സി.പി.എം ലോക്കല്‍ സമ്മേളനങ്ങള്‍ ശനിയാഴ്ച തുടങ്ങും; കച്ചമുറുക്കി ഇരുപക്ഷവും

കൊച്ചി: സി.പി.എം ലോക്കല്‍ സമ്മേളനങ്ങള്‍ ശനിയാഴ്ച ആരംഭിക്കാനിരിക്കെ ജില്ലയില്‍ അണിയറ നീക്കങ്ങളുമായി ഇരുപക്ഷവും. പരമാവധി ലോക്കല്‍ കമ്മിറ്റികളുടെ നിയന്ത്രണം പിടിച്ചെടുത്ത് മേധാവിത്വം ഉറപ്പിക്കാനുള്ള നീക്കങ്ങളാണ് ഇരുപക്ഷവും നടത്തുന്നത്. അടിയൊഴുക്കുകള്‍ നിരീക്ഷിച്ച് മേല്‍ഘടകങ്ങളും രംഗത്തുണ്ട്. ശനിയാഴ്ച ജില്ലയില്‍ വിവിധ ഏരിയാ കമ്മിറ്റികളിലായി 14 സമ്മേളനങ്ങളാണ് നടക്കുന്നത്. രണ്ടുദിവസങ്ങളിലായി നടക്കുന്ന സമ്മേളനങ്ങളില്‍ ഞായറാഴ്ച പുതിയ കമ്മിറ്റികളെയും തെരഞ്ഞെടുക്കും. ജനുവരി 13,14,15 തീയതികളില്‍ തൃപ്പൂണിത്തുറയില്‍ നിശ്ചയിച്ചിട്ടുള്ള ജില്ലാ സമ്മേളനത്തിനായി സ്വാഗതസംഘം രൂപവത്കരണം വെള്ളിയാഴ്ച തൃപ്പൂണിത്തുറയില്‍ നടക്കുന്നുണ്ട്. 20 എരിയാ കമ്മിറ്റികളുള്ള ജില്ലയില്‍ ആകെ 160 ലോക്കല്‍ കമ്മിറ്റികളാണുള്ളത്. ലോക്കല്‍ സമ്മേളനങ്ങള്‍ ഡിസംബര്‍ ഒന്നിന് അവസാനിപ്പിക്കാനാണ് സി.പി.എം തീരുമാനം. എന്നാല്‍, കടുത്ത വിഭാഗീയത നിലനില്‍ക്കുന്ന മുളന്തുരുത്തി, കുത്താട്ടുകുളം, കോലഞ്ചേരി തുടങ്ങിയ ഏരിയാ കമ്മിറ്റികളില്‍ ഇത് പ്രയാസമായിരിക്കും. ബ്രാഞ്ച് സെക്രട്ടറിമാര്‍ മുതല്‍ പാര്‍ട്ടി സെക്രട്ടറി വരെയുള്ളര്‍ക്ക് മൂന്ന് ടേം എന്ന നിബന്ധന കര്‍ശനമായി നടപ്പാക്കിയാണ് സമ്മേളനങ്ങള്‍ പുരോഗമിക്കുന്നത്. പാര്‍ട്ടി നിലപാടുകള്‍ക്കെതിരെ ബ്രാഞ്ച് സമ്മേളനങ്ങളില്‍ തന്നെ വിമര്‍ശം ഉയര്‍ന്നിരുന്നു. ബ്രാഞ്ച് സമ്മേളനങ്ങളില്‍ പ്രാദേശിക വിഷയങ്ങള്‍ക്ക് പുറമെ കേന്ദ്ര-സംസ്ഥാന നേതൃത്വങ്ങള്‍ക്കെതിരെ രൂക്ഷമായ വിമര്‍ശമാണ് ഉയര്‍ന്നുവന്നത്. സോളാര്‍ സമരം അടക്കം ഏറ്റെടുത്ത സമരങ്ങള്‍ അവസാനിപ്പിച്ച രീതിയോട് പല ബ്രാഞ്ച് സമ്മേളനങ്ങളിലും രൂക്ഷമായ വിമര്‍ശമുണ്ടായി. ദേശീയ തലത്തില്‍ ജയലളിതയെ പോലുള്ള അഴിമതിക്കാരെ ഒപ്പം നിര്‍ത്താന്‍ ശ്രമിച്ചതും കേരളത്തില്‍ ഇടതുമുന്നണിയില്‍നിന്ന് കക്ഷികള്‍ ചോര്‍ന്നതുമെല്ലാം ബ്രാഞ്ച് സമ്മേളനങ്ങള്‍ മുതല്‍ ഉന്നയിക്കപ്പെട്ടുകഴിഞ്ഞിട്ടുണ്ട്. ശുംഭന്‍, പരനാറി പ്രയോഗങ്ങള്‍ക്കെതിരെയുള്ള വികാരവും ബ്രാഞ്ച് സമ്മേളനങ്ങളില്‍ പ്രതിനിധികള്‍ പ്രകടിപ്പിച്ചിരുന്നു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.