. മാവോവാദികളെ അമര്‍ച്ച ചെയ്യുന്നതിനായി രൂപവത്കരിച്ച കമാന്‍ഡോ വിഭാഗമായ 205ാമത് കോബ്ര ബറ്റാലിയനുനേരെ അക്രമികള്‍ ഉഗ്രശേഷിയുള്ള ബോംബുകള്‍ എറിയുകയായിരുന്നെന്ന് ഒൗദ്യോഗിക കേന്ദ്രങ്ങള്‍ അറിയിച്ചു. 12 സ്ഫോടനങ്ങള്‍ അക്രമികള്‍ നടത്തി. എട്ടു കമാന്‍ഡോകള്‍ തല്‍ക്ഷണം മരിച്ചു. മറ്റു രണ്ടുപേര്‍ സംഭവസ്ഥലത്തുനിന്ന് മാറ്റുന്നതിനിടയിലാണ് മരണത്തിന് കീഴടങ്ങിയത്.

ബിഹാര്‍ തലസ്ഥാനമായ പട്നയില്‍നിന്ന് 170 കിലോമീറ്റര്‍ അകലെയാണ് ആക്രമണം നടന്നത്. സംഭവസ്ഥലത്തുനിന്ന് എ.കെ 47 തോക്കുകളും നാടന്‍തോക്കുകളും ഗ്രനേഡ് വിക്ഷേപിണികളും സൈന്യം കണ്ടത്തെിയിട്ടുണ്ട്. മാവോവാദികളുടെ ആക്രമണവും കനത്ത മഴയും കാരണം പരിക്കേറ്റവരെ ഹെലികോപ്ടറില്‍ രക്ഷപ്പെടുത്താനുള്ള നീക്കത്തിനും തിരിച്ചടി നേരിട്ടു.ഈ മേഖലയിലേക്ക് കൂടുതല്‍ സി.ആര്‍.പി.എഫുകാരെയും പൊലീസിനെയും വിന്യസിച്ചിട്ടുണ്ട്.മാവോവാദി ആക്രമണഭീഷണി ശക്തമായ മേഖലകളില്‍ പ്രത്യേക തിരച്ചിലിനായി രൂപംകൊടുത്തതാണ് കോബ്ര കമാന്‍ഡോ വിഭാഗം. ബിഹാറിലെ ബക്സര്‍ സ്വദേശിയായ ഹെഡ് കോണ്‍സ്റ്റബ്ള്‍ അനില്‍കുമാര്‍ സിങ്, കോണ്‍സ്റ്റബ്ള്‍മാരായ മണിപ്പൂരിലെ തൗബാല്‍ സ്വദേശി ഉപേന്ദ്ര സിങ്,  ഉത്തര്‍പ്രദേശിലെ അഅ്സംഗഢ് സ്വദേശി സിനോദ് കുമാര്‍, മുസഫര്‍നഗറുകാരനായ ഹര്‍വേന്ദര്‍ പന്‍വാര്‍, പഞ്ചാബിലെ ഹോഷിയാപുര്‍ സ്വദേശി രമേശ് കുമാര്‍, ബിഹാറിലെ കഘാരിയ സ്വദേശി ദിവാകര്‍ കുമാര്‍, സിവാനി സ്വദേശി രവി കുമാര്‍, പശ്ചിമ ബംഗാളിലെ ദെഞ്ചാപുര്‍ സ്വദേശി പൊളാഷ് മൊണ്ഡല്‍, നദിയ സ്വദേശി ദീപക് ഘോഷ്, മധ്യപ്രദേശിലെ ബെതുല്‍ സ്വദേശി മനോജ്കുമാര്‍ എന്നിവരാണ് കൊല്ലപ്പെട്ടതെന്ന് സൈനികവൃത്തങ്ങള്‍ അറിയിച്ചു. അതിനിടെ, കേന്ദ്ര ആഭ്യന്തരമന്ത്രി രാജ്നാഥ് സിങ് ബിഹാര്‍ മുഖ്യമന്ത്രി നിതീഷ് കുമാറിനെ ഫോണില്‍ വിളിച്ച് എല്ലാ സഹായവും ഉറപ്പുനല്‍കി. ആഭ്യന്തരമന്ത്രിയുടെ നിര്‍ദേശപ്രകാരം സി.ആര്‍.പി.എഫ് ഡയറക്ടര്‍ ജനറല്‍ കെ. ദുര്‍ഗപ്രസാദും മറ്റ് മുതിര്‍ന്ന സൈനിക ഉദ്യോഗസ്ഥരും സംഭവസ്ഥലം സന്ദര്‍ശിച്ചു. പൊലീസ് സേനയുടെയും സൈന്യത്തിന്‍െറയും സഹകരണത്തില്‍ വീഴ്ചയുണ്ടായോ എന്ന് അന്വേഷിക്കുമെന്ന് ദുര്‍ഗപ്രസാദ് അറിയിച്ചു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.