ഗുഡ്ഗാവ് ഗതാഗതകുരുക്ക്; പൊലീസ് കമീഷണര്‍ക്ക് സ്ഥലം മാറ്റം

ഗുഡ്ഗാവ്: കനത്തമഴയെ തുടര്‍ന്ന് ദേശീയപാതയിലുണ്ടായ വെള്ളക്കെട്ടില്‍ മണിക്കൂറുകറോളം ഗതാഗതം സ്തംഭിച്ച സംഭവത്തില്‍ ഗുഡ്ഗാവ് പൊലീസ് കമീഷണര്‍ നവ്ദീപ് സിങ് വീരകിന് സ്ഥലം മാറ്റം. ഗുഡ്ഗാവില്‍ നിന്ന് റോഹ്തകിലേക്കാണ് നവ്ദീപ് സിങ്ങിനെ സ്ഥലം മാറ്റിയിരിക്കുന്നത്. ദേശീയപാതയിലുണ്ടയ ഗതാഗതകുരുക്കും മറ്റും നിയന്ത്രിക്കുന്നതില്‍ വീഴ്ച വരുത്തിയെന്നാരോപിച്ചാണ് സ്ഥലം മാറ്റം. ഗുഡ്ഗാവ് പൊലീസ് കമീഷണറായി സന്ദീപ് ഖിരാവര്‍ ചുമതലയേല്‍ക്കും.

വെള്ളകെട്ടുണ്ടായ ദേശീയ പാത എട്ടില്‍ വെള്ളിയാഴ്ച അര്‍ദ്ധരാത്രി മുതല്‍ വാഹനങ്ങള്‍ കുരുങ്ങികിടന്നത് ഗതാഗതത്തെ താറുമാറാക്കിയിരുന്നു. 15 കിലോ മീറ്ററോളം നീളത്തിലാണ് വാഹനങ്ങള്‍ കുരുങ്ങികിടന്നത്. ഇത് ജനജീവിതത്തെ സാരമായി ബാധിച്ചിരുന്നു. തുടര്‍ന്ന് ഡല്‍ഹിയില്‍ നിന്ന് ആരും ഗുഡ്ഗാവിലേക്ക് വരരുതെന്ന് അധികൃതര്‍ നിര്‍ദേശം നല്‍കി.
ഡല്‍ഹി -ജയ്പൂര്‍ ദേശീയപാത എട്ടില്‍ വിവിധ സംസ്ഥാനങ്ങളില്‍ നിന്നും ചരക്കുലോറികളും സ്കൂള്‍ ഉള്‍പ്പെടെയുള്ള സ്ഥാപനങ്ങളുടെ വാഹനങ്ങളും കുരുങ്ങി. നിരവധി പേര്‍ കാര്‍ വഴിയിലുപേക്ഷിച്ച് തിരിച്ചുപോവുകയാണുണ്ടായത്. സ്കൂളുകള്‍ക്ക് രണ്ടുദിവസത്തെ അവധി പ്രഖ്യാപിക്കുകയും ഗുഡ്ഗാവിലെ പ്രധാന ക്രോസായ ഹീറോ ഹോണ്ട ചൗകില്‍ ആളുകള്‍ കൂട്ടംകൂടിനില്‍ക്കുന്നത് തടയാന്‍ നിരോധാജ്ഞ പുറപ്പെടുവിക്കുകയും ചെയ്തിരുന്നു.
ഹരിയാന മുഖ്യമന്ത്രി മനോഹര്‍ ലാല്‍ ഖട്ടാര്‍ അടിയന്തര യോഗം വിളിച്ചിരുന്നു. ഗതാഗതം പുനസ്ഥാപിച്ച ശേഷം വിഷയത്തില്‍ അന്വേഷണ റിപ്പോര്‍ട്ട് നല്‍കാന്‍ കേന്ദ്രമന്ത്രി നിതിന്‍ ഗഡ്കരി ദേശീയപാത അധ്യക്ഷന്‍ രാഘവ് ചന്ദ്രക്ക് നിര്‍ദേശം നല്‍കിയിട്ടുണ്ട്. 

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.