ന്യൂഡല്‍ഹി: അയോധ്യയില്‍ ബാബരി മസ്ജിദ് നിലനിന്നിരുന്ന ഭൂമിയില്‍ ക്ഷേത്രമുണ്ടായിരുന്നുവെന്ന വിവാദ റിപ്പോര്‍ട്ട് നല്‍കിയ പുരാവസ്തുവകുപ്പ് മുന്‍ ഉദ്യോഗസ്ഥനെ ദേശീയ മ്യൂസിയങ്ങളുടെ മേധാവിയായി മോദി സര്‍ക്കാര്‍ നിയോഗിച്ചു.
പ്രധാനമന്ത്രി അധ്യക്ഷനായ കേന്ദ്ര മന്ത്രിസഭയുടെ നിയമനകാര്യ സമിതിയാണ് ആര്‍ക്കിയോളജിക്കല്‍ സര്‍വേ ഓഫ് ഇന്ത്യയില്‍ (എ.എസ്.ഐ) അഡീഷനല്‍ ഡയറക്ടര്‍ ജനറല്‍ സ്ഥാനത്തിരുന്ന് വിരമിച്ച ഡോ. ബുദ്ധരശ്മി മണിയെ നാഷനല്‍ മ്യൂസിയം ഡയറക്ടര്‍ ജനറലായി നിയമിച്ചത്. 2003ല്‍ ബാബരി വിവാദ ഭൂമിയില്‍ ഖനനം നടത്തുന്നതിനിടെ 10ാം നൂറ്റാണ്ടിലെ ക്ഷേത്രത്തിന്‍െറ അവശിഷ്ടങ്ങള്‍ കണ്ടു എന്ന വെളിപ്പെടുത്തലുമായി മണി എത്തിയത് വിവാദമായിരുന്നു.
പൂര്‍ണമായി ഖനനം നടത്താതെ ഇത്തരമൊരു കണ്ടത്തെല്‍ നടത്തിയെന്ന അവകാശവാദം ഉന്നയിച്ചതിനെതിരെ ചരിത്രകാരന്മാരും പൗരാവകാശ സംഘങ്ങളും പ്രതിഷേധിക്കുകയും ചെയ്തു. എന്നാല്‍, സംഘ്പരിവാറും പള്ളിപൊളിച്ച സ്ഥലത്ത് ക്ഷേത്രം നിര്‍മിക്കണമെന്ന് വാദിക്കുന്ന ചരിത്രകാരന്മാരും ഇത് ആഘോഷമാക്കി. തുടര്‍ന്ന് അലഹബാദ് ഹൈകോടതി ഇദ്ദേഹത്തെ പഠനസംഘത്തിന്‍െറ നേതൃത്വത്തില്‍നിന്ന് നീക്കുകയായിരുന്നു. താന്‍ അന്നു പറഞ്ഞ കാര്യങ്ങളില്‍ ഉറച്ചുനില്‍ക്കുന്നു എന്നു പറയുന്ന മണി കൂടുതല്‍ കുഴിക്കാന്‍ തയാറാവാത്തതിന്‍െറ പേരിലാണ് തന്നെ നീക്കാന്‍ കോടതി ആവശ്യപ്പെട്ടതെന്നും കൂടുതല്‍ ഖനനത്തിന്‍െറ ആവശ്യം ഇല്ലായിരുന്നുവെന്നും അവകാശപ്പെടുന്നു.
മ്യൂസിയം മേധാവി സ്ഥാനത്തേക്ക് പരിഗണിച്ച മറ്റുള്ളവരെല്ലാം തന്നെക്കാള്‍ അനുഭവവും യോഗ്യതയും കുറഞ്ഞവരായതുകൊണ്ടാണ് താന്‍ നിയോഗിക്കപ്പെട്ടതെന്നാണ് മണിയുടെ പക്ഷം. എന്നാല്‍, മാധ്യമങ്ങളോടു സംസാരിക്കവെ മോദിയെ പുകഴ്ത്താന്‍ അദ്ദേഹം മറന്നില്ല. ഇതുപോലൊരു നേതാവിനെ പ്രധാനമന്ത്രിയായി ലഭിച്ചത് രാജ്യത്തിന്‍െറ ഭാഗ്യമാണെന്നും അദ്ദേഹം പറഞ്ഞു. മൂന്നുവര്‍ഷത്തേക്ക് അല്ളെങ്കില്‍ 70 വയസ്സ് തികയുന്നതുവരെയാണ് പുതിയ ഡി.ജിയുടെ കാലാവധി. നേരത്തേ ഈ പദവി വഹിച്ചിരുന്ന മലയാളി ഐ.എ.എസ് ഉദ്യോഗസ്ഥന്‍ വേണു വാസുദേവനെ മൂന്നുവര്‍ഷ കാലാവധി പൂര്‍ത്തിയാവും മുമ്പ് മോദി സര്‍ക്കാര്‍ നീക്കുകയായിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.