കണ്ണൂര്‍: വര്‍ഷം 2015. വയനാട് വെള്ളമുണ്ടയില്‍ ജില്ല സ്കൂള്‍ കലോത്സവത്തിന്‍െറ മൂന്നാം ദിവസം ഹയര്‍ സെക്കന്‍ഡറി വിഭാഗം കോല്‍ക്കളി മത്സരമായിരുന്നു വേദി. പേരെടുത്ത ഗുരുക്കന്മാരില്ലാതെ സ്വപ്രയത്നത്താല്‍ പരിശീലനം നേടി വേദിയില്‍ മെയ്വഴക്കത്തിന്‍െറ സൗന്ദര്യം ജ്വലിപ്പിച്ച് പടര്‍ത്തുകയായിരുന്നു പ്ളസ് ടു വിദ്യാര്‍ഥി റിന്‍ഷാദിന്‍െറ നേതൃത്വത്തില്‍ ഡബ്ള്യു.ഒ.എച്ച് എസ്.എസ് പിണങ്ങോട് സ്കൂളിലെ കുട്ടികള്‍. കാണികളെ വിസ്മയിപ്പിച്ച മെയ്വഴക്കം കൈ്ളമാക്സില്‍ ഒരു കണ്ണീര്‍തടാകമായി വേദിയില്‍ ഒഴുകി.
തകര്‍ന്ന വേദി പിളര്‍ന്ന് കാല്‍ കുടുങ്ങി റിന്‍ഷാദിന്‍െറ കാലിന് മുറിവേറ്റു. സദസ്സ് ഗംഭീരമെന്ന് വിധിയെഴുതിയെങ്കിലും വിജയിച്ച എതിര്‍ ടീമിന്‍െറ പരിഹാസത്തെ തകര്‍ക്കാന്‍ പ്രതീക്ഷയോടെ സംസ്ഥാന കലോത്സവത്തിലേക്ക് നല്‍കിയ അപ്പീല്‍ തള്ളി. അന്ന് റിന്‍ഷാദ് എടുത്ത പ്രതിജ്ഞ പിണങ്ങോട് സ്കൂളിന്‍െറ പടിയിറങ്ങി രണ്ടു വര്‍ഷത്തിനുശേഷം കണ്ണൂരില്‍ ഒന്നാം സ്ഥാനം നേടിയത് മധുര പ്രതികാരമായി.
സ്കൂളിന്‍െറ പടിയിറങ്ങിയ റിന്‍ഷാദ് പ്രതിജ്ഞ നിറവേറ്റാന്‍ സഞ്ചരിച്ച വഴികള്‍ സംഭവബഹുലമാണ്. ഗുരുവായ കോഴിക്കോട് സ്വദേശി കോയയുടെ കീഴില്‍ പിണങ്ങോട് സ്കൂളിലെ കുട്ടികളെ റിന്‍ഷാദ് കോല്‍ക്കളി പരിശീലിപ്പിച്ചു. 2017ലെ പിണങ്ങോട് സ്കൂള്‍ കലോത്സവത്തില്‍ അവരെ ഒന്നാം സ്ഥാനക്കാരാക്കി. എന്നാല്‍, കാറ്റഗറി ചട്ടം വിനയായി. കോല്‍ക്കളിയും പൂരക്കളിയും ഒരു കാറ്റഗറിയില്‍പെട്ടതിനാല്‍ പിണങ്ങോട് സ്കൂള്‍ അധികൃതര്‍ പൂരക്കളി സംഘത്തെ മാത്രം സബ്ജില്ലയിലേക്ക് അയക്കാന്‍ തീരുമാനിച്ചു. റിന്‍ഷാദ് അപ്പീല്‍ നല്‍കി.
അപ്പീല്‍ തള്ളിയപ്പോള്‍ ബാലാവകാശ കമീഷനെ സമീപിച്ചു. കമീഷന്‍ അതു പരിഗണിച്ചില്ല. കല്‍പറ്റ മുന്‍സിഫ് കോടതിയില്‍ ഹരജി നല്‍കിയതിനെതുടര്‍ന്നാണ് സംസ്ഥാന കലോത്സവത്തിന് അനുമതി ലഭിച്ചത്. കോല്‍ക്കളിയില്‍ എടരിക്കോടിനെ തോല്‍പിച്ച് എ ഗ്രേഡോടെ അവര്‍ ഒന്നാമതത്തെി. കോഴിക്കോട് ജെ.ഡി.ടി കോളജില്‍ ബി.എ രണ്ടാം വര്‍ഷ ഇംഗ്ളീഷ് വിദ്യാര്‍ഥിയാണ് റിന്‍ഷാദ്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.