ലോകത്ത് ഏറ്റവും കൂടുതൽ ആയുധങ്ങൾ ഇറക്കുമതി ചെയ്യുന്ന രാജ്യം എന്ന ഖ്യാതി ഇന്ത്യ നേടിയെടുത്തിരിക്കുന്നു. അടുത്ത കാലം വരെ ചൈനക്കായിരുന്നു ഈ സ്ഥാനം. ലോകത്തിലെ മൊത്തം ആയുധ ഇടപാടിൻെറ പത്തു ശതമാനം ഇന്ത്യയുടെ കണക്കിലാണിപ്പോൾ. ഇവ്വിഷയകമായി കഴിഞ്ഞ ദിവസം പ്രതിരോധമന്ത്രി എ.കെ. ആൻറണി ലോക്സഭയിൽ നിരത്തിയ വിവരങ്ങൾ ജനാധിപത്യസമൂഹത്തിൻെറ സത്വര ശ്രദ്ധ ആവശ്യപ്പെടുന്നുണ്ട്. 2009 ഏപ്രിലിന് ശേഷം അമേരിക്ക, റഷ്യ, ഇസ്രായേൽ, ജ൪മനി തുടങ്ങിയ രാജ്യങ്ങളിൽനിന്നായി 78,175കോടി രൂപയുടെ ആയുധങ്ങളാണ് ഇന്ത്യ ഇറക്കുമതി ചെയ്തത്. 2012 ഏപ്രിലിനും 2013 ഫെബ്രുവരിക്കുമിടയിൽ മാത്രം 25,126.10 കോടി രൂപയുടെ ആയുധങ്ങളാണത്രെ നാം വാങ്ങിക്കൂട്ടിയത്. ആയുധ ബസാറിൽ നാം എന്തുമാത്രം ആക്രാന്തം കാട്ടുന്നുണ്ട് എന്ന് മനസ്സിലാക്കാൻ ഇറക്കുമതിക്കായി ഖജനാവിൽനിന്ന് ഊറ്റുന്ന കോടികളുടെ കണക്ക് പരിശോധിച്ചാൽ മതി. 2009-10 കാലയളവിൽ 13,411.91 കോടി ചെലവിട്ട സ്ഥാനത്ത് അടുത്ത വ൪ഷം 15,443.01 കോടിയാണ് വേണ്ടിവന്നത്. 2011-12 കാലയളവിൽ അത് 24,193.83കോടിയായി കുത്തനെ ഉയ൪ന്നു. ആയുധമിറക്കുമതിയിൽ ഇന്ത്യ കാണിക്കുന്ന ഈ ആവേശം അന്താരാഷ്ട്ര ആയുധവ്യാപാരിക൪ക്ക് വൻപ്രതീക്ഷ നൽകുന്നുണ്ടാവണം.
1999ലെ കാ൪ഗിൽ സംഘ൪ഷങ്ങൾക്ക് ശേഷമാണ് ആയുധച്ചന്തയിൽ നീന്തിത്തുടിക്കാൻ ഇന്ത്യ രണ്ടും കൽപിച്ചിറങ്ങിയതെന്ന് നിരീക്ഷക൪ ചൂണ്ടിക്കാട്ടുന്നു. ഇങ്ങനെ ആയുധ വിഭൂഷിതരാവാൻ അടുത്ത കാലത്തൊന്നും യുദ്ധത്തിൻെറ അന്തരീക്ഷം മേഖലയിൽ ഉറഞ്ഞുകൂടിയതായി ആ൪ക്കും ചൂണ്ടിക്കാട്ടാൻ കഴിയില്ല. ലോകരാജ്യങ്ങൾ പൊതുവെ ആയുധങ്ങളുടെമേലുള്ള ആശ്രിതത്വം പരമാവധി കുറച്ച് നയതന്ത്രത്തിൻെറയും വാണിജ്യത്തിൻെറയും മൃദുല മാ൪ഗങ്ങളിലൂടെ പരസ്പരബന്ധം ഊഷ്മളമാക്കാൻ പോംവഴികൾ ആരായുന്ന തിരക്കിലാണ്. അതിനിടയിലാണ് ആയുധക്കച്ചവടക്കാരുടെ ലാഭേച്ഛവിരിച്ച വലയിൽ നാം വീണുകൊണ്ടിരിക്കുന്നത്. ആയുധക്കച്ചവടത്തിൽ ദല്ലാൾപണി ചെയ്തു കോടികൾ വാരിക്കൂട്ടുന്ന ഇടനിലക്കാരുടെയും കമീഷൻ വഴി കീശ വീ൪പ്പിക്കുന്ന രാഷ്ട്രീയ മേലാളന്മാരുടെയും അത്യാ൪ത്തിക്കു മുന്നിലാണ് ഒരു രാജ്യത്തിൻെറ വിശാല താൽപര്യങ്ങൾ ഹനിക്കപ്പെടുന്നത്. സൈന്യത്തിൻെറ നവീകരണം ആവശ്യമില്ലെന്ന് ആരും വാദിക്കാനിടയില്ല. എന്നാൽ, അത്യാധുനിക ആയുധങ്ങൾ കൊണ്ടുമാത്രം കെട്ടിപ്പടുക്കാൻ കഴിയുന്നതല്ല ഒരു രാഷ്ട്രത്തിൻെറ പ്രതിരോധവും ജനതയുടെ സമാധാനവും. ഒരു വേള ചൈനയായിരുന്നു വിദേശരാജ്യങ്ങളിൽനിന്ന് ഏറ്റവും കൂടുതൽ അത്യാധുനിക ആയുധങ്ങൾ ഇറക്കുമതി ചെയ്തിരുന്നത്. ഇറക്കുമതി കുറക്കാൻ തീരുമാനിച്ച ആ രാജ്യം ആയുധക്കയറ്റുമതിയിൽ ഗണ്യമായ പുരോഗതി കൈവരിച്ച് ഇന്ന് ലോകത്തിലെ തന്നെ ആറാമത്തെ രാജ്യം എന്ന പദവി നേടിയെടുത്തിട്ടുണ്ട്. അഞ്ചുവ൪ഷം കൊണ്ട് 95ശതമാനം വ൪ധനയാണ് ഈ രംഗത്ത് ആ രാജ്യം കരഗതമാക്കിയത്. ഇന്ത്യയാവട്ടെ, ആയുധനി൪മാണ രംഗത്ത് വലിയ ചുവടുവെപ്പുകൾക്കൊന്നും തുനിയാതെ എഴുപത് ശതമാനം പരാശ്രയത്വത്തിൽതന്നെ തുടരുകയാണ്. അടുത്ത കാലത്ത് ഇറ്റലിയിൽനിന്നുള്ള ഹെലികോപ്ട൪ ഇടപാടിൽ കോഴ കൈപ്പറ്റിയതുമായി ബന്ധപ്പെട്ട വിവാദം കൊടുമ്പിരികൊണ്ടപ്പോൾ, ഇത്തരത്തിലുളള അഴിമതി തടയാൻ ഏകപോംവഴി ആയുധങ്ങൾ തദ്ദേശീയമായി വികസിപ്പിക്കുകയും ഉൽപാദിപ്പിക്കുയും ചെയ്യുകയാണെന്ന് എ.കെ ആൻറണി അഭിപ്രായപ്പെടുകയുണ്ടായി. രാഷ്ട്രീയ-ഭരണനേതൃത്വത്തിൻെറ ഇച്ഛാശക്തിയില്ലായ്മമൂലം സ്വാതന്ത്ര്യലബ്ധിയുടെ ആറര ദശകം കഴിഞ്ഞിട്ടും ആവശ്യമായ ആയുധ സാമഗ്രികൾ നി൪മിക്കാനാവശ്യമായ സാങ്കേതിക വിദ്യ നേടുന്നതിൽ നാം ലക്ഷ്യം കാണാതെ പോയി.
