റിയല്‍ എസ്റ്റേറ്റ് ബില്‍: പണിപൂര്‍ത്തിയാക്കാത്ത ഫ്ളാറ്റ് നിര്‍മാതാക്കളില്‍നിന്ന് പിഴ ഈടാക്കാന്‍ വ്യവസ്ഥ

ന്യൂഡല്‍ഹി: പറഞ്ഞ സമയത്തിന് വീടും ഫ്ളാറ്റുും നിര്‍മിച്ച് കൈമാറാത്ത കമ്പനികള്‍ ഉപഭോക്താക്കള്‍ക്ക് 11.2 ശതമാനം വരെ നഷ്ടപരിഹാരം നല്‍കാന്‍ നിര്‍ദേശിക്കുന്നതടക്കമുള്ള വ്യവസ്ഥകളോടെ  റിയല്‍ എസ്റ്റേറ്റ് ബില്ലിന്‍െറ കരട്. സംസ്ഥാനങ്ങളിലും കേന്ദ്രഭരണ പ്രദേശങ്ങളിലും റിയല്‍ എസ്റ്റേറ്റ് റെഗുലേറ്ററി അതോറിറ്റി നിലവില്‍ വരും. പദ്ധതി എന്നു പൂര്‍ത്തിയാക്കുമെന്നും വാഗ്ദാനം ചെയ്യപ്പെടുന്ന സൗകര്യങ്ങളും മറ്റു വിവരങ്ങളും അതോറിറ്റി മുമ്പാകെ രേഖപ്പെടുത്തണം. പ്രഖ്യാപിച്ച സൗകര്യങ്ങള്‍ നല്‍കുന്നതില്‍ വീഴ്ചവരുത്തുന്നവര്‍ക്കെതിരെ കര്‍ശന നടപടിയെടുക്കും. യഥാസമയം പദ്ധതി പണിപൂര്‍ത്തിയാക്കാതിരിക്കുക, വലുപ്പത്തില്‍ മാറ്റം വരുത്തുക, ഉപഭോക്താക്കളില്‍ എഴുപതു ശതമാനം പേരുടെ സമ്മതം വാങ്ങാതെ രൂപകല്‍പനയില്‍ മാറ്റം വരുത്തുകയോ കൂടുതല്‍ കെട്ടിടങ്ങള്‍ നിര്‍മിക്കുകയോ ചെയ്യുക എന്നിവയെല്ലാം പദ്ധതിയുടെ അംഗീകാരം റദ്ദാവാന്‍ കാരണമാവും. ഇത്തരം സന്ദര്‍ഭങ്ങളില്‍ ഉപഭോക്തൃ സംഘങ്ങളുടെ അനുമതിയോടെ മറ്റൊരു നിര്‍മാതാവിനെക്കൊണ്ട് പണി പൂര്‍ത്തിയാക്കി വിതരണം ചെയ്യാന്‍ റിയല്‍ എസ്റ്റേറ്റ് റെഗുലേറ്ററി അതോറിറ്റിക്ക് അധികാരമുണ്ടാവും.

നിശ്ചിത കാലാവധിയില്‍ നല്‍കുമെന്ന ഉറപ്പോടെ പണം വാങ്ങി പൂര്‍ത്തിയാക്കാതെ ഉപഭോക്താക്കളെ വഞ്ചിച്ച നൂറുകണക്കിന് പാര്‍പ്പിട പ്രോജക്ടുകളാണ് രാജ്യത്തുള്ളത്. ഇത്തരം തട്ടിപ്പുകള്‍ തടയാന്‍ ബില്ലിലെ വ്യവസ്ഥകള്‍ സഹായകമാകുമെന്ന് കേന്ദ്ര ഭവനമന്ത്രാലയം കണക്കുകൂട്ടുന്നു. ജാതി, മതം, ലിംഗം, ഭക്ഷണശീലങ്ങള്‍ എന്നിവയുടെ പേരില്‍ വീടു നിഷേധിക്കുന്നതും വിവേചനം പുലര്‍ത്തുന്നതും ബില്‍ തടയുന്നു.
റിയല്‍ എസ്റ്റേറ്റ് സംസ്ഥാനങ്ങളുടെ പരിധിയില്‍ വരുന്ന വിഷയമാകയാല്‍ ഓരോ സംസ്ഥാനങ്ങളും നിയമസഭകള്‍ അംഗീകരിച്ച വ്യവസ്ഥകളുടെ അടിസ്ഥാനത്തില്‍ നിയമങ്ങള്‍ കൊണ്ടുവരണം. റിയല്‍ എസ്റ്റേറ്റ് ആക്ട് വിജ്ഞാപനം ചെയ്ത 2016 മേയ് ഒന്നു മുതല്‍ ആറുമാസത്തിനകം നിയമനിര്‍മാണം നടപ്പാക്കാനാണ് നിര്‍ദേശിച്ചിരുന്നത്.

 

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.