ഇനി മണ്ണിലും വിണ്ണിലും താരങ്ങള്‍

ഇനിയിവിടെ കലയുടെ വസന്തം.19 വേദി. 232 ഇനങ്ങള്‍. മാറ്റുരയ്ക്കാന്‍ 12000ത്തിലേറെ പ്രതിഭകള്‍. 56ാമത് സംസ്ഥാന സ്കൂള്‍ കലോത്സവത്തെ വരവേല്‍ക്കാന്‍ അനന്തപുരി ഒരുങ്ങി. കൗമാരകലകളുടെ ഓളങ്ങള്‍ക്കൊപ്പമാകും ഇനി  തലസ്ഥാന നഗരി. കണ്ടും ആസ്വദിച്ചും കൈയടിച്ചും കുരുന്നു പ്രതിഭകള്‍ക്കൊപ്പം നഗരം ഉറങ്ങാതിരിക്കും. ഇന്നുമുതല്‍ 25 വരെയാണ് കലാസപര്യ. എല്ലാ കലകളും ഏറ്റവും മനോഹരമായ രൂപത്തില്‍ ഇവിടെ സംഗമിക്കും. പുത്തരിക്കണ്ടം മൈതാനത്തിന്‍െറ വിശാലതയിലേക്ക് ഒരിക്കല്‍ക്കൂടി കേരളീയ മനസ്സ് ഒന്നായി വരും. പുതിയ താരങ്ങള്‍ ഇവിടെ ഉദിച്ചുയരും. ഉത്സവം കഴിഞ്ഞ് കൂട്ടുകാരെ യാത്രയാക്കിയിട്ടേ തിരുവനന്തപുരത്തിനിനി വിശ്രമമുള്ളൂ.
അപ്രതീക്ഷിതമായി കലോത്സവ വേദിയാകാന്‍ ഭാഗ്യം കിട്ടിയ തലസ്ഥാന നഗരി ഒരുക്കങ്ങളൊക്കെ അതിവേഗം പൂര്‍ത്തീകരിച്ചുകഴിഞ്ഞു. പുത്തരിക്കണ്ടം മൈതാനമാണ് മുഖ്യവേദി. ഇക്കുറി അത് ചിലങ്കയെന്ന പേരില്‍ അറിയപ്പെടും. ആറുനില പന്തല്‍ പൂര്‍ത്തിയായിക്കഴിഞ്ഞു. ഓരോ വേദിക്കും ഇക്കുറി ഓരോ പേരുണ്ട്. നടനം, മയൂരം, തരംഗിണി, യവനിക, വാനമ്പാടി, മുദ്ര... മേളം. നമ്മുടെ സംസ്കാരത്തില്‍ ഇതള്‍വിടര്‍ത്തിയ നാമങ്ങള്‍.
സംസ്ഥാന സ്കൂള്‍ കലോത്സവത്തിന് തിരുവനന്തപുരം ആതിഥ്യമരുളുന്നത് ഇത് ആറാം തവണ. 1958ല്‍ രണ്ടാമത് കലോത്സവത്തോടെയായിരുന്നു തുടക്കം. പിന്നീട് 1961ല്‍ അഞ്ചാം കലോത്സവത്തിന് വേദിയായി. 1980ല്‍ 20ാം കലോത്സവവും 1998ല്‍ 38ാമത് കലോത്സവവും സംഘടിപ്പിച്ചു. 2009ലെ 49ാമത് കലോത്സവമാണ് ഏറ്റവും ഒടുവിലത്തേത്. അതിന് ആദ്യ ഏകീകൃത കലോത്സവമെന്ന പ്രത്യേകതയുമുണ്ടായിരുന്നു. ഏഴുവര്‍ഷത്തിനുശേഷമാണ് 56ാമത് കലോത്സവം വിരുന്നത്തെുന്നത്.  ഹൈസ്കൂളും ഹയര്‍ സെക്കന്‍ഡറിയും വൊക്കേഷനല്‍ ഹയര്‍ സെക്കന്‍ഡറിയുമൊക്കെ സംയോജിപ്പിച്ച് ഒറ്റ കലോത്സവമാക്കിയപ്പോള്‍ ആദ്യ വേദിയായത് തിരുവനന്തപുരമായിരുന്നു. 2008 ഡിസംബര്‍ 30 മുതല്‍ 2009 ജനുവരി അഞ്ചുവരെ ഏഴ് ദിനരാത്രങ്ങള്‍. തുടക്കത്തിലെ ആശങ്കയൊക്കെ മറികടന്ന് അന്ന് കലോത്സവം വലിയ വിജയമായി. അതിന്‍െറ കരുത്തിലാണ് ഇന്നും കലോത്സവം ഏകീകൃതമായി നടത്തുന്നത്. നിയമാവലികളും ചട്ടങ്ങളും അതിനനുസരിച്ച് രൂപം മാറുകയും ചെയ്തു.
60 വര്‍ഷത്തെ ചരിത്രത്തില്‍ സ്കൂള്‍ കലോത്സവം ഏറെ മാറി. 1956-57ലാണ് സംസ്ഥാന സ്കൂള്‍ കലോത്സവം ആദ്യമായി സംഘടിപ്പിക്കുന്നത്. അന്ന് പൊതുവിദ്യാഭ്യാസ ഡയറക്ടര്‍ ഡോ. സി.എസ്. വെങ്കിടേശ്വരനായിരുന്നു ചുക്കാന്‍ പിടിച്ചത്. എറണാകുളത്തെ എസ്.ആര്‍.വി ഹൈസ്കൂളായിരുന്നു വേദി. സ്കൂള്‍ തലത്തില്‍നിന്ന് വിജയിച്ച കുട്ടികള്‍ നേരിട്ട് ഈ മത്സരത്തില്‍ പങ്കെടുത്തു. 1956ല്‍നിന്ന് 2016ല്‍ എത്തുമ്പോള്‍ കലോത്സവത്തിന് പുതിയ മുഖമാണ്. അന്ന് 200 കുട്ടികളായിരുന്നു മത്സരിച്ചതെങ്കില്‍ ഇന്ന് 12000ലേറെ പ്രതിഭകള്‍. അന്ന് ഒരു ദിവസമായിരുന്നു മേള. ഇന്ന് ഏഴുദിവസവും. ആദ്യ കലോത്സവത്തില്‍ ഉച്ചഭക്ഷണവും ചായയുമാണ് കുട്ടികള്‍ക്ക് നല്‍കിയത്. ഇന്ന് ഏഴുദിവസവും സദ്യയടക്കം മൂന്നുനേരം വിഭവങ്ങള്‍. ആദ്യം പരിമിത ഇനങ്ങളില്‍ മാത്രമായിരുന്നു മത്സരം. പിന്നീട് കൂടുതല്‍ ഇനങ്ങള്‍ ഉള്‍പ്പെടുത്തി. 1975ല്‍ കോഴിക്കോട്ട് നടന്ന കലോത്സവമാണ് ഇതില്‍ വഴിത്തിരിവായത്. പിന്നീട് 117.5 പവന്‍െറ സ്വര്‍ണക്കപ്പ് വിജയികള്‍ക്കായി ഒരുക്കി. ചിറയിന്‍കീഴ് ശ്രീകണ്ഠന്‍ നായരായിരുന്നു കപ്പ് രൂപകല്‍പന ചെയ്തത്. ക്രമേണ ട്രോഫികളുടെയും സമ്മാനങ്ങളുടെയും എണ്ണം കൂടി.
ആദ്യം രാഷ്ട്രീയക്കാരും ജനപ്രതിനിധികളുമൊന്നും കലോത്സവത്തെ തിരിഞ്ഞുനോക്കിയില്ല. ഇന്ന് കലോത്സവ സംഘാടനത്തില്‍ കയറിപ്പറ്റാന്‍ കൂട്ടയിടിയാണ്. ഓരോ കലോത്സവത്തിന്‍െറയും ബാക്കിപത്രമായി അനേകം കലാകാരന്മാര്‍ ഉദിച്ചുയരും. സിനിമയില്‍, സംഗീതത്തില്‍, അഭിനയത്തില്‍, പിന്നെ എണ്ണമറ്റ കലകളില്‍ ഒക്കെ ഈ പടികള്‍ കടന്നുവന്നരാണ് ഏറെയും. ഇനിയും ഏറെപ്പേര്‍ വരും. അവരുടെ അരങ്ങാണ് എന്നും ഈ വേദി. 56 കലോത്സവങ്ങളുടെ ഗരിമ പറയുന്നതാകും ഇക്കുറി ഘോഷയാത്ര. സംസ്കൃത കോളജ് പരിസരത്തുനിന്ന് ആരംഭിക്കുന്ന കുട്ടികളുടെ കൂട്ടായ്മ വീഥികളില്‍ വര്‍ണങ്ങള്‍ വാരിവിതറി പുത്തരിക്കണ്ടത്ത് സമാപിക്കും.
കേരളത്തിന്‍െറ സാംസ്കാരിക പൈതൃകം ഇതില്‍ തുളുമ്പിനില്‍ക്കും. മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടിയാണ് ഏഷ്യയിലെ ഏറ്റവും വലുതെന്ന് അപദാനമുള്ള മേളയുടെ ഉദ്ഘാടകന്‍. പുത്തരിക്കണ്ടത്ത് ആട്ടവിളക്ക് തെളിയുന്നതിന് പിന്നാലെ മറ്റ് 18 വേദികള്‍ കൂടി കലയുടെ വശ്യതയിലമരും. രാഷ്ട്രീയവും സമരവും വിവാദങ്ങളുമൊക്കെ ഇഴചേര്‍ന്ന തിരുവനന്തപുരത്തിന്‍െറ നഗരവീഥികള്‍ എല്ലാം മാറ്റിവെച്ച് ഒരാഴ്ച ഉത്സവത്തിമിര്‍പ്പിലാകും.

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.