തിരൂര്‍: എഴുത്തിനപ്പുറം ആദിവാസികളുള്‍പ്പെടെയുള്ള അധ$സ്ഥിത വിഭാഗങ്ങളുടെ ഉന്നമനത്തിനായി പോരാടാന്‍ ജീവിതം മാറ്റിവെച്ച എഴുത്തുകാരിയായിരുന്നു മഹാശ്വേതാദേവിയെന്ന് എം.ടി. വാസുദേവന്‍ നായര്‍. മാനവികതയെ ഉയര്‍ത്തിപ്പിടിച്ചായിരുന്നു അവരുടെ പ്രവര്‍ത്തനങ്ങള്‍. അധ$സ്ഥിത വിഭാഗങ്ങളുടെ ഉയര്‍ച്ചയും അംഗീകാരവുമായിരുന്നു എക്കാലത്തും അവരുടെ ലക്ഷ്യം.
ഒരു കാലത്ത് ആദിവാസി സമൂഹത്തെ ക്രിമിനലുകളായാണ് സമൂഹം കണ്ടിരുന്നത്. ബ്രിട്ടീഷ് കാലത്തുണ്ടാക്കിയ നിയമം സ്വാതന്ത്ര്യം ലഭിച്ചതിനു ശേഷവും തുടര്‍ന്നു. ഈ നിയമങ്ങള്‍ മാറ്റാന്‍ ശക്തമായ പ്രവര്‍ത്തനമാണ് മഹാശ്വേതാദേവി നടത്തിയിരുന്നത്. അവര്‍ക്ക് വേണ്ടിയുള്ള പോരാട്ടത്തിനിടെ എഴുത്ത് പോലും കുറഞ്ഞു. ഒരു ഘട്ടം കഴിഞ്ഞപ്പോള്‍ രചന നിര്‍ത്തുകയും ചെയ്തു. അവരുടെ വിയോഗം രാജ്യത്തിനും സാഹിത്യത്തിനും വലിയ നഷ്ടമാണ്.
ജ്യേഷ്ഠസഹോദരിയായിരുന്നു എനിക്ക് അവര്‍. കൊല്‍ക്കത്തയില്‍ പോകുമ്പോള്‍ അവരുടെ വീട്ടിലാണ് താമസിച്ചിരുന്നത്. എന്‍െറ നിര്‍ബന്ധത്തിന് വഴങ്ങി ഒരിക്കല്‍ തുഞ്ചന്‍പറമ്പില്‍ വന്നിരുന്നു. തുഞ്ചന്‍പറമ്പിലെ ഭാഷാ സാഹിത്യത്തിന് തറക്കല്ലിട്ടത് അവരായിരുന്നുവെന്നും എം.ടി അനുസ്മരിച്ചു.
മുഖ്യമന്ത്രി അനുശോചിച്ചു
പ്രമുഖ സാഹിത്യകാരി മഹാശ്വേതാദേവിയുടെ നിര്യാണത്തില്‍ മുഖ്യമന്ത്രി പിണറായി വിജയന്‍ അനുശോചിച്ചു. ഇന്ത്യന്‍ സാഹിത്യത്തിന് അവര്‍ നല്‍കിയ സംഭാവനകള്‍ മഹത്തരമാണെന്ന് അദ്ദേഹം പറഞ്ഞു. സമൂഹത്തിലെ അടിച്ചമര്‍ത്തപ്പെട്ടവരുടെയും പാര്‍ശ്വവത്കരിക്കപ്പെട്ടവരുടെയും ശബ്ദം അക്ഷരങ്ങളിലൂടെ ഉയര്‍ത്തിയ മഹാശ്വേതാദേവി ലോകസാഹിത്യത്തിന്‍െറ വിശാലഭൂമികയില്‍ ഇന്ത്യന്‍സാഹിത്യത്തിന് തനതായ ഇടം നേടിക്കൊടുത്ത എഴുത്തുകാരിയായിരുന്നെന്ന് പ്രതിപക്ഷനേതാവ് രമേശ് ചെന്നിത്തല പറഞ്ഞു. പാവപ്പെട്ടവരുടെയും അടിച്ചമര്‍ത്തപ്പെട്ടവരുടെയും ശബ്ദമായിരുന്നു മഹാശ്വേതാദേവിയെന്ന് കെ.പി.സി.സി പ്രസിഡന്‍റ് വി.എം. സുധീരന്‍ പറഞ്ഞു. ആദിവാസികളോടും മറ്റ് ദുര്‍ബല ജനവിഭാഗങ്ങളോടുമുള്ള അതിക്രമങ്ങള്‍ക്കെതിരെ അവര്‍ പൊരുതി. കേരളത്തിലെ ജനകീയപ്രശ്നങ്ങളില്‍ മഹാശ്വേതാദേവിയുടെ സാന്നിധ്യം ആവേശമായിരുന്നെന്ന് സുധീരന്‍ അഭിപ്രായപ്പെട്ടു.
‘മനുഷ്യസ്നേഹിയായ എഴുത്തുകാരി’
ആദിവാസി ജനവിഭാഗങ്ങള്‍ അനുഭവിക്കേണ്ടിവന്ന ക്രൂരമായ അടിച്ചമര്‍ത്തലുകള്‍, ജാതിപരമായ ഉച്ചനീചത്വങ്ങള്‍ തുടങ്ങിയവ സ്വന്തം കൃതികളിലൂടെ വരച്ചുകാട്ടുക മാത്രമല്ല, ഇവരുടെ മേഖലയില്‍ സാമൂഹിക പ്രവര്‍ത്തനങ്ങള്‍ക്ക് നേതൃത്വം നല്‍കുകയും ചെയ്ത മനുഷ്യസ്നേഹിയായ എഴുത്തുകാരിയായിരുന്നു മഹാശ്വേതാ ദേവിയെന്ന് സാംസ്കാരിക മന്ത്രി എ.കെ. ബാലന്‍ അനുസ്മരിച്ചു. മഹാശ്വേതാദേവിയുടെ നിര്യാണം ദേശീയനഷ്ടമാണെന്ന് തുറമുഖമന്ത്രി രാമചന്ദ്രന്‍ കടന്നപ്പള്ളി പറഞ്ഞു. സി.പി.ഐ സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രനും അനുശോചിച്ചു. മഹാശ്വേതാദേവിയുടെ ഇടപെടലുകള്‍ സാമൂഹിക നീതിക്കുവേണ്ടിയുള്ള പോരാട്ടങ്ങള്‍ക്ക് കരുത്തു പകര്‍ന്നതായും അദ്ദേഹം അനുശോചന സന്ദേശത്തില്‍ പറഞ്ഞു. പരിസ്ഥിതി പ്രശ്നങ്ങളില്‍ നാടിന്‍െറ വികാരത്തിനൊപ്പംനിന്ന പൊതുപ്രവര്‍ത്തകയെയാണ് നഷ്ടമായിരിക്കുന്നതെന്ന് സി.പി.ഐ കേന്ദ്ര സെക്രട്ടേറിയറ്റ് അംഗം പന്ന്യന്‍ രവീന്ദ്രന്‍ പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.