മാൻവേട്ട കേസിൽ സൽമാൻ ഖാനെ വെറുതെ വിട്ടു

ജോധ്പൂർ: കൃഷ്ണമൃഗത്തെ വേട്ടയാടിയ കേസിൽ ബോളിവുഡ് താരം സൽമാൻ ഖാനെ വെറുതെ വിട്ടു. രാജസ്ഥാൻ ഹൈകോടതിയാണ് സൽമാനെ 18 വർഷത്തിന് ശേഷം കുറ്റവിമുക്തമനാക്കിയത്. വിചാരണ കോടതി വിധിക്കെതിരെ താരം ഹൈകോടതിയിൽ നൽകിയ അപ്പീലിലാണ് ഇപ്പോൾ വിധി പ്രഖ്യാപിച്ചിട്ടുള്ളത്. മാനിന്‍റെ ദേഹത്ത് പതിച്ച വെടിയുണ്ട സൽമാന്‍റെ കൈവശമുണ്ടായിരുന്ന തോക്കിൽ നിന്നുള്ളതാണെന്ന് സ്ഥിരീകരിക്കാൻ പ്രോസിക്യൂഷന് സാധിച്ചില്ലെന്ന് ഹൈകോടതി വിധിന്യായത്തിൽ ചൂണ്ടിക്കാട്ടി. സംഭവത്തിൽ പങ്കാളിയല്ലെന്നും താൻ നിരപരാധിയാണെന്നുമാണ് താരം കോടതിയിൽ വാദിച്ചത്.

1998 സെപ്റ്റംബർ 26നും സെപ്റ്റംബർ 28നുമാണ് കേസിനാസ്പദമായ സംഭവങ്ങൾ നടക്കുന്നത്. 'ഹം സാത്ത് സാത്ത് ഹെ' എന്ന ചിത്രത്തിന്‍റെ ഷൂട്ടിങ്ങിനിടെ സൽമാൻ ഖാൻ വംശനാശം നേരിട്ടു കൊണ്ടിരിക്കുന്ന കൃഷ്ണമൃഗത്തെയും ചിങ്കാര മാനിനെയും വേട്ടയാടി എന്നായിരുന്നു കേസ്. മാനിനെ ദൈവമായി ആരാധിക്കുന്ന ബിഷ്‌ണോയി വംശജരാണ് സൽമാൻ അടക്കം ആറ് ബോളിവുഡ് താരങ്ങള്‍ക്കെതിരെ പരാതി നല്‍കിയത്.

സെപ്റ്റംബർ 26ന് ജോധ്പുരിലെ ഉൾപ്രദേശമായ ഭവാധിലും സെപ്റ്റംബർ 28ന് ഗോദ ഫാമിലുമാണ് വേട്ടയാടൽ നടന്നത്. സഹ നടീനടന്മാരായ സെയ്ഫ് അലി ഖാൻ, തബു, സൊനാലി ബാന്ദ്രെ, നീലം, സതീഷ് ഷാ എന്നിവരും സല്‍മാനൊപ്പം പങ്കാളികളായിരുന്നു. വന്യജീവി സംരക്ഷണ നിയമത്തിലെ 51മത് വകുപ്പ് പ്രകാരമാണ് സൽമാനെതിരെ ജോധ്പുർ പൊലീസ് കേസെടുത്തത്.

മാന്‍വേട്ടയുമായി ബന്ധപ്പെട്ട രണ്ട് കേസുകളില്‍ നേരത്തേ സല്‍മാന് തടവുശിക്ഷ വിധിച്ചിട്ടുണ്ട്. ആദ്യ കേസില്‍ ഒരു വര്‍ഷം തടവും രണ്ടാമത്തേതില്‍ ആവര്‍ത്തിച്ച്‌ കുറ്റകൃത്യം ചെയ്തതിന്‍റെ പേരില്‍ അഞ്ചു വര്‍ഷവും തടവാണ് ജോധ്പൂര്‍ കോടതി വിധിച്ചത്. ഈ കേസുകളിലെ വിധിക്കെതിരെ അപ്പീല്‍ നല്‍കിയ സല്‍മാന്‍ നിലവിൽ ജാമ്യത്തിലായിരുന്നു. കേസുമായി ബന്ധപ്പെട്ട് സൽമാൻ 1998ലും 2007ലും തടവുശിക്ഷ അനുഭവിച്ചിട്ടുണ്ട്.

ലൈസൻസില്ലാത്ത തോക്ക് കൈവശംവെച്ചതിന് സൽമാനെതിരെ ആയുധനിയമപ്രകാരം ചുമത്തിയിരുന്ന കുറ്റം കോടതി നേരത്തെ ഉപേക്ഷിച്ചിരുന്നു.

അതേസമയം, ഹൈകോടതി വിധിക്കെതിരെ സുപ്രീംകോടതിയെ സമീപിക്കുമെന്ന് ബിഷ്‌ണോയി സമുദായ നേതാവ് മഹിപാൽ ബിഷ്ണോയി മാധ്യമങ്ങളോട് പറഞ്ഞു.

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.