കൊല്‍ക്കത്ത: പ്രശസ്ത സാഹിത്യകാരിയും സാമൂഹിക പ്രവര്‍ത്തകയുമായ മഹാശ്വേത ദേവിക്ക് നാടിന്‍െറ വിട. കൊല്‍ക്കത്തയില്‍ പൂര്‍ണ സംസ്ഥാന ബഹുമതികളോടെ വിഖ്യാത എഴുത്തുകാരിയുടെ മൃതദേഹം സംസ്കരിച്ചു. സമൂഹത്തിന്‍െറ വിവിധ തുറകളില്‍നിന്നുള്ള ആയിരക്കണക്കിനാളുകള്‍ സംസ്കാര ചടങ്ങില്‍ പങ്കെടുത്തു.
വ്യാഴാഴ്ച അന്തരിച്ച മഹാശ്വേത ദേവിയുടെ മൃതദേഹം രബീന്ദ്ര സദന്‍ ഓഡിറ്റോറിയത്തില്‍ പൊതുദര്‍ശനത്തിനുവെച്ചിരുന്നു. മുഖ്യമന്ത്രി മമത ബാനര്‍ജി, എഴുത്തുകാര്‍, കലാകാരന്മാര്‍, രാഷ്ട്രീയ നേതാക്കള്‍ തുടങ്ങിയവരെല്ലാം ആദരാഞ്ജലി അര്‍പ്പിക്കാന്‍ എത്തി. പൊതുദര്‍ശനത്തിനുശേഷം കീരാത്തല ശ്മശാനത്തിലേക്ക് മൃതദേഹം കൊണ്ടുപോയി. അന്ത്യയാത്രയില്‍ ചെറുമകന്‍ തഥാഗത ഭട്ടാചാര്യയും അനുഗമിച്ചു. ചെറുപ്പം മുതല്‍ മുത്തശ്ശിയുടെ അര്‍പ്പിത സേവനം കണ്ടു വളര്‍ന്ന നാളുകള്‍ അദ്ദേഹം സ്മരിച്ചു. ആദിവാസികളുടെ പ്രശ്നങ്ങള്‍ പരിഹരിക്കുന്നതിനും അവരുടെ ജീവിതം മെച്ചപ്പെടുത്തുന്നതിനും തികഞ്ഞ അര്‍പ്പണ മനോഭാവത്തോടെയാണ് മഹാശ്വേത ദേവി പ്രയത്നിച്ചതെന്നും തഥാഗത പറഞ്ഞു.
സാമൂഹിക മാധ്യമങ്ങളിലും മഹാശ്വേത ദേവിക്ക് അനുശോചന പ്രവാഹമായിരുന്നു. പ്രതിസന്ധി ഘട്ടങ്ങളില്‍ മഹാശ്വേത ദേവി ഒപ്പമുണ്ടായിരുന്നുവെന്ന് ബംഗ്ളാദേശി എഴുത്തുകാരി തസ്ലിമ നസ്റീന്‍ പറഞ്ഞു. സാഹിത്യത്തിന് കനത്ത നഷ്ടമാണ് മഹാശ്വേത ദേവിയുടെ നിര്യാണമെന്ന് എഴുത്തുകാരന്‍ അമിതാവ് ഘോഷ് അഭിപ്രായപ്പെട്ടു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.