ന്യൂഡല്‍ഹി: അഴിമതിയും അശാസ്ത്രീയതയും നിറഞ്ഞ മെഡിക്കല്‍ കൗണ്‍സിലിനെ ഒഴിവാക്കി നാഷനല്‍ മെഡിക്കല്‍ കമീഷന്‍ രൂപവത്കരിക്കണമെന്ന ശിപാര്‍ശക്ക് പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ അധ്യക്ഷതയില്‍ വ്യാഴാഴ്ച ചേരുന്ന നിതി ആയോഗ് യോഗം അംഗീകാരം നല്‍കും. മെഡിക്കല്‍ കൗണ്‍സില്‍ ഉടച്ചുവാര്‍ക്കണമെന്ന് പാര്‍ലമെന്‍ററി കമ്മിറ്റിയും പിരിച്ചുവിടണമെന്ന് ആയോഗ് ഉപാധ്യക്ഷന്‍ അരവിന്ദ് പനഗരിയ നേതൃത്വം നല്‍കിയ ഉന്നതസമിതിയും നിര്‍ദേശിച്ചിരുന്നു. കൗണ്‍സില്‍ അതിന്‍െറ പ്രഖ്യാപിത ലക്ഷ്യങ്ങള്‍ പാലിക്കുന്നത് പരാജയപ്പെട്ടതാണ് രാജ്യത്തെ മെഡിക്കല്‍ വിദ്യാഭ്യാസമേഖലയുടെ നിലവാരത്തകര്‍ച്ചക്ക് വഴിയൊരുക്കിയതെന്നാണ് സമിതികള്‍ ഉന്നയിക്കുന്ന മുഖ്യ ആരോപണം.
മെഡിക്കല്‍ വിദ്യാഭ്യാസമേഖലയിലെ ഇന്‍സ്പെക്ടര്‍ രാജ് ഒഴിവാക്കാനും നിലവാരവും സൗകര്യങ്ങളുമുള്ള പുതിയ മെഡിക്കല്‍ കോളജുകള്‍ തുറക്കാനും പുതുസംവിധാനം വഴിയൊരുക്കുമെന്നാണ് നിതി ആയോഗ് ഉന്നതരുടെ പക്ഷം. ആരോഗ്യ മേഖലക്ക് അകത്തും പുറത്തുമുള്ള 20 അംഗങ്ങളാവും കമീഷനില്‍ ഉണ്ടാവുക.
ബിരുദ കോഴ്സുകള്‍, ബിരുദാനന്തര ബിരുദ കോഴ്സുകള്‍, കോളജുകളുടെ അക്രഡിറ്റേഷന്‍, ആരോഗ്യ മേഖലയിലെ നൈതിക പ്രശ്നങ്ങള്‍ എന്നിവ പരിശോധിക്കാനും വിലയിരുത്താനുമായി നാല് സ്വയംഭരണ ബോര്‍ഡുകളും നിലവില്‍വരും. മെഡിക്കല്‍ കൗണ്‍സിലിന് പുറമെ യു.ജി.സി, ഓള്‍ ഇന്ത്യ കൗണ്‍സില്‍ ഫോര്‍ ടെക്നിക്കല്‍ എജുക്കേഷന്‍ എന്നിവ ഉള്‍പ്പെടെ വിവിധ സമിതികളുടെ പൊളിച്ചുപണിയും ആയോഗ് നിര്‍ദേശിച്ചിരുന്നു. പതിനഞ്ചു വര്‍ഷത്തേക്കുള്ള വികസന ദര്‍ശനരേഖ ഇന്നത്തെ യോഗത്തില്‍ പ്രധാനമന്ത്രിക്ക് മുന്നില്‍ സമര്‍പ്പിക്കും. ഏഴു വര്‍ഷത്തേക്കുള്ള പദ്ധതികള്‍ സംബന്ധിച്ച മറ്റൊരു നിര്‍ണായകരേഖയും ചര്‍ച്ച ചെയ്യും.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.