ഗോവധം നിരോധിക്കണമെന്ന ഹരജി ഡല്‍ഹി ഹൈകോടതി തള്ളി

ന്യൂഡല്‍ഹി: രാജ്യ തലസ്ഥാനന്നത് ഗോവധവും ഗോമാംസോല്‍പന്നങ്ങളുടെ വില്‍പനയും നിരോധിക്കണമെന്നാവശ്യപ്പെട്ട് സമര്‍പിച്ച പൊതുതാല്‍പര്യ ഹരജി ഡല്‍ഹി ഹൈകോടതി തള്ളി. ഹരജിയിലെ വിവരം തെറ്റിദ്ധാരണാജനകം ആണെന്ന് നിരീക്ഷിച്ചുകൊണ്ടാണ് ചീഫ് ജസ്റ്റിസ് ജി. രോഹിണി, ജസ്റ്റിസ് ജയന്ത്നാഥ് എന്നിവരടങ്ങിയ ബെഞ്ച് ഇത് തള്ളിയത്. ഇത്തരം ഹരജികള്‍ പ്രോല്‍സാഹിപ്പിക്കാന്‍ പാടില്ളെന്നും കോടതി നിരീക്ഷിച്ചു.

ഹരജിക്കാരന്‍റെ വാദത്തിനെതിരെ ‘ഡല്‍ഹി അഗ്രികള്‍ച്ചര്‍ കാറ്റില്‍ പ്രിസര്‍വേഷന്‍ ആക്ട് ’ എന്ന നിയമം നിലവില്‍ ഉണ്ടെന്ന് ആപ് സര്‍ക്കാര്‍ കോടതിയെ അറിയിച്ചു. അനാവശ്യമായ പബ്ളിസിറ്റിക്കുവേണ്ടിയാണ് ഇത്തരം ഹരജികള്‍ കൊണ്ടുവരുന്നതെന്നും മതിയായ ചെലവുകള്‍ ഈടാക്കി ഇത് തള്ളണമെന്നും സര്‍ക്കാറിനുവേണ്ടി ഹാജരായ അഡിഷണല്‍ സോളിസിറ്റര്‍ കോണ്‍സല്‍ സജ്ഞയ് ഘോഷ് വാദിച്ചു. നിലവിലുള്ള നിയമം അനുസരിച്ച് ഡല്‍ഹിക്കകത്ത് എവിടെയും ആരും കന്നുകാലിക്കടത്ത് നടത്തുന്നില്ളെന്ന് അറിയിച്ച അദ്ദേഹം, 23000 കന്നുകാലികളെ ഉള്‍ക്കൊള്ളാനാവും വിധം അഞ്ച് ഗോശാലകള്‍ ഡല്‍ഹി സര്‍ക്കാര്‍ തീര്‍ത്തിട്ടുണ്ടെന്നും പതിനായിരത്തോളം ഗോക്കള്‍ അതില്‍ സംരക്ഷിക്കപ്പെടുന്നുണ്ടെന്നും പറഞ്ഞു. ഹരജിക്കാരന് ഗോക്കള്‍ ഉണ്ടെങ്കില്‍ അതിനേക്കൂടി ഇവിടേക്ക് അയക്കാമെന്നും സര്‍ക്കാറിന്‍െറ കോണ്‍സല്‍ പരിഹസിച്ചു.

സ്വാമി സത്യാനന്ദ ചക്രധാരി എന്നയാളാണ് ഗോവധ നിരോധത്തിനുവേണ്ടി ഹരജി നല്‍കിയത്. 1932ലെ രണ്‍ബീര്‍ പീനല്‍ കോഡ് അനുസരിച്ച് ജമ്മു കശ്മീരില്‍ നിലവില്‍ ഉള്ള നിയമം പോലെ ഡല്‍ഹിയിലും നിരോധം ഏര്‍പെടുത്തണമെന്നാണ് ഇദ്ദേഹത്തിന്‍റെ ആവശ്യം. ഇതനുസരിച്ച് പശുവിനെയും അതിനു സമാനമായ മൃഗങ്ങളെയും വധിച്ചാല്‍ പത്തു വര്‍ഷം വരെ തടവും പിഴയും ലഭിക്കും.

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.