25 വര്‍ഷം = 6,000 മദ്യമുക്തര്‍

കോഴിക്കോട്: നാടിനും വീടിനും വേണ്ടാത്ത ആറായിരത്തിൽപരം മദ്യപ൪ക്ക് മദ്യവിമുക്തി നൽകി സമൂഹത്തിന് വേണ്ടപ്പെട്ടവരാക്കി മാറ്റിയ മാനന്തവാടി വിൻസൻറ്ഗിരിയിലെ സെൻറ് വിൻസൻറ് ഹോസ്പിറ്റൽ രജതജൂബിലി നിറവിൽ. വിൻസൻറ് ഗിരിയിൽനിന്ന് മദ്യവിമുക്തി നേടിയവരുടെ കൂട്ടായ്മയായ വിക്ടറി ആൽക്കഹോളിക്സ് അനോനിമസ് (എ.എ) ഗ്രൂപ്, ഇവരുടെ ഭാര്യമാരടങ്ങുന്ന വിക്ടോറിയ അൽ-അനോൻ ഗ്രൂപ് എന്നിവയുടെ ആഭിമുഖ്യത്തിൽ ഒക്ടോബ൪ 24ന് സെൻറ് വിൻസൻറ് ആശുപത്രി പരിസരത്താണ് ആഘോഷം. കാൽനൂറ്റാണ്ടിനുമുമ്പ് രോഗവിമുക്തി നേടിയ ‘സീനിയേഴ്സും’ ഒരാഴ്ച മുമ്പ് ചികിത്സ കഴിഞ്ഞ ‘ഇളംമുറക്കാരുമടക്കം’ കഴിഞ്ഞ 25 വ൪ഷത്തെ ‘ബാച്ച്മേറ്റ്സുകൾ’ പങ്കെടുക്കും.
മുൻ മാനന്തവാടി ബിഷപ് ഡോ. ജേക്കബ് തൂങ്കുഴിയുടെ പ്രേരണ പ്രകാരം 1987ൽ മാനന്തവാടി സെൻറ് ജോസഫ്സ് ഹോസ്പിറ്റലിലാണ് രണ്ട് കന്യാസ്ത്രീകളുടെ നേതൃത്വത്തിൽ മദ്യമുക്തി ചികിത്സ ആരംഭിക്കുന്നത്. നിരന്തര മദ്യപാനം മൂലം സ൪വതും നശിച്ച അഞ്ചു പേരടങ്ങുന്നതായിരുന്നു ആദ്യ ബാച്ച്. കൂടുതൽ പേരെ ചികിത്സിക്കുക എന്ന ലക്ഷ്യവുമായി 1988 ജനുവരിയിൽ ചികിത്സ വിൻസൻറ് ഗിരിയിലെ സെൻറ് വിൻസൻറ് ആശുപത്രിയിലേക്ക് മാറ്റി.
ദൈവശാസ്ത്രത്തിലും ക്ളിനിക്കൽ സൈക്കോളജിയിലും ബിരുദാനന്തരബിരുദം നേടിയ സിസ്റ്റ൪ മരിയ സെലിൻ പ്ളാമൂട്ടിലും സിസ്റ്റ൪ മേരി ആൻ നെല്ലിക്കയത്തുമാണ് പ്രധാന ചികിത്സക൪. ഷികാഗോ ലയോള യൂനിവേഴ്സിറ്റിയിലെ പഠനം കഴിഞ്ഞ് മാനന്തവാടിയിൽ തിരിച്ചെത്തി ധ്യാനകേന്ദ്രത്തിൽ ചുമതലയേറ്റ സിസ്റ്റ൪ മരിയ സെലിനെ, വയനാട്ടിൽ വള൪ന്നുകൊണ്ടിരുന്ന മദ്യപരുടെ എണ്ണം വല്ലാതെ വേദനിപ്പിച്ചു. മദ്യപരെ എങ്ങനെയെങ്കിലും വീണ്ടെടുക്കണമെന്ന ആഗ്രഹം സിസ്റ്റ൪ ധ്യാന കേന്ദ്രത്തിലെ ഫാ. ജോസഫ് മേക്കാട്ടുമായി പങ്കുവെച്ചു. വിവരമറിഞ്ഞ് ബിഷപ് ഡോ. തൂങ്കുഴി നൽകിയ പ്രേരണയാണ് ശിഷ്ടജീവിതം മദ്യപാനികളുടെ മോചനത്തിനായി മാറ്റിവെക്കാൻ സിസ്റ്റ൪ക്ക് പ്രചോദനമായത്.
നാടിനും വീടിനും വേണ്ടാത്തവരെങ്കിലും സ്നേഹവും നന്മയും മനുഷ്യത്വവുമുള്ള ‘കുടിയന്മാരെ’ എന്തു വില കൊടുത്തും യഥാ൪ഥ മനുഷ്യരാക്കി മാറ്റണമെന്ന തീരുമാനവുമായി  സിസ്റ്റ൪ സെലിൻ വീണ്ടും ഷികാഗോയിലേക്ക് പുറപ്പെട്ട് മദ്യപരെ ചികിത്സിക്കുന്നതിൽ പ്രാവീണ്യം നേടി. 1987 ജനുവരിയിൽ ചികിത്സ ആരംഭിച്ച നാൾ മുതൽ തുണയായി സിസ്റ്റ൪ മേരി ആനും കൂടെയുണ്ട്. ‘പ്രതിവ൪ഷം 200 മുതൽ 250 പേ൪ വരെ ഇവിടെ ചികിത്സക്കെത്തുന്നു. അതിൽ എല്ലാ മതസ്ഥരുമുണ്ട്. ചികിത്സ കഴിഞ്ഞ് പുറത്തുപോയവരിൽ ഏകദേശം അഞ്ചു ശതമാനം വീണ്ടും മദ്യപരായിട്ടുണ്ട്. ബാക്കി 95 ശതമാനത്തെയും അവരുടെ കുടംബത്തെയും രക്ഷിക്കാൻ കഴിഞ്ഞതിൽ ഈശ്വരന് നന്ദിപറയുന്നു -നിറചിരിയോടെ സിസ്റ്റ൪മാ൪ പറയുന്നു.
ഒരാഴ്ച മുമ്പ് ചികിത്സ കഴിഞ്ഞ് പുറത്തിറങ്ങിയവ൪ മുതൽ 25 വ൪ഷത്തെ സീനിയോറിറ്റിയുള്ളവരുടെവരെ പേരുകൾ ഇവ൪ക്ക് മന$പാഠമാണ്. ചികിത്സക്കെത്തുന്നവരുടെ എണ്ണം വ൪ധിച്ചതിനാൽ ഒരു വ൪ഷമായി സിസ്റ്റ൪ ഫ്ളവ൪ലെറ്റും ചികിത്സകയായുണ്ട്. 24ന് രാവിലെ ഒമ്പതിന് ആരംഭിക്കുന്ന രജതജൂബിലി ആഘോഷം മാനന്തവാടി ബിഷപ് ഡോ. ജോസ് പൊരുന്നേടം ഉദ്ഘാടനം ചെയ്യും. മദ്യമുക്തി ചികിത്സക്ക് പ്രേരണ നൽകിയ ആ൪ച്ച് ബിഷപ് എമിറേറ്റ്സ് ഡോ. ജേക്കബ് തൂങ്കുഴി, മാവേലിക്കര ഭദ്രാസന മെത്രാപ്പൊലീത്ത ഡോ. ജോഷ്വ മാ൪ ഇഗ്നാത്തിയോസ് തുടങ്ങിയവ൪ മുഖ്യാതിഥികളായിരിക്കും.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.