ന്യൂഡല്‍ഹി: പെട്രോളിനും ഡീസലിനും വില വര്‍ധിപ്പിച്ചതിന് പിന്നാലെ സബ്സിഡിയില്ലാത്ത പാചക വാതകത്തിനും വിമാന ഇന്ധനത്തിനും വീണ്ടും വില വര്‍ധിപ്പിച്ച് എണ്ണക്കമ്പനികളുടെ വക തിരിച്ചടി. 21 രൂപയാണ് പാചകവാതകത്തിന് വര്‍ധിപ്പിച്ചത്. 9.2 ശതമാനം വര്‍ധനയാണ് വിമാന ഇന്ധനത്തിലുണ്ടായത്.
14.2 കിലോ സിലിണ്ടറിന് 527 രൂപയായിരുന്നത് ഡല്‍ഹിയില്‍ ഇതോടെ 548 ആയി ഉയര്‍ന്നു. ഇക്കഴിഞ്ഞ മേയ് ഒന്നിന് 18 രൂപ വര്‍ധിപ്പിച്ചിരുന്നു. സബ്സിഡിയുള്ള സിലിണ്ടറിന് ഡല്‍ഹിയില്‍ 419.18 രൂപയാണ്.
തുടര്‍ച്ചയായ നാലാമത്തെ മാസമാണ് വിമാന ഇന്ധനത്തിന് വില വര്‍ധിക്കുന്നത്. കിലോലിറ്ററിന് ഡല്‍ഹിയില്‍ 3,945.47 രൂപ വര്‍ധിച്ച് 46,729.48 ആയി. കഴിഞ്ഞ മേയ് ഒന്നിന് 8.7 ശതമാനം വില വര്‍ധിപ്പിച്ചിരുന്നു. അതാണ് ഇക്കുറി 9.2 ശതമാനമായി വര്‍ധിപ്പിച്ചത്. വിവിധ വിമാനത്താവളങ്ങളില്‍ വില വ്യത്യാസപ്പെടും. ഇന്ധനവില വര്‍ധനവിനെക്കുറിച്ച് വിമാനക്കമ്പനികള്‍ ഇതുവരെ പ്രതികരിച്ചിട്ടില്ളെങ്കിലും വിമാനയാത്രയില്‍ വൈകാതെ പ്രതിഫലിക്കുമെന്നുറപ്പാണ്.
കഴിഞ്ഞ ദിവസം പെട്രോള്‍, ഡീസല്‍ വിലയിലും വന്‍ വര്‍ധനയാണ് എണ്ണക്കമ്പനികള്‍ അടിച്ചേല്‍പിച്ചത്. പെട്രോളിന് ലിറ്ററിന് 2.58 രൂപയും ഡീസലിന് 2.26 രൂപയുമാണ് കഴിഞ്ഞ ദിവസം വര്‍ധിപ്പിച്ചത്. കഴിഞ്ഞ അഞ്ചാഴ്ചക്കുള്ളില്‍ പെട്രോളിന് ലിറ്ററിന് 4.47 രൂപയും ഡീസലിന് 6.46 രൂപയുമാണ് വര്‍ധിപ്പിച്ചത്. മേയ് ഒന്നിനു ശേഷം മൂന്നാമത്തെ വര്‍ധനയാണ് ജൂണ്‍ ഒന്നിന് നിലവില്‍ വന്നത്.

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.