ബംഗളൂരു: പി.ഡി.പി ചെയ൪മാൻ അബ്ദുന്നാസി൪ മഅ്ദനിയുടെ ആരോഗ്യ സ്ഥിതി പുറത്തുനിന്ന് കേട്ടറിഞ്ഞതിനേക്കാൾ ദയനീയമാണെന്ന് മുസ്ലിംലീഗ് ജനറൽ സെക്രട്ടറി ഇ.ടി. മുഹമ്മദ് ബഷീ൪ എം.പി. പരപ്പന അഗ്രഹാര ജയിലിൽ മഅ്ദനിയെ സന്ദ൪ശിച്ച ശേഷം വാ൪ത്താസമ്മേളനത്തിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം.
മഅ്ദനിയുടെ ആരോഗ്യ നില നേരിട്ട് മനസിലാക്കാൻ വേണ്ടിയാണ് അദ്ദേഹത്തെ കണ്ടതെന്നും ഒരു മണിക്കൂറിലധിം സംസാരിച്ചുവെന്നും ബഷീ൪ പറഞ്ഞു. അമ്പരപ്പിക്കുന്ന കാഴ്ചയാണ് ജയിലിനകത്ത്. മൂക്കിൽ വന്ന പഴുപ്പ് കവിളിൻെറ ഭാഗത്തേക്ക് ബാധിച്ചു തുടങ്ങിയിരിക്കുന്നു. മൂക്കിനു താഴെ ഇപ്പോഴും ബാൻേറജിട്ട നിലയിലാണ്. വലത്തേ കണ്ണിൻെറ കാഴ്ച നഷ്ടമായിരിക്കുന്നു. ഇടത്തേ കണ്ണിന് 20 ശതമാനം മാത്രമേ കാഴ്ചയുള്ളൂ. പ്രമേഹം ബാധിച്ച കണ്ണിന് തുട൪ ചികിത്സ ലഭ്യമാക്കണമെന്ന് തുടക്കത്തിൽ തന്നെ ഡോക്ട൪മാ൪ നി൪ദേശിച്ചിരുന്നു. എന്നാൽ നാലര മാസം കഴിഞ്ഞാണ് ജയിൽ അധികൃത൪ ചികിത്സ നൽകിയത്. ഇതാണ് കണ്ണിൻെറ കാഴ്ച തകരാറിലാക്കിയതെന്ന് ആശുപത്രി റിപ്പോ൪ട്ടിൽ പറയുന്നുണ്ട്.
മുറിച്ചു മാറ്റിയ കാലിനു മുകളിൽ തൊട്ടാൽ അറിയാത്ത മരവിപ്പാണ്. ഇടക്കിടെ വേദനയുമുണ്ട്. പ്രമേഹം ഞരമ്പുകളെ ബാധിച്ചതിനാൽ വലതു കൈ പൊങ്ങാത്ത അവസ്ഥ. സ്വന്തം ചെലവിൽ ചികിത്സയാവാമെന്ന് ഹൈകോടതി ഉത്തരവിട്ടതിനു ശേഷം കൂടെ നിൽക്കാൻ കുടുംബാംഗങ്ങളിൽനിന്ന് ഒരു സഹായിയെ പോലും അനുവദിക്കാൻ അധികൃത൪ തയാറായിട്ടില്ല. സാധാരണ തടവുകാ൪ക്ക് നൽകുന്ന സൗകര്യം പോലും തനിക്ക് ലഭിക്കുന്നില്ലെന്ന് മഅ്ദനി പറയുന്നു. ജാമ്യത്തിന് ശ്രമിച്ചിട്ടും രക്ഷയില്ല. ഇക്കാര്യങ്ങൾ മുഖ്യമന്ത്രി ജഗദീഷ് ഷെട്ടറെ നേരിൽ കണ്ട് ശ്രദ്ധയിൽ പെടുത്തിയിട്ടുണ്ട്.
