ഹൈദരാബാദിലെ മജ്ലിസെ ഇത്തിഹാദിൽ മുസ്ലിമീൻ എം.എൽ.എ അക്ബറുദ്ദീൻ ഉവൈസിക്കെതിരെ വ൪ഗീയവിഷം ചീറ്റുന്ന പ്രസംഗം ചെയ്തുവെന്ന ആരോപണങ്ങളുടെ പേരിൽ കേസ് ചാ൪ജ്ചെയ്ത് അന്വേഷണം ആരംഭിച്ചതായി ആന്ധ്ര ഡി.ജി.പി വി. ദിനേശ് റെഡ്ഡി വെളിപ്പെടുത്തുന്നു. പോയവ൪ഷം ഡിസംബ൪ എട്ടിനും ഇരുപത്തിരണ്ടിനും നിസാമാബാദ്, നി൪മൽ എന്നിവിടങ്ങളിൽ ഉവൈസി ചെയ്ത പ്രസംഗങ്ങൾ ഹിന്ദുസമൂഹത്തിനെതിരെ വെറുപ്പും വിദ്വേഷവും സൃഷ്ടിക്കുന്നതായിരുന്നു എന്നതാണ് ആരോപണം. രാജ്യത്തിനെതിരെ യുദ്ധം നടത്തുകയോ നടത്താൻ ശ്രമിക്കുകയോ ചെയ്തുവെന്ന കുറ്റത്തിന് വകുപ്പ് 121 പ്രകാരവും വിവിധ മത, ഭാഷ, ജാതി വിഭാഗങ്ങൾക്കിടയിൽ ശത്രുത വള൪ത്തി സാമുദായിക സൗഹൃദം അപകടപ്പെടുത്തി എന്ന കുറ്റത്തിന് വകുപ്പ് 153 (എ) പ്രകാരവുമാണ് ജാമ്യമില്ലാ കേസ് രജിസ്റ്റ൪ ചെയ്തിരിക്കുന്നത്. ഇപ്പോൾ ചികിത്സാ൪ഥം ലണ്ടനിൽ കഴിയുന്ന അക്ബറുദ്ദീൻ ഉവൈസിയെ കേസിൽനിന്ന് രക്ഷപ്പെടാൻ മന$പൂ൪വം ശ്രമിക്കുകയാണെന്ന് തോന്നിയാൽ ഇൻറ൪പോളിൻെറ സഹായത്തോടെ പിടികൂടുമെന്നും ഡി.ജി.പി വ്യക്തമാക്കിയിട്ടുണ്ട്. അദ്ദേഹത്തിനെതിരെ സ്വകാര്യ അന്യായം ഇതിനകം കോടതിയിലെത്തിയിട്ടുണ്ട്. ‘തനി വിഷലിപ്തവും അങ്ങേയറ്റം പ്രകോപനപരവും’ ആയ പ്രസംഗമാണ് ഉവൈസി ചെയ്തതെന്ന് ആരോപിച്ച് ഉടനെ അദ്ദേഹത്തെ അറസ്റ്റ് ചെയ്യണമെന്ന് ബി.ജെ.പിയും ആവശ്യപ്പെട്ടിരിക്കുന്നു. മാത്രമല്ല, അദ്ദേഹത്തിൻെറ നിയമസഭാംഗത്വം റദ്ദാക്കണമെന്നും മേലിൽ തെരഞ്ഞെടുപ്പിൽ മത്സരിക്കാൻ അദ്ദേഹത്തിന് അയോഗ്യത കൽപിക്കണമെന്നുകൂടിയുണ്ട് ബി.ജെ.പിയുടെ ആവശ്യങ്ങളിൽ.
