മയക്കുമരുന്ന് കടത്ത്: മമത കുല്‍ക്കര്‍ണിയുടെ ബാങ്ക് അക്കൗണ്ടുകള്‍ മരവിപ്പിച്ചു

താണെ: അന്താരാഷ്ട്ര മയക്കുമരുന്ന് റാക്കറ്റിലെ കണ്ണിയായി പ്രവര്‍ത്തിച്ച മുന്‍ ബോളിവുഡ് നടി മമത കുല്‍ക്കര്‍ണിയുടെ എട്ട് ബാങ്ക് അക്കൗണ്ടുകള്‍ പൊലീസ് മരവിപ്പിച്ചു. ഗുജറാത്ത്, മുംബൈ എന്നിവിടങ്ങളിലെ ബാങ്ക് അക്കൗണ്ടുകളാണ്  മരവിപ്പിച്ചത്. ഇതില്‍ 90 ലക്ഷത്തോളം നിക്ഷേപമുണ്ട്. അന്താരാഷ്ട്ര മയക്കുമരുന്നുകടത്ത് തലവനും മമതയുടെ ജീവിതപങ്കാളിയുമായ വിക്കി ഗോസ്വാമിയുമായി ബന്ധപ്പെട്ട മയക്കുമരുന്നുകടത്ത് കേസിലെ  മുഖ്യപ്രതിയാണ് മമത. മലാഡിലെ സ്വകാര്യ ബാങ്കിലാണ് 67 ലക്ഷത്തിന്‍െറ നിക്ഷേപമുണ്ടായിരുന്നത്. ബാക്കി 26 ലക്ഷം മറ്റ് ഏഴ് ബാങ്കുകളിലായാണ് നിക്ഷേപിച്ചിരുന്നത്. ബാങ്കില്‍ പണം നിക്ഷേപിച്ച കുല്‍ക്കര്‍ണിയുടെ സഹോദരിയെയും പൊലീസ് ചോദ്യം ചെയ്യുന്നുണ്ട്. 17 പ്രതികളുള്ള കേസില്‍ 10 പേരെ പൊലീസ് ഇതുവരെ അറസ്റ്റ് ചെയ്തു. കെനിയയിലും ദുബൈയിലും മയക്കുമരുന്ന് കടത്ത് സംബന്ധിച്ച് ആലോചിക്കാന്‍ ചേര്‍ന്ന യോഗങ്ങളില്‍ മമത പങ്കെടുത്തതായി പൊലീസ് കണ്ടത്തെിയിരുന്നു. കഴിഞ്ഞ ഏപ്രിലില്‍ മഹാരാഷ്ട്രയിലെ സൊലാപ്പൂരിലുള്ള എവൊണ്‍ ലൈഫ്സയന്‍സസ് കമ്പനിയില്‍ നടത്തിയ റെയ്ഡിലാണ് 2000 കോടി വിലവരുന്ന 18.5 ടണ്‍ എഫെഡ്രിന്‍ കണ്ടെടുത്തത്. നിയന്ത്രിത മരുന്നായി ഉപയോഗിക്കുന്ന എഫെഡ്രിന്‍ സംസ്കരിച്ച് വിദേശത്തേക്ക് മയക്കുമരുന്നായി കയറ്റി അയക്കുകയായിരുന്നു ചെയ്തിരുന്നത്. ഏപ്രില്‍ 12ന് താണെ പൊലീസ് അറസ്റ്റ് ചെയ്ത നൈജീരിയക്കാരനില്‍നിന്ന് ലഭിച്ച വിവരത്തിന്‍െറ അടിസ്ഥാനത്തില്‍ നടത്തിയ റെയ്ഡിലാണ് റാക്കറ്റ് പൊലീസ് വലയില്‍ കുടുങ്ങുന്നത്.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.