ന്യൂഡല്‍ഹി: തലസ്ഥാനനഗരിക്കടുത്തുള്ള കോര്‍പറേറ്റ്-ഐ.ടി സിരാകേന്ദ്രമായ ഗുഡ്ഗാവിനെ പെരുമഴ വെള്ളക്കെട്ടില്‍ മുക്കി. ഇതുമൂലം ദേശീയപാതയില്‍ മണിക്കൂറുകള്‍ ഗതാഗതം സ്തംഭിച്ചു. 15 കിലോമീറ്റര്‍ നീളത്തിലാണ് വാഹനങ്ങള്‍ ദേശീയപാതയില്‍ കുരുങ്ങിക്കിടന്നത്. ഡല്‍ഹിയില്‍നിന്ന് ആരും ഗുഡ്ഗാവിലേക്ക് വരരുതെന്ന് നിര്‍ദേശം നല്‍കാന്‍ അധികൃതര്‍ നിര്‍ബന്ധിതരായി. സ്കൂളുകള്‍ രണ്ടു ദിവസത്തേക്ക് അടച്ചു. പ്രധാന ക്രോസിങ്ങായ ഹീറോ ഹോണ്ട ചൗക്കില്‍ ആളുകള്‍ കൂട്ടംകൂടുന്നത് തടയാന്‍ നിരോധാജ്ഞ പുറപ്പെടുവിച്ചു. ഗതാഗതക്കുരുക്കില്‍ റോഡും ഇടവഴികളും സ്തംഭിച്ചു.
വിവിധ സംസ്ഥാനങ്ങളിലേക്കുള്ള ചരക്കുലോറികളും കോര്‍പറേറ്റ് സ്ഥാപനങ്ങളിലേക്കുള്ള ഇടത്തരം വാഹനങ്ങളും ഒരുപോലെ കുരുങ്ങി. നിരവധി പേര്‍ക്ക് കാര്‍ വഴിയിലുപേക്ഷിച്ച് കിലോമീറ്ററുകള്‍ വെള്ളക്കെട്ട് താണ്ടി വീട്ടിലേക്കു പോകേണ്ടിവന്നു. വെള്ളം ഇറങ്ങി ഗതാഗതം സാധാരണനിലയിലാകാന്‍ ദിവസങ്ങളെടുക്കുമെന്നാണ് കരുതുന്നത്. ഗുഡ്ഗാവിനു പുറമെ ബംഗളൂരു, മുംബൈ, ഹൈദരാബാദ് എന്നിവിടങ്ങളിലും വെള്ളക്കെട്ടുമൂലം ഗതാഗതക്കുരുക്കില്‍ ജനം വലഞ്ഞു.
മുമ്പ് കണ്ണെത്താ പാടശേഖരമായിരുന്ന ഗുഡ്ഗാവ് ഇന്ന് ബഹുനില മന്ദിരങ്ങളുടെ കോണ്‍ക്രീറ്റ് കാടാണ്. ചുളുവിലക്ക് ഭൂമി വാങ്ങി കര്‍ഷകരെ കൂട്ടത്തോടെ കുടിയൊഴിപ്പിച്ച് അനിയന്ത്രിതമായി മണ്ണിട്ടുനികത്തിയാണ് ബഹുനില കോര്‍പറേറ്റ്-ഐ.ടി മന്ദിരങ്ങള്‍ കെട്ടിപ്പൊക്കിയത്. ഒരേയൊരു പെരുമഴകൊണ്ട് കഷ്ടപ്പെടുന്ന നഗരജനതയെയാണ് വെള്ളിയാഴ്ച ഗുഡ്ഗാവില്‍ കണ്ടത്. കൈയേറ്റങ്ങളാണ് വെള്ളത്തിന്‍െറ ഒഴുക്കിന് തടസ്സം തീര്‍ത്തത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.