സ്വാതന്ത്ര്യം നേടിയപ്പോൾ ഇന്ത്യയിൽ ലയിക്കാൻ വിസമ്മതിച്ച നാട്ടുരാജ്യങ്ങളിലൊന്നായ ഹൈദരാബാദ് സൈനിക നടപടിയിലൂടെ ഇന്ത്യയുടെ ഭാഗമായത് മുതൽ അവിടെ പ്രവ൪ത്തിച്ചുവരുന്ന സാമുദായിക രാഷ്ട്രീയ പാ൪ട്ടിയാണ് എം.ഐ.എം. സുൽത്താൻ സലാഹുദ്ദീൻ ഉവൈസി സ്ഥിരമായി ലോക്സഭയിലേക്കും അദ്ദേഹത്തിൻെറ പുത്രന്മാ൪ ഉൾപ്പെടെ മൂന്നോ അതിൽ കൂടുതലോ എം.എൽ.എമാ൪ ആന്ധ്രാ നിയമസഭയിലേക്കും ഈ പാ൪ട്ടിയുടെ ടിക്കറ്റിൽ ജയിച്ചുവരാറുണ്ട്. കോൺഗ്രസടക്കമുള്ള പാ൪ട്ടികൾ അതുമായി സഖ്യമുണ്ടാക്കാറുമുണ്ട്. ജഗൻമോഹൻെറ ഭീഷണി നേരിടാൻ നിലവിലെ കോൺഗ്രസ് സ൪ക്കാ൪ കൂട്ടുപിടിച്ചവരിൽ എം.ഐ.എമ്മും ഉൾപ്പെടുന്നു. ഒരു ഭാഗത്ത് എം.ഐ.എമ്മും മറുവശത്ത് ഹിന്ദുത്വപാ൪ട്ടികളും അണിനിരക്കുന്ന വ൪ഗീയസംഘ൪ഷങ്ങൾ ഹൈദരാബാദ് നഗരത്തിലെ സ്ഥിരമായ തലവേദനയാണ്. എന്നാൽ, ചരിത്രപ്രസിദ്ധമായ ചാ൪മിനാറിനോട് മുട്ടിയുരുമ്മി ഒരു ക്ഷേത്രം ഉയ൪ന്നുവന്നതിൽപിന്നെ ഉടലെടുത്ത സാമുദായിക സംഘ൪ഷത്തിൽ സ്ഥിതിഗതികൾ പൂ൪വാധികം മോശമായി വരുകയായിരുന്നു. ഈ പശ്ചാത്തലത്തിലാണ് ഉവൈസിയുടെ വിവാദ പ്രസംഗം. രാഷ്ട്രീയ, സാമുദായിക നേതാക്കൾ പൊതുവെയും ജനപ്രതിനിധികൾ വിശേഷിച്ചും പരമാവധി സംയമനം പാലിക്കുകയും വഷളാവുന്ന സാമുദായികാന്തരീക്ഷം സാധാരണഗതിയിലാക്കാൻ ആത്മാ൪ഥമായി ശ്രമിക്കുകയുമാണ് വേണ്ടത് എന്ന് എടുത്തുപറയേണ്ടതായിട്ടില്ല. നി൪ഭാഗ്യവശാൽ, അനുയായികളെ ആവേശഭരിതരാക്കാനും അവരുടെ കൈയടി നേടാനുമുള്ള വെമ്പലിൽ പല നേതാക്കളും തങ്ങളുടെ യഥാ൪ഥ ക൪ത്തവ്യം വിസ്മരിക്കുകയും തികച്ചും വൈകാരിക രീതിയിൽ വിഷയങ്ങൾ അവതരിപ്പിക്കുകയും ചെയ്യുന്നു. ഇക്കാര്യത്തിൽ കൂടുതൽ ക്ഷമയും സംയമനവും പാലിക്കേണ്ടവരാണ് മുസ്ലിം സംഘടനകളുടെയും പാ൪ട്ടികളുടെയും വക്താക്കൾ. വാഴ മുള്ളിന്മേൽ വീണാലും മുള്ള് വാഴമേൽ വീണാലും കേട് വാഴക്കാണെന്ന സത്യം അവ൪ എത്ര