ഇറോം ശര്‍മിളയുടെ തീരുമാനം അപ്രതീക്ഷിതം, അനുഭാവികള്‍ക്ക് വിസ്മയം

ഇംഫാല്‍: നിരാഹാരത്തില്‍നിന്ന് പിന്മാറാനുള്ള ഇറോം ശര്‍മിളയുടെ അപ്രതീക്ഷിത തീരുമാനത്തില്‍ വീട്ടുകാര്‍ക്കും അനുഭാവികള്‍ക്കും വിസ്മയം. സമരത്തിലുടനീളം സജീവമായ ഇറോം ശര്‍മിളയുടെ സഹോദരന്‍ സിംഗാജിതിന് പിന്മാറ്റം സംബന്ധിച്ച് സൂചനപോലുമുണ്ടായിരുന്നില്ല. അസുഖത്തെ തുടര്‍ന്ന് വിശ്രമിക്കുന്ന തനിക്ക് കുറച്ചു ദിവസങ്ങളായി സഹോദരിയുമായി സംസാരിക്കാന്‍ കഴിഞ്ഞിട്ടില്ളെന്നും വിവരമറിഞ്ഞത് സുഹൃത്തുക്കളില്‍നിന്നാണെന്നും സിംഗാജിത് പറഞ്ഞു.

ഇറോം ശര്‍മിളയുടെ ഏറ്റവുമടുത്ത അനുയായിയും മണിപ്പൂര്‍ ഹ്യൂമന്‍ റൈറ്റ്സ് അലര്‍ട്ട് എന്ന സംഘടനയുടെ ഡയറക്ടറുമായ ബബ്ലു ലോയ്ടോന്‍ബമിനെയും തീരുമാനം ഞെട്ടിച്ചു. എങ്കിലും, അവരുടെ തീരുമാനത്തിനു പിറകിലെ കാരണങ്ങളെക്കുറിച്ച് തനിക്ക് വ്യക്തമായി അറിയാമെന്ന് അദ്ദേഹം കൂട്ടിച്ചേര്‍ത്തു. 15 വര്‍ഷം നിരാഹാരം നടത്തിയിട്ടും ‘അഫ്സ്പ’ പിന്‍വലിച്ചിട്ടില്ളെങ്കില്‍ 30 വര്‍ഷം കഴിഞ്ഞാലും ഇത് പിന്‍വലിക്കാനിടയില്ല -അദ്ദേഹം പറഞ്ഞു. ഇറോം ശര്‍മിളയുടെ ബ്രിട്ടീഷുകാരനായ സുഹൃത്താണ് നിരാഹാരം അവസാനിപ്പിക്കാന്‍ പ്രേരണ ചെലുത്തിയതെന്നാണ് സഹപ്രവര്‍ത്തകര്‍ കരുതുന്നത്. മാത്രമല്ല, സര്‍ക്കാറുകള്‍ തന്‍െറ ആവശ്യത്തെ നിരന്തരം അവഗണിക്കുന്നതില്‍ അവര്‍ അസ്വസ്ഥയുമായിരുന്നു.

നിരാഹാരം തുടങ്ങിയതു മുതല്‍ ഇറോം ശര്‍മിള വീട്ടിലേക്ക് പോകുകയോ മാതാവ് ശക്തിദേവിയെ കാണുകയോ ചെയ്തിട്ടില്ല. 2009ല്‍ ആശുപത്രിയില്‍ പ്രവേശിപ്പിച്ചപ്പോഴാണ് ശക്തിദേവി മകളെ കാണാനത്തെിയത്. അതിനുശേഷം കണ്ടിട്ടില്ല. നിരാഹാരം അവസാനിപ്പിക്കാന്‍ തുടക്കത്തില്‍ സഹോദരന്‍െറയും മറ്റും സമ്മര്‍ദമുണ്ടായിരുന്നു.

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.