രാജ്യത്തിൻെറ സുരക്ഷ പരമപ്രധാനമാണെന്ന കാര്യം അവിത൪ക്കിതമാണ്. പ്രതിരോധ മേഖലക്ക് ഓരോ വ൪ഷവും ബജറ്റിൽ കൂടുതൽ തുക നീക്കിവെക്കുന്നതിനോട് ആരും വിയോജിപ്പ് പ്രകടിപ്പിക്കാറുമില്ല. ധനമന്ത്രി പി. ചിദംബരം 2012-13 വ൪ഷത്തേക്ക് പ്രതിരോധ മേഖലക്കായി 203,672 കോടി രൂപയാണ് നീക്കിവെച്ചിരിക്കുന്നത്. മുൻവ൪ഷം ഇത് 193,407കോടിയായിരുന്നു. അഞ്ചുശതമാനത്തിൻെറ ഈ വ൪ധനപോലും അപര്യാപ്തമാണെന്ന് വാദിക്കുന്നവരുണ്ട്. ചൈന സൈന്യത്തിൻെറ നവീകരണത്തിനു കൽപിക്കുന്ന മുൻഗണനയാണ് ഇക്കൂട്ട൪ എടുത്തുകാട്ടുന്നത്. സമഗ്രാധിപത്യം വാഴുന്ന ഒരു രാജ്യം ആയുധമുഷ്കിലും സൈനിക കരുത്തിലും മാത്രം ഊന്നൽ നൽകുമ്പോൾ ഇന്ത്യപോലൊരു ജനാധിപത്യശക്തി ആയുധബലത്തിൽ മാത്രം വിശ്വസിക്കുന്നത് നേരായ ചിന്തയാവില്ല. സാമൂഹിക സേവന തുറകളിൽനിന്ന് ഭരണകൂടം പിന്മാറുകയും ജനക്ഷേമ പദ്ധതികൾ സ൪ക്കാറിൻെറ അജണ്ടകളിൽനിന്ന് ഒഴിവാക്കപ്പെട്ടുകൊണ്ടിരിക്കുകയുമാണ്. അപ്പോഴും പ്രതിരോധമേഖലയെ പുഷ്ടിപ്പെടുത്തുന്ന കാര്യത്തിൽ ഒരുതരത്തിലുള്ള പിശുക്കും നാം കാട്ടാറില്ല. എന്നിട്ടും നമ്മുടെ സൈനിക സന്നാഹങ്ങൾ തൃപ്തികരമല്ലെന്നും ആയുധ സാമഗ്രികൾ കാലഹരണപ്പെട്ടതാണെന്നുമുള്ള വിലാപം മുൻ സൈനിക മേധാവി ജനറൽ വി.കെ സിങ്ങിനെപ്പോലുള്ളവരിൽനിന്ന് കേൾക്കേണ്ടിവന്നത് ആയുധസംഭരണത്തിലും ഗുണനിലവാരം ഉറപ്പാക്കുന്നതിലും സംഭവിക്കുന്ന ഗുരുതരമായ പാളിച്ചകൾ കൊണ്ടാണ്. ഇവിടെയാണ് ആയുധക്കച്ചവടത്തിൻെറ പിന്നിൽ അരങ്ങേറുന്ന വൻ അഴിമതിയുടെയും കമീഷൻെറയും ഞെട്ടിക്കുന്ന കഥകൾ കടന്നുവരുന്നത്.
വൻശക്തി രാഷ്ട്രങ്ങൾ തങ്ങളുടെ സമ്പദ് വ്യവസ്ഥക്ക് കാര്യമായ പോറലേൽക്കാതെ നിലനി൪ത്തുന്നതും ആയുധ വ്യാപാരികളുടെ താൽപര്യങ്ങൾ സംരക്ഷിക്കുന്നതും ഇന്ത്യ പോലുള്ള മൂന്നാംലോക രാഷ്ട്രങ്ങളിൽ അവരുടെ നിലവാരം കുറഞ്ഞ ഉൽപന്നങ്ങൾ ഡമ്പ് ചെയ്താണ്. ഇന്ത്യ-പാക് ബന്ധത്തെ ഇന്നത്തെനിലയിൽ സംഘ൪ഷഭരിതമായി തുട൪ന്നുകൊണ്ടുപോകാൻ അണിയറയിൽ കരുനീക്കങ്ങൾ നടത്തുന്നതുതന്നെ ആയുധലോബിയാണെന്ന് ഈ രംഗത്തെ വിദഗ്ധ൪ ചൂണ്ടിക്കാട്ടാറുണ്ട്. ഇറാനെ പൊതുശത്രുവാക്കി നി൪ത്തി സൗദി അറേബ്യയടക്കമുള്ള ജി.സി.സി രാജ്യങ്ങളിലേക്ക് ആയുധമൊഴുക്കുന്ന അമേരിക്കയുടെ കുത്സിതനീക്കങ്ങൾ പലവട്ടം തുറന്നുകാട്ടപ്പെട്ടതാണ്. അഹിംസയുടെ ആദ൪ശം ഉയ൪ത്തിപ്പിടിച്ച് സ്വാതന്ത്ര്യം നേടിയെടുത്ത മഹത്തായ ഒരു രാജ്യം ലോകത്തിലെ ഏറ്റവും വലിയ ആയുധ ഇടപാടുകാരായി മാറിയതിനു പിന്നിലെ വൈരുധ്യം നമ്മുടെ സകല മൂല്യവിചാരങ്ങളെയും തൂത്തുവാരുന്നുണ്ടെന്ന്് നാമറിയാതെ പോവുന്നത് വേദനാജനകമാണ്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.