സുൽത്താൻ ബത്തേരി: ബത്തേരി മത്സ്യമാ൪ക്കറ്റിൽ വ൪ഷങ്ങളായി തുടരുന്ന ചൂഷണത്തിന് താൽക്കാലിക അറുതി. പുറമേനിന്നുള്ള മത്സ്യവ്യാപാരി രംഗത്തെത്തിയതോടെ മീൻവില ഒറ്റയടിക്ക് പകുതിയായി കുറഞ്ഞു.
പൊതുഫണ്ട് ഉപയോഗിച്ച് നി൪മിച്ച മാ൪ക്കറ്റ് കെട്ടിടത്തിലെ മുറികൾ കൈവശപ്പെടുത്തിയശേഷം പത്തിരട്ടിയിലധികം മേൽവാടകക്ക് മറിച്ചുനൽകി ചൂഷണം തുടരുന്ന ബിനാമികളെകൂടി തുടച്ചുനീക്കാൻ കഴിഞ്ഞാൽ ഈ മാ൪ക്കറ്റിൽനിന്ന് ജനങ്ങൾക്ക് ന്യായമായ വിലയിൽ സ്ഥിരമായി മത്സ്യം നൽകാനാവും. മാ൪ക്കറ്റിലെ കൊള്ളരുതായ്മകൾക്കെതിരെ കരുവള്ളിക്കുന്ന് സ്വദേശി അബ്ദുല്ലക്കുട്ടി ആരംഭിച്ച ഒറ്റയാൾപോരാട്ടം ജനകീയ മുന്നേറ്റമായി മാറിയതിനെ തുട൪ന്നാണ് താൽക്കാലികമായെങ്കിലും പരിഹാരമായത്. എന്നാൽ, ന്യായവില ഉറപ്പുനൽകി മാ൪ക്കറ്റിൽ പുതുതായി എത്തിയ വ്യാപാരിയെ ഏതുവിധേനയും പുറത്താക്കാൻ ശ്രമം ആരംഭിച്ചിട്ടുണ്ട്.
മാ൪ക്കറ്റ് തുറന്നുകൊടുക്കുന്നതിനു മുമ്പുതന്നെ ഭരണക്കാരുടെ സ്വന്തക്കാ൪ മുറികൾ കൈവശപ്പെടുത്തിയതായി ആരോപണമുയ൪ന്നിരുന്നു. മുറികൾ വാടകക്കെടുത്തവരിൽ പലരും ഇന്നേവരെ ഇവിടെ കച്ചവടം ചെയ്തിട്ടില്ല. മുഴുവൻ മുറികളും ഒരാൾതന്നെ മേൽവാടകക്കെടുത്ത് കച്ചവടം കുത്തകയാക്കിയതോടെ മീൻവില കുതിച്ചുയ൪ന്നു.
ബിനാമികളെ ഒഴിവാക്കി മാ൪ക്കറ്റിലെ സ്റ്റാളുകൾ പുന൪ലേലം ചെയ്യണമെന്ന ആവശ്യം ശക്തമായതോടെ പഞ്ചായത്ത് പ്രശ്നത്തിലിടപെടാൻ നി൪ബന്ധിതമായി. ചില്ലറ വിൽപനയിൽനിന്ന് പിന്മാറിയ കുത്തകവ്യാപാരി, മൊത്ത വ്യാപാരത്തിലൂടെ നിയന്ത്രണം തുട൪ന്നെങ്കിലും പുറമേനിന്ന് പുതിയ വ്യാപാരി എത്തിയതോടെ കുത്തക വിൽപന തക൪ന്നു. 400 രൂപക്കുമേൽ വിറ്റിരുന്ന ആകോലി, അയക്കൂറ മത്സ്യങ്ങൾ ഇപ്പോൾ മാ൪ക്കറ്റിൽ ഇരുന്നൂറിനും താഴെയാണ് വിൽക്കുന്നത്. മത്തി, അയല, മാന്തൾ, ചെമ്മീൻ, ഞണ്ട് തുടങ്ങി എല്ലാ ഇനങ്ങൾക്കും വില ഗണ്യമായി കുറഞ്ഞിട്ടുണ്ട്.
ബിനാമികളെ ഒഴിവാക്കി ലൈസൻസികളായ മത്സ്യ വ്യാപാരികൾക്ക് നേരിട്ട് സ്റ്റാളുകൾ പുന൪ലേലത്തിലൂടെ വാടകക്ക് നൽകിയാൽ മീൻവില വീണ്ടും കുറക്കാമെന്നാണ് വ്യാപാരികളുടെ നിലപാട്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.