ചികിത്സ സംബന്ധിച്ച മുഴുവൻ വിശദാംശങ്ങളും ആവശ്യപ്പെട്ടതായും ഇതു കിട്ടി കഴിഞ്ഞാൽ ആവശ്യമായ നടപടി സ്വീകരിക്കാമെന്ന് അദ്ദേഹം അറിയിച്ചതായും ഇ.ടി. പറഞ്ഞു.
ജാമ്യാപേക്ഷയുമായി ബന്ധപ്പെട്ട് നിയമപരമായി ചെയ്യാൻ കഴിയുന്നത് ചെയ്യുമെന്നും അദ്ദേഹം വാഗ്ദാനം നൽകിയിട്ടുണ്ട്. ഗവ൪ണ൪ എച്ച്.ആ൪.ഭരദ്വാജിനും ലീഗ് നേതാക്കൾ നിവേദനം നൽകി. സ്വന്തം ചെലവിൽ ചികിത്സയാവാമെന്ന കോടതിയുത്തരവ് ഇതുവരെ ജയിൽ സൂപ്രണ്ടിന് ലഭിച്ചിട്ടില്ലെന്ന് മാധ്യമ പ്രവ൪ത്തക൪ ചൂണ്ടിക്കാട്ടിയപ്പോൾ, ഇക്കാര്യം ഗവ൪ണറുടെ ശ്രദ്ധയിൽ പെടുത്തിയിട്ടുണ്ടെന്ന് ഇ.ടി. പറഞ്ഞു. മഅ്ദനിയെ സന്ദ൪ശിച്ചതിൽ രാഷ്ട്രീയമില്ല. അദ്ദേഹത്തിൻെറ രോഗവിവരങ്ങൾ സംബന്ധിച്ച വാ൪ത്തകൾ പുറത്തു വന്ന സാഹചര്യത്തിലാണ് എല്ലാവരും ഇളകിയത്. ഇത്ര ഗുരുതരമാണെന്ന് ഇപ്പോഴാണ് മനസിലായതെന്നും അദ്ദേഹം കൂട്ടിച്ചേ൪ത്തു. അബ്ദുറഹ്മാൻ രണ്ടത്താണി എം.എൽ.എ, കെ.എം.സി.സി സെക്രട്ടറി എം.കെ. നൗഷാദ് എന്നിവരും അദ്ദേഹത്തോടൊപ്പമുണ്ടായിരുന്നു.
എം.എ. ബേബി മഅ്ദനിയെ സന്ദ൪ശിച്ചു
ബംഗളൂരു: സി.പി.എം പോളിറ്റ് ബ്യൂറോ അംഗം എം.എ. ബേബി പരപ്പന അഗ്രഹാര ജയിലിൽ പി.ഡി.പി ചെയ൪മാൻ അബ്ദുന്നാസി൪ മഅ്ദനിയെ സന്ദ൪ശിച്ചു. ഇന്നലെ രാവിലെ 11 മണിയോടെയാണ് ബേബി ജയിലിൽ മഅ്ദനിയെ കണ്ടത്. മതിയായ ചികിത്സ നൽകാനും നീതി ലഭ്യമാക്കാനും കേരള-ക൪ണാടക സ൪ക്കാറുകൾ തയാറാകണമെന്ന് അദ്ദേഹം ആവശ്യപ്പെട്ടു.
സ്വന്തം ചെലവിൽ ചികിത്സയാവാമെന്ന് അനുമതിയായിട്ടുണ്ടെങ്കിലും കുടുംബാംഗങ്ങളെ കൂടെനി൪ത്താൻ അനുവദിക്കാത്തതു കാരണം ചികിത്സ നടപ്പാക്കാൻപറ്റാത്ത അവസ്ഥയാണുള്ളതെന്നും അദ്ദേഹം പറഞ്ഞു. പി.ഡി.പി ജനറൽ സെക്രട്ടറി മുഹമ്മദ് റജീബും മഅ്ദനിയുടെ മകൻ ഉമ൪ മുഖ്താറും ബേബിയോടൊപ്പമുണ്ടായിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.