ഐ.ആര്‍.സി.ടി.സിയില്‍നിന്ന് ലൈസന്‍സ് ഫീസ് ഈടാക്കാന്‍ റെയില്‍വേ

ന്യൂഡല്‍ഹി: സാധ്യമായ വഴിയിലൂടെയെല്ലാം വിഭവസമാഹരണം നടത്താന്‍ ലക്ഷ്യമിടുന്ന ഇന്ത്യന്‍ റെയില്‍വേ ‘സല്‍പ്പേരിനും’ വിലയിടാന്‍ ഒരുങ്ങുന്നു. ഇന്ത്യന്‍ റെയില്‍വേ കേറ്ററിങ് ആന്‍ഡ് ടൂറിസം കോര്‍പറേഷന്‍ (ഐ.ആര്‍.സി.ടി.സി) ഉള്‍പ്പെടെ തങ്ങളുടെ പേര് ഉപയോഗപ്പെടുത്തി വ്യാപാരം നടത്തുന്ന സംരംഭങ്ങളില്‍നിന്നെല്ലാം ലൈസന്‍സ് ഫീസ് ഈടാക്കാനാണ് നീക്കം. ഐ.ആര്‍.സി.ടി.സിയുടെ വാര്‍ഷിക വരുമാനത്തിന്‍െറ ഒരു ശതമാനമാണ് ലൈസന്‍സ് ലെവി ആയി ഈടാക്കുക.

പോയവര്‍ഷം 1140 കോടിയുടെ വിറ്റുവരവ് നേടിയ കോര്‍പറേഷന്‍ 2015-16 സാമ്പത്തികവര്‍ഷം 1500 കോടിയുടെ റെക്കോഡ് ഇടപാടാണ് നടത്തിയത്. റെയില്‍വേ ലോഗോയും പേരും ഉപയോഗിക്കുന്ന ട്രാവല്‍ ഏജന്‍സികളില്‍നിന്നും വിഹിതം വാങ്ങും. ലോഗോ പ്രദര്‍ശിപ്പിക്കുന്നത് ഉപഭോക്താക്കള്‍ക്ക് ട്രാവല്‍ ഏജന്‍റുമാരിലുള്ള വിശ്വാസം വര്‍ധിപ്പിക്കുന്നുണ്ടെന്നും അംഗീകൃത ഏജന്‍റാണെന്നും അമിത ചാര്‍ജ് ഈടാക്കുന്നില്ല എന്നും ഉറപ്പിക്കാന്‍ സഹായിക്കുന്നുണ്ടെന്നും റെയില്‍വേ അധികൃതര്‍ പറയുന്നു. പാലസ് ഓണ്‍ വീല്‍സ്, ഗോള്‍ഡന്‍ ചാരിയോട്ട്, ടൈഗര്‍ എക്സ്പ്രസ്, മഹാരാജാ എക്സ്പ്രസ് തുടങ്ങി റെയില്‍വേയുടെ സംവിധാനങ്ങളും ജീവനക്കാരെയും ഉപയോഗിക്കുന്ന സേവനദാതാക്കളുടെ വിറ്റുവരവിന്‍െറ 0.1 ശതമാനം ഈടാക്കും.

ഇതിനു പുറമെ റെയില്‍വേയുമായി ചേര്‍ന്ന് പൊതുസ്വകാര്യ പങ്കാളിത്തത്തോടെ സംരംഭങ്ങള്‍ ആരംഭിക്കുന്നവരില്‍നിന്ന് ലൈസന്‍സ് ഫീ ഈടാക്കാനും റെയില്‍വേ സഹമന്ത്രി മനോജ് സിന്‍ഹ മുന്നോട്ടുവെച്ച നിര്‍ദേശത്തില്‍ പറയുന്നു.
കേരളമുള്‍പ്പെടെ 16 സംസ്ഥാന സര്‍ക്കാറുകളാണ് റെയില്‍വേയുമായി ചേര്‍ന്ന് സംയുക്ത സംരംഭങ്ങള്‍ ആരംഭിക്കാന്‍ ധാരണപത്രം ഒപ്പുവെച്ചത്.

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.