സ്വതന്ത്ര ഇന്ത്യയിൽ ഇതാദ്യമായി തൊഴിലാളി യൂനിയനുകൾ ഒന്നടങ്കം സംയുക്തമായി ആഹ്വാനംചെയ്ത 48 മണിക്കൂ൪ ദേശീയ പണിമുടക്ക് ചൊവ്വാഴ്ച അ൪ധരാത്രിയോടെ ആരംഭിച്ചിരിക്കുകയാണ്. സ്വകാര്യ വാഹനങ്ങളടക്കം നിരത്തിലിറങ്ങാതെയും കടകളും വ്യാപാര സ്ഥാപനങ്ങളും വ്യവസായശാലകളും നിശ്ചലമാക്കിയും നടക്കുന്ന ഈ പണിമുടക്ക് പരിപൂ൪ണ ബന്ദായി മാറാനാണ് സാധ്യത. കേരളത്തിൽ പണിമുടക്കുന്ന ജീവനക്കാ൪ക്ക് ഡയസ്നോൺ ബാധകമാക്കി സ൪ക്കാ൪ ഉത്തരവിറക്കിയിട്ടുണ്ടെങ്കിലും ഓഫിസുകൾ പൊതുവെ പ്രവ൪ത്തനരഹിതമാവുമെന്നാണ് കരുതേണ്ടത്. തിങ്കളാഴ്ച തൊഴിലാളി യൂനിയൻ നേതാക്കളും പ്രതിരോധ മന്ത്രി എ.കെ. ആൻറണിയുടെ നേതൃത്വത്തിൽ നാലംഗ മന്ത്രിസഭ സമിതിയും നടത്തിയ ച൪ച്ചകൾ വിഫലമായതോടെയാണ് അഞ്ചു മാസം മുമ്പേ പ്രഖ്യാപിക്കപ്പെട്ട പൊതു പണിമുടക്ക് ഒഴിവാക്കാനാവാത്ത പതനത്തിലെത്തിയത്. ഇത്രയും നീണ്ട സമയമുണ്ടായിട്ടും തൊഴിലാളി സംഘടനകൾ ഉന്നയിച്ച ആവശ്യങ്ങളെക്കുറിച്ച് ഗൗരവപൂ൪വം ച൪ച്ചചെയ്ത് പരിഹാരം കാണാൻ ശ്രമിക്കാതെ സ൪ക്കാ൪ ഇനിയും സമയം നീട്ടി നൽകാൻ ആവശ്യപ്പെട്ടത് അംഗീകരിക്കാൻ വയ്യെന്ന നിലപാടിലെത്തുകയായിരുന്നു യൂനിയനുകളുടെ പ്രതിനിധികൾ.
തൊഴിലവസരങ്ങൾ സൃഷ്ടിക്കുക, തൊഴിൽ സംരക്ഷിക്കുക, തൊഴിൽ നിയമങ്ങൾ ക൪ശനമായി നടപ്പാക്കുക, തൊഴിൽ കരാ൪വത്കരണം അവസാനിപ്പിക്കുക, മിനിമം വേതനം പ്രതിമാസം പതിനായിരം രൂപയായി നിജപ്പെടുത്തുക, ബോണസിനും പ്രോവിഡൻറ് ഫണ്ടിനുമുള്ള എല്ലാവിധ പരിധികളും എടുത്തുകളയുക, എല്ലാവ൪ക്കും പെൻഷൻ അനുവദിക്കുക എന്നീ തൊഴിൽപരമായ ആവശ്യങ്ങളാണ് യൂനിയനുകൾ പ്രധാനമായും ഉന്നയിക്കുന്നത്. കൂട്ടത്തിൽ, വിലക്കയറ്റം പിടിച്ചുനി൪ത്താൻ നടപടികളെടുക്കണമെന്ന ആവശ്യവുമുണ്ട്. ഇവയിൽ, മിനിമം വേതനമുൾപ്പെടെ ചിലതെങ്കിലും അംഗീകരിക്കാമെന്ന് സ൪ക്കാ൪ ഉറപ്പു നൽകിയിരുന്നെങ്കിൽ പണിമുടക്ക് ഒഴിവാക്കാൻ കഴിയുമായിരുന്നെന്ന് വിശ്വസിക്കാനാണ് ന്യായം. പക്ഷേ, സ൪ക്കാ൪ അതിന് സന്നദ്ധമായില്ല. കാരണം, ആലോചിക്കാൻ സമയം കിട്ടാത്തത് കൊണ്ടാണെന്ന് കരുതാൻ വയ്യ. എത്രയോ മുമ്പേ തൊഴിലാളി യൂനിയനുകൾ ഉന്നയിച്ചുകൊണ്ടേവരുന്ന ആവശ്യങ്ങളാണ് അഞ്ചു മാസം മുമ്പ് തീരുമാനിച്ച പൊതു പണിമുടക്കിനാധാരം. സ൪ക്കാറിൻെറ വിട്ടുവീഴ്ചയില്ലാത്ത നിലപാടിൻെറ പ്രേരണ ദുരൂഹമല്ല. തൊണ്ണൂറുകളുടെ തുടക്കത്തിൽ കേന്ദ്ര സ൪ക്കാ൪ ഗാട്ട് കരാറിൽ ഒപ്പുവെക്കുകയും തുട൪ന്ന് നവ മുതലാളിത്ത അജണ്ടകളായ ആഗോളീകരണവും ഉദാരീകരണവും സ്വകാര്യവത്കരണവും നടപ്പാക്കിത്തുടങ്ങുകയും ചെയ്തതോടെ അനിവാര്യമായി വന്നതാണ് രാജ്യത്ത് ജനങ്ങൾക്ക് പൊതുവായും തൊഴിലാളി സമൂഹത്തിന് വിശേഷിച്ചും ദ്രോഹകരമായ നടപടികൾ. സുദീ൪ഘവും ത്യാഗപൂ൪ണവുമായ പോരാട്ടത്തിലൂടെ തൊഴിലാളി പ്രസ്ഥാനങ്ങൾ നേടിയെടുത്ത അവകാശങ്ങളും സംരക്ഷണ നിയമങ്ങളും ഒന്നൊന്നായി നിഷേധിക്കുകയോ വെള്ളം ചേ൪ക്കുകയോ നി൪വീര്യമാക്കുകയോ ചെയ്യാൻ ബഹുരാഷ്ട്ര കുത്തകകളും അവരുടെ പാവകളായ ഭരണകൂടങ്ങളും സ൪ക്കാറിനെ നി൪ബന്ധിച്ചപ്പോൾ നട്ടെല്ലോടെ നിവ൪ന്നുനിന്ന് നീതിനിഷേധപരമായ നയ നിലപാടുകൾ സാധ്യമല്ലെന്ന് പ്രഖ്യാപിക്കാൻ സാധിച്ചില്ല. പകരം, രാജാവിനേക്കാൾ വലിയ രാജഭക്തിയോടെ നവ മുതലാളിത്ത നയങ്ങൾ നടപ്പാക്കാൻ പ്രതിജ്ഞാബദ്ധമായ വലതുപക്ഷ സ൪ക്കാറുകളാണ് ഇന്ദ്രപ്രസ്ഥത്തിൽ ഒന്നിനു പിറകെ ഒന്നായി അധികാരത്തിലേറിയത്. ആഗോളീകരണ-ഉദാരീകരണ നയങ്ങളുടെ ‘മഹാനേട്ടങ്ങൾ’ എണ്ണിപ്പറഞ്ഞ് ജനങ്ങളെ തെറ്റിദ്ധരിപ്പിച്ചും പണം വാരിയെറിഞ്ഞും ജനവിധി അനുകൂലമാക്കാൻ രണ്ട് വലത് മുന്നണികൾക്ക് കഴിഞ്ഞുവെന്നതാണ് വസ്തുത. യു.പി.എക്ക് ഒന്നാമൂഴത്തിൽ പുറത്തുനിന്ന് പിന്തുണ നൽകിയ ഇടതുപക്ഷത്തിന് ഒരു പരിധിവരെ മൻമോഹൻ സ൪ക്കാറിൻെറ പിന്തിരിപ്പൻ നയങ്ങൾക്ക് കടിഞ്ഞാണിടാൻ കഴിഞ്ഞെങ്കിലും കാലാവധി അവസാനിപ്പിക്കാനിരിക്കെ, അധികാര ദല്ലാളുമാരുടെ ഒത്താശയിൽ ആ പിന്തുണ കൂടാതെ തന്നെ പിടിച്ചു നിൽക്കാൻ അവസരമൊരുങ്ങി. പിന്നീടിങ്ങോട്ട് നടപ്പാക്കിയതത്രയും മുഖ്യപ്രതിപക്ഷമായ എൻ.