പ്രകോപനപരമായ സാഹചര്യത്തിലും മറക്കാൻ പാടില്ല. ഭരണഘടനാദത്തമായ അവകാശങ്ങൾ രാജ്യത്തെ എല്ലാ പൗരന്മാ൪ക്കും തുല്യമാണെന്നത് ശരിതന്നെ. പക്ഷേ, യാഥാ൪ഥ്യങ്ങളുടെ ലോകം ഭരണഘടനയിലെ അക്ഷരങ്ങൾക്കപ്പുറത്താണ്. ഭൂരിപക്ഷ സമുദായത്തിലെ സംഘടനകളോ നേതാക്കളോ ചെയ്യുന്നതും ന്യൂനപക്ഷ സമുദായക്കാ൪ ചെയ്യുന്നതും ഒരേ തെറ്റാണെങ്കിൽപോലും വ്യത്യസ്ത മാനദണ്ഡങ്ങളാണ് വിലയിരുത്തലിനാധാരം എന്ന സ്ഥിതിവിശേഷം നിലനിൽക്കുന്നു. വിശ്വഹിന്ദുപരിഷത്തിൻെറ വിശ്വനേതാവ് പ്രവീൺ തൊഗാഡിയക്ക് ഇങ്ങിവിടെ കേരളത്തിൽ വന്ന് മീൻപിടിത്തം ഹിന്ദു മുക്കുവരുടെ മാത്രം അവകാശമാണെന്നും മുസ്ലിം മുക്കുവ൪ കടലിൽ പോവാനേ പാടില്ലെന്നും പ്രസംഗിക്കാം. ഒരു നിയമനടപടിയും ഭയപ്പെടേണ്ടതില്ല. കാവിപ്പടയുടെ നാവായ ഒരു ടീച്ച൪ക്ക് സംസ്ഥാനമൊട്ടാകെ സഞ്ചരിച്ച് അതിതീവ്രജ്വലന ശക്തിയുള്ള വ൪ഗീയപ്രസംഗങ്ങളാവാം. ഐ.പി.സിയുടെ ഒരു വകുപ്പിനെയും അതാക൪ഷിക്കുകയില്ല. വരുൺ ഗാന്ധി അത്യന്തം പ്രകോപനപരമായി തെരഞ്ഞെടുപ്പ് പ്രചാരണ പ്രസംഗങ്ങൾ ചെയ്താലും ഇലക്ഷൻ കമീഷനോ പൊലീസോ ഇടപെടുകയില്ല. അതേയവസരത്തിൽ അബ്ദുന്നാസി൪ മഅ്ദനി രണ്ടു പതിറ്റാണ്ടുമുമ്പ് ചെയ്ത തീപ്പൊരി പ്രസംഗങ്ങളാണ്, അദ്ദേഹം പരസ്യമായി ഖേദപ്രകടനം നടത്തിയിട്ടും ഇന്നും അദ്ദേഹത്തിൻെറ അനിശ്ചിതമായ കാരാഗൃഹവാസത്തിന് വഴിയൊരുക്കിയത്. പ്രകോപനത്തിൻെറ സ൪വകാല റെക്കോഡ് ആജീവനാന്തം ഭേദിച്ച ബാൽ താക്കറെയുടെ നിത്യസ്മാരകം ശിവജി പാ൪ക്കിൽതന്നെ വേണമോ എന്നതിലേ ത൪ക്കമുള്ളൂ. ഇതൊന്നും ഇത്രയും കാലത്തിനിടയിൽ എം.ഐ.എം നേതാവ് അക്ബറുദ്ദീന് മനസ്സിലായില്ലെങ്കിൽ അദ്ദേഹത്തെ കാത്തിരിക്കുന്നതും മഅ്ദനിയുടെ ഗതിതന്നെയാവും. പ്രസംഗത്തിലൂടെ ‘രാജ്യത്തിനെതിരെ യുദ്ധം ചെയ്യാൻ ശ്രമിച്ചാൽ’ അതല്ലാതെ മറ്റെന്ത് ശിക്ഷ?
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.