മനില: ഇന്ത്യക്കാരായ ബെസ്വാദ വില്‍സണും ടി.എം. കൃഷ്ണക്കും 2016ലെ മഗ്സസെ പുരസ്കാരം. മനുഷ്യന്‍െറ മഹത്വവും അന്യാധീനപ്പെടാന്‍ പാടില്ലാത്ത അവകാശങ്ങളും ഉയര്‍ത്തിപ്പിടിച്ചുള്ള പ്രവര്‍ത്തനങ്ങള്‍ക്കാണ് കര്‍ണാടക സ്വദേശിയും മനുഷ്യാവകാശ സംഘടനയായ ‘സഫായി കര്‍മചാരി ആന്ദോളന്‍െറ’ ദേശീയ കണ്‍വീനറുമായ ബെസ്വാദക്ക് അംഗീകാരം. സാമൂഹിക പ്രതിബദ്ധതയിലൂന്നിയ സാംസ്കാരിക പ്രവര്‍ത്തനങ്ങളാണ് കൃഷ്ണയെ അവാര്‍ഡിന് അര്‍ഹനാക്കിയത്. പലഭാഗങ്ങളിലും ഇപ്പോഴും തുടരുന്ന തോട്ടിപ്പണി നിര്‍മാര്‍ജനം ചെയ്യാനുള്ള പ്രചാരണങ്ങളുടെ മുന്നണിപ്പടയാളിയാണ് ഇതേ ജോലിചെയ്തിരുന്ന ദലിത് കുടംബത്തില്‍ ജനിച്ച ബെസ്വാദ.
കൊണ്‍ചിത കാപിയോ മൊറെലെസ് (ഫിലിപ്പീന്‍സ്), ഡൊംപെറ്റ് ദുഅഫ (ഇന്തോനേഷ്യ) എന്നിവരും ജപ്പാന്‍ ഓവര്‍സീസ് കോഓപറേഷന്‍ വളന്‍റിയേഴ്സും ലാവോസിലെ വിയന്‍റിയന റെസ്ക്യൂ എന്നീ സംഘടനകളും ഇത്തവണത്തെ മഗ്സസെ പുരസ്കാരം നേടി.
‘ഇന്ത്യന്‍ സമൂഹത്തില്‍ പുഴുക്കുത്തായി തോട്ടിപ്പണി തുടരുന്നു. അസമത്വങ്ങളും അയിത്തവും ഇതിന്‍െറ ഭാഗമായി നിലനില്‍ക്കുന്നു. പരമ്പരാഗതമായി തോട്ടിപ്പണിക്കാരായ മനുഷ്യര്‍ മറ്റുള്ളവരുടെ വിസര്‍ജ്യം ബക്കറ്റില്‍ ചുമന്നു കൊണ്ടുപോകുന്ന വേലചെയ്താണ് ജീവിക്കുന്നത്. 1,80,000 ദലിത് കുടുംബങ്ങള്‍ ഇങ്ങനെ കഴിയുന്നു. പൊതു ശൗചാലയങ്ങളില്‍നിന്നും വീടുകളില്‍നിന്നും മറ്റുമായി 7,90,000 ഇടങ്ങളാണ് ഇവര്‍ ശുചീകരിക്കുന്നത്. തോട്ടപ്പണി ചെയ്യുന്നതിലധികവും സ്ത്രീകളും കുട്ടികളുമാണ്. ഇത് നിരോധിച്ച് നിയമങ്ങളുണ്ടെങ്കിലും പാലിക്കപ്പെടുന്നില്ല. സര്‍ക്കാറാണ് ഇത് വലിയതോതില്‍ ലംഘിക്കുന്നത് -പുരസ്കാരപത്രത്തില്‍ പറഞ്ഞു.
കര്‍ണാടകയിലെ കോലാര്‍ സ്വര്‍ണഖനിയുമായി ബന്ധപ്പെട്ട ടൗണിലാണ് 50കാരനായ ബെസ്വാദ വില്‍സണ്‍. ദലിത് കുടുംബത്തില്‍നിന്ന് ഉയര്‍ന്ന വിദ്യാഭ്യാസം നേടാന്‍ അദ്ദേഹത്തിന് കഴിഞ്ഞു. തോട്ടിപ്പണി നിര്‍മാര്‍ജനത്തിനായി 32 വര്‍ഷത്തോളമായി പ്രവര്‍ത്തിക്കുന്നു. വ്യക്തികളെ മാത്രമല്ല സമൂഹത്തെതന്നെ ആഴത്തില്‍ പരിവര്‍ത്തിപ്പിക്കുന്നതില്‍ സംഗീതത്തിനുള്ള കഴിവ് നിരവധി സംഗീതക്കച്ചേരിയിലൂടെയും മറ്റും ആവിഷ്കരിച്ച കൃഷ്ണ, ഈ രംഗത്തെ പ്രതിഭാശാലിയാണെന്ന് അവാര്‍ഡ് നിര്‍ണയ ബോര്‍ഡ് വിലയിരുത്തി.
ഫിലിപ്പീന്‍സ് മുന്‍ പ്രസിഡന്‍റ് റമോണ്‍ മഗ്സസെയുടെ സ്മരണക്കായി ഫിലിപ്പീന്‍സ് സര്‍ക്കാറാണ് പുരസ്കാരം നല്‍കുന്നത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.