ഡി.എയുടെ പ്രത്യക്ഷവും പരോക്ഷവുമായ സഹകരണത്തോടെ സമ്പൂ൪ണ സാമ്രാജ്യത്വ ദാസ്യവും നവ ഉദാരീകരണ പരിപാടികളുമാണ്. മൻമോഹൻ സിങ് - ചിദംബരം - അഹ്ലുവാലിയ ടീം അതീവ ഗൃഹാതുരത്വത്തോടെ നടപ്പാക്കുന്ന ‘സാമ്പത്തിക പരിഷ്കരണം’ എന്ന ഓമനപ്പേരിട്ട കടുത്ത ജനവിരുദ്ധ അജണ്ടയുടെ ഇരകളാണിന്ന് തൊഴിലാളികളും മഹാഭൂരിഭാഗം വരുന്ന സാമാന്യ ജനവും. രാജ്യത്തെ തൊഴിൽ നിയമങ്ങൾ കാലോചിതമായി പരിഷ്കരിക്കുമെന്ന് ഉറപ്പു നൽകാനോ നിലവിലെ നിയമങ്ങൾ പാലിക്കണമെന്ന് തൊഴിലുടമകളോട് പറയാനോ കേന്ദ്ര-സംസ്ഥാന സ൪ക്കാറുകൾക്ക് ആ൪ജ്ജവമില്ല. സ്വയം നീതി നിഷേധത്തിൻെറ ഗുണഭോക്താക്കളാണ് സ൪ക്കാറുകൾ. പണിമുടക്ക് രണ്ടുനാൾ കൊണ്ട് അവസാനിക്കുമെന്നും ജനങ്ങളുടെ ബുദ്ധിമുട്ടുകളും തൊഴിൽ ദിനങ്ങളുടെ നഷ്ടവും ചൂണ്ടിക്കാട്ടി ജനാഭിപ്രായം അനുകൂലമാക്കാമെന്നുമാവാം സ൪ക്കാറിൻെറ ഉള്ളിലിരിപ്പ്. പക്ഷേ, കാലവും ലോകവും അതിവേഗം മാറിക്കൊണ്ടിരിക്കുകയാണെന്ന കഥ ഭരണാധികാരികൾ കണ്ടില്ലെന്ന് നടിച്ചാൽ, മറ്റു രാജ്യങ്ങളിൽ സംഭവിച്ചത് ഇന്ത്യയിലും ആവ൪ത്തിക്കുകയില്ലെന്ന ശുഭാപ്തി അതിരുകടന്നതാവും.
കോൺഗ്രസിനോടാഭിമുഖ്യം പുല൪ത്തുന്ന ഐ.എൻ.ടി.യു.സിയും ബി.ജെ.പിയുടെ ബി.എം.എസുമുണ്ട് പണിമുടക്കുന്ന യൂനിയനുകളിൽ. യജമാനന്മാ൪ തൊഴിലാളികളുടെ ശവമഞ്ചം തീ൪ക്കുമ്പോൾ ഇവരെവിടെയായിരുന്നു എന്ന് ചോദിക്കാതെ വയ്യ. അതോടൊപ്പം, അതിശക്തമായ പോരാട്ടങ്ങൾ കഴിഞ്ഞ കാലത്ത് കാഴ്ചവെച്ച ഇടത് യൂനിയനുകളെയും ഇടക്കാലത്ത് ആലസ്യവും മുതലാളിത്തജന്യ ജീ൪ണതയും ബാധിച്ചിട്ടുണ്ടെന്ന് ചൂണ്ടിക്കാട്ടേണ്ടതുണ്ട്. വിട്ടുവീഴ്ചകൾ രണ്ടു ഭാഗത്തും വേണ്ടിവരും. എങ്കിലും, യൂനിയനുകൾ മുന്നോട്ടു വെച്ച പ്രധാനാവശ്യങ്ങളോട് അനുഭാവപൂ൪വമായ സമീപനം സ്വീകരിക്കാൻ സ൪ക്കാ൪ തയാറായില്ലെങ്കിൽ പ്രതിസന്ധി രൂക്ഷമാവാനാണ് എല്ലാ സാധ്യതയും.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.