മോശം കാലാവസ്ഥ: വ്യോമ മാർഗമുള്ള തിരച്ചില്‍ നിർത്തിവെച്ചു

ചെന്നൈ: മോശം കാലാവസ്ഥയെ തുടർന്ന് ബംഗാൾ ഉൾക്കടലിൽ കാണാതായ വ്യോമസേനാ വിമാനത്തിനുള്ള വ്യോമ മാർഗമുള്ള തിരച്ചില്‍ താൽകാലികമായി നിർത്തിവെച്ചു. ശനിയാഴ്ച രാത്രിയോടെ ഉൾക്കടലിൽ കനത്ത മഴയും കാർമേഘങ്ങൾ മൂടി നിൽക്കുന്നതും കാരണമാണ് വിമാനം ഉപയോഗിച്ചുള്ള തിരച്ചിൽ നിർത്തിവെച്ചത്. 18 മുതൽ 20 നോട്ടിക്കൽ മൈൽ വേഗതയിലാണ് കാറ്റ് വീശുന്നത്. കപ്പലും മുങ്ങിക്കപ്പലും ഉപയോഗിച്ചുള്ള തിരച്ചിൽ പുരോഗമിക്കുകയാണ്.  

ഉപഗ്രഹ സഹായത്തോടെയുള്ള നിരീക്ഷണത്തിന് ഐ.എസ്.ആര്‍.ഒയുടെ സേവനം ലഭ്യമാക്കിയിട്ടുണ്ട്. സമുദ്രാന്തര്‍ ഭാഗത്തേക്ക് തരംഗങ്ങള്‍ കടത്തിവിട്ട് റഡാർ ഇമേജിങ് ഉപഗ്രഹം (സര്‍സാറ്റ്)ന്‍റെ സഹായത്തോടെയാണ് തെളിവ് ശേഖരിക്കുന്നത്. രാത്രിയിലും പകലും മേഘങ്ങൾക്കിടയിലും തെളിമയുള്ള ചിത്രങ്ങൾ പകർത്താൻ സര്‍സാറ്റിന് സാധിക്കും. വിമാനത്തിന്‍റെ ബ്ലാക്ക് ബോക്സ് തരംഗങ്ങള്‍ പിടിച്ചെടുക്കാന്‍ മുങ്ങിക്കപ്പലിലെ സംവിധാനവും ഉപയോഗിക്കുന്നുണ്ട്.

ചെന്നൈ തീരത്തു നിന്ന് കിഴക്ക് 280 കിലോമീറ്റർ (151 നോട്ടിക്കൽ മൈൽ) അകലെ 555 കിലോമീറ്റർ ചുറ്റളവിലാണ് തിരച്ചിൽ പുരോഗമിക്കുന്നത്. വ്യോമ-നാവിക-തീരരക്ഷാ സേനകളാണ് സംയുക്ത തിരച്ചിലാണ് നടത്തുന്നത്. ഇതിനിടെ, കടലിൽ നിന്ന് ലഭിച്ച അവശിഷ്ടങ്ങൾ കാണാതായ എ.എൻ-23 വിമാനത്തിന്‍റേതല്ലെന്ന് അധികൃതർ സ്ഥിരീകരിച്ചിട്ടുണ്ട്.

വെള്ളിയാഴ്ച രാവിലെ 8.30ന് താംബരത്തെ വ്യോമസേനാ താവളത്തിൽ നിന്ന് പുറപ്പെട്ട വിമാനം ബംഗാൾ ഉൾക്കടലിൽവെച്ചാണ് കാണാതായത്. രണ്ട് മലയാളികൾ അടക്കം 29 സൈനിക ഉദ്യോഗസ്ഥരാണ് വിമാനത്തിലുള്ളത്.

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.